സ്വരാജ് റൗണ്ട്
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വടക്കുംനാഥ ക്ഷേത്രം (ശിവക്ഷേത്രം) നിൽക്കുന്ന ചെറിയ കുന്നിനു ചുറ്റുമായി ഉള്ള വൃത്താകൃതിയിലുള്ള റോഡ് സ്വരാജ് റൗണ്ട് എന്ന് അറിയപ്പെടുന്നു. തൃശ്ശൂർ റൗണ്ട് എന്നും അറിയപ്പെടുന്നു. ഈ പ്രദേശത്തെ പ്രധാന ആകർഷണമാണ് വടക്കുംനാഥ ക്ഷേത്രം.
തേക്കിൻകാട് മൈതാനത്തിനു ചുറ്റുമാണ് സ്വരാജ് റൗണ്ട്.
ഇന്ത്യയിൽ തന്നെ ഒരു മൈതാനത്തിനു ചുറ്റുമുള്ള വഴികളിൽ നീളത്തിന്റെ കാര്യത്തിൽ രണ്ടാമതാണ് തൃശ്ശൂർ റൗണ്ട്. ഒന്നാം സ്ഥാനം ദില്ലിയിലെ കൊണാട്ട് പ്ലേസിനു ചുറ്റുമുള്ള റോഡിനാണ്.
സ്വരാജ് റൗണ്ടിൽ ഒൻപത് പ്രധാന വഴികളും പല ചെറിയ റോഡുകളും ഈ റൌണ്ടിൽ ചെന്നു ചേരുന്നു. ഈ റോഡുകൾ കവലകൾ തീർക്കുന്നു. തൃശ്ശൂർ നഗരം റൗണ്ടിനു ചുറ്റും വൃത്താകൃതിയിൽ പരന്നു കിടക്കുന്നു. ഒരു ദശാബ്ദം മുൻപു വരെ തൃശ്ശൂർ നഗരത്തിന്റെ വികസനം സ്വരാജ് റൗണ്ടിൽ ഒതുങ്ങി നിന്നു. ഇന്ന് നഗരം പ്രാന്തപ്രദേശങ്ങളിലേയ്ക്കും വികസിച്ചിരിക്കുന്നു.
തൃശ്ശൂർ നഗരം തേക്കിൻകാട് മൈതാനത്തിനു ചുറ്റുമാണ് നിർമ്മിച്ചത്. തൃശ്ശൂർ പൂരം നടക്കുന്നത് തേക്കിൻകാട് മൈതാനത്താണ്. തേക്കിൻകാട് മൈതാനത്താണ് പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രവും ജല അതോറിറ്റിയും കുട്ടികളൂടെ നെഹ്രു പാർക്കും . ശ്രീ വടക്കുനാഥൻ ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സമുച്ചയമായതിനാൽ അതിന്റെ 200 മീറ്റർ ചുറ്റളവിൽ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കൊന്നും ഇവിടെ അനുവാദമില്ല. രാഷ്ട്രീയ സാമൂഹിക ആവശ്യങ്ങൾക്കായി താൽക്കാലിക നിർമ്മിതികൾ ഇവിടെ അനുവദിക്കാറുണ്ട്. ആവശ്യം കഴിഞ്ഞാൽ പൊളിച്ചു മാറ്റണം എന്ന വ്യവസ്ഥയിലാണ് ഈ താൽക്കാലിക നിർമ്മാണങ്ങൾക്ക് അനുവാദം നൽകുന്നത്.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
