എസ്പ്രസ്സോ ബുക്ക് മെഷീൻ
എ.ടി.എം. ൽ നിന്നും പണം, വെൻഡിംഗ് മെഷീനിൽ നിന്നും ചായ, കാപ്പി, ദിനപത്രങ്ങൾ, തുടങ്ങിയവ ലഭ്യമാവുന്നത് പോലെ ഉപഭോക്താവിന്റെ ആവശ്യാനുസരണം പുസ്തകം അച്ചടിച്ച് (print), ബൈൻഡ് ചെയ്ത് (bind), നിർദ്ദിഷ്ട വലിപ്പത്തിൽ മുറിച്ച് (trim) ലഭ്യമാക്കുന്ന യന്ത്രമാണ് എസ്പ്രസ്സോ ബുക്ക് മെഷീൻ. ഇ.ബി.എം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്നു. ലോകത്തെവിടെയും , ആർക്കും ,ഏത് ഭാഷയിലുമുള്ള ഏത് പുസ്തകവും ഞൊടിയിടയ്ക്കുള്ളിൽ ലഭ്യമാക്കുക എന്നതാണ് ഈ യന്ത്രത്തിന്റെ രൂപകല്പനയുടെ പിന്നിലുള്ള ലക്ഷ്യം.
ചരിത്രം
[തിരുത്തുക]ജേസൺ എപ്സ്റ്റീൻ, ഡേൻ നെല്ലർ, എന്നീ പ്രസാധനരംഗ വിദ്ഗ്ദ്ധരും, ജെഫ് മാർഷ് എന്ന ശാസ്ത്രജ്ഞനും ചേർന്നാണ് ഇ.ബി.എം വികസിപ്പിച്ചെടുത്തത്. 1999 ൽ പിറവിയെടുത്ത ആശയം 2007 ൽ ആദ്യമായി വിപണിയിലെത്തി.ആ വർഷത്തെ ഏറ്റവും നൂതനമായ കണ്ടുപിടിത്തത്തിനുള്ള പുരസ്ക്കാരം ഇ.ബി.എം.നായിരുന്നു.
യന്ത്ര സജ്ജീകരണം
[തിരുത്തുക]അര ടൺ ഭാരമുള്ള യന്ത്രമാണ് ഇ.ബി.എം. പ്രിന്ററുകളുടെ ഭാരവും കൂടിയാവുമ്പോൾ ഒരു ടണ്ണോളം വരുന്ന ഈ യന്ത്രഭീമനെ സജ്ജീകരിക്കാൻ ഒരു കൊച്ചു മുറി തന്നെ വേണം. ഒറ്റ പേജ് മുതൽ 830 പുറമുള്ള പുസ്തകങ്ങൾ വരെ അച്ചടിക്കുന്ന ഇ.ബി.എം വർണ്ണഛായ ചിത്രങ്ങളും ബഹുവർണ്ണ പുറം ചട്ടകളും തയ്യാറാക്കും. ഒരു സാധാരണ പുസ്തകം നാലു മിനിറ്റുകൾ കൊണ്ട് പുറത്തിറക്കുന്ന ഈ യന്ത്രം ദിവസം പന്ത്രണ്ട് മണിക്കുർ വീതം ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിച്ചാൽ ഒരു വർഷം അറുപതിനായിരം പുസ്തകങ്ങൾ പുറത്തിറക്കാൻ സാധിക്കുമെന്ന നിർമ്മാതാക്കൾ അവകാശപ്പെടുന്നു.[1] [2]
പ്രവർത്തനം
[തിരുത്തുക]പുസ്തകം അച്ചടിച്ചു കിട്ടാൻ താല്പര്യമുള്ള ഉപഭോക്താവ് ഈ യന്ത്രം സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിൽ പോകണമെന്നില്ല. ഓൺലൈൻ വഴി യന്ത്രവുമായി ബന്ധപ്പെടാവുന്നതാണ്.എണ്ണായിരത്തിൽ പരം പ്രസാധകരുടെ എട്ട് ലക്ഷത്തിൽ പരം പുസ്തകങ്ങളാണ് ഇപ്പോൾ യന്ത്രസംവിധാനത്തിൽ ലഭിക്കുന്നത്. സൗജന്യവും സ്വതന്ത്രവുമായ (free/open source archival ) കൃതികളും അച്ചടിച്ച് ലഭിക്കുന്നത് ഇതോടൊപ്പം ചേർത്താൽ , ഈ യന്ത്രം ലഭ്യമാക്കുന്ന കൃതികളുടെ എണ്ണം ദശലക്ഷം കവിയും. അച്ചടിയുടെ ഫോണ്ട്, കടലാസ്സിന്റെ തരം, പുറം ചട്ടയിലെ വർണ്ണങ്ങളും ചിത്രങ്ങളും ഇവയെല്ലാം തിരഞ്ഞെടുത്ത് ഓർഡർ കൊടുത്ത് പണം അടച്ചുകഴിഞ്ഞാൽ മിനിട്ടുകൾക്കുള്ളിൽ അച്ചടിച്ച് ബൈൻഡ് ചെയ്തു കിട്ടുന്നു.അതിനുശേഷം ആവശ്യമുള്ള വലിപ്പത്തിൽ ട്രിം ചെയ്യുന്നതോടുകൂടി നിർമ്മാണം പൂർത്തിയാവുന്നു. [3] ഉപഭോക്താവിനു പുസ്തകം ലഭിക്കാൻ കാലതാമസമില്ലാത്തതു പോലെ തന്നെ ഗ്രന്ഥകർത്താവിനും നിമിഷനേരത്തിനുള്ളിൽ വിറ്റ പുസ്തകത്തിന്റെ പണം ലഭിക്കുന്നു. അതിനാൽ ഉപഭോക്താവിനും പ്രസാധകനും, ഗ്രന്ഥകർത്താവിനും ഇ.ബി.എം ഗുണകരമായി വർത്തിക്കുന്നു.
