സംവാദം:ഏലംകുളം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഏലംകുളം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഇതിൽ നിന്നു പറ്റുന്നതൊക്കെ ലേഖനത്തിൽ ചേർക്കാം[തിരുത്തുക]

എന്നാൽ ഈ സൗഹാർദ്ദം തകർക്കാൻ സർക്കാരിന്റെയും റവന്യൂ മേലധികാരികളുടെയും ഭാഗത്തുനിന്ന്‌ ബോധപൂർവ്വമായ ശ്രമമുണ്ടായി. പട്ടുകുത്ത്‌ മൊയ്തീൻ കുരുക്കൾ എന്നാ ആളെ ലഹളത്തലവനെന്ന്‌ മുദ്രകുത്തി വീട്ടുമുറ്റത്ത്‌ വെച്ച്‌ പട്ടാളം വെടിവെച്ചു കൊല്ലുകയുണ്ടായി. പട്ടുകുത്ത്‌ മൊയ്തീൻ കുരുക്കൾ യഥാർഥത്തിൽ ഏലംകുളം മനക്കിലേക്ക്‌ അന്യദേശത്തുനിന്ന്‌ ലഹളക്കാർ വന്നപ്പോൾ (ഇപ്പോളത്തെ ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന്‌) തടഞ്ഞുനിർത്തിയ ആളായിരുന്നു. ഏലംകുളം മനയ്ക്കലെ വൈദ്യന്മാർ കൂടിയായിരുന്നു പട്ടുകുത്ത്‌ കുരുക്കന്മാർ. (അറിയപ്പെടാത്തെ ഇ.എം.എസ്‌ എന്ന ഗ്രന്ഥത്തിൽ പട്ടുകുത്ത്‌ കുരുക്കൾ ഇ.എം.എസ്സിനെ ചികിത്സിച്ചിരുന്നതിന്റെ വിവരമുണ്ട്‌.) എലംകുളത്തെവിടേയും ലഹളക്കാലത്ത്‌ ഒരനിഷ്ട സംഭവവും ഉണ്ടായില്ല. കള്ളുഷാപ്പുകളും സർക്കാർസ്ഥപനമെന്ന നിലയിൽ ഒരു സ്കൂളും ചിലർ ചേർന്ന്‌ കത്തിക്കുകയുണ്ടായി. എന്നാൽ ആ പ്രതിഷേധം തുടരുകയുണ്ടായില്ലത്രെ. (മനഴി ഗോവിന്ദൻ നായർ മാസ്റ്റർട്‌ ഇടപെട്ടതിനാൽ) എല്ലാ ലഹളയും ഒതുങ്ങിക്കഴിഞ്ഞപ്പോൾ പട്ടാളം വന്ന്‌ അകാരണമായി കുരുക്കളെ വെടിവെച്ചുകൊല്ലുകയായിരുന്നു. ഒരർഥത്തിൽ മോഴിക്കുന്നത്ത്‌ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ അനുഭവമായിരുന്നു പട്ടുകുത്ത്‌ കുരുക്കൾക്ക്‌. ലഹളക്കാലത്ത്‌ സമാധാനത്തിന്‌ ശ്രമിച്ചതിനാണല്ലോ അദ്ദേഹം ശിക്ഷിക്കപ്പെട്ടത്‌. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്‌ പക്ഷെ ജീവൻ നഷ്ടപ്പെട്ടില്ല.

പട്ടുകുത്ത്‌ കുരുക്കളെ വെടിവെച്ചുകൊന്നസംഭവത്തിനുശേഷം പുതുതായി ലഹള ഉണ്ടാകുമോ എന്ന ഒരു ഭീതി പരിസരങ്ങളിലുള്ള ഹിന്ദുകുടുംബങ്ങളിൽ പരന്നതായി പഴമക്കാർ പറയുന്നു. കുരുക്കളുടെ സുഹൃത്തുകൂടിയായിരുന്ന അംശം അധികാരി രാമൻ നായർ അന്നുതന്നെ സ്ഥാനം ഒഴിഞ്ഞത്രെ. താൻ സ്ഥനം ഒഴിഞ്ഞ കത്തും അംശത്തിലെ ലഹളക്കാരുടെ ലിസ്റ്റും മനഴിമാസ്റ്റർ എന്ന പേരിലറിയപ്പെട്ടിരുന്ന മനഴി ഗോവിന്ദൻ നായരുടെ പക്കൽ കൊടുത്തയക്കുകയാണത്രെ ഉണ്ടായത്‌. മനഴി മാസ്റ്റർ ലഹളക്കാരുടെ ലിസ്റ്റ്‌ അധികൃതർക്ക്‌ നൽകിയില്ല. ലഹളക്കാരുടെ ലിസ്റ്റ്‌ യഥാർത്ഥത്തിൽ ഗ്രാമത്തിലെ മുസ്ലീങ്ങളുടെ ലിസ്റ്റായിരുന്നു. അങ്ങനെ നൽകണമെന്നായിരുന്നുവത്രെ അന്നത്തെ നിർദ്ദേശം. ഏതായാലും എലമകുളം അംശത്തിൽ വ്യാപകമായ ശിക്ഷ ഉണ്ടായില്ല. കൂട്ടത്തോടെ നാറ്റുകടത്തലും ഉണ്ടായില്ല. മനഴി മാസ്റ്ററുടെ(ആർ.എൻ.മനഴി അദ്ദെഹത്തിന്റെ തന്നെ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ്‌)ഇംഗ്ലീഷ്‌ വിദ്യാഭ്യാസവും ശക്തമായ ഇടപെടലും ഇക്കാര്യത്തിൽ വളരെ സഹായമായി എന്നുപായാം.

