കലാമണ്ഡലം പ്രഭാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളിയായ തുള്ളൽ കലാകാരനാണ് കലാമണ്ഡലം പ്രഭാകരൻ. ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ, ശീതങ്കൻ തുള്ളൽ എന്നിവ ഒരേ വേദിയിൽ അവതരിപ്പിക്കുന്ന 'തുള്ളൽ ത്രയം' അദ്ദേഹത്തിന്റെ സംഭാവനയാണ്. 2003 ലെ സൂര്യ ഫെസ്റ്റിവലിൽ ആണ് തുള്ളൽ ത്രയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.[1]

ജീവിതരേഖ[തിരുത്തുക]

കാസർഗോഡ് ജില്ലയിൽ ചെറുവത്തൂരിൽ (പഴയ കുട്ടമത്ത്) വള്ളിയോടൻ കുഞ്ഞമ്പു നായരുടെയും പറമ്പത്ത് വീട്ടിൽ മാക്കമ്മയുടെയും മകനായായി 1945 ൽ ജനനം. പ്രശസ്ത തുള്ളൽ കലാകാരൻ മലബാർ രാമൻ നായരുടെ സഹോദരപുത്രൻ കൂടിയാണ് അദ്ദേഹം. ഭാര്യ വത്സല. മക്കൾ പ്രവീൺ, ഡോ. പ്രവാസ്, പ്രവീണ. 1989 മുതൽ കൊച്ചി ഇളമക്കരയിൽ സ്ഥിരതാമസം.[2]

ആദ്യകാലത്ത് വർക്‌ഷോപ് മെക്കാനിക്കായി ജോലി നോക്കുകയും, പിന്നീട് 1972 ൽ തിരുവനന്തപുരം കെഎസ്ആർടിസി സെന്റർ വർക്‌സിൽ, വർക്ക് അസിസ്റ്റന്റായി പിഎസ്‌സി വഴി ജോലിക്ക് കയറുകയൂം ചെയ്തു. 2000 ൽ എറണാകുളം ഡിപ്പോ ചാർജുമാനായി കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചു.

മെട്രിക്കുലേറ്റ് പരീക്ഷയുടെ ഫീസ് താങ്ങാൻ കഴിയാത്തതിനാൽ അദ്ദേഹത്തിനെ ക്ലാസ്സിൽ നിന്ന് പുറത്താക്കിയപ്പോൾ പിതാവ് മലബാർ രാമൻ നായരെ കണ്ട് തുള്ളൽ പരിശീലനത്തിനായി കേരളകലാമണ്ഡലത്തിൽ ചേർക്കാൻ ആവശ്യപ്പെടുകയായിരുന്നു.[3] 1960 ൽ കേരളകലാമണ്ഡലത്തിൽ ചേർന്ന് നാലുവർഷം തുള്ളൽ അഭ്യസിച്ചു. കലാമണ്ഡലത്തിൽ നിന്ന് ഭരതനാട്യവും പടിച്ചിട്ടുണ്ട്.[4] പതിനായിരത്തിലേറെ വേദികളിൽ തുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്.[2] അതുകൂടാതെ നിരവധി ബാലെകളും നൃത്തങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.[2] നാടക കലാകാരൻ ഇബ്രാഹിം വെങ്ങരയിലൂടെ നാടകരംഗത്തേക്ക് കടന്നുവന്ന പ്രഭാകരൻ കോഴിക്കോട്‌ ചിരന്തന, തിരുവനന്തപുരം അതുലട, കൊല്ലം ട്യൂണ, കൊച്ചിൻ സംഗമിത്ര തുടങ്ങിയ നാടകസമിതികളുടെ സ്ഥിരം നൃത്തസംവിധായകനായിരുന്നു.[4]

നിലവിൽ കലാമണ്ഡലം സർവകലാശാല ഭരണസമിതി അംഗവും, തുള്ളൽ വിഭാഗം വിസിറ്റിങ് പ്രൊഫസറും, മലയാളം സർവകലാശാലയിൽ സെനറ്റ്‌ അംഗവുമാണ്.[1]

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

  • തുള്ളൽ പ്രവീണൻ അവാർഡ്[1]
  • കേരള സംഗീത നാടക അക്കാദമി അവാർഡ്[1]
  • ഏറ്റവും നല്ല നൃത്ത ശിൽപ്പത്തിനുള്ള അവാർഡ്[2]
  • ക്ഷേത്രകലാ അക്കാദമി പുരസ്കാരം[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "കലാമണ്ഡലം പ്രഭാകരൻ എഴുപത്തഞ്ചിന്റെ ചുറുചുറുക്കിൽ". Retrieved 2020-11-11.
  2. 2.0 2.1 2.2 2.3 Daily, Keralakaumudi. "75ാം പിറന്നാൾ നിറവിൽ കലാമണ്ഡലം പ്രഭാകരൻ" (in ഇംഗ്ലീഷ്). Retrieved 2020-11-11.
  3. "Reviving Thullal". www.thehindu.com.
  4. 4.0 4.1 "kasaragodvartha: sakalam. First Malayalam News website for local news, views, citizen jounalism, ethnicity, art & culture". Retrieved 2020-11-11.
  5. "കലാമണ്ഡലം പ്രഭാകരന് ക്ഷേത്രകലാ അക്കാദമി പുരസ്കാരം" (in ഇംഗ്ലീഷ്). Archived from the original on 2020-11-12. Retrieved 2020-11-11.
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_പ്രഭാകരൻ&oldid=3802790" എന്ന താളിൽനിന്ന് ശേഖരിച്ചത്