ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രണ്ട്സ്
The title screen, featuring a sofa in front of a fountain in a park
അഭിനേതാക്കൾമാത്യു പെറി,
മാറ്റ് ലേബ്ലാങ്ക്,
ജെന്നിഫർ ആനിസ്റ്റൺ,
ഡേവിഡ് ഷ്വിമ്മർ,
കോർട്ടനി കോക്സ്,
ലിസ കുഡ്രൊ
ഓപ്പണിംഗ് തീം"I'll Be There for You"
by The Rembrandts
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഒറിജിനൽ ഭാഷ(കൾ)ഇംഗ്ലീഷ്
സീസണുകളുടെ എണ്ണം10
എപ്പിസോഡുകളുടെ എണ്ണം236 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)ഡേവിഡ് ക്രെയ്ൻ
മാർത്ത കാഫ്മാൻ
കെവിൻ ബ്രൈറ്റ്
നിർമ്മാണസ്ഥലം(ങ്ങൾ)മാൻഹാട്ടൻ
സമയദൈർഘ്യം20–22 മിനുട്ട്സ് (ഓരോ എപ്പിസോഡും)
22–65 മിനുട്ട്സ് (extended DVD episodes)
പ്രൊഡക്ഷൻ കമ്പനി(കൾ)ബ്രൈറ്റ്/കാഫ്മാൻ/ക്രെയ്ൻ പ്രൊഡക്ഷൻസ്
വാർണർ ബ്രോസ് പ്രൊഡക്ഷൻസ്
വിതരണംഎൻ.ബി.സി,
വാർണർ ബ്രോസ്. ടെലിവിഷൻ (worldwide)
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്എൻ.ബി.സി
ഒറിജിനൽ റിലീസ്സെപ്റ്റംബർ 22, 1994 (1994-09-22) – മേയ് 6, 2004 (2004-05-06)
കാലചരിത്രം
പിൻഗാമിജോയ്
External links
Website

ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടൻ‍ പ്രദേശത്തെ ഒരു കൂട്ടം സുഹൃത്തുക്കളെ ആസ്പദമാക്കിയുള്ള ഒരു അമേരിക്കൻ സിറ്റ്കോമാണ് ഫ്രണ്ട്സ്.സുഹൃത്തുക്കളായ ആറു യുവതീയുവാക്കളുടെ ജീവിതം നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണിതിൽ.1994 മുതൽ 2004 വരെ 236 എപ്പിസോഡുകളായായാണ് ഇത് പ്രക്ഷേപണം ചെയ്യപ്പെട്ടത്. ഡേവിഡ് ക്രെയ്ൻ, മാർത്ത കാഫ്മാൻ എന്നിവരാണ് ഇതിന്റെ സ്രഷ്ടാക്കൾ. ബ്രൈറ്റ്/കാഫ്മാൻ/ക്രെയ്ൻ പ്രൊഡക്ഷൻസ്, ദ ഫ്രെണ്ട്സ് കോർപ്പറേഷൻ എൽഎൽസി, വാർണർ ബ്രോസ്. ടെലിവിഷൻ എന്നിവക്കായി കെവിൻ എസ്. ബ്രൈറ്റ് ആണ് നിർമ്മാണം നിർവഹിച്ചത്. 18 രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്തിട്ടുള്ള ഫ്രെണ്ട്സ് ഇപ്പോഴും മികച്ച പ്രതികരണങ്ങൾ നേടുന്നു. പരമ്പരയുടെ അവസാന എപ്പിസോഡിന് (236മത്തെ എപ്പിസോഡ്) യുഎസിൽ മാത്രം ഏകദേശം 5.11 കോടി പ്രേക്ഷകരാണ് ഉണ്ടായിരുന്നത്.മിക്ക നിരൂപകരും ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല പരമ്പരകളിലൊന്നായാണു ഫ്രെണ്ട്സിനെ കാണുന്നത്.[1] 10 വർഷം നീണ്ടുനിന്ന ഈ പരമ്പര 7 എമ്മി പുരസ്കാരങ്ങളും (മികച്ച ഹാസ്യ പരമ്പര ഉൾപ്പെടെ) ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരവും 2 എസ്എജി പുരസ്കാരങ്ങളും മറ്റ് 56 പുരസ്കാരങ്ങളും 152 നാമനിർദ്ദേശങ്ങളും നേടി.ടി വി ഗെയ്ഡിന്റെ 50 മഹത്തായ ടി വി ഷോകളിൽ 21മതായി സ്ഥാനം പിടിക്കുകയും ചെയ്തു.2002ൽ ഇന്ത്യയിൽ സ്റ്റാർ വേൾഡ്, WB ചാനൽ,സീ കഫെ എന്നീ ചാനലുകളിൽ സംപ്രേഷണം ചെയ്തു.[2][3][4]10 സീസണുകളും ഡിവിഡി രൂപത്തിൽ ലഭ്യമാണു.

