Jump to content

തെസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പദത്തിന്റെ സമാനപദങ്ങളും ആശയസാദൃശ്യമുള്ള ഇതര പദങ്ങളും പ്രയോഗവിശേഷങ്ങളും അർത്ഥചായ്‌വുള്ള ശൈലികളും ക്രമീകരിച്ചവതരിപ്പിക്കുന്ന ഗ്രന്ഥമാണ് തെസോറസ്. ഭണ്ഡാരം എന്ന അർത്ഥമുള്ള ഒരു ലത്തീൻ പദമാണ് തെസോറസ്. അവിടെനിന്ന് ആ പദം ഒരുതരം നിഘണ്ടുവിനെ കുറിക്കാൻ ഇംഗ്ലീഷിലേക്കും മറ്റു ഭാഷകളിലേക്കും സ്വീകരിക്കപ്പെട്ടു. ഇംഗ്ലീഷ് പദങ്ങളുടെയും പദസംഹിതകളുടെയും അർത്ഥം രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥമായ റോജെറ്റ്സ് തെസോറസ് ആണ് ഇതിന്റെ ആദ്യത്തെ മാതൃക.

ശീർഷകപദങ്ങൾക്കും പദസംഹിതകൾക്കും പുറമേ പര്യായങ്ങളും മറ്റു സമാനാർത്ഥപദങ്ങളും കൂടി തെസോറസിൽ സാധാരണയായി രേഖപ്പെടുത്തിയിരിക്കും. ചില തെസോറസുകളിൽ ഇവയ്ക്കെല്ലാം പുറമേ ശീർഷകപദത്തിൽനിന്ന് നിഷ്പാദിപ്പിക്കാവുന്ന പദങ്ങളും അതിനോടു ബന്ധപ്പെട്ട പദങ്ങളും കൂടി ഉൾപ്പെടുത്താറുണ്ട്. മേല്പറഞ്ഞതിനു പുറമേ തെസോറസിന് സാധാരണ നിഘണ്ടുക്കളിൽ നിന്ന് മറ്റൊരു വ്യത്യാസം കൂടി ഉണ്ട്. സാധാരണ നിഘണ്ടുക്കളിൽ ശീർഷകപദങ്ങൾ അക്ഷരമാലാക്രമത്തിൽ രേഖപ്പെടുത്തിയിട്ട് അവയിലോരോന്നിന്റെയും നേർക്ക് ആ പദത്തിന്റെ അർത്ഥം അഥവാ അർത്ഥങ്ങൾ ആയിരിക്കും രേഖപ്പെടുത്തുക. അർത്ഥത്തിന്റെ സാംഗത്യം വ്യക്തമാക്കാൻ ഏതെങ്കിലും ഒരു സന്ദർഭത്തിലുള്ള പ്രയോഗം കൂടി നല്കാറുണ്ട്. അത്തരം നിഘണ്ടുക്കളിൽ അക്ഷരമാലാക്രമമനുസരിച്ച് മറ്റൊരിടത്ത് ശീർഷകപദമായാണ് പര്യായം രേഖപ്പെടുത്തി നിർവചിക്കുന്നത്. തെസോറസിലാകട്ടെ പര്യായങ്ങൾ അഥവാ സമാനാർത്ഥ പദങ്ങൾ ശീർഷകപദത്തെത്തുടർന്നു മാത്രമേ രേഖപ്പെടുത്താറുള്ളു.

ചില തെസോറസുകൾ ശീർഷകപദത്തിന്റെ അർത്ഥം ഹ്രസ്വമായ ഒരു ലേഖനത്തിന്റെ രൂപത്തിൽ രേഖപ്പെടുത്താറുണ്ട്. സ്വാഭാവികമായിത്തന്നെ ഇത്തരം തെസോറസുകൾക്ക് ഒരു വിജ്ഞാനകോശത്തിന്റെ സ്വഭാവം കൂടി സിദ്ധിക്കുന്നു. വിവിധ വിഷയങ്ങളുടെ പ്രതിപാദനത്തിൽ പ്രയോഗിക്കപ്പെട്ടുവരുന്ന സാങ്കേതികാർത്ഥമുള്ള പദങ്ങൾ വിഷയങ്ങളെ ആസ്പദമാക്കി വെവ്വേറെ ക്രമീകരിച്ചതിനുശേഷം ഓരോ വിഷയത്തെ സംബന്ധിച്ച പദങ്ങളും മറ്റു തെസോറസുകളിലെന്നപോലെ നിർവചിക്കുകയും അതിനെത്തുടർന്ന് സമാനാർത്ഥ പദങ്ങളും മറ്റും രേഖപ്പെടുത്തുകയും ചെയ്തുകൊണ്ട് റീഡേഴ്സ് ഡൈജസ്റ്റ് എന്ന ആനുകാലികത്തിന്റെ പ്രസാധകർ തയ്യാറാക്കിയിട്ടുള്ള നിഘണ്ടു മേല്പറഞ്ഞതുപോലെ വിജ്ഞാനകോശത്തിന്റെ സ്വഭാവമുള്ളതാണ്.

