അനസ്തീസിയ
സംവേദനശേഷി താൽക്കാലികമായി ഇല്ലാതെയാക്കുന്ന അവസ്ഥയെയാണ് അനസ്തീഷിയ എന്ന് പറയുന്നത്, സമ്മർദ്ദമോ വേദനയോ അറിയാതെ ശസ്ത്രക്രിയ, ചിലതരം രോഗനിർണ്ണയം എന്നിവ സാദ്ധ്യമാക്കാൻ ഈ അവസ്ഥ സഹായിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
αν-(an-)ഇല്ലായ്മ, αἲσθησις(aisthēsis) സംവേദനം എന്നീ ഗ്രീക്ക് പദങ്ങൾ കൂട്ടിച്ചേർത്താണ് അനസ്തീഷിയ എന്ന വാക്കുണ്ടായത്. 1846-ൽ ഒളിവർ വെൻഡെൽ ഹോംസ് ആണ് അനസ്തീഷിയ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
[തിരുത്തുക] ചരിത്രം
എബേർസ് പാപ്പിറസ്(1500 ബി.സി) കറുപ്പ് പോലെയുള്ള വസ്തുക്കൾ അനസ്തീഷിയയ്ക്കായി ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബി. സി. മൂന്നാം നൂറ്റാണ്ടിൽ സുശ്രുതൻ എഴുതിയ സുശ്രുത സംഹിത, മദ്യവും കഞ്ചാവ് പുകയും അനസ്തീഷ്യയ്ക്കായി ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 1769-ൽ ജോസഫ് പ്രീസ്റ്റ്ലി കണ്ടുപിടിച്ച നൈട്രസ് ഓക്സൈഡിന്റെ നിശ്ചേതനസ്വഭാവങ്ങളെക്കുറിച്ച് ഹംഫ്രി ഡേവി 1799-ൽ മനസ്സിലാക്കിയിരുന്നു.വില്ല്യം തോമസ് ഗ്രീൻ മോർട്ടൻ എന്ന ദന്തവൈദ്യൻ 1846 ഒക്റ്റോബർ 16-ന് രക്തധമനിയിലെ ട്യൂമർ നീക്കം ചെയാനുള്ള ശസ്ത്രക്രിയയ്ക്ക് ഈതർ( ഡൈ ഈതൈൽ ഈതർ - CH3-CH2-O-CH2-CH3)ഉപയോഗിച്ചു, അനസ്തീഷ്യയ്ക്കായി ഈതർ ഉപയോഗിച്ചതായി ആദ്യമായി പ്രസിധീകരിക്കപ്പെട്ട ശസ്ത്രക്രിയകളിൽ ഒന്നാണിത്.[1] നേരത്തെ 1842- മാർച്ചിൽ ഡോക്ടർ ക്രഫോഡ് ലോങ്, ഈതർ അനസ്തീഷ്യയ്ക്കായി ഉപയോഗിച്ചെങ്കിലും 1849-ൽ മാത്രമാണ് ഇതിന്റെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.
[തിരുത്തുക] തരങ്ങൾ
അനസ്തീഷിയ പല തരത്തിലുണ്ട്.
[തിരുത്തുക] ജനറൽ അനസ്തീഷിയ
ഇന്ട്രാവീനസ് ആയി പ്രൊപ്പോഫോൾ മുതലായ മരുന്നുകളോ വാതകരൂപത്തിലുള്ള സീവോഫ്ലൂറേൻ, ഡെസ്‌ഫ്ലൂറേൻ, ഐസോഫ്ലൂറേൻ തുടങ്ങിയവയോ ഉപയോഗിച്ച് രോഗയെ പൂർണ്ണമായി ബോധം കെടുത്തുന്നു.
[തിരുത്തുക] റീജിയനൽ അനസ്തീഷിയ
ശരീരത്തിന്റെ ഒരു ഭാഗത്തേക്ക് പോകുന്ന നാഡികളെ മരവിപ്പിച്ച് ആ ഭാഗത്തെ മാത്രം സംവേദനശക്തി ഇല്ലാതെയാക്കുന്ന റീജിയനൽ അനസ്തീഷിയയിൽ രോഗിക്ക് ബോധം നഷ്ടപ്പെടുന്നില്ല.
[തിരുത്തുക] സ്പൈനൽ അനസ്തീഷിയ
സ്പൈനൽ കനാലിലെ സ്പൈനൽ ദ്രവത്തിൽ ഔഷധങ്ങൾ നൽകി നെഞ്ചിനു താഴെയുള്ള സംവേദനശേഷി ഇല്ലാതാക്കുകയാണ് സ്പൈനൽ അനസ്തീഷിയ അഥവാ സബ്ആർക്കനോയ്ഡ് ബ്ലോക്കിൽ ചെയ്യുന്നത്. നാലും അഞ്ചും ലുംബാർ കശേരുകങ്ങൾക്കിടയിൽ(lumbar vertebrae) ബപിവാകെയ്ൻ( Bupivacaine ) പോലെയുള്ള ഔഷധങ്ങൾ ചെറിയ അളവിൽ നൽകിയാണ് ഇത് ചെയ്യുന്നത്.
[തിരുത്തുക] എപ്പിഡ്യൂറൽ അനസ്തീഷിയ
എപ്പിഡ്യൂറൽ ഭാഗത്ത് കൂടിയ അളവിൽ ഔഷധങ്ങൾ നൽകിയാണ് എപ്പിഡ്യൂറൽ അനസ്തീഷിയ ചെയ്യുന്നത്. നിശ്ചേതക ഔഷധമായ ബപിവാകെയ്ൻ ഒരു സ്റ്റീറോയ്ഡുമായി ചേർത്താണ് ഉപയോഗിക്കുന്നത് (ഉദാ: ട്രയാംസിനോളോൺ triamcinolone). പ്രസവസമയത്ത് വേദന ഇല്ലാതെയാക്കാൻ ഉപയോഗിച്ചുവരുന്ന ഒരു മാർഗ്ഗമാണിത്. [2]
[തിരുത്തുക] ലോക്കൽ അനസ്തീഷിയ
തൊലിക്ക് താഴെ മരുന്ന് കുത്തിവെച്ച് ശരീരത്തിന്റെ വളരെ കൃത്യമായ ഭാഗം മരവിപ്പിക്കുകയാണ് ലോക്കൽ അനസ്തീഷിയ അഥവാ സ്ഥാനിക അനസ്തീഷിയയിൽ ചെയ്യുന്നത്
[തിരുത്തുക] അവലംബം
- ↑ http://dictionary.reference.com/browse/william+thomas+g.+morton
- ↑ "Cochrane Reviews". Anim-Somuah M, Smyth RMD, Howell CJ. Cochrane Reviews. http://www.cochrane.org/reviews/en/ab000331.html, ശേഖരിച്ചത്: 2009-10-12.