കഥാപാത്രങ്ങൾ[തിരുത്തുക]

  • ചാൻഡലർ ബിങ്(മാത്യു പെറി) അസാമാന്യമായ ഹാസ്യബോധമുള്ള ഒരു കഥാപാത്രമാണു ചാൻഡലർ.തന്റെ ബാല്യകാലത്തുണ്ടായ ദുരനുഭവങ്ങൾക്കെതിരായി വികസിപ്പിച്ചെടുത്ത ഒരു പ്രതിരോധ സംവിധാനമാണു തന്റെ ഹാസ്യമെന്നാണു അദ്ദേഹത്തിന്റെ അഭിപ്രായം.ആദ്യ സീസണുകളിൽ ജോയിയുടെ റൂംമേറ്റായിരുന്ന ചാൻഡലർ പിന്നീട് മോണിക്കയെ വിവാഹം കഴിക്കുന്ന.
  • ജോയ് ട്രിബിയാനി(മാറ്റ് ലേബ്ലാങ്ക്) ഒരു അഭിനേതാവാണു ജോയ്.ഒരു സ്ത്രീലമ്പടനും ചെറിയ തോതിൽ മണ്ടനുമായിട്ടാണു ജോയിയെ ചിത്രീകരിച്ചിരിക്കുന്നത്.
  • റേച്ചൽ ഗ്രീൻ(ജെന്നിഫർ ആനിസ്റ്റൺ) മോണിക്കയുടെ ബാല്യകാല സുഹൃത്ത്.റോസ്സുമായി പ്രണയ ബന്ധത്തിലാകുന്നെങ്കിലും പിന്നീട് ഇത് തകരുന്നു.ഫൈനലിൽ ഇവർ വീണ്ടും ഒന്നിക്കുന്നു.
  • റോസ്സ് ഗെല്ലെർ(ഡേവിഡ് ഷ്വിമ്മർ) മോണിക്കയുടെ സഹോദരൻ.മൊത്തം മൂന്നു തവണ വിവാഹം കഴിക്കുന്നെങ്കിലും എല്ലാം തകരുന്നു.ആദ്യഭാര്യ കാരോളിൽ ബെൻ എന്ന മകനും റേച്ചലിൽ എമ്മ എന്ന മകളും ഉണ്ട്.
  • മോണിക്ക ഗെല്ലെർ(കോർട്ടനി കോക്സ്) കർക്കശക്കാരിയും അമിതമായ ശുചിത്വബോധത്തിനുടമയും.റോസ്സിന്റെ സഹോദരിയും ചാൻഡലറിന്റെ ഭാര്യയും.
  • ഫീബി ബുഫേ(ലിസ കുഡ്രൊ) ഉർസുലയെന്നൊരു ഇരട്ട സഹോദരി ഫീബിയ്ക്കുണ്ട്.പിന്നീട് മൈക്കുമായി(പോൾ റുഡ്) വിവാഹം കഴിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

ഫ്രെണ്ട്സ് ആദ്യ സീസണിൽ.
മുൻപിൽ: കോക്സ്,ആനിസ്റ്റൺ.
പിറകിൽ: ലേബ്ലാങ്ക്, കുഡ്രോ,ഷ്വിമ്മർ, പെറി.

പരമ്പര തുടങ്ങുന്ന സമയത്ത് ഇതിലെ പ്രധാന അഭിനേതാക്കൾ പ്രേക്ഷകർക്ക് പരിചിതരായിരുന്നെങ്കിലും താരങ്ങളായി കരുതപ്പെട്ടിരുന്നില്ല.[5]കൂട്ടത്തിൽ പ്രശസ്തി എയിസ് വെഞ്ചുറ:പെറ്റ് ഡിറ്റക്റ്റീവ്,ഫാമിലി ടൈംസ് തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച കോക്സിനായിരുന്നു.[5] കുഡ്രോ മുൻപ് മാഡ് എബൗട്ട് യൂ എന്ന പരമ്പരയിൽ ഉർസുല ബുഫേ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ഈ കഥാപാത്രം പിന്നീട് ഫ്രണ്ട്സിലും പ്രത്യക്ഷപ്പെടുന്നുണ്ട്.[5]ലേബ്ലാങ്ക് ചില ചെറു കഥാപാത്രങ്ങളെ മുൻപ് അവതരിപ്പിച്ചിരുന്നുവെങ്കിലും കരിയറിൽ ഒരു പ്രതിസന്ധിഘട്ടത്തിൽ നിൽക്കുമ്പോഴാണ് ഇതിലേക്ക് പരിഗണിക്കപ്പെടുന്നത്.[6] ആനിസ്റ്റണും പെറിയും മുൻപ് ചില പരമ്പരകളിലഭിനയിച്ചുവെങ്കിലും അവയെല്ലാം പരാജയമായിരുന്നു.[5][7] ഫ്രണ്ട്സിനു മുൻപ് ഷ്വിമ്മർ ദ വണ്ടർ ഇയേർസ്,NYPD ബ്ലൂ തുടങ്ങിയവയിൽ ചെറു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.[5] എന്നാൽ പത്താം സീസണായതോടു കൂടി പ്രേക്ഷകർക്ക് ആറു പേരും സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ പരിചിതരായി തീർന്നു.[8]

ആദ്യ സീസണിൽ ആറു അഭിനേതാക്കൾക്കും എപ്പിസോഡിന് $22,500 വീതം പ്രതിഫലം ലഭിച്ചു.[9] രണ്ടാം സീസണിൽ $20,000 മുതൽ $40,000 വരെയായി ഓരോരുത്തർക്കും വ്യത്യസ്ത പ്രതിഫലമാണ് ലഭിച്ചത്.[9][10]എന്നാൽ മൂന്നാം സീസണിനു മുൻപ് ഒറ്റക്കെട്ടായി തുല്യ ശമ്പളം നിശ്ചയിക്കാൻ ആറു പേരും തീരുമാനിച്ചു. [11] അതു പ്രകാരം ആറു പേരിൽ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിച്ചിരുന്ന താരത്തിന്റെ ശമ്പളമാണ് എല്ലാവർക്കും ലഭിക്കുക.ഇതിന്റെ ഫലമായി ഷ്വിമ്മറും ആനിസ്റ്റണും തങ്ങളുടെ ശമ്പളം കുറച്ചു. പിന്നീട് താരങ്ങൾക്ക് കിട്ടിയ ശമ്പളം എപ്പിസോഡിന് $75,000(സീസൺ 3), $85,000(സീസൺ 4), $100,000(സീസൺ 5), $125,000(സീസൺ 6), $750,000(സീസൺ 7&8), $10,00,000(സീസൺ 9&10).[7][12]