തേക്കിൻകാട് മൈതാനം എന്ന പേരിന്റെ ഉത്ഭവത്തെ പറ്റി പല ഐതീഹ്യങ്ങളും ഉണ്ട്. തദ്ദേശീയ പുരാണങ്ങൾ അനുസരിച്ച് വടക്കുംനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങൾ തേക്ക് വളർന്നുനിൽക്കുന്ന നിബിഢ വനങ്ങളായിരുന്നു. ഈ സ്ഥലം കള്ളന്മാരുടെയും കൊള്ളക്കാരുടെയും വിഹാരരംഗമായിരുന്നു. തസ്കര ശല്യം ഒഴിവാക്കുവാനായി ശക്തൻ തമ്പുരാൻ തേക്കിൻകാട് വനം നശിപ്പിക്കുവാൻ ഉത്തരവിട്ടു. ഇതിനെതിരെ ഉള്ള എല്ലാ എതിർപ്പുകളും നിർദ്ദയം അമർച്ചചെയ്യപ്പെട്ടു. പാറമ്മേക്കാവ് ക്ഷേത്രത്തിലെ വെളിച്ചപ്പാട് വനം നശിപ്പിക്കുന്നതിന് എതിര്യായി ജനങ്ങളെ ഇളക്കിവിടുന്നതിനു വേണ്ടി പാറമ്മേക്കാവ് ഭഗവതി വനം നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് അരുളിച്ചെയ്തു. ശക്തൻ തമ്പുരാൻ ആ വെളിച്ചപ്പാടിന്റെ തല വെട്ടിയെടുത്തു . എങ്കിലും പശ്ചാത്താപവിവശനായ തമ്പുരാൻ വെളിച്ചപ്പാടിന്റെ ഓർമ്മക്ക് കുറച്ച് കാടുകൾ വെട്ടാതെ നിർത്തി. ഇന്നും തേക്കിൻകാട് മൈതാനത്തിൽ കാണുന്ന തേക്കു മരങ്ങൾ ഈ വനത്തിന്റെ ബാക്കിയാണ് എന്നാണ് പറയപ്പെടുന്നത്.
പ്രാദേശികമായി എല്ലാ സ്ഥലങ്ങളുടെയും ദൂരങ്ങൾ റൗണ്ടിൽ നിന്നാണ് കണക്കാക്കിയിരിക്കുന്നത്.
വടക്കും നാഥൻ ക്ഷേത്രവും ആലുകളൂം [തിരുത്തുക]
വടക്കും നാഥൻ ക്ഷേത്രത്തിന് മുൻപിലായി മൂന്ന് ആലുകൾ സ്വരാജ് റൗണ്ടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്. വടക്കുനാഥന്റെ മുൻപിലായി നടുവിൽ ആലും (പടിഞ്ഞാറ്) വലത് ഭാഗത്തായി മണികണ്ഠനാലും (തെക്ക്) ഇടത് ഭാഗത്തായി നായ്ക്കനാലും (വടക്ക്) ഉണ്ട്.
നടുവിലാലിൽ ഗണപതി പ്രതിഷ്ഠയുണ്ട്. മണികണഠനാലിൽ ഗണപതിയും സുബ്രഹ്മണ്യനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. നിലവിൽ ഉള്ള മണികണ്ഠനാൽ , പഴയത് കട പുഴകി പോയതിന് ശേഷം 1994ൽ വച്ച് പിടിപ്പിച്ചതാണ്.
റോഡുകൾ [തിരുത്തുക]
തൃശ്ശൂർ പട്ടണത്തിലെ ഗതാഗതം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഭാഗമാണ് തൃശ്ശൂർ റൌണ്ട്. വൺ വേ റോഡാണ് ഇത്. നാലു ദിക്കുകളൂം പ്രധാനപ്പെട്ട വഴികളുമായി ബന്ധപ്പെട്ടിരിക്കുന്നു. താഴെ വിശദീകരിക്കുന്നു.
