അലക്സാണ്ടര്‍ ഫ്ലെമിങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അലക്സാണ്ടര്‍ ഫ്ലെമിങ് | |
| പ്രമാണം:Alexander Fleming.jpg അലക്സാണ്ടര്‍ ഫ്ലെമിങ്
|
|
| ജനനം | 6 ഓഗസ്റ്റ് 1881 Lochfield, Scotland |
|---|---|
| മരണം | മാര്‍ച്ച് 11 1955 (പ്രായം 73) London, England |
| ദേശീയത | സ്കോട്ടിഷ് |
| മേഖലകള്‍ | Bacteriology, immunology |
| Known for | പെന്‍സിലിന്‍ കണ്ടുപിടിച്ചു |
| പ്രധാന പുരസ്കാരങ്ങള്‍ | Nobel Prize in Physiology or Medicine (1945) |
പെന്‍സിലിന്‍ കണ്ടുപിടിച്ചതു വഴി വൈദ്യശാത്രത്തിലെ ആന്റിബയോട്ടിക്ക് വിപ്ലവത്തിനു തുടക്കം കുറിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞനാണ് അലക്സാണ്ടര്‍ ഫ്ലെമിങ് (ഓഗസ്റ്റ് 6, 1881 - മാര്‍ച്ച് 11, 1955).
രോഗാണുക്കള്‍ക്കെതിരെയുള്ള മനുഷ്യന്‍റെ പോരാട്ടത്തിന് ഇരുപതാം നൂറ്റാണ്ടു നല്‍കിയ മഹത്തായ സംഭാവനയാണ് ആന്‍റീബയോടിക്കുകള്‍.
ഉള്ളടക്കം |
[തിരുത്തുക] ജനനവും വിദ്യാഭ്യാസവും
1881 ഓഗസ്റ്റ് 6-ന് സ്കോട്ട്ലന്‍ഡിലെ അയര്‍ (Ayr) എന്ന ഗ്രാമത്തില്‍ അലക്സാണ്ടര്‍ ഫ്ലെമിങ് ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഒരു കപ്പല്‍ കമ്പനിയില്‍ ക്ലാര്‍ക്കായി ഫ്ലെമിങ് ലണ്ടനിലെത്തി. ജോലിയുപേക്ഷിച്ചു മെഡിസിന്‍ പഠനത്തിനു ചേര്‍ന്നു.
ജീവശാസ്ത്രരംഗത്ത് ആവേശകരമായ ഗവേഷണങ്ങള്‍ നടക്കുന്ന കാലമായിരുന്നു അത്. ലൂയി പാസ്ചര്‍ വികസിപ്പിച്ച വാക്സിനേഷന്‍ വിദ്യ വൈദ്യശാസ്ത്രരംഗത്തു വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കി. ജര്‍മ്മന്‍ ശസ്ത്രജ്ഞനായ റോബര്‍ട്ട് കോച്ച് ആന്ത്രാക്സിന്‍റെയും ക്ഷയരോഗത്തിന്‍റെയും കാരണം കണ്ടെത്തി. ഓരോ രോഗവും പ്രത്യേകം പ്രത്യേകം മൈക്രോബുകളാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു.
[തിരുത്തുക] ലോകമഹായുദ്ധവും ഗവേഷണവും
1914-ല്‍ ഒന്നാം ലോകമഹായുദ്ധം തുടങ്ങി. ഫ്ലെമിങ് അടങ്ങിയ ഗവേഷണ സംഘത്തിന് പട്ടാള സര്‍വീസില്‍ പോകേണ്ടി വന്നു. ബാക്ടീരിയ വിഷബാധ മൂലം മുറിവുകള്‍ പഴുത്ത് നരകയാതന അനുഭവിക്കുന്ന പട്ടാളകാര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ശരീര കലകളെ നശിപ്പിക്കാതെ അവയുള്‍ക്കൊള്ളുന്ന ബാക്ടീരിയകളെ എങ്ങനെ നശിപ്പിക്കാം എന്നതിനെ കുറിച്ചായി ഫ്ലെമിങ്ങിന്‍റെ ചിന്ത.
1921-ല്‍ ഒരു ദിവസം ശക്തിയായ ജലദോഷത്തിന്‍റെ യാതന അനുഭവിക്കുകയായിരുന്ന ഫ്ലെമിങ് തന്‍റെ മൂക്കില്‍ നിന്നൊഴുകിയ ദ്രാവകം ശേഖരിച്ചു. അത് ബാക്ടീരിയയെ വളര്‍ത്തുന്ന ഒരു ഡിഷില്‍ ഒഴിച്ചു വെച്ചു. അത്ഭുതകരമയ അനുഭവമാണു ഫ്ലെമിങ്ങിനു കാണാന്‍ കഴിഞ്ഞത്. മൂക്കുനീര്‍ വീണ ഭാഗത്തുണ്ടായിരുന്ന അണുക്കളെല്ലാം നശിച്ചുപോയിരുന്നു. മൂക്കുനീര്‍ മാത്രമല്ല കണ്ണുനീരും ഉമിനീരും അദ്ദേഹം പരീക്ഷിച്ചു. അവയ്ക്കെല്ലാം അണുനാശകശക്തിയുണ്ടെന്ന് കണ്ടറിയുകയും ചെയ്തു.