പരമ്പരയുടെ സ്രഷ്ടാവായിരുന്ന ഡേവിഡ് ക്രെയിൻ ആറൂ താരങ്ങൾക്കും പരമ്പരയിൽ തുല്യ പ്രാധാന്യം വേണമെന്നാണ് ആഗ്രഹിച്ചത്,[13]അത് നടപ്പായതിന്റെ ഫലമായി പരമ്പര ആദ്യത്തെ യഥാർഥ സമഷ്‌ടി(ensemble) പരമ്പരയായി കരുതപ്പെടുന്നു.ഇതിനു വേണ്ടി അഭിനേതാക്കളും പ്രയത്നിച്ചിരുന്നു.അതിനാൽ തന്നെ ആർക്കും അമിത പ്രാധാന്യം വരാതിരിക്കാനും അവർ ശ്രദ്ധിച്ചിരുന്നു[14]കൂടാതെ തിരശ്ശീലക്കു പുറത്തും അവർ ഉറ്റസുഹൃത്തുക്കളായി മാറി.[15][16] പരമ്പര അവസാനിച്ച് ശേഷവും ആ സൗഹൃദം നിലനിന്നിരുന്നു[17][18]

പ്രശസ്തരായ അതിഥി താരങ്ങൾ[തിരുത്തുക]

ബ്രൂസ് വില്ലിസ്, ബ്രാഡ് പിറ്റ്, ജൂലിയ റോബർട്ട്സ്, റീസ് വിതർസ്പൂൺ, ജോർജ്ജ് ക്ലൂണി, ബെൻ സ്റ്റില്ലർ, ക്രിസ്റ്റീന ആപ്പിൾഗേറ്റ്, സൂസൻ സരാൻഡൻ, റോബിൻ വില്യംസ്, വിനോന റൈഡർ, ചാർളി ഷീൻ, ഗാരി ഓൾഡ്മാൻ

സംഗ്രഹം[തിരുത്തുക]

ആദ്യ സീസൺ ആറ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു - റേച്ചൽ, മോണിക്ക, ഫീബി, ജോയി, ചാൻഡലർ, റോസ്. പ്രതിശ്രുത വരനായ ബാരിയെ അൾത്താരയിൽ ഉപേക്ഷിച്ചു വരുന്ന റേച്ചൽ, മോണിക്കയോടൊപ്പം അപ്പാർട്ടുമെന്റിലേക്ക് മാറുന്നു. സ്വവർഗാനുരാഗിയായി തീർന്ന മുൻഭാര്യ കാരൾ ഗർഭിണി ആയിരിക്കെ, റേച്ചലിനോടു സ്നേഹം വെളിപ്പെടുത്താൻ വെമ്പി നടക്കുകയാണ് റോസ്. അഭിനേതാവായി ജീവിക്കാൻ ജോയി ബുദ്ധിമുട്ടുമ്പോൾ , മസാജ് പാർലറിൽ ജോലി ചെയ്യുകയാണ് ഫീബി. ചാൻഡലർ ഗേൾഫ്രണ്ടായ ജാനീസുമായി പിരിയുന്നു. സീസൺ അവസാനിക്കാറാകുമ്പോൾ റോസ് റേച്ചലിനെ സ്നേഹിക്കുന്നുവെന്ന് ചാൻഡലർ അറിയാതെ വെളിപ്പെടുത്തുകയും തനിക്കും അതേ വികാരം തന്നെയാണെന്ന് റേച്ചൽ മനസ്സിലാക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ സീസണിൽ റോസ്, ഗ്രാജ്വേറ്റ് സ്കൂളിൽ വെച്ച് പരിചയപ്പെട്ട ജൂലി എന്ന പെൺകുട്ടിയുമായി അടുപ്പത്തിലാണെന്ന് റേച്ചൽ മനസ്സിലാക്കുന്നു. റോസിനോടുള്ള സ്നേഹം വെളിപ്പെടുത്താനുള്ള റേച്ചലിന്റെ ശ്രമങ്ങൾ പരാജയപ്പെടുന്നത് ആദ്യ സീസണിലെ റോസിന്റെ വ്യർത്ഥ ശ്രമങ്ങളെ ഓർമപ്പെടുത്തുന്നു. എങ്കിലും വൈകാതെ തന്നെ അവർ ഒന്നിക്കുന്നു. ഡേയ്സ് ഓഫ് ഔർ ലൈവ്സ്‌ എന്ന സോപ്പ് ഓപ്പറയിൽ ജോയിക്ക് അവസരം ലഭിക്കുന്നു. എങ്കിലും, ഒരു അഭിമുഖത്തിൽ കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ തന്റെ തന്നെ സംഭാവനയാണെന്ന അവകാശ വാദം ഉന്നയിച്ചതു മൂലം എഴുത്തുകാർ ജോയിയുടെ കഥാപാത്രത്തെ ഇല്ലാതാക്കുന്നു. അടുത്തിടെ വിവാഹമോചനം നേടുകയും തന്നെക്കാൾ 21 വയസിനു മൂത്തതുമായ റിച്ചാർഡുമായി(ടോം സെല്ലെക്ക്) മോണിക്ക അടുക്കുന്നു. സീസണിന്റെ അന്ത്യ ഭാഗത്തിൽ റിച്ചാർഡിന് കുട്ടികളുണ്ടാകുന്നതിൽ താല്പര്യമില്ലെന്ന് വ്യക്തമാക്കുമ്പോൾ അവർ ബന്ധം അവസാനിപ്പിക്കുന്നു.

