കർഷക ബില്ലുകൾ 2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2020 സെപ്റ്റംബറിൽ നരേന്ദ്ര മോഡി സർക്കാർ കേന്ദ്ര മന്ത്രി സഭയിൽ പാസാക്കിയിയ ഒന്നിലധികം ബില്ലുകളാണ് കർഷക ബില്ലുകൾ 2020 എന്നറിയപ്പെടുന്നത്.[1]

  • കാർഷികോൽപ്പന്ന വ്യാപാര–-വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ 2020 : - ഈ ബിൽ പ്രകാരം കാർഷികോൽപ്പന്നങ്ങൾ സംസ്ഥാനങ്ങൾക്കുള്ളിലും അന്തർസംസ്ഥാനതലത്തിലും പരിധിയില്ലാതെ കടത്താം. പ്രാഥമിക കാർഷികവിപണികൾക്ക്‌ പുറത്തുനിന്നും സംഭരണം നടത്താം. ഉൽപ്പന്നങ്ങൾ പരിധിയില്ലാതെ സംഭരിക്കാം. കാർഷികോൽപ്പന്നങ്ങൾ ഇ–-വിപണിവഴി സംഭരിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യാം. കമ്പനികൾക്കും പാർട്‌ണർഷിപ്‌ സ്ഥാപനങ്ങൾക്കും  സംഭരണം നടത്താം. സംഭരണം നടത്തുന്നവരിൽനിന്നും വ്യാപാരികളിൽനിന്നും സംസ്ഥാനങ്ങൾ ഫീസ്‌ ഈടാക്കരുത്‌.
  • കർഷക ശാക്തീകരണ, സംരക്ഷണബിൽ 2020 : - കൃഷി ഇറക്കുന്നതിനുമുമ്പേ കർഷകർക്കും സംഭരണം നടത്താൻ ഉദ്ദേശിക്കുന്നവർക്കും തമ്മിൽ കരാറുണ്ടാക്കാം. അഞ്ചുവർഷംവരെ കാലാവധിയുള്ള കരാറിലെത്താം. കരാറിൽ വില നിശ്ചയിച്ച്‌ വ്യവസ്ഥ ചെയ്യാം. തർക്കങ്ങൾക്ക്‌ സബ്ഡിവിഷൻ മജിസ്ട്രേട്ട്‌ തലത്തിൽ സംവിധാനം ഉണ്ടാക്കണം. പിന്നീട്‌ ജില്ലാ മജിസ്‌ട്രേട്ടിന്‌ അപ്പീൽ നൽകാം.
  • അവശ്യവസ്‌തു നിയമഭേദഗതി ബിൽ 2020  : - ഭക്ഷ്യവസ്‌തുക്കൾ, വളം, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ സ്വകാര്യവ്യക്തികൾ പരിധിയില്ലാതെ സംഭരിക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാൻ സർക്കാരിനുള്ള അധികാരം പരിമിതപ്പെടുത്തും.

പാർലമെന്റിലെ അവതരണം[തിരുത്തുക]

രണ്ട് ഓർഡിനൻസുകൾക്ക് പകരമായാണ് പുതിയ ബില്ലുകൾ സർക്കാർ അവതരിപ്പിച്ചത്. കർഷകരുടെ അഭിവൃദ്ധിയ്ക്കു വേണ്ടിയാണ് പുതിയ ബില്ലുകൾ പാസാക്കുന്നതെന്നാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാർ സഭയെ അറിയിച്ചത്. കാർഷിക വിളകൾക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ ബില്ലുകൾ എന്നാണ് കേന്ദ്രസർക്കാർ വാദം. കാർഷികവിളകൾ വിൽക്കാനുള്ള ചന്തകൾക്ക് പുറമെ, നിലവിലുള്ള സംവിധാനത്തിന് ഭീഷണിയില്ലാതെ തന്നെ വിളകൾ വിൽക്കാൻ സ്വാതന്ത്ര്യം നൽകുന്നതാണ് കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020. ഉത്പാദനം മെച്ചപ്പെടുത്താൻ കൂടുതൽ മാർഗങ്ങൾ സ്വീകരിക്കാനോ വിളകൾക്ക് മികച്ച വില ലഭിക്കാനായി വില പേശാനോ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കർഷകരെ സഹായിക്കുന്നതാണ് പുതിയ ബിൽ എന്നാണ് കേന്ദ്രസർക്കാർ നിലപാട്.[2]

കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും അവർക്ക് മഹത്തായ പുരോഗതി നൽകുന്നതിനുമുള്ള നീക്കങ്ങൾക്ക് ഇത് ഊർജം പകരും എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം. ലോൿസഭയിൽ പാസാക്കിയ ബില്ലുകൾ രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെ പാസാക്കി. കാർഷികോത്പന്നങ്ങളുടെ വ്യാപാര വാണിജ്യ ബിൽ, വിലസ്ഥിരതയും സേവനങ്ങളുമായി ബന്ധപ്പെട്ട കർഷക കരാർ ബിൽ എന്നിവയാണ് ഒന്നിച്ചു പാസാക്കി.