ഏതായാലും കുരുക്കളോട്‌ ചെയ്ത അനീതിയും കടുംകൈയ്യും ഇന്നും എലംകുളത്തുകാരുടെ മനസ്സിൽ വലിയ വേദനയായിക്കിടക്കുന്നു. ഖിലാഫത്ത്‌ പ്രസ്ഥാനത്തിനു മുമ്പും പിമ്പും ദേശീയ പ്രസ്ഥാനമായി എലംകുളത്തിന്‌ ബന്ധമുണ്ടായിരുന്നു. ഖിലാഫത്തിനുമുൻപുള്ള ബന്ധം പുതുമന സങ്കരൻ നമ്പൂതിരിയും കോൺഗ്രസ്സുമായുള്ള ബന്ധത്തിൽ ഒതുങ്ങുന്നു. ആനിബസന്റിന്റെയും മഞ്ചേരിരാമയ്യരുടെയും കാലത്ത്‌ മിതവാദി കോൺഗ്രസ്സുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം, വള്ളുവനാട്‌ താലൂക്ക്‌ ബോർഡ്‌ മെംബറെന്ന നിലയിലുള്ള പ്രവർത്തനം മറ്റു സാമൂഹ്യപ്രവർത്തനങ്ങൾ എന്നിവ അദ്ദേഹത്തെ പ്രശസ്തനാക്കി. ഖിലാഫത്തിൽ മുസ്ലീങ്ങളെ ദ്രോഹിക്കുന്നതിനെതിരായ ഇടപെടൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി പറയപ്പെടുന്നു. ഇക്കാര്യത്തിൽ അദ്ദേഹത്തിനെതിരെ അധികൃതർ കേസ്സെടുത്തതായും ജയിൽഭീഷണി ഉയർത്തിയതായും പറയുന്നുണ്ട്‌.

ദേശീയ പ്രസ്ഥനത്തിൽ ഈ.എമെസ്സിന്റെ വരവോടേയാണ്‌ ഏലംകുളം പ്രശസ്തമാകുന്നത്‌. ഇ.എം.എസ്സിന്റെ അറസ്റ്റും ജയിൽ‌വാസവും, ജയിൽ‌വാസംകഴിഞ്ഞുള്ള ഏലംകുളത്തെ താമസവും ദേശീയനേതാക്ക‍ന്മാരുടെ സ്ഥിരമായ സന്ദർശനവും 1932 മുതൽ തന്നെ ഈ കൊച്ചുഗ്രാമത്തെ വാർത്താപ്രാധാന്യമുള്ളതാക്കി. പിന്നീട്‌ 1940ൽ ഇ.എം.എസ്സ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ തീരുമാനമനുസരിച്ച്‌ ഒളിവിൽ പോകുന്നതുവരെ പതിനെട്ടുവർഷക്കാലത്തിനിടയ്ക്ക്‌ ചരിത്രപ്രാധാന്യമുള്ള പല സന്ദർ‍ശനങ്ങളും ഏലംകുളത്തുണ്ടായിട്ടുണ്ട്‌. പലപ്പോഴും ഇവിടം ദേശീയനേതാക്കന്മാരുടെ സങ്കേതമായിത്തീർന്നു.


തത്വചിന്തകൻ ശ്രീ രാഹുൽ സാംകൃത്യായൻ എലംകുളം സന്ദർശിച്ചിട്ടുണ്ടോ എന്നു സംശയിക്കണം. സ്വാതന്ത്ര്യത്തിനുമുൻപ്‌ ഈ.എം.എസ്സിനെപ്പറ്റി അദ്ദേഹം എഴുതിയ ഒരു ജീവചരിത്രക്കുരിപ്പിൽ വള്ളുവനാടൻ നെൽപ്പാടങ്ങളെപ്പറ്റി നേരിൽ കണ്ടപോലെയുള്ള വിവരണമുണ്ട്‌.

സുന്ദരയ്യ, എസ്‌.വി ഘാട്ടെ, പി.സി.ജോഷി തുടങ്ങിയവർ ഇക്കാലത്ത്‌ എലംകുളം സന്ദർശിച്ച അഖിലെന്ത്യാ നേതാക്കന്മാരിൽ ചിലരാണ്‌. എ.കെ.ജിയും ഇസ്സഹാക്കും ഏലംകുളത്ത്‌ ഒളിവിൽ കഴിഞ്ഞവരാണ്‌. ഇ.പി. ഗോപാലൻ, ഗോവിന്ദൻ നമ്പ്യാർ, കുഞ്ഞൻ വാരിയർ, പി.വി കുഞ്ഞുണ്ണി നായർ, കോംഗശ്ശേരി കൃഷ്ണൻ എന്നിവരെല്ലാം ഏലംകുളത്ത്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്നവരാണ്‌. പി. കൃഷ്ണപിള്ളയും കെ.എ കേരളീയനും മറ്റും ഏലംകുളത്ത്‌ സ്ഥിരം സന്ദർശകരായിരുന്നു. ഇടയ്ക്കൽ രാമൻ നായർ, ട്ടാട്ടൻ, സി.കെ. കൃഷ്ണൻ നായർ,സി.കെ ഗോപാലൻ നായർ,പുന്നശ്ശേരി മരയ്ക്കാർ, സി.അച്ചുതൻ നായർ, സി.ജി മാസ്റ്റർ തുടങ്ങിയവെർല്ലാം ഈ നേതാക്കന്മാരുമായി ആത്മബന്ധം പുലർത്തിയവരായിരുന്നു. അക്കാലത്ത്‌ ഏലംകുളത്ത്‌ ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗിന്റെ സെക്രട്ടറിയായിരുന്ന വീരാൻ കുട്ടി മൊല്ല അന്നത്തെ നേതാക്കന്മാരുടെ മിക്കപേരുടെയും പ്രസംഗങ്ങൾ ഓർത്തു പറയാൻ കഴിവുള്ളയാൾ കൂടിയാണ്‌. സീതിസാഹിബിന്റെയും അബ്ദുറഹ്മാൻ സാഹിബിന്റെയും പ്രസംഗങ്ങൾ അദ്ദേഹമ്ര്ക്കുന്നു. അക്കാലത്തെ ഒളിവു രേഖകൾ സൂക്ഷിക്കാൻ സഹായിച്ചുകൊണ്ടാണ്‌ മൊല്ലാക്ക ആദ്യകമ്യൂണിസ്റ്റ്‌ പ്രസ്ഥനവുമായി ബന്ധപ്പെടുന്നത്‌.