റിച്ചാർഡ് എന്ന കഥാപാത്രം ടോം സെല്ലെക്കിന് 2000-ലെ എമ്മി അവാർഡ് നാമനിർദ്ദേശം നേടിക്കൊടുത്തു.[19]

മൂന്നാമത്തെ സീസണിൽ റേച്ചൽ ബ്ലൂമിംഗ്ഡേൽ എന്ന വ്യാപാര ശൃഖലയിൽ ജോലി കരസ്ഥമാക്കുന്നു. റേച്ചലിന്റെ സഹപ്രവർത്തകനായ മാർക്ക്, റോസിൽ അസൂയ ഉളവാക്കുന്നു. തങ്ങളുടെ ബന്ധത്തിന് ഒരു താൽക്കാലിക വിരാമം നൽകാമെന്ന റേച്ചലിന്റെ തീരുമാനം റോസിനെ വേദനിപ്പിക്കുകയും മദ്യലഹരിയിൽ പരസ്ത്രീയുമായി ശയിക്കുക വഴി റേച്ചലുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്യേണ്ടതായി വരുന്നു. ഇരട്ട സഹോദരിയായ ഉർസുല മാത്രമാണ് കുടുംബത്തിൽ അവശേഷിക്കുന്നത് എന്ന വിശ്വാസത്തിൽ ജീവിച്ചിരുന്ന ഫീബി തന്റെ അർദ്ധ സഹോദരനെയും ജന്മം നൽകിയ മാതാവിനെയും കണ്ടു മുട്ടാനിടയാകുന്നു. കേറ്റ് എന്ന അഭിനയ പങ്കാളിയുമായി ജോയി അടുക്കുമ്പോൾ, മോണിക്ക ധനാഢ്യനായ പീറ്റ് ബെക്കറുമായി(ജോൻ ഫാവ്രോ) അടുക്കുന്നു.

നാലാമത്തെ സീസണിൽ റോസും റേച്ചലും ചുരുങ്ങിയ കാലത്തേക്ക് ഒന്നിക്കുമെങ്കിലും, തങ്ങൾ പിരിഞ്ഞിരിക്കുകയാണെന്ന നിലപാടിൽ തന്നെ റോസ് തുടരുന്നു. കാത്തി എന്ന നാടകാഭിനേത്രിയുമായി ജോയി അടുക്കുന്നുവെങ്കിലും ചാൻഡലർ അവളുമായി അനുരാഗത്തിലാവുന്നു. പക്ഷെ മറ്റൊരു അഭിനേതാവുമായി ബന്ധമുണ്ടെന്ന സംശയം മൂലം ചാൻഡലർ കാത്തിയുമായി പിരിയുന്നു. തന്റെ സഹോദരനും ഭാര്യക്കും വേണ്ടി ഫീബി തന്റെ ഗർഭപാത്രം നൽകുന്നു. ഒരു പന്തയത്തിൽ തോറ്റത് മൂലം റേച്ചലും മോണിക്കയും തങ്ങളുടെ അപ്പാർട്ട്മെന്റ് ജോയിയുടെയും ചാൻഡലറിന്റെയുമായി കൈമാറ്റം ചെയ്യുമെങ്കിലും, നിക്സ് സീസൺ ടിക്കറ്റും ഒരു മിനിറ്റ് നീണ്ടു നിൽക്കുന്ന ചുംബനവും നൽകി അവർ തങ്ങളുടെ അപ്പാർട്ട്മെന്റ് തിരികെ നേടിയെടുക്കുന്നു. എമിലി എന്ന ഇംഗ്ലീഷ് യുവതിയുമായി അടുക്കുന്ന റോസ്, സീസൺ അവസാനിക്കാറാകുമ്പോൾ അവളെ വിവാഹം ചെയ്യുന്നു. ചാൻഡലറും മോണിക്കയും ഒരുമിച്ചു ശയിക്കുന്നു. റോസ്-എമിലി വിവാഹത്തിൽ പങ്കെടുക്കാൻ റേച്ചൽ തീരുമാനിക്കുന്നു. വിവാഹ പ്രതിജ്ഞകൾ ചൊല്ലുമ്പോൾ, വധുവിനെയും ബന്ധുക്കളെയും ഞെട്ടിച്ചു കൊണ്ട്, റോസ് അബദ്ധത്തിൽ റേച്ചലിന്റെ പേരു പറയുന്നു.