പ്രതിപക്ഷ പ്രതിഷേധവും അംഗങ്ങളുടെ സസ്പെൻഷനും[തിരുത്തുക]

രാജ്യസഭയിൽ കാർഷിക ബില്ലുകൾ പാസാക്കുന്നതിനു മുൻപു വോട്ടെടുപ്പു വേണമെന്ന പ്രതിപക്ഷ ആവശ്യം ഉപാധ്യക്ഷൻ ഹരിവംശ് സിങ് അംഗീകരിച്ചില്ല. ബില്ലിൻമേലുള്ള ചർച്ചയിൽ മന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞാൽ, അതു പാസാക്കാനുള്ള നടപടി സഭ നിയന്ത്രിക്കുന്നയാൾ സ്വീകരിക്കും. ബിൽ പാസാക്കാനുള്ള പ്രമേയം വോട്ടിനിടണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടാൽ അത് അദ്ദേഹം അംഗീകരിക്കണമെന്നാണു ചട്ടം. ബില്ലിനെ അനുകൂലിക്കുന്നവർ, എതിർക്കുന്നവർ എന്നിവരുടെ കൃത്യമായ എണ്ണം ലഭിക്കുന്നതിനു വേണ്ടിയാണു വോട്ടെടുപ്പ് (ഡിവിഷൻ) ആവശ്യപ്പെടുന്നത്. സഭയിൽ ബഹളമായതിനാൽ വോട്ടെടുപ്പു നടത്താനാവില്ലെന്നും പകരം ശബ്ദവോട്ട് മതിയെന്നും ഉപാധ്യക്ഷൻ തീരുമാനിച്ചത് വിമർശനത്തിനിടയാക്കി. [3]സഭ നീട്ടിക്കൊണ്ടുപോകാനും ബില്ലുകൾ പാസാക്കാനും ഉപാധ്യക്ഷൻ ഹരിവംശ് ശ്രമിച്ചു എന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി. തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻ അധ്യക്ഷവേദിയിലെ മൈക്ക് പിടിച്ചുവലിക്കുകയും സഭയുടെ റൂൾബുക്ക് കീറിയെറിയുകയും ചെയ്തു. മാർഷൽമാർക്കു നേരെയും കൈയേറ്റശ്രമമുണ്ടായി. പിന്നീടുണ്ടായ ബഹളത്തിൽ കെ.കെ. രാഗേഷ്, സഞ്ജയ് സിങ്, റിപുൻ ബോറ തുടങ്ങിയവർക്കുനേരെ കൈയേറ്റമുണ്ടായി. കടുത്ത പ്രതിഷേധത്തിൽ എട്ട് പ്രതിപക്ഷ എംപിമാരെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു. കേരളത്തിൽ നിന്നുളള സിപിഎം അംഗങ്ങളായ എളമരം കരീം, കെ.കെ രാ​ഗേഷ്, തൃണമൂൽ കോൺ​ഗ്രസിന്റെ ഡെറിക് ഒബ്രിയാൻ, സഞ്ജയ് സിങ്, രാജു സാഥവ്, റിപുൻ ബോറ, ഡോള സെൻ, സയ്യിദ് നാസർ ഹുസൈൻ എന്നിങ്ങനെ എട്ട് എം.പിമാരെ രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു സസ്പെൻഡ് ചെയ്തു. തുടർന്ന് ഉപാധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസം അധ്യക്ഷൻ എം. വെങ്കയ്യ നായിഡു തള്ളി. ശബ്ദവോട്ടോടെ പാസാക്കിയ ബില്ലുകളിൽ ഒപ്പുവയ്ക്കരുതെന്നു രാഷ്ട്രപതിയോടു പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. സസ്പെൻഷൻ നടപടി അംഗീകരിക്കാൻ വിസമ്മതിച്ച 8 അംഗങ്ങളും രാത്രി മുഴുവൻ പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ധർണയിരുന്നു. അംഗങ്ങളുടെ സസ്പെൻഷൻ പിൻവലിക്കും വരെ രാജ്യസഭയുടെ തുടർന്നുള്ള സമ്മേളനം ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ച രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചു. കോൺഗ്രസിനൊപ്പം തൃണമൂൽ കോൺഗ്രസ്, ഇടതുകക്ഷികൾ, എഎപി തുടങ്ങിയവരും രാജ്യസഭ ബഹിഷ്കരിച്ചു.[4]

