തിരുമണിമംഗലം ശ്രീമഹാദേവർ ക്ഷേത്രം, കുടശ്ശനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവ്:കേശവ് സ്കന്ദ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുമണിമംഗലം ശ്രീമഹാദേവർ ക്ഷേത്രം (അണികുന്നത്ത് അമ്പലം), കുടശ്ശനാട് ആലപ്പുഴ ജില്ല

തിരുമണിമംഗലം ശ്രീമഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് 'കുടശ്ശനാട്' എന്ന ഗ്രാമത്തിൽ ആണ്. പഴയ കായംകുളം രാജ്യത്ത് ആയിരുന്നു ഈ ഗ്രാമം. കുടശ്ശനാട് എന്ന പേര് വരാൻ കാരണം കായംകുളം രാജാവ് ''കുട വെച്ച നാട്'' എന്ന അർത്ഥത്തിൽ ആണെന്ന് പറയപെടുന്നു. ''കുട വെച്ച ശിവനാട്'' ലോപിച്ച് 'കുടശിവനാട്' എന്നും പിന്നീട് അത് 'കുടശ്ശനാട്' എന്നും ആയത് ആകാം. 'ശിവനാട്' എന്ന് പറയാൻ കാരണം വളരെ പുരാതനകാലത്ത് തന്നെ ഈ പ്രദേശത്ത് ശ്രീപരമേശ്വരൻ 'സ്വയംഭൂലിംഗം' രൂപത്തിൽ സാന്നിധ്യം ചെയ്തിരുന്നതിനാലാണ്. 'കുട വെച്ചത്' എന്ന പദപ്രയോഗ കൊണ്ട് ഇവിടെ  അർത്ഥം ആക്കുന്നത് "യാത്ര അവസാനിപ്പിച്ചത്" എന്നാണ്. ആയതിന്റെ പൊരുൾ കായംകുളം രാജാവിന്റെ രാജ്യാതിർത്തി കുടശ്ശനാട് വരെ ആയിരുന്നുവെന്നാണ്. കായംകുളം രാജ്യത്തിൻറെ അതിർത്തിയിൽ ഉണ്ടായിരുന്ന 'ശിവനാട്' തന്നെ ആയിരുന്നു ഈ പ്രകൃതി മനോഹരമായ ഈ ഗ്രാമം. കുടശ്ശനാട് അതിർത്തി കഴിഞ്ഞു പന്തളം രാജ്യം. കുടശ്ശനാടിൻറെ വടക്കും, കിഴക്കും അതിർത്തിയിൽ ഉണ്ടായിരുന്നത് പഴയ പന്തളം രാജ്യത്തിൻറെ ഭാഗങ്ങൾ ആയിരുന്നു. രാജ്യത്തിൻറെ അതിർത്തി നിശ്ചയിക്കാനായി കായംകുളം രാജാവിൻറെ നിർദ്ദേശം അനുസരിച്ച് 'കണ്ടം തോണ്ടി' ഒരു ചാല് ഉണ്ടാക്കുകയും ചെയ്തു, അതാണ് 'തോണ്ടുകണ്ടം ചാൽ' എന്നറിയപെടുന്നത്. 'കുട' എന്ന വാക്കിന് 'പടിഞ്ഞാറ്' എന്ന് അർത്ഥം കൂടി എടുത്താൽ കിഴക്ക് ദേശത്ത് ഉള്ളവർ 'പടിഞ്ഞാറ് ഉള്ള ശിവനാട്' എന്ന അർത്ഥത്തിൽ 'കുടശിവനാട്' എന്ന് വിളിക്കുകയും പിന്നീട് അത് 'കുടശ്ശനാട്' എന്ന് ലോപിക്കുകയും ചെയ്തതായിരിക്കാം എന്നും കൂടി അനുമാനിക്കാം. തിരുവിതാംകൂറിലെ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ സൈന്യം പതിനെട്ടാം നൂറ്റാണ്ടിൽ കായംകുളം പിടിച്ചെടുത്തപ്പോൾ അതിർത്തി പ്രദേശമായ കുടശ്ശനാടും തിരുമണിമംഗലത്ത് മഹാദേവ ക്ഷേത്രവും തിരുവിതാംകൂറിന്റെ ഭരണത്തിന് കീഴിലാവുകയും ചെയ്തു എന്നതാണ് ചരിത്രം.