അഞ്ചാമത്തെ സീസണിൽ മോണിക്കയും ചാൻഡലറും തങ്ങളുടെ ബന്ധം സുഹൃത്തുക്കളിൽ നിന്നും മറച്ചു വെക്കാൻ ശ്രമിക്കുന്നു. നൂറാമത്തെ എപ്പിസോഡിൽ ഫീബി മൂന്നു കുഞ്ഞുങ്ങൾക്ക്‌ ജന്മം നൽകുന്നു. ഫ്രാങ്ക് ജൂനിയർ ജൂനിയർ എന്ന ആൺകുട്ടി, ലെസ്‌ലി, ചാൻഡലർ എന്ന രണ്ടു പെൺകുട്ടികളും.(രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, മൂന്നാമത്തേത് പെൺകുട്ടി ആയിട്ടും ചാൻഡലർ എന്ന പേര് നില നിർത്താൻ തീരുമാനിക്കുകയായിരുന്നു.) റേച്ചലിന്റെ സാന്നിധ്യം എമിലിയെ അസ്വസ്ഥയാക്കുകയും, അവളുമായുള്ള സൗഹൃദം കൈവിടാൻ റോസ് തയ്യാറാകാത്തത് കൊണ്ടും എമിലി-റോസ് വിവാഹ ബന്ധം വേർപിരിയുന്നു. ഗാരി എന്ന പോലീസ് ഓഫീസറുമായി ഫീബി അടുക്കുന്നു. സുഹൃത്തുക്കളുടെ അത്ഭുതത്തിനും പിന്നീട് സന്തോഷത്തിനും വഴിയൊരുക്കിക്കൊണ്ട് മോണിക്കയും ചാൻഡലറും തങ്ങളുടെ ബന്ധം പരസ്യമാക്കുന്നു. ലാസ് വെഗാസിൽ വെച്ച് വിവാഹിതരാകാൻ തീരുമാനിക്കുന്ന മോണിക്കയും ചാൻഡലറും മദ്യപിച്ചു ലക്കു കെട്ട് ചാപ്പലിൽ നിന്ന് ഇറങ്ങി വരുന്ന റേച്ചലിനെയും റോസിനെയും കണ്ടു തീരുമാനം മാറ്റുന്നു.

ആറാമത്തെ സീസണിൽ, റോസ്-റേച്ചൽ വിവാഹം മദ്യപിച്ച് സംഭവിച്ച ഒരു അബദ്ധം ആണെന്ന് വ്യക്തമാവുകയും, തുടർന്നു വിവാഹ മോചനം നേടുകയും ചെയ്യുന്നു. ചാൻഡലറും മോണിക്കയും ഒരുമിച്ചു താമസിക്കുവാൻ തീരുമാനിക്കുന്നതിനാൽ റേച്ചൽ ഫീബിയുടെ അപ്പാർട്ടുമെന്റിലേക്കു മാറുന്നു. മാക് ആൻഡ്‌ ചീസ് എന്ന കേബിൾ ടെലിവിഷൻ സീരീസിൽ ഒരു റോബോട്ടുമൊത്തുള്ള വേഷം ജോയിക്കു ലഭിക്കുന്നു. ന്യു യോർക്ക്‌ യുണിവേഴ്സിറ്റിയിൽ അധ്യാപന ജോലിയിൽ പ്രവേശിക്കുന്ന റോസ്, എലിസബത്ത് എന്ന വിദ്യാർത്ഥിനിയുമായി അടുക്കുന്നു. അപ്പാർട്ടുമെന്റിലെ അഗ്നി ബാധയെ തുടർന്ന് റേച്ചൽ ജോയിക്കൊപ്പവും ഫീബി മോണിക്ക-ചാൻഡലറിനൊപ്പവും മാറുന്നു. റിച്ചാർഡുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്ന മോണിക്കയോട് വിവാഹാഭ്യർത്ഥന നടത്താൻ ചാൻഡലർ തീരുമാനിക്കുന്നു. താനിപ്പോഴും മോണിക്കയെ സ്നേഹിക്കുന്നുവെന്ന് റിച്ചാർഡ് വെളിപ്പെടുത്തുന്നുവെങ്കിലും മോണിക്ക ചാൻഡലറിന്റെ വിവാഹാഭ്യർത്ഥന സ്വീകരിക്കുന്നു.

ഫീബിയുടെ കാമുകനും പിന്നീട് ഭർത്താവുമായിത്തീരുന്ന മൈക്കിനെ അവതരിപ്പിച്ച പോൾ റുഡ്, തന്റെ കഥാപാത്രം തുടർച്ചയായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ അതിശയപ്പെട്ടു.[20]

ഏഴാമത്തെ സീസണിൽ ചാൻഡലർ-മോണിക്ക വിവാഹത്തിന്റെ ഒരുക്കങ്ങൾ അവതരിപ്പിക്കുന്നു. ജോയിയുടെ മാക്‌ ആൻഡ്‌ ചീസ് ടെലിവിഷൻ പരമ്പര നിർത്തലാക്കപ്പെടുന്നുവെങ്കിലും ഡേയ്സ് ഓഫ് ഔർ ലൈവ്സ്‌ പരമ്പരയിലെ വേഷം തിരികെ ലഭിക്കുന്നു. ഫീബിയുടെ അപ്പാർട്ടുമെന്റ് നന്നാക്കപ്പെടുന്നുവെങ്കിലും രണ്ടു കിടപ്പു മുറികൾ ഉണ്ടായിരുന്നത് യോജിപ്പിച്ചു ഒന്നാക്കി മാറ്റിയതിനാൽ റേച്ചൽ ജോയിക്കൊപ്പം തന്നെ നിൽക്കുന്നു. സീസണിന്റെ ഒടുവിൽ ചാൻഡലർ-മോണിക്ക വിവാഹിതരാവുന്നു. മോണിക്കയുടെ കുളിമുറിയിൽ ഉപയോഗം കഴിഞ്ഞ ഗർഭ പരിശോധനോപകരണം ഫീബി കണ്ടെടുക്കുന്നതോടെ, മോണിക്ക ഗർഭിണിയാണെന്ന് സുഹൃത്തുക്കൾ വിശ്വസിക്കുന്നു. ഏറ്റവുമവസാനം റേച്ചൽ ആണ് ഗർഭിണി എന്ന് പ്രേക്ഷകർക്ക്‌ വെളിപ്പെടുത്തുന്നു.