പ്രാചീനകാലത്ത് സംസ്കൃതത്തിൽ ഉണ്ടായിട്ടുള്ള നിഘണ്ടുക്കൾ തെസോറസിന്റെ സ്വഭാവമുള്ളവയാണ്. എന്തെന്നാൽ പര്യായങ്ങൾ കാണിക്കുന്ന ശബ്ദകോശത്തിന്റെ രൂപത്തിലുള്ളവയാണ് ആ സംസ്കൃത നിഘണ്ടുക്കൾ. അവയെ കുറിക്കാൻ കോശങ്ങൾ എന്ന പേരാണ് ഉപയോഗിച്ചുവന്നത്. സുപ്രസിദ്ധമായ അമരകോശം ഇതിന് ഒരു തെളിവാണ്. തമിഴ് ഭാഷയിൽ ആദ്യകാലത്ത് തയ്യാറാക്കപ്പെട്ടിരുന്ന നിഘണ്ടുക്കൾ ഇത്തരം കോശങ്ങളാണ്. അവ തെസോറസിന്റെ സ്വഭാവമുള്ളവയായിരുന്നു. അത്തരം കോശങ്ങളെ കുറിക്കാനാണ് നിഘണ്ടുക്കൾ എന്ന പദം തമിഴിൽ ഉപയോഗിച്ചുവന്നത്. ഇന്നത്തെ സാധാരണ നിഘണ്ടുക്കളെ കുറിക്കാൻ തമിഴിൽ ഉപയോഗിച്ചുവരുന്നത് 'അകരാതി' എന്ന പേരാണ്.

മോണിയർ വില്യംസ് രചിച്ച സംസ്കൃത-ഇംഗ്ലീഷ് നിഘണ്ടുവിൽ ശീർഷകപദങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത് പ്രധാനമായും ധാതുക്കളാണ്. ധാത്വർത്ഥം രേഖപ്പെടുത്തിയതിനു ശേഷം പ്രസക്ത ധാതുവിൽനിന്ന് നിഷ്പന്നമാകുന്ന പദങ്ങൾ ഓരോന്നായി രേഖപ്പെടുത്തി നിർവചിച്ചിരിക്കുന്നു. മലയാളത്തിൽ ആർ. നാരായണപ്പണിക്കരുടെ നവയുഗഭാഷാനിഘണ്ടുവും ഈ രീതിയാണ് പിന്തുടർന്നിട്ടുള്ളത്. ലേഖനാരംഭത്തിൽ കാണുന്നത് പദങ്ങളല്ല, ധാതുക്കളാണ.എങ്കിലും മറ്റെല്ലാ തരത്തിലും ഇവയുടെ ലേഖനഘടന സാധാരണ തെസോറസുകളുടേതിന് തുല്യമാണ്. ഇക്കാരണത്താൽ അടിസ്ഥാനപരമായി തെസോറസിന്റെ സ്വഭാവം മേല്പറഞ്ഞ രണ്ട് നിഘണ്ടുകൾക്കും ഉണ്ട്.

മലയാളത്തിലെ ആദ്യത്തെ തെസോറസ് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള കേണൽ എം.ബി. നായരുടെ മലയാളം തിസോറസ്-പദാന്വേഷണ ശബ്ദകോശം ആണ്.

ഭാഷാരൂപമായ ആശയ പ്രകാശനത്തിന് എല്ലാ തരത്തിലും ഉപകരിക്കുന്ന ഒരു പ്രയോഗ സഹായിയാണ് തെസോറസ് എന്നു പറയാം. ശൈലീ പ്രയോഗങ്ങളും മറ്റും തെസോറസുകളിൽ രേഖപ്പെടുത്തുന്ന സമ്പ്രദായം ഇത്തരം ഗ്രന്ഥങ്ങൾക്ക് ഭാഷാപരമായും സാംസ്കാരികമായും വലിയ മൂല്യം നല്കുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തെസോറസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തെസോറസ്&oldid=1918950" എന്ന താളിൽനിന്ന് ശേഖരിച്ചത്