Jump to content

പിൽറ്റ്ഡൗൺ മനുഷ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Piltdown Man എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പിൽറ്റ്ഡൗൺ തലയോട്ടിയുടെ പരിശോധന. പിൻനിരയിൽ ഇടത്തുനിന്ന് എഫ്.ഒ. ബാർലോ, ജി. എല്ലിയറ്റ് സ്മിത്ത്, ചാൾസ് ഡോസൺ, ആൽബർട്ട് സ്മിത്ത് വുഡ്വേഡ് എന്നിവർ. മുൻനിരയിൽ എ.എസ്. അണ്ടർവുഡ്, ആർതർ കീത്ത്, വില്ല്യം പൈക്രാഫ്റ്റ്, റേ ലാങ്കെസ്റ്റെർ. 1915-ൽ ജോൺ കൂക്ക് വരച്ച ചിത്രം
പിൽറ്റ്ഡൗൺ മനുഷ്യൻ്റെ തലയോട്ടി - പുനർനിർമ്മിതി

ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലവതരിപ്പിച്ച പുരാജീവശാസ്ത്രവുമായി ബന്ധപ്പെട്ട പ്രശസ്തമായ ഒരു തട്ടിപ്പാണ് പിൽറ്റ്ഡൗൺ മനുഷ്യൻ (ഇംഗ്ലീഷ്: Piltdown man) അല്ലെങ്കിൽ പിൽറ്റ്ഡൗൺ തട്ടിപ്പ് (ഇംഗ്ലീഷ്: Piltdown hoax). മനുഷ്യപരിണാമത്തിലെ ഒരു അറിയപ്പെടാത്ത കണ്ണിയുടെ ഫോസിലുകൾ എന്ന പേരിൽ പ്രദർശിപ്പിച്ച എല്ലിൻ കഷണങ്ങളാണ് ഈ പേരിൽ അറിയപ്പെടുന്നത്. ഒരു തലയോട്ടിയും താടിയെല്ലുമാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിലെ കിഴക്കൻ സസെക്സിലെ പിൽറ്റ്ഡൗണിൽനിന്ന് 1912-ൽ ചാൾസ് ഡോസൺ ശേഖരിച്ചതെന്ന് അവകാശപ്പെട്ട ഈ എല്ലുകളുടെ അടിസ്ഥാനത്തിൽ Eoanthropus dawsoni ("Dawson's dawn-man") എന്ന് ശാസ്ത്രനാമവും നൽകി. എന്നാൽ ഒരു ഒറാങ്ങുട്ടാൻ്റെ താടിയെല്ലും ആധുനികമനുഷ്യൻ്റെ തലയോട്ടിയും കൂട്ടിച്ചേർത്താണ് ഇത് നിർമ്മിച്ചെടുത്തതെന്ന് 1953-ൽ തെളിയിക്കപ്പെട്ടു. ഇതൊരു തട്ടിപ്പാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഈ അസ്ഥികൾ ശാസ്ത്രലോകത്ത് ഒരു വിവാദകാരണമായി നിലനിന്നു.

പുരാജീവശാസ്ത്രവുമായി പ്രചരിക്കപ്പെട്ടിട്ടുള്ള ബന്ധപ്പെട്ട എക്കാലത്തേയും ഏറ്റവും കുപ്രസിദ്ധമായ തട്ടിപ്പായിരിക്കാം പിൽറ്റ്ഡൗൺ മനുഷ്യൻ്റേത്. മനുഷ്യപരിണാമവുമായി ബന്ധപ്പെട്ടതാണെന്നതിനാലും ഇത് അവതരിപ്പിക്കപ്പെട്ടതിനുശേഷം തട്ടിപ്പാണെന്ന് കണ്ടെത്താൻ ഏറെക്കാലമെടുത്തു (40 വർഷത്തിലധികം) എന്നതുമാണ് ഇതിനു കാരണം.

മറ്റു പുരാതനമനുഷ്യഫോസിലുകളിൽ നിന്ന് വ്യത്യസ്തമായി പിൽറ്റ്ഡൗൺ മനുഷ്യൻ്റെ തലയോട്ടിക്ക് മനുഷ്യൻ്റേതിനോട് സാമ്യവും താടിയെല്ലിന് ആൾക്കുരങ്ങിൻ്റേതിനോടുമുള്ള സാമ്യവുമാണ് വിചിത്രമായിരുന്നത്. ജാവ മനുഷ്യൻ ആഫ്രിക്കയിൽ നിന്നുള്ള പുരാതനമനുഷ്യഫോസിലുകൾ തുടങ്ങിയവയിൽ താടിയെല്ല് ആധുനികമനുഷ്യനോടും തലയോട്ടി ആൾക്കുരങ്ങിനോടുമാണ് സാമ്യമുണ്ടായിരുന്നത്. ഇക്കാരണത്താൽ പരിണാമധാരയിൽ പിൽറ്റ്ഡൗൺ മനുഷ്യൻ്റെ സ്ഥാനം പ്രഹേളികയായി നിലനിന്നിരുന്നു.[1]

1950-കളുടെ തുടക്കത്തിൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ കെന്നത്ത് ഓക്ലി, ജോസഫ് വെയ്നർ, വിൽഫ്രഡ് ലെ ഗ്രോസ് ക്ലാർക്ക് എന്നിവരുടെ രാസ-അനാട്ടമിക്കൽ പരീക്ഷണങ്ങളിലൂടെയാണ് ഈ തട്ടിപ്പ് അസന്ദിഗ്ദ്ധമായി പൊളിച്ചത്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 F Clark Howel (1965), Early Man - Life Nature Library, p 24-25, http://www.amazon.com/Early-man-Life-nature-library/dp/B0006BZR56
"https://ml.wikipedia.org/w/index.php?title=പിൽറ്റ്ഡൗൺ_മനുഷ്യൻ&oldid=2284218" എന്ന താളിൽനിന്ന് ശേഖരിച്ചത്