എട്ടാമത്തെ സീസണിൽ, ആദ്യ മൂന്ന് എപ്പിസോഡുകൾ റേച്ചലിന്റെ കുട്ടിയുടെ പിതൃത്വത്തെ ചുറ്റിപ്പറ്റിയാണ്. ഒടുവിൽ കുട്ടിയുടെ പിതാവ് റോസ് ആണെന്ന് വെളിപ്പെടുന്നു. ഇരുവരും കുഞ്ഞുണ്ടാകുന്നതിനോട് അനുകൂലമാണെങ്കിലും ഒന്നിച്ചൊരു ജീവിതം വേണ്ടെന്നു തീരുമാനിക്കുന്നു. ജോയിക്കു റേച്ചലിനോട്‌ അനുരാഗമുളവാകുന്നുവെങ്കിലും, റേച്ചൽ അത് നിരുത്സാഹപ്പെടുത്തുന്നു. സീസൺ അവസാനിക്കുമ്പോൾ റേച്ചൽ, എമ്മ എന്ന കുഞ്ഞിനു ജന്മം നൽകുന്നു. റേച്ചലുമായുള്ള വിവാഹം നടന്നു കാണാൻ ആഗ്രഹിക്കുന്നതിനാൽ റോസിനെ അമ്മ ഒരു വിവാഹ മോതിരം ഏൽപ്പിക്കുന്നു. വിവാഹാഭ്യർത്ഥന നടത്താൻ ഉദ്ദേശ്യം ഇല്ലെങ്കിലും റോസ് മോതിരം വാങ്ങുകയും ജാക്കറ്റിന്റെ പോക്കറ്റിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ആശുപത്രി മുറിയിൽ വെച്ച്, റേച്ചലിനെ ആശ്വസിപ്പിക്കാൻ തൂവാലക്കായി റോസിന്റെ ജാക്കറ്റിൽ തിരയുന്ന ജോയിയുടെ കയ്യിൽ നിന്ന് മോതിരം താഴെ വീഴുന്നു. മുട്ടിന്മേൽ നിന്ന് മോതിരം എടുത്തു കൊണ്ട് റേച്ചലിന്റെ നേർക്ക്‌ തിരിയുന്ന ജോയിയെ കണ്ട്, വിവാഹാഭ്യർത്ഥന നടത്തുകയാണെന്ന് തെറ്റിദ്ധരിച്ച്‌ റേച്ചൽ സമ്മതം മൂളുന്നു.

ഒൻപതാമത്തെ സീസണിന്റെ തുടക്കത്തിൽ റോസും റേച്ചലും എമ്മയുമൊത്ത് ഒന്നിച്ചു താമസിക്കാൻ തുടങ്ങുന്നു. മോണിക്കയും ചാൻഡലറും ഒരു കുഞ്ഞിനായി ശ്രമിക്കുന്നുവെങ്കിലും അത് സാധ്യമല്ലെന്ന് തിരിച്ചറിയുന്നു. പൂർവ കാമുകനായ ഡേവിഡിനെ വിട്ട് മൈക്ക് ഹാനിഗനുമൊത്ത് ബന്ധം തുടരാൻ ഫീബി തീരുമാനിക്കുന്നു. സീസണിന്റെ മധ്യത്തിൽ റേച്ചലും എമ്മയും ജോയിയുടെ അപ്പാർട്ടുമെന്റിലേക്ക് മാറുകയും റേച്ചലിന് ജോയിയോട്‌ അനുരാഗാമുളവാകുകയും ചെയ്യുന്നു. പാലിയന്റോളജി കോൺഫറൻസിലെ റോസിന്റെ മുഖ്യ പ്രഭാഷണം കേൾക്കുന്നതിനായി സുഹൃത്തുക്കളെല്ലാവരും കൂടി ബാർബഡോസിലേക്ക് പോകുന്നു. ജോയി കാമുകിയായ ചാർളിയുമായി പിരിയുകയും അവൾ റോസുമായി അടുക്കുകയും ചെയ്യുന്നു. പരസ്പരം കൂടുതൽ അടുക്കുന്ന ജോയിയുടെയും റേച്ചലിന്റെയും ചുംബനത്തോടെ സീസൺ അവസാനിക്കുന്നു.

പത്താമത്തെ സീസൺ നിരവധി കഥാതന്തുക്കളെ കൂട്ടിയിണക്കുന്നു. ചാർളി റോസുമായി പിരിയുന്നു. റോസിന്റെ വികാരങ്ങളെ മാനിച്ച് സുഹൃത്തുക്കളായി മാത്രം തുടരാൻ ജോയിയും റേച്ചലും തീരുമാനിക്കുന്നു. ഫീബിയും മൈക്കും വിവാഹിതരാവുന്നു. മോണിക്കയും ചാൻഡലറും ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിക്കുകയും എറിക(അന്ന ഫാരിസ്) അവരെ അംഗീകരിക്കുകയും ചെയ്യുന്നു. സീസൺ അവസാനിക്കുമ്പോൾ എറിക ഇരട്ടകുഞ്ഞുങ്ങൾക്ക്‌ ജന്മം നൽകുന്നു - ജാക്ക്(മോണിക്കയുടെ പിതാവിന്റെ പേര്) എന്ന ആൺകുട്ടി, എറിക(ജന്മം നൽകിയ മാതാവിന്റെ പേര്) എന്ന പെൺകുട്ടി. നഗരത്തിൽ നിന്ന് മാറി ജീവിക്കാൻ മോണിക്കയും ചാൻഡലറും തീരുമാനിക്കുമ്പോൾ, തന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളോർത്ത് ജോയി അസ്വസ്ഥനാകുന്നു. പാരീസിലെ ഒരു ജോലി റേച്ചൽ സ്വീകരിക്കുമ്പോൾ, അവളോടുള്ള സ്നേഹം മനസ്സിലാകുന്ന റോസ് അവളുടെ പുറകെ പോകുന്നു. റോസിനോടുള്ള സ്നേഹം റേച്ചലും മനസ്സിലാക്കുകയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. സുഹൃത്തുക്കളെല്ലാവരും, ഒപ്പം മോണിക്കയുടെയും ചാൻഡലറിന്റെയും കുഞ്ഞുങ്ങളും ചേർന്ന് സെൻട്രൽ പെർക്കിൽ അവസാനത്തെ ഒരു കപ്പ് കോഫിക്കായി പോകുന്നിടത്ത് സീസൺ അവസാനിക്കുന്നു.

