ചെങ്ങല്ലൂരാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ എങ്ങും പ്രശസ്തനായിരുന്ന, പല വൈശിഷ്ട്യങ്ങളുമുണ്ടായിരുന്ന ഒരു നാട്ടാനയായിരുന്നു ചെങ്ങല്ലൂരാന എന്നറിയപ്പെട്ടിരുന്ന ചെങ്ങല്ലൂർ രംഗനാഥൻ. പതിനൊന്നടി രണ്ടിഞ്ച് എന്ന് ഇതിന്റെ പൊക്കം രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ ആനകളൂടെ ശരാശരി ഉയരം പത്തടിക്ക് തൊട്ടു മുകളിൽ മാത്രമാണ്. ഭീമാകാരനായിരുന്ന ഈ ആനയുടെ അസ്ഥിപഞ്ജരമാണ് തൃശ്ശൂർ മൃഗശാലയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീരംഗം ക്ഷേത്രത്തിലെ ആനക്കുട്ടിയായിരുന്നു രംഗനാഥൻ. കാവേരിനദിയിൽ നിന്ന് വലിയ അണ്ടാവുകളിൽ നിറച്ച വെള്ളം കോവിലിലെ ആവശ്യങ്ങൾക്കായി അകത്ത് എത്തിച്ചുകൊടുക്കലായിരുന്നു അവന്റെ അക്കാലത്തെ ജോലി. വളരെ വേഗത്തിൽ ഉയരം വെച്ചുകൊണ്ടായിരുന്നു അവൻ വളർന്നുവന്നത്. ഒടുവിൽ ക്ഷേത്രഗോപുരം കടന്ന് അകത്തുകയറാനാകാത്തവിധം അവൻ വളർന്നുകഴിഞ്ഞപ്പോൾ ക്ഷേത്രാധികാരികൾ അവനെ വിൽപ്പനക്കു വച്ചു. ഇതറിഞ്ഞ ആനക്കമ്പക്കാരനായ, തൃശ്ശൂർ അന്തിക്കാട്ടുള്ള ചെങ്ങല്ലൂർ നമ്പൂതിരി അവനെ വാങ്ങിക്കൊണ്ടുവന്നു. പൊതുവർഷം 1905 -ൽ നടന്ന ഈ കച്ചവടത്തിൽ ആനയുടെ വില 1500 രൂപയായിരുന്നു. പണിയാളായിരുന്നപ്പോൾ കിട്ടിയിരുന്നതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെത്തിയപ്പോൾ കിട്ടിയ പരിചരണങ്ങളുടെ ഫലമായി ആന പൂർണ്ണ ആരോഗ്യവാനും അതികായനുമായി മാറി. ഉയരക്കൂടുതലുണ്ടായിരുന്നതുകൊണ്ട് ഉത്സവങ്ങളിൽ ലക്ഷണമൊത്ത ആനകൾ വേറെയുണ്ടായിരുന്നാലും രംഗനാഥനായിരുന്നു തിടമ്പേറ്റിയിരുന്നത്. തൃശ്ശൂർ പൂരത്തിലെ പ്രസിദ്ധമായ മഠത്തിൽ വരവിന്ന് ഈ ആനയെക്കൊണ്ട് വെഞ്ചാമരം വീശിപ്പിക്കാറുണ്ടായിരുന്നു. 1914-ൽ ആറാട്ടുപുഴ പൂരത്തിന്ന് ശാസ്താവിന്റെ തിടമ്പേറ്റിനിന്നിരുന്ന രംഗനാഥനെ തൊട്ടരികിലുണ്ടായിരുന്ന അകവൂർ ഗോവിന്ദൻ എന്ന ആന കുത്തിവീഴ്ത്തി. അങ്ങനെ വയർ പിളർന്ന് കുടൽമാല പുറത്തുചാടിയായിരുന്നു ഈ ആനയുടെ അന്ത്യം. 'ചെങ്ങല്ലൂരാന' എന്നപേരിൽ ഈ ആനയുടെ കഥ വിസ്തരിക്കുന്ന ഒരു പുസ്തകം പ്രചാരത്തിലുണ്ടായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. ശക്തൻ തമ്പുരാൻ, ആർ.ടി. രവിവർമ്മ, മനോരമ ബുക്സ്
"https://ml.wikipedia.org/w/index.php?title=ചെങ്ങല്ലൂരാന&oldid=2282449" എന്ന താളിൽനിന്ന് ശേഖരിച്ചത്