ഉപയോക്താവ്:Rafeekc
മിസ് ഖാൽ പള്ളി
മിസ്ഖാൽ പള്ളി
കോഴിക്കോട് നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണ് മിസ്ഖാൽ പള്ളി. വളരെയധികം ചരിത്രപ്രാധാന്യമുള്ള ഈ പള്ളി നിർമ്മിച്ചത് യെമനിലെ വ്യാപാരപ്രമുഖനും കപ്പൽ ഉടമയുമായ നാഖുദാമിസ്ഖാൽ ആണ്. 14- ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇദ്ദേഹം വ്യാപാരത്തിനു വേണ്ടി കോഴിക്കോട്ട് എത്തുകയായിരുന്നു. കേരളത്തിലെ ആദ്യകാല മുസ്ലിം സങ്കേതമായിരുന്നു മിസ്ഖാൽ പള്ളി. ഈ വിശ്വനഗരത്തിന്റെ തെരുവുകൾക്ക് വീരേതിഹാസങ്ങളുടെ ചരിത്രമുണ്ട്. കച്ചവടത്തിനു വന്ന ചൈനക്കാരും അറബികളും കൈയേറ്റത്തിനുവന്ന ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും ചേർന്നാണ് ഈ നഗരത്തിന്റെ ചരിത്രം ഇത്രമേൽ സംഭവബഹുലമാക്കിയത്. പൗരാണിക കേരളീയ തത്വശാസ്ത്രത്തിന്റെ തനിമയും തെളിമയും വിളിച്ചോതുന്ന മിസ്ഖാൽ പള്ളി ഇസ്ലാമിക സംസ്‌കൃതിയും കേരളവും തമ്മിലുള്ള കൊടുക്കൽ- വാങ്ങലിന്റെ മൂർത്തമായ സ്വരൂപമാണ്.
കേരളീയ വാസ്തുവിദ്യാശൈലിയിൽ അന്നത്തെ ക്ഷേത്രങ്ങളും മറ്റുകെട്ടിടങ്ങളും രൂപകൽപ്പന ചെയ്ത വിദഗ്ധരായ ശിൽപ്പികളും തച്ചന്മാരും ചേർന്നാണ് മിസ്ഖാൽ പള്ളിയുടെ നിർമ്മാണപ്രവൃത്തികൾ നടത്തിയത്. പണ്ടത്തെ നാലുകെട്ടുകളുടെയും എട്ടുകെട്ടുകളുടെയും രീതിയിലാണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്. കോഴിക്കോട്ടെ പ്രാചീനക്ഷേത്രമായ തളി ശിവക്ഷേത്രത്തിന്റെ രൂപഘടനയുമായി മിസ്ഖാൽ പള്ളിക്ക് സാമ്യമുണ്ട്. നിസ്‌കാരത്തിനു പള്ളിയിലെത്തുന്നവർക്ക് ദേഹശുദ്ധിവരുത്തുന്നതിനു പള്ളിയുടെ അകത്തു കുളം നിർമ്മിച്ചിട്ടുണ്ട്. പള്ളിയുടെ താഴത്തെ നിലയിലെ ഭിത്തികൾ ഒഴികെയുള്ള ഭാഗങ്ങൾ മര ഉരുപ്പടികൾ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ചുമരുകളിൽ ശെയ്ഖ് ജിഫരിയുടെയും മമ്പുറം സെയ്തലവി തങ്ങളുടെയും ഖാദി മുഹമ്മദിന്റെയും നിര്യാണത്തിൽ അനുശോചിക്കുന്ന കവിതകളും വെളിയങ്കോട് ഉമർ ഖാസിയുടെ വരികളും രേഖപ്പെടുത്തിയിട്ടുണ്ട്.