മധ്യ തിരുവിതാംകൂറിലെ ഓണാട്ടു കരയിൽ പെട്ട ഒരു പ്രധാന ക്ഷേത്രം ആണ് തിരുമണിമംഗലം ശ്രീമഹാദേവർ ക്ഷേത്രം. ഈ ക്ഷേത്രം 'അണികുന്നത്ത് അമ്പലം' എന്നും കൂടി  അറിയപെടുന്നു. മഹാദേവർ ക്ഷേത്രം എന്ന് പറയുന്നുണ്ടെങ്കിലും, ശ്രീമഹാദേവർക്കും , ശ്രീമഹാവിഷ്ണുവിനും തുല്യ പ്രാധാന്യം ആണ് ഇവിടെ . ആലപ്പുഴ ജില്ലയിൽ , മാവേലിക്കര താലൂക്കിൽ , പാലമേൽ വില്ലേജിൽ, കുടശ്ശനാട് എന്ന ഗ്രാമത്തിൽ അതിവിശാലമായ 'കരിങ്ങാലി പുഞ്ചയുടെ/ കരതലതീർത്ഥപൊയ്കയുടെ -  (കരിങ്ങാലി എന്ന നെല്ലിനം ധാരാളമായി ഇവിടെ കൃഷി ചെയ്തിരുന്നതിനാൽ കരിങ്ങാലി പുഞ്ച ആയതെന്നും, അതല്ല ഇവിടുത്തെ വെള്ളത്തിന് കരിങ്ങാലി കാതൽ ഇട്ട് തിളപ്പിച്ച വെള്ളത്തിൻറെ നിറം ആയതിനാൽ ഇങ്ങനെ പേരുണ്ടായി എന്നും പറയപെടുന്നു (ചില ആൽഗകളുടെ സാന്നിധ്യം ആകാം നിറം മാറ്റത്തിന് കാരണം). തമിഴിൽ കരിങ്ങാലിയെ 'കരിങ്കാളി' എന്നാണ് വിളിക്കുന്നത്. ഈ പുഞ്ചയുടെ കരയിൽ ധാരാളം കാളിക്ഷേത്രങ്ങൾ കാണുന്നതും  സംഘകാല തമിഴകത്തിൻറെ ചരിത്രം കേരളത്തിൻറെ ചരിത്രം കൂടി ആണെന്നുള്ളതും കൂടി ചേർത്ത് വായിക്കേണ്ടത് ആണ്. 'കരതലതീർത്ഥപൊയ്ക' എന്നത് സംസ്കൃതീകരിച്ച പദമാകാനേ തരമുള്ളൂ)  - കിഴക്കേ കരയിൽ ഈ  മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രധാന പ്രതിഷ്ഠകൾ ഒരേ നാലമ്പലത്തിൽ കിഴക്ക് ദർശനമായ രണ്ട് വ്യത്യസ്ത ശ്രീകോവിലുകളിലായി സ്വയംഭൂ ആയ ശ്രീമഹാദേവനും , ചതുർബാഹു ആയ ശ്രീമഹാവിഷ്ണുവും സാന്നിധ്യം ചെയ്യുന്നു.