ഏതായാലും ഖിലാഫത്തുപ്രസ്ഥനക്കാലത്ത്‌ കോട്ടം തട്ടാതെ നിന്ന സമുദായസൗഹാർദ്ദത്തിന്റെ അന്തരീക്ഷം ഈ ദേശീയ പ്രസ്ഥാനനേതാക്കന്മാരുമായുള്ള ബന്ധം കാരണം എലംകുളത്ത്‌ വളരെയേറെ മികവേറിയ രാഷ്ട്രീയോൽബുദ്ധതയുടെ അടിത്തറയായി മാറി. ഇന്നും ഈ ഗ്രാമത്തിൽ മത സൗഹാർദ്ദത്തിന്‌ ഭീഷണിയുണ്ടാക്കുന്ന സംഭവങ്ങളെക്കുറിച്ച്‌ വേവലാതിയില്ലാത്തതിന്‌ ഈ മഹത്‌ സമ്പർക്കം വലിയ സംഭാവന നൽകിയിട്ടുണ്ട്‌. പുന്നശ്ശേരി അവറാൻ ഹജു, പുന്നശ്ശേരി മരയ്ക്കാർ, വീരാൻ കുട്ടിമൊല്ല, കുയിലൻ മുഹമ്മദ്‌ തുടങ്ങി വളരെ പേർ വിദ്യാഭ്യാസം കുറഞ്ഞവരെങ്കിലും ഈ നേതാക്കന്മാരുമായി ഇടപഴകാൻ അവസരം ലഭിച്ചവരാണ്‌. 1921-ലെ ഖിലാഫത്തിനെ തുടർന്ന്‌ ഉണ്ടായ കഷ്ടതകളും-കൃഷി ഇറക്കായും മറ്റും- 1924ലെയും 1941ലെയും വെള്ളപ്പൊക്കക്കെടുതികളും 1942ലെ കോളറയും 1939-45 കാലത്തെ യുദ്ധക്കെടുതിയും അതെത്തുടർന്നുള്ള ക്ഷാമവും എല്ലാം ഈ ഗ്രാമത്തിന്‌ സംഭവബഹുലമായ ഒരു സമീപകാലചരിത്രം നൽകുന്നതാണ്‌. അക്കാലങ്ങളിലെല്ലാം-പ്രത്യെകിച്ചും കോളറയിലും വെള്ളപ്പൊക്കത്തിലും-ജീവൻ വിലവെക്കാതെ സേവനത്തിനിറങ്ങിയ നിരവധിപേർ ഈ ഗ്രാമത്തിലുണ്ട്‌. കോളറക്കാലത്തെ ശവം മറവുചെയ്യാൻ മുസ്ലീങ്ങളുടെ ഒരു മുൻകയ്യ്‌ ചിലേടങ്ങളിൽ വലിയ ആശ്വാസം നൽകിയതായി പഴമക്കാർ പറയുന്നുണ്ട്‌.ഭൂവുടമ ബന്ധങ്ങളിൽ വളരെ നേരത്തെ മാറ്റം വന്നു തുടങ്ങി.

1957ൽ ഇ.എം.എസ്‌ മന്ത്രിസഭ വന്ന കാലത്തുതന്നെ ഏലംകുളം മന വക സ്ഥലങ്ങളിൽ കുറെ ഭാഗം (ചേലാമലയും മറ്റും) കൃഷിക്കാർക്ക്‌ നൽകി. ഇ.എം.എസ്‌ 1940കളിൽ തന്നെ കൃഷിഭൂമി കിട്ടിയ പ്രതിഭലത്തിന്‌ കൈവശക്കാർക്ക്‌ കൊടുത്തിരുന്നു. ഇങ്ങനെ കിട്ടിയ പ്രതിഭലം പാർട്ടിക്ക്‌ കൊടുത്തു. അത്‌ ഏലംകുളത്തുള്ള ജന്മി കുടിയാൻ ബന്ധങ്ങളിൽ വലിയ മാറ്റമുണ്ടാക്കി. ഇ.എമെസിന്റെ ഗുരുനാഥനായിരുന്ന ശ്രീ മനഴി ഗോവിന്ദൻ നായർ മാസ്റ്റർ ഏലംകുളം മനക്കാർക്കെതിരെ കേസ്സ്‌ നടത്തിയിരുന്നു. ഒഴിപ്പിക്കലിനെതിരായ നേരിടലുകളെ തുടർന്നുണ്ടായ കേസ്സുകളായിരുന്നു അവ. നിരവധി മുസ്ലീം കൃഷിക്കാർ ഇങ്ങനെയുള കേസ്സുകളിൽ മനഴി മാസ്റ്ററോടൊപ്പം കക്ഷി ചേർന്നിരുന്നു. ("ഇവരുടെ എണ്ണം ഒരവസരത്തിൽ 16ലേറെ ആയിരുന്നു"-എന്ന്‌ ട്ടാട്ടൻ). ഗ്രാമത്തിലെ കർഷക സംഘത്തിന്റെ പ്രവർത്തനവും ആദ്യകാലങ്ങളിൽ തന്നെ ആരംഭിച്ചു. ജന്മിത്വത്തിന്നെതിരായ സമരത്തിൽ ആ കാരണം കൊണ്ടു തന്നെ ഈ ഗ്രാമത്തിൽ ഒരു മുൻകൈ ഉണ്ടായി. "കൃഷി ഭൂമി കൃഷിക്കാരന്‌" എന്ന മുദ്രാവാക്യം വളാരെ നേരത്തെ തന്നെ സാർവ്വത്രികമായി. എഴുപതുകളിൽ ജന്മിമാരില്ലാതായി.

കൃഷിഭൂമി കൃഷിക്കാരന്‌ ലഭിച്ചതിന്‌ പുറമെ അശരണരായ നിരവധി കുടുംബങ്ങൾക്ക്‌ അഞ്ചോ പത്തോ സെന്റ്‌ കൈവശഭൂമി സ്വന്തമായി ലഭിച്ചു. ഇതവരുടെ ജീവിതത്തിൽ അടിസ്ഥനപരമായി മാറ്റം വരുത്തി.

പട്ടാമ്പി കോളേജ്‌ അപ്ഗ്രേഡ്‌ ചെയ്തതും, ഒറ്റപ്പാലം കോളേജ്‌ വന്നതും ചുരുക്കം ചിലരുടെ വിദ്യഭ്യാസ നിലവാരം മെച്ചപ്പെടുത്തി. ഇപ്പോൾ ഒരു ശരാശരി രീതിയിൽ ഗൾഫ്‌ സ്വാധീനവും ഇവിടെ പ്രകടമാണ്‌. സജീവമായ ഒരു സാംസ്കാരിക രംഗവും, രാഷ്ട്രീയ രംഗവും ഏലംകുളത്തുണ്ട്‌. ജനകീയ ആസൂത്രണ പരിപാടിയിൽ പൊതുപ്രവർത്തന രംഗത്തുള്ള എല്ലാവരും സജീവമായി സഹകരിച്ചുവരുന്നു. എന്നാൽ കാർഷികോൽപ്പാദന രംഗം വളരെ അലസവും ഉദാസീനവുമാണ്‌. ഈ മുരടിപ്പിനെ അതിജീവിച്ച്‌ സർവ്വതോനുമുഖമായ മുന്നേറ്റം ഈ ജനകീയാസൂത്രണ പ്രവർത്തനത്തിലൂടെ കൈവരിക്കാൻ കഴിയുമെന്ന്‌ എല്ലാവരും പ്രത്യാശിക്കുന്നു.