ശരീരദ്രവങ്ങളിലെ അണുനാശക വസ്തുവിനെ ലൈസോസൈം എന്നദ്ദേഹം വിളിച്ചു. ലയിക്കുന്ന അഥവാ അലിയിക്കുന്ന എന്ന അര്‍ഥമാണ് ലൈസിസ് എന്ന വാക്കിനുള്ളത്. ലൈസോസൈം എന്നത് അണുജീവികളെ നശിപ്പിക്കാന്‍ ശരീരം പുറപ്പെടുവിക്കുന്ന ജീവാഗ്നിയാണെന്ന് അദ്ദേഹം തെളിയിച്ചു. ആ കണ്ടുപിടിത്തത്തിന് ശാസ്ത്രലോകം വേണ്ട പ്രാധാന്യം നല്‍കിയില്ല. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ഏറെക്കാലം കഴിഞ്ഞാണു ലോകം മനസിലാക്കിയത്.
[തിരുത്തുക] പെന്‍സിലിന്‍റെ ജനനം
1928 -ല്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്‍റെ പ്രസിദ്ധീകരണത്തിനുവേണ്ടി ഒരു പ്രബന്ധം തയാറാക്കാനുള്ള പ്രവൃത്തിലായിരുന്നു ഫ്ലെമിങ്. സ്റ്റെഫലോ കോക്കസ് എന്നയിനം ബാക്ടീരിയയെ കുറിച്ചാണ് ലേഖനമെഴുതേണ്ടത്. ധാരാളം രോഗങ്ങള്‍ക്കു കാരണമായ ബാക്റ്റീരിയയാണ് സ്റ്റെഫലോ കോക്കസ്. പരീക്ഷണങ്ങള്‍ക്കായി അദ്ദേഹം അത്തരം ബാക്ടീരിയകളെ വളര്‍ത്തിയെടുക്കാന്‍ തുടങ്ങി.
ഒരു ദിവസം ഈ പാത്രങ്ങളിലൊന്ന് അടച്ചുവെക്കാന്‍ മറന്നുപോയി. ജനാലക്കരികിലിരുന്ന ഈ പാത്രത്തില്‍ ഒരുതരം പൂപ്പല്‍ വളര്‍ന്നിരിക്കുന്നതായി ഫ്ലെമിങ്ങിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പൂപ്പല്‍ ബാധിച്ച ബാക്ടീരിയല്‍ കള്‍ച്ചര്‍ എടുത്തുകളയുന്നതിനു പകരം അദ്ദേഹം അതു നിരീക്ഷിക്കുകയാണു ചെയ്തത്. ചുറ്റുമുള്ള ബാക്ടീരിയകള്‍ നശിച്ചുപോയതായി അദ്ദേഹം കണ്ടു.
ബാക്ടീരിയെ നശിപ്പിച്ച പൂപ്പലിനെ കൂടുതല്‍ പരിശോധനക്കായി വേര്‍തിരിച്ചെടുത്തു. പെന്‍സിലിയം ഇനത്തില്‍ പ്പെട്ട (Pencillium notatium) ഒന്നായിരുന്നു ഈ പൂപ്പല്‍. അവയില്‍നിന്നു വേര്‍തിരിച്ചെടുത്ത പദാര്‍ത്ഥങ്ങള്‍ക്ക് ബാക്ടീരിയകളുടെ വളര്‍ച്ച തടയാനുള്ള ശേഷിയുള്ളതായി അദ്ദേഹം മനസിലാക്കി. പുതിയ പദാര്‍ഥത്തിന് പെന്‍സിലിന്‍ എന്ന പേരുനല്‍കി.
[തിരുത്തുക] ചെയിനും ഫ്ലോറിയും
പെന്‍സിലിനെ ശുദ്ധരൂപത്തില്‍ വേണ്ടത്ര അളവില്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ അതിന്‍റെ ഉപയോഗം തെളിയിക്കാന്‍ ഫ്ലെമിങ്ങിനു കഴിഞ്ഞില്ല. ഒക്സ്ഫഡിലെ വൈദ്യശാസ്ത്ര ഗവേഷകരായിരുന്ന ഏണസ്റ്റ് ചെയിനും ഹോവാര്‍ഡ് ഫ്ലോറിയും ഫ്ലെമിങ്ങിനു കഴിയാതിരുന്ന ദൗത്യം 1940 - ല്‍ പൂര്‍ത്തീകരിച്ചു. 1941 ലാണ് മനുഷ്യനില്‍ ആദ്യമായി പെന്‍സിലിന്‍ പരീക്ഷിച്ചത്. ചെയിനും ഫ്ലോറിയും വികസിപ്പിച്ചെടുത്ത ശുദ്ധമായ പെന്‍സിലിന്‍ അലക്സാണ്ടര്‍ ഫ്ലെമിങ് തന്നെയാണ് ലിംബര്‍ട്ടില്‍ പരീക്ഷിച്ചത്. ഇടവിട്ടു പെന്‍സിലിന്‍ കുത്തിവെപ്പുകള്‍ നല്‍കപ്പെട്ട ലിംബര്‍ട്ട് മരണക്കിടക്കയില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. അതോടെ ആ വാര്‍ത്ത ലോകമെങ്ങും പ്രചരിച്ചു. പെന്‍സിലിന്‍ ലോകപ്രശസ്തി നേടി. 1945 - ല്‍ ചെയിനും ഫ്ലോറിക്കുമൊപ്പം അലക്സാണ്ടര്‍ ഫ്ലെമിങ് നൊബേല്‍ സമ്മാനം പങ്കിട്ടു.
1955 മാര്‍ച്ച് 11നു ഹൃദയാഘാതത്തെത്തുടര്‍ന്ന് അലക്സാണ്ടര്‍ ഫ്ലെമിങ് മരണമടഞ്ഞു.