ക്ഷേത്രോല്പത്തിയെ കുറിച്ചുള്ള ഐതീഹ്യം പഞ്ചപാണ്ഡവരിൽ മൂന്നാമനും വില്ലാളി വീരനും ആയ അർജ്ജുനനും ആയി ബന്ധപ്പെടുത്തി പറഞ്ഞു കേൾക്കുന്നു. പാശുപതാസ്ത്രം നേടുന്നതിനായി ഭഗവാൻ ശ്രീകൃഷ്ണൻറെ നിർദ്ദേശ പ്രകാരം അർജ്ജുനൻ പരമശിവനെ തപസ്സു ചെയ്യാൻ ആരംഭിച്ചു. കുറേകാലം കഴിഞ്ഞപ്പോൾ അർജ്ജുനനെ പരീക്ഷിക്കുന്നതിനായി ശ്രീപരമേശ്വരനും, ശ്രീപാർവ്വതി ദേവിയും ഒരു കാട്ടാളൻറെയും കാട്ടാളത്തിയുടെയും വേഷത്തിൽ അവിടെ എത്തി. അമ്പെയ്തു വീഴ്ത്തിയ ഒരു കാട്ടുപന്നിയുടെ പേരിൽ കാട്ടാള വേഷധാരിയായ ഭഗവാനും അർജ്ജുനനും തമ്മിൽ വാക്കേറ്റമായി, പിന്നീട് അത് യുദ്ധത്തിൽ കലാശിച്ചു. ഭഗവാന് നേരെ അർജ്ജുനൻ അയക്കുന്ന ബാണങ്ങൾ എല്ലാം ശ്രീപരമേശ്വരിയുടെ മായയാൽ പുഷ്പങ്ങളായി മഹാദേവൻറെ മേൽ വർഷിച്ചു. എന്നാൽ കാട്ടാളൻറെ അമ്പേറ്റ് അർജ്ജുനൻ ആകെ പരവശനായി തീരുകയും ചെയ്തു. മാത്രമല്ല കാട്ടാളൻ അർജ്ജുനനെ മല്ല യുദ്ധത്തിന് വിളിക്കുകയും അവസാനം  അദ്ദേഹത്തെ പൊക്കി എടുത്ത് ദൂരേക്ക് എറിയുകയും ചെയ്തു. ഇത്രയും ആയപ്പോഴേക്കും ദയ തോന്നിയ ഭഗവതി 'പരീക്ഷണം അവസാനിപ്പിച്ചാലും' എന്ന് ഭഗവാനോട് അപേക്ഷിക്കുകയും ചെയ്തു. ദൂരെ ചെന്ന് വീണ അർജ്ജുനൻ ആകെ വിഷണ്ണനായി കണ്ണുനീരോടെ കുറച്ച് മണ്ണ് എടുത്ത് കുഴച്ച് ശിവലിംഗം ഉണ്ടാക്കി ഭഗവാനെ പ്രാർത്ഥിച്ചു പൂജിക്കുവാൻ തുടങ്ങി. പാണ്ഡവരുടെ ഏത് വിഷമാവസ്ഥയിലും ഓടി എത്തുന്ന ഭഗവാൻ ശ്രീകൃഷ്ണസ്വാമി അർജ്ജുനൻറെ ചിത്തത്തിൽ പ്രത്യക്ഷനായി, 'അഹന്ത വെടിഞ്ഞ് ഭക്തിയോടു കൂടി കണ്ണ് തുറന്ന് നിൻറെ മുന്നിൽ നിൽക്കുന്ന പരമാത്മാവിനെ അറിയൂ' എന്ന് അരുളി ചെയ്തു. അതോടൊപ്പം 'മായ നീക്കി അർജ്ജുനനെ അനുഗ്രഹിച്ചാലും' എന്ന് കാട്ടാളത്തിയുടെ രൂപത്തിൽ നിൽക്കുന്ന  ശ്രീപാർവ്വതി ദേവിയോട് അപേക്ഷിക്കുകയും ചെയ്തു. പരാശക്തിയുടെ അനുഗ്രഹത്താൽ മായ നീങ്ങി ഭക്തിയോടെ കണ്ണ് തുറന്ന അർജ്ജുനൻ കാട്ടാള ദമ്പതികളുടെ സ്ഥാനത്ത് അത്യന്തം തേജസ്സോടെ വിളങ്ങി നിൽക്കുന്ന ശ്രീപാർവ്വതിപരമേശ്വരന്മാരെ കണ്ട് ഓടിച്ചെന്ന് കാൽക്കൽ വീണ് മാപ്പപേക്ഷിക്കുകയും ചെയ്തു. അർജ്ജുനിൽ സംപ്രീതരായ ഭഗവാനും, ഭഗവതിയും അനുഗ്രഹ വർഷം ചൊരിഞ്ഞ് പാശുപതാസ്ത്രം ഉൾപ്പെടെയുള്ള വരങ്ങളും നൽകി മറഞ്ഞു. അർജ്ജുനൻ ഏറെ ആനന്ദചിത്തനായി ഭഗവാനെ സ്തുതിച്ചു. ശ്രീപരമേശ്വരൻ സദാശിവ ഭാവത്തിൽ 'സ്വയംഭൂലിംഗം' ആയി ഈ പ്രദേശത്ത് സാന്നിധ്യം ചെയ്യുകയും ചെയ്തു. (പാണ്ഡവരുടെ കഥയുമായി ബന്ധപെടുത്തി പല പ്രദേശങ്ങളും, ക്ഷേത്രങ്ങളും മധ്യതിരുവിതാംകൂറിൽ കാണാം. ചില ഉദാഹരണങ്ങൾ പറഞ്ഞാൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, തൃപ്പുലിയൂർ ക്ഷേത്രം, തിരുവൻവണ്ടൂർ ക്ഷേത്രം, തൃക്കൊടിത്താനം ക്ഷേത്രം, തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, പാണ്ഡവർകാവ് ഭഗവതി ക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ പാണ്ഡവരുമായി ബന്ധപ്പെട്ടുകിടക്കുന്നു. കൂടാതെ അർജ്ജുനൻറെ ഖാണ്ഡവദഹനവുമായി ബന്ധപ്പട്ട കഥകളും മധ്യ തിരുവിതാംകൂറിൽ പ്രചാരത്തിൽ ഉണ്ട്.)

ശ്രീപരമേശ്വരനും, ഗൗരിഭഗവതിയും സാന്നിധ്യം ചെയ്ത ഈ തപോഭൂമി പിന്നീട് ഏറെ നാള് ഒരു പ്രധാന ആരാധനാ കേന്ദ്രമായി നിലനിന്നു. കാലാന്തരത്തിൽ ആരാധന അന്യം നിന്നു പോവുകയും പ്രദേശം കാടുമൂടി പോവുകയും ചെയ്തു. അതിനുശേഷം ഈ പ്രദേശത്ത് നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു സ്ത്രീ ചവറ് അറക്കാൻ വന്നപ്പോൾ  മൂർച്ച കൂട്ടുന്നതിനായി അരിവാള് ഒരു ശിലയിൽ ഉരച്ചു. രക്ത പ്രവാഹം കണ്ടതിനെ തുടർന്ന് ഭയന്ന് പോയ അവർ തൻറെ കൂട്ടാളികളെ വിളിച്ച് കൂട്ടുകയും അവർ അന്നത്തെ നാടുവാഴിയെ വിവരം അറിയിക്കുകയും ചെയ്തു. അദ്ദേഹം സ്ഥലത്ത് എത്തുകയും 'ദേവചൈതന്യം' മനസ്സിലാക്കുകയും ചെയ്തു. നാടുവാഴി തന്ത്രി പ്രമുഖരെ വരുത്തുകയും,  സ്വയംഭൂ ആയ ശിവലിംഗം ആണെന്ന് സ്ഥിരീകരിക്കുകയും, ക്ഷേത്രം പണിത്‌ വേണ്ടുന്ന പൂജാദികാര്യങ്ങള് നിശ്ചയിക്കുകയും ചെയ്തു. പിന്നീട് കാലാന്തരത്തിൽ ഈ ക്ഷേത്രഭൂമിയിൽ ശ്രീപരമേശ്വരനോട് ഒപ്പം  അഭൂതപൂർവ്വമായ രീതിയിൽ മഹാവിഷ്ണു ചൈതന്യം കൂടി ഉണ്ട് എന്ന് തെളിയുകയും,  ശിവന്റെ ശ്രീകോവിലിന് വടക്ക് വശത്തായി മറ്റൊരു ശ്രീകോവില് പണിത് ചതുർബാഹുവായ വിഷ്ണു വിഗ്രഹം തുല്യപ്രാധാന്യത്തോട് കൂടി പ്രതിഷ്ഠിക്കുകയും ചെയ്തു . മഹാദേവരോടോപ്പം