പാഴ്‌സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parsi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു പാഴ്സി കുടുംബം - വിവാഹചിത്രം

ഇന്ത്യയിലെ വളരെക്കുറച്ചുമാത്രം അംഗസംഖ്യയുള്ള ഒരു മതമാണ്‌ പാഴ്‌സി. ലോകവ്യാപകമായിത്തന്നെ ഏതാണ്ട് ഒരുലക്ഷത്തോളം ജനസംഖ്യയുള്ള ഇവർ ഇന്ത്യയിൽ പ്രധാനമായും മുംബൈ നഗരത്തിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്. സൊറോസ്ട്രിയറുടെ ആശയങ്ങൾ പിന്തുടരുന്ന പാഴ്സികൾ, ഈ വിശ്വാസക്കാരായ ലോകത്തെ രണ്ടു വിഭാഗങ്ങളിൽ ഒന്നാണ്‌.

717-ആമാണ്ടിൽ പേർഷ്യയിലെ പാഴ്സ് നഗരത്തിൽ നിന്ന് മുസ്ലീങ്ങളുമായുള്ള മതസംഘട്ടനം ഭയന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ജനസമൂഹമാണ്‌ പാഴ്സികൾ. ഇന്ത്യയിലെത്തിയ ഇവർ പടിഞ്ഞാറൻ ഇന്ത്യയുടെ തീരദേശത്ത് താമസമാക്കി[1][2]‌. ഇന്ന് ഈ മതസ്ഥരായ ഏതാണ്ട് 70,000-ത്തോളം പേർ ഇന്ത്യയിലുണ്ട്. ഇതിൽ 55,000-ത്തോളം പേർ ബോംബെ നഗരത്തിൽ വസിക്കുന്നു[3].

സൊറോസ്റ്റർ സ്വർഗ്ഗത്തിൽ നിന്നും കൊണ്ടുവന്നതെന്നു വിശ്വസിക്കുന്ന അഗ്നി, ഇവരുടെ എല്ലാ ക്ഷേത്രങ്ങളിലും തെളിച്ചു വക്കുന്നതിനാൽ, ഇവർ അഗ്നിയെ ആരാധിക്കുന്നവരെന്ന് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്[1].

ജീവിതരീതി[തിരുത്തുക]

മുംബൈയിലെ ഒരു പാഴ്സി ക്ഷേത്രം

ഇന്ത്യയിലെത്തിയ പാഴ്സികൾ ബ്രിട്ടീഷുകാരിൽ നിന്ന് പാശ്ചാത്യജീവിതരീതികൾ സാമാന്യം സ്വായത്തമാക്കിയിട്ടുണ്ട്. ജൈനരെപ്പോലെത്തന്നെ ഇന്ത്യയിലെ സാമ്പത്തികമേഖലയിൽ കാര്യമായി സ്വാധീനിക്കാൻ സാധിച്ച ജനവിഭാഗമാണ്‌ പാഴ്സികൾ. പതിനെട്ടാം നൂറ്റാണ്ടിൽ ബോംബേയിൽ കപ്പൽ നിർമ്മാണവ്യവസായം ആരംഭിച്ചതിനു പിന്നിലെ സാമ്പത്തികസ്രോതസ്സ് പാഴ്സികളുടേതാണ്‌. ഇതിനു പുറമേ ഇന്ത്യയിലെ വൻ വ്യവസായികളായ ടാറ്റ കുടുംബം പാഴ്സി മതവിഭാഗക്കാരാണ്‌ എന്നത് ഇവരുടെ സാമ്പത്തികരംഗത്തെ പ്രാധാന്യം എടൂത്തുകാട്ടുന്നു. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിൽ പ്രമുഖനായിരുന്ന ദാദാഭായ് നവറോജിയും പാഴ്സി വിഭാഗത്തില്പ്പെട്ടയാളാണ്‌[1].

ശവസംസ്കാരം[തിരുത്തുക]

മറ്റു മതസ്ഥരെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ രീതിയിലാണ്‌ പാഴ്സികൾ മരണമടഞ്ഞവരുടെ ശവസംസ്കാരം നടത്തുന്നത്. ശവശരീരം കഴുകന്മാർക്ക് ഭക്ഷണമായി നൽകുകയാണ്‌ ഇവർ ചെയ്യുന്നത്. പാഴ്സികളുടെ മതവിശ്വാസത്തിന്റെ പ്രതിഫലനമാണ്‌ ഈ പ്രത്യേക രീതിയിലൂള്ള ശവസംസ്കാരത്തിലൂടെ പ്രകടമാകുന്നത്. ഭൂമിയും അഗ്നിയും വളരെ വിശുദ്ധമായ വസ്തുക്കളാണെന്നും, ശവശരീരം അവയെ ദുഷിപ്പിക്കും എന്ന വിശ്വാസം മൂലമാണ്‌ ഇവർ മറ്റു മതസ്ഥരെപ്പോലെ ശവശരീരം ദഹിപ്പിക്കുകയോ മണ്ണിൽ മറവു ചെയ്യുകയോ ചെയ്യാത്തത്.

ബോംബേയിലെ മലബാർ കുന്നിലെ തൂങ്ങുന്ന പൂന്തോട്ടം (hanging gardens)-ത്തിനടുത്താണ്‌ പാഴ്സികളുടെ ഒരു ശ്മശാനമായ നിശ്ശബ്ദഗോപുരങ്ങൾ (towers of silence) സ്ഥിതി ചെയ്യുന്നത്. ശവശരീരം, അലങ്കരിച്ച മഞ്ചലിൽ ഇവിടെ കൊണ്ടുവന്ന് പ്രത്യേക സ്ഥലത്ത് വക്കുകയും, ശവവാഹകർ കൈകൊട്ടുന്നതോടെ ഇവിടത്തെ വൻഗോപുരങ്ങൾക്കു മുകളിലെ കൂടുകളിൽ നിന്ന് കഴുകന്മാരെത്തി ഈ ശവശരീരം തിന്നുകയും ചെയ്യുന്നു. ഏതാണ്ട് അരമണിക്കൂറിനകം ഈ ശവശരീരം പൂർണമായും അവ തിന്നു തീർക്കുന്നു. ഇതിനു ശേഷം അവശേഷിക്കുന്ന എല്ലുകളെ ശവവാഹകർ ഒരു വലിയ കിണറിൽ നിക്ഷേപിച്ചു മടങ്ങുന്നു[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 117. 
  2. "CHAPTER 7 - NEW QUESTIONS AND IDEAS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 73. ഐ.എസ്.ബി.എൻ. 8174504931. 
  3. Hinnels, John R. The Zoroastrian Diaspora: Religion and Migration. Oxford University Press. 2005. p. 45
"https://ml.wikipedia.org/w/index.php?title=പാഴ്‌സി&oldid=2339023" എന്ന താളിൽനിന്നു ശേഖരിച്ചത്