ഇ.ബി.എം.ന്റെ പ്രസക്തി
[തിരുത്തുക]ഗുട്ടൻബർഗ് തന്റെ അച്ചടിയന്ത്രം കണ്ടുപിടിച്ചതിനുശേഷം പ്രസാധനരംഗത്തുണ്ടാകുന്ന ഏറ്റവും വലിയ വിപ്ലവം എന്നൊക്കെ ഇ.ബി.എം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതൊരു അതിശയോക്തി മാത്രമായി കരുതുന്നവരും ഏറെയുണ്ട്.അതെന്തുതന്നെയായാലും, പരമ്പരാഗത പ്രസാധനത്തെ ഇ.ബി.എം മാറ്റിമറിയ്ക്കുക തന്നെ ചെയ്തിരിക്കുന്നു. കോളേജ് ലൈബ്രറികൾ, സർവ്വകലാശാലകൾ, ടെക്സ്റ്റ് ബുക്ക് ആവശ്യക്കാർ, വലിയ ബാങ്കുകൾ, ലോകാരോഗ്യ സംഘടന, ലോകബാങ്ക്, തുടങ്ങിയ സർക്കാരേതര പ്രസ്ഥാനങ്ങൾ എന്നിവരാണ് ഇപ്പോൾ ഈ യന്ത്രം വാങ്ങിയിട്ടുള്ളത്. എന്നാൽ സമീപ ഭാവിയിൽ തന്നെ റീട്ടേൽ വിപണന രംഗത്ത് ഇ.ബി.എമ്മുകൾ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. മുൻകൂറായി പണമടച്ച് കെട്ടുകണക്കിനു പുസ്തകങ്ങൾ വാങ്ങിവച്ചിട്ട് അവ വിൽക്കപ്പെടാതെ കെട്ടിക്കിടക്കുന്ന അവസ്ഥ ഇല്ലാതാക്കാൻ ഇ.ബി.എമ്മുകൾക്കാവും എന്നു കരുതപ്പെടുന്നു.
സാമ്പത്തികം
[തിരുത്തുക]ഒന്നര ലക്ഷം ഡോളറാണ്( 75 ലക്ഷം രൂപ) ഇ.ബി.എമ്മിന്റെ വില. പ്രിന്ററുകൾ കൂടാതെയുള്ള വിലയാണിത്. അച്ചടിച്ചെലവുകൾ പേജിന് ഒരു സെന്റ് (50 പൈസ)എന്നാണ് നിർമ്മാതാക്കൾ നൽകുന്ന കണക്ക്. ഒരു ഇടത്തരം പുസ്തകവ്യാപാര ശാല തുടങ്ങാൻ വേണ്ടിവരുന്ന മൂലധനത്തെക്കാൾ ഏറെയൊന്നുമല്ല ഇതത്രെ.
പാരിസ്ഥിതികം
[തിരുത്തുക]വില്പ്പന നടന്നു എന്നുറപ്പായ ശേഷം മാത്രമാണ് പുസ്തകങ്ങൾ അച്ചടിക്കപ്പെടുന്നത് എന്നതിനാൽ അച്ചടിമഷി, കടലാസ്സ് , വൈദ്യുതി , എന്നിവയുടെ ഉപഭോഗവും കാര്യക്ഷമമാവുന്നു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങൾ ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളി ഇ.ബി.എം ഒരു വലിയ അളവുവരെ പരിഹരിക്കുന്നു.