സുനിൽ ജാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രശസ്തനായ ഭാരതീയ ഫോട്ടോഗ്രാഫറായിരുന്നു സുനിൽ ജാന (1918 – 2012 ജൂൺ 21). പത്മശ്രീ, പത്മഭൂഷൺ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ബംഗാൾ ക്ഷാമത്തിന്റെ ദുരിതചിത്രങ്ങൾ പൊതുസമൂഹത്തിലെത്തിച്ചത് ജാനയുടെ നിശ്ചല ചിത്രങ്ങളായിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

1918-ൽ അസമിൽ ജനിച്ച അദ്ദേഹം വളർന്നത് കൊൽക്കത്തയിലായിരുന്നു. സെന്റ് സേവ്യേഴ്സിലെയും പ്രസിഡൻസി കോളേജിലെയും പഠനകാലത്ത ഇടതുപക്ഷവിദ്യാർഥി പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. കമ്യൂണിസ്റ്റ് പാർട്ടി നേതാവായ പി.സി. ജോഷിയാണ് ജാനയിലെ ഫോട്ടോഗ്രാഫറെ തിരിച്ചറിഞ്ഞത്. ജോഷിക്കൊപ്പം സഞ്ചരിച്ച് പകർത്തിയ ചിത്രങ്ങളാണ് 1943-ലെ ബംഗാൾ ക്ഷാമത്തിന്റെ യഥാർഥചിത്രം പുറത്തുകൊണ്ടു വന്നത്. പിന്നീട് ചിത്തോപ്രസാദിനൊപ്പം മുംബൈയിലെ കമ്യൂൺ കേന്ദ്രമായി പ്രവർത്തിച്ചു. പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനുമായും ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷനുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു. ജാനയുടെ ചിത്രങ്ങൾ ലൈഫ് മാഗസിനിലും തുടർച്ചയായി പ്രസിദ്ധീകരിച്ചു. പീപ്പിൾ ഏജിലായിരുന്നു അദ്ദേഹത്തിന്റെ ഫോട്ടോകൾ അധികവും അക്കാലത്ത് വന്നത്. കൊൽക്കത്ത കേരന്ദീകരിച്ച് അദ്ദേഹം സത്യജിത് റേ, ചിദാനന്ദദാസ് ഗുപ്ത, ഹരിദാസ് ഗുപ്ത എന്നിവരോടൊപ്പം കൽക്കട്ട ഫിലിം സൊസൈറ്റിയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു.
ലോകവ്യാപകമായി വിവിധ നഗരങ്ങളിൽ ഫോട്ടോപ്രദർശനം നടത്തിയിട്ടുണ്ട്. ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങളും അദ്ദേഹം രചിച്ചു. ബിബിസിയുൾപ്പടെ ജാനയെക്കുറിച്ച് മൂന്ന് ഡോക്യുമെന്ററികളും നിർമ്മിച്ചിട്ടുണ്ട്.

കേരളവും ജാനയും[തിരുത്തുക]

പുരോഗമന പ്രസ്ഥാനത്തിന്റെ ആദ്യകാല ഫോട്ടോഗ്രാഫറുമായിരുന്നു അദ്ദേഹം. കയ്യൂർ കേസിൽ തൂക്കിക്കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റുകാരുടെ വീടു സന്ദർശിച്ച പി സി ജോഷി ഒരു വഞ്ചിയിൽ മടങ്ങുന്നത് അദ്ദേഹമെടുത്ത പ്രസിദ്ധമായ ഒരു ഫോട്ടോയാണ്. വള്ളത്തോളുമായി അദ്ദേഹം നടത്തിയ അഭിമുഖം അന്ന് കമ്മ്യൂണിസ്റ്റ് പാർടി പത്രമായിരുന്ന പീപ്പിൾസ് വാർ പ്രസിദ്ധപ്പെടുത്തിയിരുന്നു.

കൃതികൾ[തിരുത്തുക]

  • ദ സെക്കന്റ് കാപ്ച്ചർ
  • ഡാൻസസ് ഓഫ് ദ ഗോൾഡൻ ഹാൾ (അശോക് ചാറ്റർജിയുമായി ചേർന്ന്)
  • ദ ട്രൈബൽസ് ഓഫ് ഇൻഡ്യ : ത്രൂ ദ ലെൻസ് ഓഫ് സുനിൽ ജാന
  • ഫോട്ടോഗ്രാഫിംഗ് ഇൻഡ്യ (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പുറത്തിറക്കാനിരിക്കുന്നത്)[2]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/newscontent.php?id=168809
  2. http://kamlashow.com/blog/2012/06/24/remembering-sunil-janah-1918-2012/[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുനിൽ_ജാന&oldid=3830343" എന്ന താളിൽനിന്ന് ശേഖരിച്ചത്