ശ്രീമന് നാരായണനും പൂജാദികാര്യങ്ങൾ ചിട്ടപ്പെടുത്തി. അങ്ങനെ ശ്രീമഹാദേവനും, ശ്രീമഹാവിഷ്ണുവും തുല്യ പ്രാധാന്യത്തോടെ ഒരേ നാലമ്പലത്തിൽ വാണരുളുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നായി തിരുമണിമംഗലം ക്ഷേത്രം. ഈ ക്ഷേത്രം കുറച്ച് താഴ്ന്ന് ആണ് സ്ഥിതിചെയ്യുന്നത്. കിഴക്ക് ഭാഗത്ത് കൂടി വരുമ്പോൾ പടികൾ ഇറങ്ങി ചെന്ന് വേണം തിരുമുറ്റത്ത് എത്താൻ. അത് ഒരു പക്ഷെ ദേവതയുടെ ഉഗ്രഭാവം കൊണ്ട് ആകാം. ക്ഷേത്രത്തിൻറെ തന്നെ ഭാഗമായുള്ള 'പളളിവേട്ട ആൽത്തറ' കിഴക്ക് ഭാഗത്തായി ഉയർന്ന സ്ഥലത്ത് ആണ് ഉള്ളത്. വയലുകളാൽ ചുറ്റപെട്ട ചെറിയ ഉയർന്ന ഭൂവിഭാഗം പോലെ ആണ് ക്ഷേത്രത്തിൻറെ പരിസരത്തുള്ള പ്രദേശം കാണുന്നത്. 'അണികുന്നത്ത്' എന്നൊരു പേര് കൂടി ഉണ്ട് ഈ ക്ഷേത്രത്തിന്. 'കുന്ന്' എന്ന് വരണം എങ്കിൽ കുറച്ച് ഉയർന്ന ഭാഗം ആകണമല്ലോ.  ഭക്തജന സംരക്ഷണാർത്ഥം ശ്രീപരമേശ്വരനും, ശ്രീമഹാവിഷ്ണുവും 'അണി ചേർന്ന സ്ഥലം' - ഒന്ന് ചേർന്ന സ്ഥലം - 'അണികുന്നത്ത്' ആയി എന്ന് പറയപ്പെടുന്നു. കൂടാതെ, കിരാതരൂപിയായ ഭഗവാൻ അർജ്ജുനനെ പൊക്കി എടുത്ത് ദൂരേക്ക് എറിഞ്ഞപ്പോൾ അർജ്ജുനൻ  'അണിവിരൽ കുത്തി' നിലത്ത് വീണതിനാൽ 'അണികുന്നത്ത്' ആയി എന്നും പറയപ്പെടുന്നു. അതും കൂടാതെ, കായംകുളം രാജാവിൻറെ നേതൃത്വത്തിൽ വൻപടയെ ചെറുക്കാൻ യോദ്ധാക്കൾ അണിചേർന്ന സ്ഥലം 'അണികുന്നത്ത്' ആയി എന്നും പറയപെടുന്നു.

ഒരു കാലത്ത് ധാരാളം സമ്പത്ത് ഉണ്ടായിരുന്ന മഹാക്ഷേത്രം ആയിരുന്നു തിരുമണിമംഗലം ക്ഷേത്രം. എന്നാൽ ഇന്ന് എല്ലാം അന്യാധീനപെട്ടിട്ടുണ്ട്. പണ്ട് 1000 പറ നെല്ലിനുള്ള വയലും , അതിനു തക്ക കരപുരയിടങ്ങളും ഉണ്ടായിരുന്നു ഈ ക്ഷേത്രത്തിന്. തിരുമണിമംഗലം ശരിക്കും ''മണി ( രത്നം ) മംഗലം" ആയിരുന്നു. അതിൽ നിന്നും ക്ഷേത്രത്തിൽ പണ്ട് ധാരാളം വിലപിടിപ്പുള്ള സമ്പത്ത് ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം. 