വികസനപ്രവർത്തങ്ങളുടെ ചരിത്രം 1947-1961[തിരുത്തുക]

സ്വാതന്ത്ര്യം കിട്ടിയകാലത്ത്‌ ഏലംകുളത്ത്‌ രൂക്ഷമായ ഭക്ഷണ ക്ഷാമമായിരുന്നു. ഇത്‌ ഏകദേശം 1956 വരെ നീണ്ടുനിന്നു. ഐക്യകേരളപ്പിറവിക്ക്‌ തൊട്ടുമ്ൻപുവരെ ഈ ക്ഷാമാവസ്ഥ നിലനിന്നിട്ടുണ്ട്‌. 1948-51 കാലത്ത്‌ ഈ ഗ്രാമത്തിലും കമ്യൂണിസ്റ്റ്‌ വേട്ടനടന്നിട്ടുണ്ട്‌. താമരശ്ശേരി ഉണ്ണിപ്പ, പാലേങ്ങൾ വീരാൻ കുട്ടി, മുള്ളത്ത്‌ രാമൻ നായർ, മുണ്ട്രപ്പള്ള്യാലിൽ ഗോവിന്ദൻ നായർ, എം.പി.കുഞ്ഞികൃഷ്ണൻ നായർ തുടങ്ങിയവർ അതിന്റെതായ വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ട്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ സി.ജിനായർ, പി.വി കുഞ്ഞൻ വാരിയർ,സി.കെ.കൃഷ്ണൻ നായർ തുടങ്ങിയവർ സജീവമായി രംഗത്തുണ്ടായിരുന്നു. ശ്രീ അവറാൻ ഹാജി പ്രധാന ലീഗ്‌ പ്രവർത്തകനായിരുന്നു. ആശയപരമായ പ്രവർത്തനമാണ്‌ നടത്തിയിരുന്നത്‌. രാഷ്ട്രീയ സൗഹാർദ്ദം നിലനിന്നിരുന്നു. 19526 മലബാർ ഡിസ്ട്രിക്ട്‌ ബോർഡിൽ തെരഞ്ഞെടുപ്പ്‌ നടന്നു. പി.ടി.ഭാസ്കരപ്പണിക്കരുടെ നേറ്റൄത്വത്തിൽ പുതിയ ബോർഡ്‌ വന്നു. കുന്നക്കാവ്‌ എൽ.പി സ്കൂൾ, യു.പി. സ്കൂളായി ഉയർത്തി. പിന്നീട്‌ 1970കളുടെ അവസാനത്തോടെ അത്‌ ഹൈസ്കൂളായി ഉയർത്തി. 1951ൽ കുന്നക്കാവ്‌ പോസ്റ്റാഫീസ്‌ വന്നു. അതിനുമുൻപ്‌ ചെറുകരയിലായിരുന്നു പോസ്റ്റാഫീസ്‌. തപാൽക്കാരൻ എപ്പോഴെങ്കിലുമേ മറ്റ്‌ പ്രദേശങ്ങളിലേക്ക്‌ എത്തിയിരുന്നുള്ളൂ.

1954 ഷൊർണ്ണൂർ നിലമ്പൂർ റെയില്വേ ലൈൻ പുനഃസ്ഥാപിക്കപ്പെട്ടു.(1939-40 കാലത്ത്‌ അത്‌ പൊളിച്ച്‌ ബ്രിട്ടനിലേക്ക്‌ കടത്തിയിരുന്നു) 1956ൽ മദിരാശി സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു കാമരാജ്‌ നാടാർ ചെറുകരയിൽ വന്നു. മലബാറിനോട്‌ വിടപറയാനുള്ള പര്യടനത്തിനിടയിലായിരുന്നു അത്‌. 1956 നവംബർ ഒന്നിന്‌ ഐക്യകേരളപ്പിറവിക്ക്‌ എല്ലാ വിദ്യാലയങ്ങളുടെയും ആഭിമുഖ്യത്തിൽ ഘോഷയത്രകൾ നടന്നു. 1957ൽ ഇ.എം.എസ്‌ മന്ത്രിസഭ അധികാരത്തില്വന്നു. ഒഴിപ്പിക്കൽ നിരോധനനിയമം വന്നു. ദരിദ്രവിഭാഗങ്ങൾക്കിടയിൽ വമ്പിച്ച മുന്നേറ്റവും ഉണർവ്വുമുണ്ടായി. ചേലാമലയിലെ ഭൂമികൾ ഏലംകുളം മനക്കാരുടെ കൈവശത്തിൽനിന്ന്‌ പലരുടെയും കൈവശത്തിലായി. അക്കാലത്ത്‌ പെരിന്തൽമണ്ണ നിയോജക മണ്ഡലം എം.എൽ.എ പി.ഗോവിന്ദൻ നമ്പ്യാരായിരുന്നു. തുടർന്നുള്ള തെരഞ്ഞെടുപ്പിൽ ഇ.പി ഗോപാലൻ എം.എൽ എ ആയി.

1957ൽ തന്നെ രാമഞ്ചാടി പദ്ധതിക്കും മാവുണ്ട്രി പാലത്തിനുമുള്ള ശ്രമം ആരംഭിച്ചു. ശ്രീ കെ.എം.ജി പണിക്കർ മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്‌മന്റ്‌ ഉദ്യോഗസ്ഥനും സാങ്കേതിക വിദഗ്ധനുമെന്ന നിലയിൽ അക്കാലത്ത്‌ ഏലംകുളം പ്രദേശത്തെ പാടങ്ങളെല്ലാം സർവെ നടത്തി. രാമഞ്ചാടി പദ്ധതിയുടെ ഗുണഫലം എവിടെയെല്ലാം എത്തുമെന്ന്‌ കണക്കാക്കിയത്‌ (ഏകദേശം 625 ഏക്ര) അക്കാലത്താണ്‌. 1959ൽ ഇ.പിയുടെ നേതൃത്വത്തിൽ ചെറുകര-മുതുകുറുശ്ശി റോഡ്‌, ചെറുകര - നെല്ലായ റോഡാക്കാനും മാവുണ്ട്രി പാലം നിർമ്മിക്കാനും ഒരു ശ്രമം നടക്കുകയുണ്ടായി. അനവധി വർഷങ്ങൾക്കുശേഷം തൊണ്ണൂറുകളിൽ (1989?) മാവുണ്ട്രി പാലം യാഥാർത്ഥ്യമായി.