വിദേശ പണ്ഡിതനായിരുന്ന മുഹമ്മദ് സ്വാലെ, ഇടിയങ്ങര ശെയ്ഖ് മാമുക്കോയ തങ്ങൾ, ശെയ്ഖ് മുഹമ്മദ് ഫാസി, ഷംസുദ്ധീൻ മക്കി തുടങ്ങിയ പണ്ഡിതന്മാരുടെ ധ്യാനപഠന പ്രവർത്തനങ്ങളാൽ ധന്യമാണിവിടം. മിസ്ഖാൽ പള്ളിയിൽ പല പൂർവ്വകാല മുസ്ലീം പണ്ഡിതന്മാരും താമസിച്ച് പഠനം നടത്തിയിട്ടുണ്ട്. മതഗ്രന്ഥങ്ങളും മറ്റ് അമൂല്യരേഖകളും മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ചരിത്ര വസ്തുക്കളുമെല്ലാം പള്ളിയിൽ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ദിനം പ്രതി നിരവധി വിദേശികളാണ് ഇവിടെ എത്തുന്നത്. പള്ളിയെക്കുറിച്ച് അറിയാനും ഡോക്യുമെന്ററികൾ തയ്യാറാക്കാനുമായി എത്തുന്ന വിദ്യാർത്ഥികളും നിരവധിയാണ്. ജാതിമതഭേദമന്യേ നിരവധി പേരാണ് മിസ്ഖാൽപള്ളിയിലെത്തുന്നത്.
തെക്കേപ്പുറത്തെ ഏറ്റവും വലിയ ജുമാമസ്ജിദായ മിസ്ഖാൽപള്ളിക്ക് ഒരു സഹസ്രാബ്ദത്തിന്റെ പഴക്കവും പ്രാധാന്യവുമുണ്ട്. കോഴിക്കോട്ടെ ഖാദിമാരുടെ ആസ്ഥാനമായിരുന്നു ഈ പള്ളി. കോഴിക്കോട്ടെ കോയമാരുടെ മതസാമൂഹികകാര്യങ്ങൾ തീരുമാനിക്കുകയും പൗരന്മാരുടെ തർക്കങ്ങൾക്ക് വിധി നടപ്പാക്കുകയും ചെയ്തിരുന്ന കോടതികൂടിയായിരുന്നു മിസ്ഖാൽപള്ളി. സാമൂതിരിരാജാക്കന്മാരുടെ പ്രത്യേക ശ്രദ്ധയും പരിഗണനയും ഈ പള്ളിക്ക് ലഭിച്ചിരുന്നു. പള്ളിയിലെ ഖാദിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളിലെല്ലാം സാമൂതിരി ഇവിടെ സന്നിഹിതനായിരുന്നു. ശക്തമായ ഹിന്ദു-മുസ്ലിം സാഹോദര്യത്തിന്റെ എക്കാലത്തെയും സ്മാരകമാണ് മിസ്ഖാൽപള്ളി.
ഓരോ റമദാനിലും മിസ്ഖാൽ പള്ളിയിലെത്തുന്നവർ നിരവധി ആണ്. ഇതിനുപിന്നിൽ ഒരു കഥയുണ്ട്. ഏകദേശം 520 വർഷങ്ങൾങ്ങൾക്കുമുൻപ് പോർച്ചുഗീസ് കമാൻഡറായിരുന്ന അൽബുക്കർക്ക് പള്ളി തകർക്കാൻ ശ്രമിച്ചു. പള്ളിയുടെ മൂന്നാം നിലയുടെ മേൽക്കൂരയിലെ മരഉരുപ്പടികളെല്ലാം കത്തിനശിച്ചു. മുസ്ലീങ്ങളും സാമൂതിരി രാജാവിന്റെ നായർ പടയാളികളും പോർച്ചുഗീസുകാരുമായി ചെറുത്തുനിന്നു. കുറ്റിച്ചിറയിൽ ചോരപ്പുഴ ഒഴുകി. പിന്നീട് പോർച്ചുഗീസുകാരുടെ അധീനയിലുണ്ടായിരുന്ന ചാലിയം കോട്ട, സാമൂതിരിയുടെ പടയാളികളും മുസ്ലീങ്ങളും ചേർന്ന് ആക്രമിച്ചു. കോട്ടയുടെ മരഉരുപ്പടികൾ സാമൂതിരി, മിസ്ഖാൽപള്ളി പുതുക്കിപണിയുന്നതിനായി നൽകി. പള്ളിയുടെ തെക്കുപടിഞ്ഞാറായി മേൽക്കൂര കത്തിനശിച്ച ഭാഗങ്ങളിലെ മരഉരുപ്പടികൾ പോർച്ചുഗീസുകാരുടെ കിരാതന നടപടിയുടെ ബാക്കി പത്രമെന്നോണം ഇന്നും നിലനിൽക്കുന്നുണ്ട്.