'തിരു' എന്ന് ബഹുമാനപുരസ്സരം ചേർക്കുന്ന വാക്കാണ്. ഈ ക്ഷേത്രം പലപ്പോഴായി പുനർ നിർമ്മിക്കപെട്ടിട്ട് ഉണ്ടെന്ന്  പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള് ഉള്ള ശ്രീകോവിലുകളും നമസ്കാര മണ്ഡപങ്ങളും നാടുവാഴി ആയിരുന്ന കായംകുളം രാജാവ് നിർമ്മിച്ചതാണ്. അതിർത്തി പ്രദേശം ആയിരുന്നത് കൊണ്ട് കായംകുളം രാജാവ് പലപ്പോഴായി ഇവിടേക്ക് എഴുന്നള്ളി വന്നിട്ടുണ്ട്.  തിരുവിതാംകൂറിലെ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭീഷണി നിലനിന്നിരുന്ന സമയത്ത് കായംകുളം രാജാവ് പലപ്പോഴായി കുടശ്ശനാട് എഴുന്നള്ളി പാർത്തിട്ടുണ്ട്.  ക്ഷേത്രത്തിനോട് ചേർന്ന് കൊട്ടാരവും ഉണ്ടായിരുന്നു . പന്തളം രാജ്യം തിരുവിതാംകൂറിനോട് കൂറ് പുലർത്തുന്ന സമയം ആയിരുന്നു അത്. അതിനാൽ പന്തളം വഴി കുടശ്ശനാട് അതിർത്തി കടന്ന് തിരുവിതാംകൂർ സൈന്യം എത്താൻ സാധ്യത കൂടുതലായിരുന്നു.  മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചെടുത്തപ്പോൾ കുടശ്ശനാടും, ക്ഷേത്രവും എല്ലാം  തിരുവിതാംകൂറിൻറെ ഭരണത്തിൻ കീഴിൽ  ആയി . ടിപ്പുവിന്റെ പടയോട്ട കാലത്ത് ഒരു മുൻകരുതൽ എന്ന നിലയിൽ കരിങ്ങാലി ചാലിൽ ഒളിപ്പിച്ച സ്വർണ്ണകൊടിമരങ്ങളെ പറ്റിയും, വിലപിടിപ്പുള്ള ക്ഷേത്ര സമ്പത്തുക്കളെപ്പറ്റിയും അതിനു ഇപ്പോഴും കാവൽ നില്ക്കുന്ന ഉഗ്രമൂർത്തികളായ ഭൂതത്താന്മാരെ പറ്റിയും വാമൊഴി കേട്ടിട്ടുണ്ട്. (ടിപ്പുവിന് ആലുവ പുഴ കടന്ന് തെക്കോട്ട് പ്രവേശിക്കാൻ കഴിഞ്ഞില്ല,  അതിനാൽ തിരുവിതാംകൂറിലെ പുരാതന ക്ഷേത്രങ്ങൾ തകർക്ക പെടാതെ നിലനിന്നു എന്നത് ചരിത്രം)

തിരുമണിമംഗലം ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സംരക്ഷണയിലാണ്. നാട്ടുകാരായ ക്ഷേത്രവിശ്വാസികൾ തിരഞ്ഞെടുക്കുന്ന ഉപദേശകസമിതിയും ക്ഷേത്രകാര്യങ്ങളിൽ സ്തുത്യർഹമായ സേവനം നടത്തുന്നു. ശ്രീകോവിലുകളും നമസ്കാരമണ്ഡപങ്ങളും ഒഴിച്ച് നാലമ്പലവും , കൊടിമരങ്ങളും , നടപ്പന്തലും വിശ്വാസികളുടെ സഹകരണത്തോടെ ബോർഡ് പുതുക്കി പണിഞ്ഞിട്ടുണ്ട് . പ്രധാന പ്രതിഷ്ഠകളായ ശ്രീമഹാദേവനും , ശ്രീമഹാവിഷ്ണുവും കൂടാതെ മഹാദേവന്റെ ശ്രീകോവിലിനോട് ചേർന്ന് ഭഗവാൻറെ വലതു വശത്തായി  ഗണപതി പ്രതിഷ്ഠയും , മഹാദേവൻറെ അതേ ശ്രീകോവിലില് പുറകിലായി  ചെങ്ങന്നൂർ അമ്പലത്തിലെ പോലെ ഭഗവാന് അനഭിമുഖമായി പടിഞ്ഞാറോട്ട് ദർശനമായി അഭയവരദ മുദ്രകളോട് കൂടി