അബാക്കാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബാക്കാ
മ്യൂസാ ടെക്സ്റ്റൈലിസ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): ആവൃതബീജികൾ
(unranked): ഏകബീജപത്രികൾ
(unranked): കോമെലെനിഡുകൾ
നിര: സിഞ്ചിബറേലുകൾ
കുടുംബം: മ്യൂക്കേസേ
ജനുസ്സ്: മ്യൂസാ
വർഗ്ഗം: എം.ടെക്സ്റ്റൈലിസ്
ശാസ്ത്രീയ നാമം
മ്യൂസാ ടെക്സ്റ്റൈലിസ്

ഫിലിപ്പീൻസിൽ വളരുന്ന വാഴവർഗ്ഗത്തിൽ പെട്ട ഒരു സസ്യമാണ് അബാക്കാ അല്ലെങ്കിൽ "മ്യൂസാ ടെക്സ്റ്റൈലിസ്". ഫിലിപ്പീൻസ്, ഇക്വഡോർ, കോസ്റ്റ റീക്ക എന്നീ നാടുകളിൽ ഈ സസ്യം വ്യവസായികാടിസ്ഥാനത്തിൽ നാരിനുവേണ്ടി കൃഷി ചെയ്യപ്പെടുന്നു. ഒരു കാലത്ത് "മനിലാ-ചണം"(Manila hemp) എന്നറിയപ്പെട്ടിരുന്ന നാര് ഈ വാഴയുടെ കപടകാണ്ഡത്തിൽ (pseudo-stem) നിന്ന് വേർതിരിച്ചെടുക്കുന്നതാണ്. ഇതു ശരാശരി നാലു മീറ്ററോളം ഉയരത്തിൽ വളരുന്നു. ഇതിന്റെ നാര് മുൻകാലങ്ങളിൽ ചരടും കയറും നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു; അബാക്കാ അരച്ച് കുഴമ്പാക്കിയ ശേഷം, തേയിലസഞ്ചികൾ, അരിപ്പുകടലാസ്, കറൻസിനോട്ടുകൾ മുതലായ സവിശേഷോല്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുകയാണു ഇപ്പോൾ കൂടുതലും പതിവ്. തേങ്ങാച്ചകിരി, ഹെനെക്വിൻ, സൈസൽ എന്നിവയ്ക്കൊപ്പം ബലമുള്ളതാണ് ഇതിന്റെ നാര്. സഞ്ചികൾ, പരവതാനികൾ തുടങ്ങിയ കരകൌശല വസ്തുക്കളും വസ്ത്രങ്ങളും, വീട്ടുപകരണങ്ങളും നിർമ്മിക്കാൻ അബാക്കാ നാര് ഉപയോഗിക്കപ്പെടുന്നു. ഉപ്പു രസത്തെ ചെറുക്കാനുള്ള കഴിവ് മൂലം ഇത് കപ്പലുകളിൽ ആവശ്യമായ കയറുകളും മീൻപിടുത്ത വലകളും നിർമ്മിക്കാനും പ്രയോജനപ്പെടുന്നു. [1]

ഫിലിപ്പീൻസിൽ ഇതു കയറിനുവേണ്ടി കൃഷി ചെയ്യപ്പെടുന്നതു കണ്ട ഡച്ചുകാർ 1925-ൽ ഡച്ചുസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന സുമാത്രയിൽ ഇതിന്റെ കൃഷി തുടങ്ങി. 1929-ൽ അമേരിക്കൻ കൃഷിവകുപ്പ് മദ്ധ്യഅമേരിക്കയിലും അബാക്കാ കൃഷിക്ക് തുടക്കമിട്ടു.[2] ബ്രിട്ടീഷ് ആധിപത്യത്തിലിരുന്ന വടക്കൻ ബോർണിയോയിൽ ഇതിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷി 1930-ൽ തുടങ്ങി; രണ്ടാം ലോകമഹായുദ്ധത്തിൽ ഫിലിപ്പീൻസിലെ ജപ്പാൻ അധിനിവേശം അവിടുന്നുള്ള ഇതിന്റെ വരവിനെ ബാധിച്ചു.[2] ഇന്ന് വ്യാവസായികാടിസ്ഥാനത്തിൽ ഈ വാഴച്ചെടി കൃഷി ചെയ്യപ്പെടുന്നത് ഫിലിപ്പീൻസ്, ഇക്വഡോർ, കോസ്റ്റ റീക്ക എന്നിങ്ങനെ മൂന്നു രാജ്യങ്ങളിൽ മാത്രമാണ്. ഇതിന് എറ്റവുമേറെ വിളവു ലഭിക്കുന്നത് കോസ്റ്റ റീക്കയിലാണ്.

അവലംബം[തിരുത്തുക]

  1. അബാക്കയെക്കുറിച്ച് Naturalfibres.org-ൽ
  2. 2.0 2.1 "abaca." Encyclopædia Britannica. 22 January 2007
"http://ml.wikipedia.org/w/index.php?title=അബാക്കാ&oldid=1691361" എന്ന താളിൽനിന്നു ശേഖരിച്ചത്