നിർമ്മാണം[തിരുത്തുക]

ആശയം[തിരുത്തുക]

"ഇത് സെക്സ്, പ്രണയം, ബന്ധങ്ങൾ, ജോലി, ജീവിതത്തിൽ എന്തും സാധ്യമെന്ന് തോന്നുന്ന കാലം എന്നിവയെപ്പറ്റിയുള്ളതാണ്. ഒപ്പം സുഹൃദ്ബന്ധങ്ങളും, കാരണം നഗരത്തിൽ ഒറ്റയ്ക്ക് കഴിയുന്നവർക്ക് സുഹൃത്തുക്കളാണ് കുടുംബം."
—ക്രെയ്ൻ, കോഫ്മാൻ, ബ്രൈറ്റ് എന്നിവർ എൻബിസിക്ക് നൽകിയ യഥാർഥ സംക്ഷേപം.[21]

1993-ൽ ഫാമിലി ആൽബം എന്ന സിറ്റ്കോം സിബിഎസ് നിർത്തലാക്കിയപ്പോൾ ഡേവിഡ്‌ ക്രെയ്ൻ, മാർത്ത കോഫ്മാൻ എന്നിവർ ചേർന്ന് 1994 അവസാനത്തോടെ പ്രദർശിപ്പിക്കുവാനായി മൂന്നു പുതിയ ടെലിവിഷൻ പൈലറ്റുകൾ സൃഷ്ടിച്ചു.[22]"ഇരുപതുകളിലുള്ള ആറു വ്യക്തികൾ മാൻഹട്ടനിൽ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്ന കഥ"യായി എൻ ബി സി ക്കു മുന്നിൽ അവതരിപ്പിക്കാൻ കോഫ്മാനും ക്രെയ്നും തീരുമാനിച്ചു.[23]തങ്ങളുടെ ഡ്രീം ഓൺ എന്ന എച്ബിഒ സീരീസിൽ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആയി പ്രവർത്തിച്ച, നിർമ്മാണ പങ്കാളി കൂടി ആയ കെവിൻ ബ്രൈറ്റിനു മുന്നിൽ കോഫ്മാനും ക്രെയ്നും ആശയം അവതരിപ്പിച്ചു.[24]കോളേജിൽ നിന്നിറങ്ങി ന്യൂയോർക്കിൽ ജീവിക്കാൻ തുടങ്ങിയപ്പോൾ, ഭാവി ഒരു ചോദ്യ ചിഹ്നമായി നിന്ന കാലത്തെക്കുറിച്ചുള്ള ഓർമ്മകളിൽ നിന്നാണ് കോഫ്മാനും ക്രെയ്നും പരമ്പരയുടെ ആശയം വികസിപ്പിച്ചത്.[21] എല്ലാവരും തന്നെ കടന്നു പോയിട്ടുണ്ടാവാൻ സാധ്യതയുള്ള ഒരു അനുഭവമായത്[21] കൊണ്ട് തന്നെ ഈ ആശയം ആളുകളിൽ താല്പര്യം ഉളവാക്കുമെന്ന് അവർ വിശ്വസിച്ചു. മാത്രവുമല്ല അവരുടെ അപ്പോഴത്തെ ജീവിതാവസ്ഥയും അങ്ങനെ തന്നെയായിരുന്നു.[21] ഡിസംബർ 1993ൽ ഇന്സോമ്നിയ കഫെ എന്ന് പരമ്പരക്ക് പേരു നൽകി ഏഴു പേജിൽ ആശയം അവതരിപ്പിച്ച് എൻ ബി സി ക്ക് നൽകി.[21][23]