ത്രൈലോക്യ സുന്ദരിയായ ശ്രീപാർവ്വതി ദേവിയുടെ പ്രതിഷ്ഠയും ഉണ്ട്. വലതുകൈയ്യിൽ വരദമുദ്രയും, ഇടതുകയ്യിൽ അഭയമുദ്രയും ആയി നിൽക്കുന്ന ഭാവത്തിലുള്ളതാണ് ഇവിടുത്തെ ദേവിവിഗ്രഹം. മഹാവിഷ്ണുവിന്റെ ശ്രീകോവിലില് ഭഗവാൻറെ ഇടവും വലവും ശ്രീദേവിയെയും ഭൂദേവിയെയും സങ്കല്പിച്ചിരിക്കുന്നു. ശ്രീപരമേശ്വരൻറെ ശ്രീകോവിലിന് തെക്കുപടിഞ്ഞാറേ മൂലയിൽ  ശ്രീധർമ്മശാസ്താവിനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. നാലമ്പലത്തിന് പുറത്ത്‌ രക്ഷസ്സ് , യക്ഷിയമ്മ , മാടസ്വാമി , ശ്രീനാഗരാജാവ് , ശ്രീനാഗയക്ഷിയമ്മ എന്നീ പ്രതിഷ്ഠകളും ഉണ്ട് . ഹരിപ്പാട് പടിഞ്ഞാറെ പുല്ലാംവഴി ഇല്ലത്തിനാണ് ഈ ക്ഷേത്രത്തിലെ തന്ത്രം .

തിരുമണിമംഗലം ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷം കുംഭത്തിലെ ഉത്രം ആണ്.  താന്ത്രികമായ ചടങ്ങുകൾക്ക് പ്രാധാന്യം ഉള്ള ഉത്സവം ആണ് ഇവിടുത്തേത്.  കുംഭത്തിലെ ഉത്രം ആറാട്ട് വരത്തക്ക വിധത്തില് കൊടിയേറി എട്ട് ദിവസത്തെ ഉത്സവം ആണ് ഇവിടെ . ഒരുപോലെ രണ്ട് കൊടിയേറ്റം , ഒരേ സമയം നടക്കുന്ന രണ്ട് ഉത്സവബലി , രണ്ട് ആറാട്ട് എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ് . ഇവിടെ എന്ത് ചെയ്താലും രണ്ടായി ചെയ്യണം എന്നാണ് പറയുന്നത് . അതിപ്പോ അർച്ചനയോ , നിവേദ്യ വഴിപാടുകളോ, നടയ്ക്ക് വെക്കുന്നതോ , ഉത്സവകാലത്തെ പ്രധാന വഴിപാട് ആയ നിറപറ സമർപ്പണമോ അങ്ങനെ എന്ത് ആയാലും രണ്ടായി ചെയ്യണം എന്നാണ് . ഉത്സവകാലത്ത് ആയില്യം നാളില് നാഗരാജാവിനും , നാഗയക്ഷിക്കും വിശേഷാൽ നൂറും പാലും നടത്തുന്നു . ആറാട്ടിന് മഹാദേവരും വിഷ്ണുദേവനും രണ്ട് ആനപ്പുറത്തായി എഴുന്നള്ളി ക്ഷേത്രം വലം വച്ച് പടിഞ്ഞാറെ നടയില് എത്തുമ്പോള് മറ്റൊരു ആനപ്പുറത്ത് ശ്രീപാർവ്വതിദേവിയെ കൂടീ എഴുന്നള്ളിക്കുന്നു. മറ്റ് രണ്ട് അകമ്പടി ആനകളെകൂട്ടീ ദേവീദേവന്മാര് ആറാട്ടിന് പുറപ്പെടുന്നു . ശൈവ - വൈഷ്ണവ - ശാക്തേയ മൂർത്തികളുടെ ഈ കൂടീ എഴുന്നള്ളത്ത് അത്യപൂർവ്വവും ഏറ്റവും ശ്രേഷ്ഠവും ദർശനപ്രധാനവും ആണ്. ആറാട്ട് എഴുന്നള്ളത്ത് കുടശ്ശനാട് തന്നെയുള്ള