പഞ്ചായത്തിന്റെ പ്രവർത്തന ചരിത്രം 1961-1995[തിരുത്തുക]

സർക്കാർ പ്രഖ്യാപനപ്രകാരം 21-11-1961 മുതൽ നിലവിൽവന്ന ഏലംകുളം പഞ്ചായത്തിൽ അതേവരെ ഏലംകുളം അംശം എന്ന ഭരണവിഭാഗത്തിൽ ഉൾപ്പെട്ട പ്രദേശവും എരവിമംഗലം അംശത്തിലെ കിഴുങ്ങത്തോൾ, അവുഞ്ഞിക്കാട്‌ ദേശങ്ങളും ആണ്‌ ഉൾപ്പെടുത്തിയിരുന്നത്‌. 21-11-1961 മുതൽ 21-12-1963 വരെ ഉദ്യോഗസ്ഥ ഭരണമായിരുന്നു. ആദ്യത്തെ എക്സിക്യുട്ടീവ്‌ ഓഫീസർ തിരുവനന്തപുരം നെടുമങ്ങാട്ടു സ്വദേശി ശ്രീ അബ്ദുൾ കരീമിനെ നാട്ടുകർ ഇപ്പോഴും ഓർക്കുന്നു. ഏലംകുളം പഞ്ചായത്തോഫീസിന്‌ സ്ഥലം വാങ്ങിയതും ഓഫീസ്‌ കെടിടം നിർമ്മിച്ചതും അക്കാലത്താണ്‌. താമരശ്ശേരി കുഞ്ഞയമ്മുവിന്റെ വീട്ടുവളപ്പിൽ നിന്ന്‌ സ്ഥലം വിലക്ക്‌ വാങ്ങിയാണ്‌ ഇന്നത്തെ ഓഫീസ്‌ കെട്ടിടം നിർമ്മിച്ചത്‌. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കാര്യത്തിലെന്നപോലെ ഇക്കാര്യത്തിലും മുൻകൈ എടുത്തത്‌ ശ്രീ വീരാൻ കുട്ടിമൊല്ലയാണ്‌. പഞ്ചായത്ത്‌-പാലേങ്ങിൽ ഒപടി റോഡ്‌, പാലേങ്ങിൽ പടി-ഏലംകുളം സൗത്ത്‌ സ്കൂൾ റോഡ്‌, പാലേങ്ങിൽ പടി-തായിപ്പടി-മുണ്ട്രക്കുന്ന്‌ റോഡ്‌ എന്നിവയുടെ പ്രാഥമികപ്രവർത്തനം അക്കാലത്ത്‌ നടന്നു. എല്ലാം ശ്രമദാനങ്ങളായിരുന്നു. ശ്രമദാന പ്രവർത്തങ്ങൾക്ക്‌ നാട്ടുകാരോടൊപ്പം എക്സിക്യൂട്ടീവ്‌ ഓഫീസറും മുന്നിട്ടിറങ്ങിയിരുന്നു.


1963 ഡിസംബർ 12ന്‌ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ബോർഡ്‌ നിലവില്വന്നു. 1964 ജനുവരി ഒന്നിനാണ്‌ അധികാരമേറ്റത്‌. ശ്രീ പി.കെ മൊയ്തീൻ കുരിക്കൾ ആയിരുന്നു പ്രസിഡണ്ട്‌. 1965,66 വർഷങ്ങളിൽ കേരളത്തിൽ പ്രസിഡണ്ട്‌ ഭരണവും അഡ്വൈസർ ഭരണവും മറ്റുമായിരുന്നു. 1967ൽ രണ്ടാം ഇ.എം.എസ്‌ മന്ത്രിസഭ അധികാരത്തിൽ വന്നു. പാലോളി മുഹമ്മദ്‌ കുട്ടി പെരിന്തൽമണ്ണ എം.എൽ.എ ആയി. ഇബിച്ചി ബാവ ഗതാഗത വകുപ്പ്‌ മന്ത്രിയുമായി. ഇക്കാലത്ത്‌ ഏലംകുളത്ത്‌ ഒരു വികസനസമിതി രൂപം കൊണ്ടു. ശ്രീ പുതുമന വാസുദേവൻ നമ്പൂതിരി പ്രസിഡന്റും വി.പി.ഗോവിന്ദൻ കുട്ടി സെക്രട്ടറിയുമായിരുന്ന ഏലംകുളം പഞ്ചായത്ത്‌ വികസന സമിതിയിൽ എം.എം അഷ്ടമൂർത്തി, മാടാല കുഞ്ഞമ്മു മാസ്റ്റർ, താമരശ്ശേരി വാപ്പു തുടങ്ങിയവർ മുൻനിന്നു പ്രവർത്തിച്ചു. ശ്രീ മൊയ്തീൻ കുരിക്കൾ, പി.വി കുഞ്ഞൻ വാരിയർ എന്നിവരടങ്ങുന്ന പഞ്ചായത്ത്‌ ബോർഡും പ്രസ്തുത വികസന സമിതിയും സഹകരിച്ച്‌ കക്ഷിരാഷ്ട്രീയത്തിനതീതമായി വികസനപ്രവർത്തനങ്ങൾ ആരംഭിച്ചു.

ഇമ്പിച്ചിബാവയുടെ പ്രത്യേക താൽപ്പര്യത്തിലും പാലോളി മുഹമ്മദ്‌ കുട്ടിയുടെ ശ്രമത്തിലും ചെറുകര-മുതുകുറുശ്ശി റോഡ്‌ ഗതാഗതയോഗ്യമാക്കുന്നതിന്നും എലംകുളത്ത്‌ റെയിൽവേ ലെവൽ ക്രോസ്സ്‌ നിർമ്മിക്കുന്നതിനുമുള്ള ശ്രമം ആരംഭിച്ചു. ശ്രീ മലയാറ്റൂ രാമകൃഷ്ണന്റെ പ്രക്ത്യാത നോവലായ "യന്ത്ര"ത്തിൽ ഈ റോഡിനെ കുറിച്ച്‌ പരമാർശിക്കുന്നുണ്ട്‌. 1968ലാണ്‌ ഏലംകുളം റെയിൽവേ ഗേറ്റിനുകിഴക്കുവരെ വാഹനഗതാഗതം സാധ്യമായത്‌.

