കവാടം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുത്തവ/2010 മാർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശുക്രൻ
ശുക്രൻ

സൂര്യനിൽ നിന്നുള്ള ദൂരംമനുസരിച്ച് സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. 224.7 ഭൗമദിനങ്ങൾ കൊണ്ടാണ്‌ ശുക്രൻ സൂര്യനെ ഒരു തവണം പരിക്രമണം ചെയ്യുന്നത്. വലിപ്പം കൊണ്ട്‌ ആറാമത്തെ സ്ഥാനം. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത്‌ ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്‌. ഭൂമിയേക്കാൾ സൂര്യനോട് അടുത്ത ഗ്രഹമായതിനാൽ സൂര്യനിൽ നിന്ന് 47.8° യിലേറെ അകന്ന് ഇത് കാണപ്പെടില്ല. സൂര്യോദയത്തിന്‌ അല്പംമുൻപും സൂര്യാസ്തമനയത്തിന്‌ അല്പംശേഷവും ആണ്‌ ശുക്രൻ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക എന്നതിനാൽ ഇതിനെ പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും വിളിക്കുന്നു. റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്‌.

പാറഗ്രഹങ്ങളുടെ ഗണത്തിൽപ്പെടുത്തിയിരിക്കുന്ന ശുക്രനെ ഭൂമിയുമായുള്ള സാമ്യം മൂലം ഭൂമിയുടെ "സഹോദര ഗ്രഹം" എന്നും വിളിക്കാറുണ്ട്. അതാര്യവും പ്രകാശത്തെ നന്നായി പ്രതിഫലിപ്പിക്കുന്നതുമായ സൾഫ്യൂരിക്ക് അമ്ലത്തിന്റെ മേഘങ്ങളാൽ പൊതിയപ്പെട്ടിരിക്കുകയാണ്‌ എന്നതിനാൽ ബഹിരാകശത്തുനിന്നും ദൃശ്യപ്രകാശമുപയോഗിച്ച് ശുക്രോപരിതലം വീക്ഷിക്കാനാകില്ല. ശുക്രനാണ്‌ പാറഗ്രഹങ്ങളിൽ വച്ച് കട്ടിയേറിയ അന്തരീക്ഷം ഉള്ളത്. അന്തരീക്ഷത്തിന്റെ ഭൂരിഭാഗവും കാർബൺ‌ഡൈഓക്സൈഡാണ്‌. മുൻപ് ഭൂമിയിലേതു പോലെ ശുക്രനിലും സമുദ്രങ്ങളുണ്ടായിരുന്നതായി കരുതപ്പെടുന്നു, താപനില വർദ്ധിച്ചതുകാരണമായി അവ ബാഷ്പീകരിക്കപ്പെട്ടതായിരിക്കാം. ശുക്രനിലെ അന്തരീക്ഷമർദ്ദം ഭൂമിയുടേതിന്റെ 92 മടങ്ങാണ്‌.

ഇരുപതാം നൂറ്റാണ്ടിൽ വ്യക്തമായ അറിവ് ലഭിക്കുന്നതുവരെ ശുക്രന്റെ ഉപരിതലത്തെ കുറിച്ച് വളരെയധികം അഭ്യൂഹങ്ങൾ നിലവിലുണ്ടായിരുന്നു. വലിയ തോതിലുള്ള അഗ്നിപർവ്വത പ്രവർത്തനങ്ങളുടെ സാന്നിധ്യമുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്, എന്നാൽ ഇത്തരം പ്രവർത്തനങ്ങളിൽ ഉപരിതലത്തിലെ വിടവുകളിൽ നിന്നും പുറത്തേക്കൊഴുകുന്ന ലാവയുടെ അസാന്നിധ്യം ഒരു പ്രഹേളികയാണ്‌. ഉപരിതലത്തിൽ കാണപ്പെടുന്ന ഉൽക്കാ ഗർത്തങ്ങൾ ഉപരിതലം ഏതാണ്ട് 50 കോടി വർഷം മാത്രം പ്രായമുള്ളതാണെന്ന സൂചന നൽകുന്നു. ടെക്റ്റോണിക് പ്രവർത്തനങ്ങൾക്ക് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല. ശുക്രൻ ആന്തരികതാപം നഷ്ടപ്പെടുത്തുന്നത് ചാക്രികമായി സംഭവിക്കുന്ന വലിയ തോതിലുള്ള ഉപരിതല പ്രവർത്തനങ്ങൾ വഴിയാണ്.

...പത്തായം കൂടുതൽ വായിക്കുക...