പടിഞ്ഞാറ് [തിരുത്തുക]
പ്രധാന റോഡ് [തിരുത്തുക]
- മഹാത്മാഗാന്ധി റോഡ് (MG road) പടിഞ്ഞാറു ഭാഗത്തേക്കുള്ള സുപ്രധാനമായ വഴി - അയ്യന്തോൾ, കാഞ്ഞാണി, കുന്നംകുളം , ചാവക്കാട്, ഗുരുവായൂർ, ചേറ്റുവ എന്നീ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നു. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെ ബന്ധിപ്പിക്കുന്നു
മറ്റു റോഡുകൾ [തിരുത്തുക]
- പാണ്ടി സമൂഹം റോഡ് - തൃശൂർ പുരത്തിന്റെ ഭാഗമായ മഠത്തിൽ വരവ് ആരംഭികുന്ന ബ്രഹ്മസ്വം മഠത്തിലെക്കുള്ള വഴി.
- വാരിയം ലെയിൻ
വടക്ക് [തിരുത്തുക]
പ്രധാന റോഡ് [തിരുത്തുക]
- ഷൊർണ്ണൂർ റോഡ് വടക്കു ഭാഗത്തേക്കുള്ള പ്രധാന വഴി - വടക്കാഞ്ചേരി, വിയ്യൂർ, കൊട്ടേകാട്, ഷൊർണൂർ, ഒറ്റപ്പാലം, ചേലക്കര, പഴയന്നൂർ, തിരുവില്വാമല എന്നീ ഭാഗത്തെക്കുള്ള വഴിയാണ്.
മറ്റു റോഡുകൾ [തിരുത്തുക]
- കരുണാകരൻ നമ്പ്യാർ റോഡ് വടക്കേ ബസ്സ് സ്റ്റാൻഡ്, ശക്തൻ കൊട്ടാരം , വിയ്യൂർ എന്നിവിടങ്ങളിലേക്കെത്തിക്കുന്നു.
കിഴക്ക് [തിരുത്തുക]
പ്രധാന റോഡ് [തിരുത്തുക]
- പാലസ് റോഡ് നഗരത്തിന്റെ വടക്കുകിഴക്കുഭാഗത്തേക്കുള്ള പ്രധാന വഴി - ചേറൂർ, രാമവർമ്മപുരം,വില്ലടം,കുറ്റുമുക്ക്,താണിക്കുടം,കുണ്ടുകാട്,മച്ചാട്, ചെമ്പുക്കാവ്, നെല്ലങ്കര എന്നീ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നു.
- കോളേജ് റോഡ് കിഴക്കുഭാഗത്തേക്കുള്ള സുപ്രധാന വഴി - മണ്ണുത്തി, കിഴക്കെ കോട്ട, പട്ടികാട്, പീച്ചി എന്നി സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു. പാലക്കാട് ജില്ലയിലേക്കും തമിഴ്‌നാട്ടിലേക്കും ബന്ധിപ്പിക്കുന്നു.
തെക്ക് [തിരുത്തുക]
പ്രധാന റോഡ് [തിരുത്തുക]
- ഹൈറോഡ് തെക്കുഭാഗത്തേക്കുള്ള പ്രധാന വഴി - ഒല്ലൂർ, ആമ്പല്ലൂർ, ചാലക്കുടി എന്നിവിടങ്ങളിലേക്കെത്തിക്കുന്നു. എറണാകുളം, കോട്ടയം ജില്ലകളുമായി ബന്ധിപ്പിക്കുന്നു.
- കുറുപ്പം റോഡ് തെക്കു ഭാഗത്തേക്കുള്ള പ്രധാന വഴി - ഊരകം, ചേർപ്പ്, തൃപ്രയാർ, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു.
മറ്റു റോഡുകൾ [തിരുത്തുക]
- മുൻസിപ്പൽ റോഡ് - കോർപ്പറേഷൻ ഓഫീസ്, ശക്തൻ നഗർ ബസ്സ് സ്റ്റാൻഡ്, മാർക്കറ്റ് , മുൻസിപ്പൽ ബസ്റ്റാന്റ് എന്നിവയെ ബന്ധിപ്പിക്കുന്നു.