1970ലെ തെരഞ്ഞെടുപ്പിൽ ശ്രീ കെ.കെ.എസ്‌ തങ്ങൾ എം.എൽ.എ ആയി. വികസന സമിതിയുടെ ശ്രമങ്ങൾ കക്ഷിരാഷ്ട്രീയത്തിന്നതീതമായി തുടർന്നു. അഞ്ചുകൊല്ലക്കാലത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബോർഡ്‌ 28-8-1979 വരെ അധികാരത്തിലിരുന്നു. 1968-69 ൽ ചെറുകര-മുതുകുറുശ്ശി റോഡ്‌ ഗതാഗതയോഗ്യമായതിനെ തുടർന്നാണ്‌ വികസനപ്രവർത്തനങ്ങൾ ഏലംകുളത്ത്‌ സാധ്യമാകുന്നത്‌. 1968ന്‌ ശേഷം ഏലംകുളം റെയിൽവെ ഗേറ്റ്‌, കുന്നകാവ്‌ ഗവ്‌.ഹൈസ്കൂൾ,ഗവ.സിദ്ധവൈദ്യ ഡിസ്പൻസറി,ഐ.പി.ഡി.യൂണിറ്റ്‌, ലക്ഷം വീട്‌ കോളനി എന്നിവ നിലവിൽ വന്നു. ചെറുകര-മുതുകുറുശ്ശി റോഡ്‌ ടാർ ചെയ്തു. ഏലംകുളം റെയിൽവെ ഗേറ്റിൽ നാലുഭാഗം റെയിൽവെ സ്ഥലം 250 മീറ്റർ വീതം നീളത്തിൽ രണ്ട്‌-മൂന്ന്‌ മീറ്റർ ഉയരത്തിലുള്ള റെയിൽവെ കട്ടിംഗ്‌ ശ്രമദാനയഞ്ജത്തിലൂടെ കിളച്ചുനീക്കിയതും അക്കാലത്ത്‌ എല്ലാവരേയും വിസ്മയിപ്പിച്ച കാര്യമായിരുന്നു. ഏലംകുളവുമായി ബന്ധപ്പെടാനിടവന്ന എല്ലാ റെയിൽവെ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥന്മാരിലും യാത്രക്കാരിലും മറ്റുഗ്രാമക്കാരിലും ഇത്‌ വമ്പിച്ച മതിപ്പുളവാക്കി. ആയിരക്കണക്കിന്‌ മനുഷ്യാധ്വാനം തുടർച്ചയായി സംഘടിപ്പിച്ചതിന്റെ ഫലമായാണ്‌ ലവൽ ക്രോസ്സിന്റെ ഇരുവശവും ലവൽ ആയത്‌. രൂക്ഷമായ കക്ഷിരാഷ്ട്രീയ ചേരിതിരിവിന്റെ ഇടയിൽതന്നെയായിരുന്നു, ഈ സംഘടിതമായ അദ്ധ്വാനോത്സവം നടന്നത്‌. ഉദ്യോഗസ്ഥന്മാരിലും മറ്റും ഇത്‌ ആവേശമുണ്ടാക്കി. അവരുടെ സഹകരണവും അക്കാലത്ത്‌ നല്ലപോലെ ഉണ്ടായി. അക്കാലത്തെ എക്സിക്യുട്ടീവ്‌ ഓഫീസറായിരുന്നു ജി.ശിവശങ്കരൻ നായർ റെയിൽവേ ഗേറ്റ്‌ സ്ഥാപിക്കുന്നതിനാവശ്യമായ പണം ആവശ്യമെങ്കിൽ പഞ്ചായത്ത്‌ കെട്ടിവെയ്ക്കാമെന്ന സമ്മതപത്രം എഴുതി അയച്ചത്‌ ക്രമത്തിലല്ലെന്നും മറ്റും പറഞ്ഞ്‌ പിൽക്കാലത്ത്‌ അദ്ദേഹത്തിന്റെ പെൻഷൻ കിട്ടുന്നതിലും മറ്റും കാലതാമസമുണ്ടാക്കാൻ ബ്യൂറോക്രസി ശ്രമിച്ചുവെങ്കിലും അക്കാലത്ത്‌ എല്ലായിടത്തു നിന്നും സഹകരണം ലഭിച്ചു. കുടിവെള്ളം വൈദ്യുതി എന്നിവ പഞ്ചായത്തിൽ എത്തിക്കുന്നതിലുള്ള ശ്രമവും ആദ്യത്തെ ബോർഡിന്റെ കാലത്തുതന്നെ ആരംഭിച്ചു. വികസനസമിതിയുടെ മുൻനിന്ന പ്രവർത്തനം ഇക്കാര്യങ്ങളിലും ഉണ്ടായിരുന്നു. ലെവൽ ക്രോസ്സിങ്ങിന്റെ കടം തീർക്കാൻ എൻ. എൻ. പിള്ളയുടെ നാടകം (ക്രോസ്സ്‌ ബെൽറ്റ്‌) ടിക്കറ്റ്‌ വെച്ച്‌ കളിച്ചിട്ടുണ്ട്‌ എന്ന പറഞ്ഞാൽ അന്നത്തെ പ്രവർത്തനത്തിന്റെയും ഐക്യത്തിന്റെയും ഒരു ഏകദേശചിത്രം പുതിയ തലമുറക്ക്‌ കിട്ടും.

പി.വി കുഞ്ഞിയൻ വാരിയർ,വി അലവി ഹാജി, എം.എം അഷ്ടമൂർത്തി, മാടാല ഉമ്മർ ഹാജി, എം.പി.കുഞ്ഞൻ, പുന്നശ്ശേരി ബാപ്പു ഹാജി, വിശാലാക്ഷിയമ്മ എന്നിവരായിരുന്നു ആദ്യത്തെ ബോർഡിലെ മെമ്പർമാർ. ഇതിൽ എം.എം. അഷ്ടമൂർത്തിയും വിശാലാക്ഷിയമ്മയും വിദ്യാഭ്യാസനിയമത്തിലുണ്ടായ ചില നിബന്ധനകളെ തുടർന്ന്‌ 1964ൽ പഞ്ചായത്ത്‌ മെംബർസ്ഥനങ്ങൾ രാജിവെച്ചു. വനിതാമെംബർ സ്ഥാനത്തേക്ക്‌ എം.പി. ഭാർഗവിയമ്മ നോമിനേറ്റ്‌ ചെയ്യപ്പെട്ടു. ടി.സി വാസുദേവൻ തിരഞ്ഞെട്ടുപ്പിലൂടെ മെംബറായി. 1977ൽ ശ്രീ പി.കെ മൊയ്തീൻ കുരുക്കൾ നിര്യാതനായതിനെ തുടർന്ന് പുന്നശ്ശേരി ബാപ്പു ഹാജി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1979 വരെ അദ്ദേഹം തൽസ്ഥനത്ത്‌ തുടർന്നു.