കടയ്ക്കമൂത്തേടത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ആണ് എത്തുന്നത്. മഹാദേവരും വിഷ്ണുദേവനും കടയ്ക്കമൂത്തേടത്ത് മകന്റെ ക്ഷേത്രകുളത്തിൽ ആറാടീ നൈവേദ്യ പൂജയും ദീപാരാധനയും ഒക്കെ കഴിഞ്ഞ് തിരുമണിമംഗലത്തേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നു . അടുത്തവർഷം വീണ്ടും വരാം എന്ന് പറഞ്ഞ് ശ്രീപരമേശ്വരനും , ശ്രീപരമേശ്വരിയും , ശ്രീമൻ നാരായണനും മകനായ ശ്രീധർമ്മശാസ്താവിനോട് യാത്ര പറഞ്ഞ് ഇറങ്ങുന്നു. മധ്യതിരുവിതാംകൂറിലെ മറ്റ് എല്ലാ ക്ഷേത്രങ്ങളിലെയും പോലെ ഇവിടുത്തെ ആറാട്ട് ഘോഷയാത്രയും കേമമാണ് . എല്ലാവിധ വാദ്യ മേളങ്ങളോടും , തീവട്ടികളും , ധാരാളം താലപ്പൊലികളോടും , വായ്കുരവകളുടെയും , ആർപ്പ് വിളികളുടെയും, ഗജവീരന്മാരുടെയും അകമ്പടിയോടു കൂടി ക്ഷേത്രത്തിൽ തിരികെ എത്തി കൊടി ഇറങ്ങുന്നു . കുംഭത്തിലെ ഉത്രമാണ് പ്രധാനം എങ്കിലും ശിവരാത്രിയും , അഷ്ടമിരോഹിണിയും , മണ്ഡലചിറപ്പും എല്ലാം ഇവിടെ വിശേഷാൽ കൊണ്ടാടുന്നു . നവരാത്രികാലത്ത് പടിഞ്ഞാറെ നടയിൽ പുസ്തകം പൂജവെക്കുകയും , വിജയദശമി ദിവസം ഭഗവതിയുടെ സന്നിധിയിൽ കുട്ടികളെ എഴുത്തിനിരുത്തുകയും ചെയ്യുന്നു. വൃശ്ചികത്തിലെ കാർത്തിക നാളിൽ പടിഞ്ഞാറേ നടയിൽ ശ്രീപാർവ്വതി ദേവിയുടെ  തിരുമുമ്പിൽ പൊങ്കാല സമർപ്പണം അത്യധികം ഭംഗിയായി കൊണ്ടാടുന്നു. പുണ്യമായ പതിനെട്ട് കൈവഴികള് ഉള്ള കരിങ്ങാലി പുഞ്ചയുടെ കരയില് ആയതു കൊണ്ടും മഹാദേവരുടെയും, മഹാവിഷ്ണുദേവൻറയും ചൈതന്യം ഉള്ളതു കൊണ്ടും കർക്കിടക വാവുബലിക്ക് ഇവിടെ ധാരാളം ആളുകള് എത്താറുണ്ട്. ശൈവവും , വൈഷ്ണവും ആയ ആരാധനയ്ക്ക് ഒരുപോലെ ഉത്തമമാണ് ഈ മഹാക്ഷേത്രം . ഇവിടുത്തെ ദേവന്മാര് ആശ്രിതവത്സരും വിളിച്ചാല് വിളിപ്പുറത്ത് എത്തുന്നവരും ആണ്. ശിവന് പൊതുവേ ഉഗ്രഭാവം പറയാറുണ്ടെങ്കിലും വിളങ്ങിനില്ക്കുന്ന വൈഷ്ണവകലയുടെയും ( മഹാവിഷ്ണു), ത്രൈലോക്യസുന്ദരിയും ശൃംഗാരരൂപിണിയുമായ ശ്രീപാർവ്വതി ദേവിയുടെയും സാന്നിധ്യം കൊണ്ടും " അണികുന്നത്ത് മഹാദേവർ " സൗമ്യനും , ക്ഷമയുള്ളവനും , അതീവ ശക്തിചൈതന്യമായും വാണരുളുന്നു.

|| ഓം നമഃശിവായ ||

|| ഓം നമോ നാരായണായഃ ||

|| ഓം മഹാദേവ്യൈ നമഃ ||