കർഷകരുടെ പ്രതിഷേധം[തിരുത്തുക]

പഞ്ചാബിൽ നിന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ദില്ലിയിലേക്ക് കിസാൻ ആക്രോശ് റാലിയായ ട്രാക്ടർ റാലി നടത്തി. പഞ്ചാബിലും ഹരിയാനയിലും ശക്തമായ കർഷക സമരം നടന്നു. റാലിയെ അംബാലയിൽ തടഞ്ഞു. സെപ്റ്റംബർ 24 മുതൽ 26വരെ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി റെയിൽ റോക്കോ സമരം പ്രഖ്യാപിച്ചു. എൻഡിഎയുടെ പ്രധാന സഖ്യകക്ഷിയായ അകാലി ദൾ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജി വെച്ചു.

കേരളം സുപ്രീം കോടതിയിൽ[തിരുത്തുക]

പാർലമെന്റ് പാസാക്കിയ കർഷക ബില്ലുകൾക്ക് എതിരെ

സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര നിയമം സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നു മന്ത്രിസഭ വിലയിരുത്തിയാണ് മന്ത്രിസഭ തീരുമാനത്തിലെത്തിയത്. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുളള വിഷയമാണ് കൃഷിയെന്നും സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെ ബിൽ പാസാക്കിയത് ശരിയായ നടപടിയല്ലെന്നും നിയമോപദേശം കിട്ടിയതിനെത്തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. [5]

കേരളം നിയമസഭയിൽ[തിരുത്തുക]

കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാൻ 2020 ഡിസംബറിൽ പ്രത്യേക നിയമസഭാ സമ്മേളനത്തിന് കേരള സർക്കാർ അനുമതി ആവശ്യപ്പെട്ടെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിഷേധിച്ചു. സർക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ഫയൽ മടക്കി. നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. കേന്ദ്ര സർക്കാർ കാർഷിക മേഖലയിൽ കൊണ്ടുവന്ന നിയമങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതും ആ നിയമങ്ങൾ നിരാകരിക്കണമെന്നുമുള്ളതാണ് സർക്കാരിന്റെ പ്രമേയം. ആ പ്രമേയമാണ് പ്രതിപക്ഷവുമായി ചേർന്ന് പാസാക്കാൻ സർക്കാർ തീരുമാനിച്ചത്. [6]

അവലംബം[തിരുത്തുക]

  1. "എന്താണ് കാർഷിക ബിൽ? എന്തുകൊണ്ടാണ് ഇതിനെതിരെ കർഷക". malayalam.samayam. September 20, 2020. Archived from the original on 2020-09-21. Retrieved September 21, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "മോഡിയുടെ കർഷകദ്രോഹബില്ലുകൾ". ദേശാഭിമാനി. September 20, 2020. Archived from the original on 2020-09-21. Retrieved September 21, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  3. ആചാരി, പി.ഡി. (September 22, 2020). "ചട്ടങ്ങൾ മറന്ന് രാജ്യസഭ". മനോരമ. Archived from the original on 2020-09-23. Retrieved September 23, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "പാ‍ർലമെന്റ് ദു‍ബലപ്പെടരുത്". മനോരമ. September 23, 2020. Archived from the original on 2020-09-23. Retrieved September 23, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "കർഷക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്; നിയമോപദേശം തേടി". മനോരമ. September 23, 2020. Archived from the original on 2020-09-23. Retrieved September 23, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  6. കടയ്ക്കൽ, സിജി (22 December 2020). "പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു; ചരിത്രത്തിൽ ആദ്യം". മാതൃഭൂമി. Archived from the original on 2020-12-22. Retrieved 22 December 2020.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കർഷക_ബില്ലുകൾ_2020&oldid=3970430" എന്ന താളിൽനിന്ന് ശേഖരിച്ചത്