28-9-1979ന്‌ പുതിയ തെരഞ്ഞെടുപ്പിലൂടെ എം.എം അഷ്ടമൂർത്തി പ്രസിഡന്റായുള്ള ബോർഡ്‌ അധികാരത്തിൽ വന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി വികസനപ്രവർത്തനങ്ങളിൽ ആളുകളെ സഹകരിപ്പിക്കുക എന്ന ആശയം കൂടുതൽ പ്രാവർത്തികമാക്കാൻ ഇക്കാലത്ത്‌ സാധിച്ചു. ഡിപ്പാർറ്റ്മെന്റുകളെ കാത്തുനിൽക്കാതെ ജനങ്ങൾ തങ്ങൾക്ക്‌ ആവശ്യമായത്‌ കഴിയുന്ന വിധത്തിൽ ചെയ്തുതീർക്കുക എന്ന രീതി തുടങ്ങി. അധികാരമില്ലായ്മയും ഫണ്ടില്ലായ്മയുമാണ്‌ പഞ്ചായത്തിന്റെ നിസ്സഹായതയെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഇവിടെ മനസ്സിലാക്കി. ഈ ഐക്യം നിലനിന്നപ്പോഴും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളിൽ കക്ഷിരാഷ്ട്രീയത്തെ ആസ്പദമാക്കി സ്ഥാനാർത്ഥികൾ മത്സരിച്ചു. 1977ൽ മിക്കവാറും പഞ്ചായത്തുകളിൽ നിന്ന്‌ വ്യത്യസ്തമായി ഇവിടെ സ്ഥാനാർത്ഥികൾ പാർട്ടി ചിഹ്നങ്ങളിൽ തന്നെയാണ്‌ മത്സരിച്ചത്‌. വികസനപ്രവർത്തനങ്ങളിൽ ഐക്യപ്പെട്ട ശ്രമം ഉണ്ടായി അതിന്റെ ഫലമായാണ്‌ റോഡുകൾ, കുടിവെള്ള, വിദ്യുച്ഛക്തി തുടങ്ങിയ രംഗങ്ങളിൽ ചിലെ നേട്ടങ്ങൾ ഇക്കാലത്തുണ്ടാക്കാൻ കഴിഞ്ഞത്‌. മുതുകുറുശ്ശി-കടന്നേങ്കാവ്‌ റോഡ്‌, കുതിരപ്പാറ റോഡ്‌, മണലായ റോഡ്‌, മല്ലിശ്ശേരി-പള്ളിപ്പടി-ആക്കപ്പറമ്പ്‌-റെയിൽവേ ലൈൻ റോഡ്‌, പള്ളത്തുപടി റോഡ്‌, പാലേങ്ങൽ പടി-മനയ്ക്കൽ പടി റോഡ്‌, പുളോൾപുര കോളനി റോഡ്‌, കുപ്പുത്ത്‌ റോഡ്‌, ചെറുകര-പാറേങ്ങാട്‌ റോഡ്‌, ചെറുകര-ചെറുപനങ്ങാട്‌ റോഡ്‌, എന്നിവയുടെ പണി ഇക്കാലത്ത്‌ നടന്നു. ഏലംകുളം സ്റ്റേഡിയത്തിന്‌ സ്ഥലം ഏറ്റെടുത്തത്‌ രണ്ടാമത്തെ ബോർഡിന്റെ കാലത്താണ്‌. പഞ്ചായത്തിൽ വ്യാപകമായി പൈപ്പ്‌ ലൈനുകൾ ഇട്ടതും ഇക്കാലത്താണ്‌. പഞ്ചായത്താഫീസ്‌ പടി-മുതുകുറുശ്ശി വരെയുള്ള പബ്ലിക്ക്‌ റോഡിലെ കുടിവെള്ള ലൈൻ ഇക്കാലത്ത്‌ നിലവിൽ വന്നു. മുണ്ട്രകൂത്ത്‌, ആറാട്ടുകുന്ന്,പുളോൾപുര,പാറോൾപുര,ംണ്ടേത്തൊടി,തച്ചട്ടുപുര,കാവുംബുറം,കക്കാട്ട്‌ കുന്ന്‌,നെല്ലിപ്പറ്റ,നെല്ലിയാം കുന്ന്‌,വട്ടപ്പറമ്പ്‌, എന്നിവിടങ്ങളിൽ ഇക്കാലത്ത്‌ പൈപ്പ്‌ ലൈൻ എത്തി. 1.ചെങ്ങോടത്ത്‌ ചക്കൻ 2. മാടാല ഉമ്മർ ഹാജി 3.കെ സരോജനി 4. എം എം അഷ്ടമൂർത്തി 5.ബാപ്പു ഹാജി 6.സി കുൻഹിരാമൻ 7.മലയങ്ങാട്ടിൽ മുഹമ്മദ്‌ (വാപ്പു)8. ഇ.എമ്പരമേശ്വരൻ (വേണു) എന്നിവരായിരുന്നു രണ്ടാമത്തെ ബോർഡിലെ മെമ്പർമാർ, 1988-94 കാലത്ത്‌ മൂന്നാമത്തെ ബോർഡ്‌ നിലവിൽ വന്നു. എം.എം അഷ്ടമൂർത്തി പ്രസിഡന്റും താമരശ്ശേരി വാപ്പു വൈസ്‌ പ്രസിഡന്റുമായിരുന്ന ബോർഡിൽ പി. ഹസ്സൻ, പി.കെ അലീമ, എൻ.പി മുഹമ്മദ്‌, വി.എം ഫാതിമാബി, എൻ. കുൻഹാമു, എൻ.സി വാസുദേവൻ, സി.കുൻഹിരാമൻ എന്നിവർ അംഗങ്ങളായിരുന്നു. ശ്രീ എൻ.പി.മുഹമ്മദിന്റെ തമരശേരി വാപ്പുവിന്റെയും അകാല ചരമങ്ങൾ ഇക്കാലത്ത്‌ ഈ പഞ്ചായത്തിനുതന്നെ ഉണ്ടായ അത്യാഹിതങ്ങളായി. രണ്ടുപേരും വികസനപ്രവർത്തങ്ങങ്ങളിൽ മുനിന്നു പ്രവർത്തിച്ചവരായിരുന്നു. എലംകുളം മാട്ടയി റോഡ്‌ യാഥർത്ഥ്യമാക്കുന്നതിൽ എൻ.പി മുഹമ്മദ്‌ വഹിച്ച നേതൃത്വപരമായ പങ്ക്‌ വളരെ വലുതാണ്‌. റോഡ്‌ കമ്മറ്റിക്കെതിരെ നിലവിൽ വന്ന കേസുകൾ പിന്വലിപ്പിച്ച്‌ ഒരു തീർപ്പുണ്ടാക്കുന്നതിൽ അദ്ദേഹം മുൻകയ്യെടുത്തു. മരണത്തിനുതൊട്ടുമുൻപാണ്‌ കേസ്സുകൾ പിൻവലിക്കപ്പെട്ടതും റോഡിന്റെ തടസ്സങ്ങൾ നീങ്ങിയതും. 1967ലെ വികസന സമിതിയുടെ കാലം മുതൽ ഏലംകുളത്തെ വികസനപ്രവർത്തനങ്ങളിൽ മുൻ നിന്ന്‌ പ്രവർത്തിച്ചയാളാണ്‌ താമരശ്ശേരി വാപ്പു. മരണത്തിന്‌ തൊട്ടുമുൻപ്‌ തോണിക്കടവ്‌ റോഡിന്റെയും മനക്കൽ കടവ്‌ റോഡിന്റെയും കര്യത്തിൽ പ്രത്യെക്‌ താൽപ്പര്യമെടുത്ത്‌ പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. രണ്ടുപേരുടെയും മരണം പഞ്ചായത്തിന്‌ പൊതുവേയും വികസനപ്രവർത്തനങ്ങൾക്ക്‌ പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ്‌. വാപ്പുവിന്റെയും എൻ.പി മുഹമ്മദിന്റെയും സ്ഥാനങ്ങളിലേക്ക്‌ പിന്നീട്‌ തെരഞ്ഞെടുപ്പ്‌ നടക്കുകയുണ്ടായില്ല.


