ഉണ്ണിയാടീ ചരിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിന്നാലാം ശതകത്തിന്റെ അന്ത്യപാദത്തിൽ രചിയ്ക്കപ്പെട്ട കാവ്യമാണ് ഉണ്ണിയാടീ ചരിതം .ദാമോദരച്ചാക്യാരാണ് ഇതിന്റെ രചയിതാവ്. ഇദ്ദേഹം ഓടനാട് രാജാവായിരുന്ന ഇരവികേരളവർമ്മന്റെ സദസ്യനാായിരുന്നു എന്നു കരുതുന്നു. നർത്തകിയായ ചെറുകരക്കുട്ടത്തിയെ കേരളവർമ്മ വിവാഹം ചെയ്യുകയും കുട്ടികൾ ഉണ്ടാകാതിരുന്നതിനാൽ കണ്ടിയൂർ ക്ഷേത്രത്തിൽ 12 വർഷം ഭജനമിരിയ്ക്കുകയും ഉണ്ണിയാടീ സംഗീതാദികളിൽ വിദുഷിയായ ഒരു സുന്ദരിയായി ഉണ്ണിയാടിയെ കാവ്യത്തിൽ അവതരിപ്പിയ്ക്കുന്നു.മലയാളത്തിലെ പ്രാചീന മണിപ്രവാള ചമ്പുക്കളിൽ ശ്രദ്ധേയമായ കൃതി. കായംകുളം രാജാവിന്റെ അധികാര പരിധിയിലായിരുന്ന കണ്ടിയൂരുകാരനായിരുന്ന ദാമോദര ചാക്യാരാൽ വിരചിതമാണെന്ന് കരുതപ്പെടുന്ന ഈ കൃതി മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ സജീവമായ ശ്രദ്ധയർഹിക്കുന്നതും പഠനാർഹവുമായ ഒന്നാണ്. ഓടനാടിന്റെ ചരിത്രേതിഹാസമാണ് ദാമോദര ചാക്യാർ സ്വന്തം ശിഷ്യയും കായംകുളം കേരളവർമ്മന്റെ പുത്രിയുമായ ഉണ്ണിയാടിയെ പുരസ്കരിച്ചെഴുതിയ ഉണ്ണിയാടീചരിതം. അക്കാലത്ത് കണ്ടിയൂരിന് പടിഞ്ഞാറ് നങ്ങ്യാർകുളങ്ങരയിൽ ചാക്യാരും കുടുംബവും താമസിച്ചിരുന്നതായി തെളിവുണ്ട്. കേരളത്തിലെ പ്രധാന ബുദ്ധമത കേന്ദ്രമായിരുന്നു കടലെടുത്തു പോയ ശ്രീമൂലവാസവിഹാരം. ഇത്തരം ചമ്പൂ കാവ്യങ്ങൾ കേരള ചരിത്രത്തിലും മലയാള സാഹിത്യത്തിലും ബുദ്ധമതം ചെലുത്തിയ സാംസ്കാരിക സ്വാധീനത്തെ കുറിക്കുന്നു. മദ്ധ്യകാലത്തെ പുരാണ ബാഹ്യമായ കഥാസാഹിത്യ ചരിത്രം പ്രഘോഷണം ചെയ്യുന്നതാണ് ഈ പ്രാചീന ചമ്പുക്കൾ. എഴുത്തച്ഛനു മുമ്പ് മലയാളത്തെ സാഹിത്യസമ്പന്നമാക്കിയ ഈ ചരിത്രാഖ്യാനങ്ങളെ ദേശചരിത്രവുമായി ബന്ധപ്പെടുത്തി പഠന വിധേയമാക്കേണ്ടതാണ്.

      മലയാളഭാഷയിൽ സാഹിത്യം ഉണ്ടായത് ഏതു കാലത്താണെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും ആദ്യകാലസഹിത്യം പാട്ട് എന്നും മണിപ്രവാളം എന്നും രണ്ട് പ്രസ്ഥാനങ്ങളായാണ് വികാസം പ്രാപിച്ചത് എന്നത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. മണിപ്രവാളകൃതികൾ പൊതുവെ നായികമാരുടെ അപദാനങ്ങളെ വാഴ്ത്തിപ്പാടുന്നു.

സ്ത്രീ സൗന്ദര്യത്തിന്റെ മൂർത്തരൂപങ്ങളായി കവികൾ കണ്ട ഈ നായികമാർ ജന്മമെടുത്ത കേരളവും അവരുടെ വർണ്ണനക്ക് വിഷയമായി. ഉണ്ണിയച്ചീചരിതവും ഉണ്ണിച്ചിരുതേവീ ചരിതവും ഉണ്ണിയാടീ ചരിതവും ചമ്പുക്കളാണ്. ഇവ മൂന്നും നായികമാരുടെ പേരിലുണ്ടായ അപദാന കാവ്യങ്ങളാണ് എങ്കിലും നായികമാരുടെ ജന്മദേശങ്ങളെയും അക്കാലത്തെ ജനജീവിതത്തെയും വ്യാപാരശൈലികളേയും പറ്റിയൊക്കെ വിശദമായി പ്രതിപാദിച്ചിട്ടുമുണ്ട്.

    ഉണ്ണിയാടീചരിതത്തിൽ മഹോദയപുരവും അവിടുത്തെ രാജാക്കൻമാരും അവരുടെ ഭരണരീതികളും വിസ്തരിച്ചിരിക്കുന്നു. ഓടനാടിനെ കേന്ദ്രീകരിച്ചാണ് കൃതിയുടെ ഇതിവൃത്തം.

നായികയായ ഉണ്ണിയാടിയുടെ പൂർവ്വജന്മത്തെയും ശാപവൃത്താന്തത്തെയും കൃതിയിൽ വിസ്തരിച്ചിരിക്കുന്നു. ഉണ്ണിയാടീ ചരിതത്തിന്റെ ഇരുപത്തിരണ്ട് ഓലകളാണ് കണ്ടെടുത്തിട്ടുള്ളത്.ഇരുപത്തിരണ്ടാമത്തെ ഓലയിലെ ഒന്നാമത്തെ പുറത്തുമാത്രമേ എഴുത്തുള്ളൂ. അവിടെത്തന്നെ രണ്ട് വരി പൂർത്തിയാക്കി മൂന്നാമത്തെ വരി ആരംഭിക്കുന്നിടത്ത് "നവ" എന്ന് രണ്ടക്ഷരങ്ങൾ എഴുതി (നായികയുടെ ആപാദചൂഡ വർണന തുടങ്ങി മുടിയിൽ തുടങ്ങി മുഖത്തെത്തിയപ്പോഴേക്കും) കവിക്ക് അവസാനിപ്പിക്കേണ്ടിവന്നു.

[1]

അവലംബം[തിരുത്തുക]

  1. മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ. കറന്റ് ബുക്ക്സ് -പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള.2015.പു.139
"https://ml.wikipedia.org/w/index.php?title=ഉണ്ണിയാടീ_ചരിതം&oldid=2600268" എന്ന താളിൽനിന്ന് ശേഖരിച്ചത്