കൃപാസനം മരിയൻ തീർത്ഥാടന കേന്ദ്രം, കലവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൃപാസനം മരിയൻ തീർത്ഥാടന കേന്ദ്രം, കലവൂർ
രൂപീകരണം1990
സ്ഥാപകർഫാ. ജോസഫ് വലിയവീട്ടിൽ
പദവിസജീവം
ഔദ്യോഗിക ഭാഷ
മലയാളം
വെബ്സൈറ്റ്https://kreupasanammarianshrine.com

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ കലവൂരിൽ സ്ഥിതിചെയ്യുന്ന മരിയൻ തീർത്ഥാടന കേന്ദ്രവും ഒരു സാമൂഹിക - സാംസ്കാരിക കേന്ദ്രവുമാണ് കൃപാസനം.[1] ആലപ്പുഴ ലത്തീൻ കത്തോലിക്കാ രൂപതയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. 1990ൽ വൈദികനായ ജോസഫ് വലിയവീട്ടിലിൻ്റെ നേതൃത്വത്തിലാണ് ഈ കേന്ദ്രം ആരംഭിക്കുന്നത്. മരിയൻ ഉടമ്പടിയാണ് മറ്റുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ കാണാൻ കഴിയുന്നത്. ദിവസേന ആയിരത്തിലധികം തീർഥാടകരാണ് ഇവിടെ വന്നു പോകുന്നത്.

പേരിന് പിന്നിൽ[തിരുത്തുക]

കൃപാസനം എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത് കരുണയുടെ ഇരിപ്പിടം എന്നാണ്. 1990 മുതൽ ചെറിയ രീതിയിലുള്ള കൗൺസിലിംഗ് മാത്രമാണ് നടത്തിയിരുന്നത് എങ്കിലും, 1991 മുതൽ അർത്തുങ്കൽ പള്ളിയുടെയും മറ്റ് തീരദേശ ധ്യാനങ്ങളും നടത്തുന്നതിനുള്ള ഒരു സ്ഥലമായി കൃപാസനം മാറി. 2004 ഡിസംബർ 7ന് നടന്നു എന്ന് പറയപ്പെടുന്ന മറിയത്തിൻ്റെ പ്രത്യക്ഷീകരണത്തെ തുടർന്ന് കൃപാസനം ഒരു മരിയൻ തീർത്ഥാടന കേന്ദ്രമായി മാറുകയും പ്രാദേശികരും തീർത്ഥാടകരും പിൻകാലത്ത് മറിയത്തെ കൃപാസന മാതാവ് എന്ന് വിളിക്കാനും തുടങ്ങി.

മരിയൻ ഉടമ്പടി[തിരുത്തുക]

2004 ഡിസംബർ 7ന് കൃപാസനത്തിൽ സ്ഥാപകനായ ജോസഫ് വലിയവീട്ടിലിന് മറിയത്തിൻ്റെ പ്രത്യക്ഷീകരണമുണ്ടാവുകയും മരിയൻ ഉടമ്പടിയുടെ വിശദീകരണം ലഭിക്കുകയും ചെയ്തു. കൃപാസനത്തിൽ വന്ന് മരിയൻ ഉടമ്പടി എടുക്കുന്നവർ ദൈവവുമായി ഒരു ഉടമ്പടി കരാറിൽ ഏർപ്പെടുകയും ചെയ്യുന്നു. 90 ദിവസത്തെ ഉടമ്പടിയിൽ ഉടമ്പടി നിബന്ധനകൾ എല്ലാം കൃത്യമായി ചെയ്താൽ കാര്യസാധ്യം ലഭിക്കും എന്നാണ് വിശ്വാസം. 2020 മുതൽ കൊറോണ പകർച്ചവ്യാധി മൂലം യാത്രാ നിയന്ത്രണങ്ങൾ ഉണ്ടായപ്പോൾ ഓൺലൈൻ ഉടമ്പടി ഇൻ്റർനെറ്റ് സഹായത്തോടെ എടുക്കാനുള്ള സാഹചര്യവും നിലവിൽ വന്നു.[2] ബൈബിളിൽ ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടികളാണ് കൃപാസനത്തിലെ ഉടമ്പടി പ്രാർഥനയുടെ ആധാരം. മനസ്സിലുള്ള ആഗ്രഹങ്ങളും പ്രാർഥനകളും അടങ്ങിയ സൂചിക മാതാവിനു മുന്നിലുള്ള പെട്ടിയിൽ നിക്ഷേപിക്കുമ്പോൾ ആറ് ആഗ്രഹങ്ങൾ അതിൽ എഴുതാം. ധ്യാനകേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഉടമ്പടി പത്രം

വാങ്ങി അതിൽ നിബന്ധനകൾക്കു നേർക്ക് ടിക്ക് ഇട്ട് ഒപ്പിട്ടു മടക്കി നൽകുന്നതാണ് ഉടമ്പടി. പ്രാർഥനകളും പ്രേഷിത പ്രവർത്തനവും അടക്കം ദൈവവുമായി പാലിക്കേണ്ട കാര്യങ്ങളാണ് ഉടമ്പടിയിലുള്ളത്.

കൃപാസന പത്രം[തിരുത്തുക]

കൃപാസനത്തിലൂടെ തീർഥാടകർക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളും അവരുടെ സാക്ഷ്യങ്ങളും ബൈബിൾ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് ഓരോ മാസവും അച്ചടിക്കുന്ന പത്രമാണ് കൃപാസന പത്രം. ഉടമ്പടിയുടെ പകർപ്പും കൃത്യമായ തെളിവുകളും അടങ്ങിയ രേഖകളും സമർപ്പിച്ചവരുടെ സാക്ഷ്യങ്ങൾ മാത്രമാണ് നിലവിൽ കൃപാസന പത്രത്തിൽ പ്രസിദ്ധീകരിക്കുന്നത്. കൃപാസനം തീർത്ഥാടന കേന്ദ്രത്തിൽ നിന്നുമാണ് ഇത് അച്ചടിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "വൈറലായി ഉടമ്പടിയും അനുഭവ സാക്ഷ്യങ്ങളും; 'അസുഖം വന്നാൽ ആശുപത്രിയിൽ പോകണം'; എന്താണ് കൃപാസനം?". samayam.com. 20 നവംബർ 2022. Retrieved 20 നവംബർ 2022.
  2. "In this virtual church environment, light a candle online, offer prayer". The New Indian Express. 10 May 2019. Retrieved 10 May 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]