മുതുകുറുശ്ശിയിലെ സാംസ്കാരിക നിലയം, ഏലംകുളം പ്രാഥമിക ആരോഗ്യകേന്ദ്രം, ചെറുകരയിലെ സ്റ്റേഡിയം എന്നിവയും ഇക്കലത്ത്‌ നിലവിൽ വന്നു. ഏലംകുളം പി.എച്ച്‌.സി സെന്ററിന്‌ ആവശ്യമായ സ്ഥലം 1979-84 കാലത്തെ ബോർഡിൽ അംഗമായിരുന്ന് ഇ.എം പരമേശ്വരൻ നമ്പൂതിരിപ്പാട്‌ സൗജന്യമായി നൽകിയതാണ്‌. ഏലംകുളം വികസനത്തിന്റെ ചരിത്രത്തിൽ ഈ ആശുപത്രിയുടെ നിർമ്മാണം ഒരു പ്രധാനസംഭവമാണ്‌. സ്വാതന്ത്ര്യം ലഭിച്ച്‌ 40 വർഷത്തിനുശേഷം ആണ്‌ ആധുനിക ചികിത്സയുള്ള ഒരാശുപത്രി നമുക്ക്‌ ലഭിക്കുന്നത്‌. ഇപ്പോഴും അതിൽ ഡോക്ടറും മരുന്നും ആവശ്യത്തിനില്ല എന്ന ബാലാരിഷ്ടത തീർന്നിട്ടില്ല. 1 ചെറുകര ഗേറ്റ്‌-കുന്നക്കാവ്‌ റോഡ്‌, 2. എടയ്ക്കൽ പടി റോഡ്‌ 3. തോണിക്കടവ്‌ റോഡ്‌ 4. ഏലംകുളം മാട്ടയ്‌ പാലത്തോൾ റോഡ്‌ എന്നിവ ഇക്കാലത്ത്‌ പണിചെയ്തു. പഞ്ചായത്താഫീസ്‌ റോഡ്‌ ടാരിങ്ങും ഇക്കാലത്ത്‌ നടന്നു. പഞ്ചായത്ത്‌ സ്വന്തം ചെലവിൽ പെരുമ്പറമ്പ്‌ ശുദ്ധജലവിതരണ പദ്ധതി ഉണ്ടാക്കിയതും ഇക്കാലത്താണ്‌. 18.3.1994 ഈ പഞ്ചായത്ത്‌ ബ്ബോർഡ്‌ പിരിച്ചുവിടപ്പെട്ടു. പിന്നീട്‌ 95 ഒക്ടോബർ രണ്ടിന്‌ പുതിയ ബോർഡ്‌ അധികാരത്തിൽ വരുന്നതുവരെ ഉദ്യോഗസ്ഥഭരണമായിരുന്നു.

ഉറവിടം[തിരുത്തുക]

ഇതു സർക്കാരുവക സാഹിത്യമാണെങ്കിൽ മിനക്കെടാതെ ഡിലീറ്റ് ചെയ്യുന്നതാണ് ഉചിതം. കേരളസർക്കാർ ഇതുവരെ copyleft നയം സ്വീകരിച്ചതായി കേട്ടിട്ടില്ല. copyright ഉണ്ടു താനും. പിന്നെ copyvio എന്ന റ്റെംപ്ലെയ്റ്റ് ഉണ്ടോ എന്നതുമാത്രമാണ് പ്രശ്നം. Calicuter 16:59, 14 ഏപ്രിൽ 2007 (UTC)[മറുപടി]

ഈ പഞ്ചായത്ത് എവിടെയാണ്‌ ഷിജു.. ഒരു ആമുഖം എഴുതിയിട്ട് പകർത്താമായിരുന്നില്ലേ?--Vssun 22:28, 14 ഏപ്രിൽ 2007 (UTC)[മറുപടി]

ഇതെന്താണ്‌?[തിരുത്തുക]

ഇ.എം.എസ്. ജനിച്ചു വളർന്ന ആ പഞ്ചായത്തിനെപ്പറ്റിത്തന്നെയാണോ ഇവിടെ പറയുന്നത്?--അനൂപൻ 05:22, 30 നവംബർ 2007 (UTC)[മറുപടി]

ആഢ്യത്വം[തിരുത്തുക]

ആർക്ക്? --Vssun (സംവാദം) 06:31, 20 ഒക്ടോബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഏലംകുളം&oldid=1450729" എന്ന താളിൽനിന്ന് ശേഖരിച്ചത്