സ്വാന്തെ അറീനിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിയിൽ ജീവന്റെ ഉദ്ഭവത്തെ സംബന്ധിക്കുന്ന പാൻസ്പെർമിയ സിദ്ധാന്തമാവിഷ്കരിച്ച സ്വീഡിഷ് പ്രപഞ്ചശാസ്ത്രജ്ഞനാണ് സ്വാന്തെ അറീനിയസ്. 1859 ഫെബ്രുവരി 19-ന് സ്വീഡനിലെ ഉപ്സലയിൽ ജനിച്ചു. ഉപ്സല സർവകലാശാലയിലും സ്റ്റോക്ക്ഹോം സർവകലാശാലയിലുമായി പഠനം പൂർത്തിയാക്കിയ അറീനിയസ് രസതന്ത്രത്തിലാണ് തന്റെ ഗവേഷണം പ്രധാനമായും കേന്ദ്രീകരിച്ചത്. 1905-ൽ ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.

1908-ലാണ് അറീനിയസ് പാൻസ്പെർമിയ സിദ്ധാന്തം അവതരിപ്പിക്കുന്നത്. ജീവനുദ്ഭവിച്ചത് ഭൂമിയിലല്ലെന്നു നിഷ്കർഷിച്ച ഇദ്ദേഹം പ്രപഞ്ചത്തിൽ മറ്റെവിടെയോ ആയിരിക്കും അതുസംഭവിച്ചതെന്നു പരികല്പന ചെയ്തു. അവിടെ നിന്നും ഏതോ മാധ്യമങ്ങൾ വഴി അത് ഭൂമിയിലെത്തി. നക്ഷത്രങ്ങളിൽ നിന്നുളള പ്രകാശകിരണം മുഖേനയോ അല്ലെങ്കിൽ ധൂമകേതുക്കൾ മുഖേനയോ ഒരു നക്ഷത്രയൂഥത്തിലെ ഗ്രഹങ്ങളിൽ നിന്നോ മറ്റോ മറ്റൊരു നക്ഷത്രയൂഥത്തിലെ ഗ്രഹങ്ങളിലേക്ക് സൂക്ഷ്മ ജീവജാലങ്ങളെ എത്തിക്കാനാവുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

പാൻസ്പെർമിയ സിദ്ധാന്തത്തിന് ശാസ്ത്രലോകത്ത് ആദ്യമൊന്നും കാര്യമായ സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാൽ 1996-ൽ ഈ സിദ്ധാന്തത്തിന്റെ ആധികാരികതയിലേക്കു വെളിച്ചം വീശുന്ന ചില തെളിവുകൾ നാസയിലെ ശാസ്ത്രജ്ഞർക്ക് ലഭിക്കുകയുണ്ടായി. 1984-ൽ അന്റാർട്ടിക്കയിൽ നിന്ന് ലഭിച്ചതും ചൊവ്വയിൽ നിന്ന് ഭൂമിയിൽ പതിച്ചത് എന്നു കരുതപ്പെടുന്നതുമായ ഒരു ഉൽക്കയിൽ സൂക്ഷ്മ ജീവാശ്മ സാന്നിധ്യമുണ്ടെന്ന് സംശയമുദിച്ചു. നക്ഷത്രാന്തര ധൂളീമേഘങ്ങളിൽ ചില ഓർഗാനിക് തന്മാത്രകൾ കണ്ടെത്തിയതും പാൻസ് പെർമിയയ്ക്ക് പിന്തുണയായി. ഇതോടെ പാൻസ്പെർമിയ സിദ്ധാന്തം പുനർപഠനത്തിന് വിധേയമായി. ശ്രീലങ്കൻ ജീവശാസ്ത്രജ്ഞനായ ചന്ദ്രവിക്രമസിംഗെ, ഇന്ത്യൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ജെ.വി. നാർലിക്കർ തുടങ്ങിയവർ ജീവൻ ഭൂമിയിൽ ഉണ്ടായതല്ല, വന്നുചേർന്നതാണ് എന്നു വിശ്വസിക്കുന്നവരാണ്. ധൂമകേതുക്കളും ഉൽക്കകളും ഭൗമേതരജീവന്റെ വാഹകരാകാം എന്നവർ കരുതുന്നു.

1927 ഒക്ടോബർ 7-ന് അറീനിയസ് സ്റ്റോക്ക്ഹോമിൽ അന്തരിച്ചു.

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അറീനിയസ്_ഔഗുസ്തസ്_സ്വാന്തെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=സ്വാന്തെ_അറീനിയസ്&oldid=1950244" എന്ന താളിൽനിന്നു ശേഖരിച്ചത്