അതെ സമയത്തു തന്നെ എൻബിസി എന്റർടെയിൻമെന്റിന്റെ അപ്പോഴത്തെ പ്രസിഡണ്ട്‌ ആയ വാറൻ ലിറ്റിൽഫീൽഡ്, ഒരുമിച്ചു താമസിക്കുകയും ചെലവുകൾ പങ്കിടുകയും ചെയ്യുന്ന ഒരു പറ്റം യുവാക്കളെ ആസ്പദമാക്കിയുള്ള ഒരു ഹാസ്യ പരമ്പരക്കായി അന്വേഷിക്കുകയായിരുന്നു.കുടുംബാഗംങ്ങളെ പോലെ ആയിത്തീരുന്ന[5] സുഹൃത്തുക്കൾക്കൊപ്പം ജീവിതത്തിലെ എന്നും ഓർമിക്കപ്പെടുന്ന നിമിഷങ്ങൾ ഈ സംഘം ചിലവിടണമെന്നു ലിറ്റിൽഫീൽഡ് ആഗ്രഹിച്ചു. എൻബിസി നൽകിയ നിലവാരമില്ലാത്ത തിരക്കഥകൾ മൂലം ആശയ പൂർത്തീകരണത്തിന് അദ്ദേഹം ബുദ്ധിമുട്ടി. ക്രെയ്ൻ, കോഫ്മാൻ, ബ്രൈറ്റ് എന്നിവർ ഇന്സോമ്നിയ കഫെ അവതരിപ്പിച്ചപ്പോൾ, കഥാപാത്രങ്ങളെ കുറിച്ച് അവർക്കുള്ള അവഗാഹം ലിറ്റിൽഫീൽഡിൽ മതിപ്പുളവാക്കി.[5] ആദ്യ എപ്പിസോഡുകൾ ചിത്രീകരിച്ചില്ലെങ്കിൽ സ്റ്റുഡിയോ സാമ്പത്തിക ബാദ്ധ്യതകൾ നേരിടേണ്ടി വരുമെന്ന പുട്ട് പൈലറ്റ് കരാറിന്മേൽ എൻബിസി ആശയം സ്വീകരിച്ചു.[25] ഫ്രണ്ട്സ് ലൈക്‌ അസ്‌[21] എന്ൻ നാമകരണം ചെയ്ത് കോഫ്മാനും ക്രെയ്നും മൂന്നു ദിവസത്തിൽ പൈലറ്റ് എപ്പിസോഡിനായുള്ള തിരക്കഥ തയ്യാറാക്കി.[26]ജെനറേഷൻ എക്സിനെ പ്രതിനിധീകരിച്ച്, അവരുടെ ബന്ധങ്ങളെ ഒരു പുതിയ തലത്തിൽ കാണിക്കുന്ന പരമ്പര വേണമെന്നായിരുന്നു ലിറ്റിൽഫീൽഡ്ആഗ്രഹിച്ചതെങ്കിലും ക്രെയ്ൻ, കോഫ്മാൻ, ബ്രൈറ്റ് എന്നിവർക്ക് അതിനോട് യോജിപ്പില്ലായിരുന്നു. ഒരു തലമുറയ്ക്ക് എന്നതിലുപരി എല്ലാവർക്കും ആസ്വാദ്യമായ ഒരു പരമ്പരയാണ് നല്ലതെന്നായിരുന്നു ക്രെയ്നിന്റെ വാദം.[5] തിരക്കഥ ഇഷ്ടപ്പെട്ട എൻബിസി പരമ്പരക്ക് അംഗീകാരം നൽകുകയും ദീസ് ഫ്രണ്ട്സ് ഓഫ് മൈൻ എന്ന എബിസി സിറ്റ്കോമുമായുള്ള പേരിലെ സാദൃശം ഒഴിവാക്കാനായി സിക്സ് ഓഫ് വൺ എന്ന പേര് നിർദ്ദേശിക്കുകയും ചെയ്തു.[27]

താരനിർണയം[തിരുത്തുക]

കോർട്ട്നി കോക്സ് റേച്ചലിനെ അവതരിപ്പിക്കണം എന്നായിരുന്നു നിർമ്മാതാക്കളുടെ ആഗ്രഹമെങ്കിലും, മോണിക്കയെ അവതരിപ്പിക്കണമെന്ന് കോക്സ് ആഗ്രഹിച്ചു.

എൻബിസിക്ക് പ്രത്യേക താല്പര്യമുള്ള പ്രൊജക്റ്റ്‌ ആണെന്ന് വ്യക്തമായതോടെ ലിറ്റിൽഫീൽഡിന് പ്രദേശത്തെ എല്ലാ അഭിനേതാക്കളുടെ എജന്റുമാരിൽ നിന്നും അന്വേഷണങ്ങൾ വന്നു തുടങ്ങി.[5]മുഖ്യ വേഷങ്ങളിലേക്കുള്ള യോഗ്യതാ പരീക്ഷ ന്യൂയോർക്ക്‌, ലോസ് ഏഞ്ചലസ് എന്നിവിടങ്ങളിൽ നടന്നു.[28] കാസ്റ്റിംഗ് സംവിധായകൻ അപേക്ഷ നൽകിയ ആയിരത്തോളം അഭിനേതാക്കളിൽ നിന്ന് പേരുടെ ലിസ്റ്റ് തയ്യാറാക്കി. വീണ്ടും വിളി ലഭിച്ചവർ ക്രെയ്ൻ, കോഫ്മാൻ, ബ്രൈറ്റ് എന്നിവർക്ക് മുന്നിൽ അഭിനയിച്ചു. മാർച്ച് അവസാനത്തോടെ ഓരോ മുഖ്യ വേഷങ്ങളിലേക്ക് സാധ്യതയുള്ളവരായി മൂന്നോ നാലോ പേരെ തിരഞ്ഞെടുക്കുകയും അവർ അപ്പോഴത്തെ വാർണർ ബ്രദേർസ് പ്രസിഡന്റ്‌ ആയ ലെ മൂൺവ്സിനു മുന്നിൽ അഭിനയിക്കുകയും ചെയ്തു.[29]

ഡേവിഡ്‌ ഷ്വിമ്മറുമൊത്ത് പ്രവർത്തിച്ച മുൻപരിചയം ഉള്ളത് കൊണ്ട്,[28] അദ്ദേഹത്തെ മനസ്സിൽ കണ്ടു കൊണ്ടാണ് തിരക്കഥാകൃത്തുക്കൾ റോസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. ആദ്യം നിർണയിച്ച നടനും അദ്ദേഹം തന്നെ.[30]മോണിക്കയുടെ വേഷം ചെയ്യാനായിരുന്നു കോക്സിന്റെ താല്പര്യമെങ്കിലും, 'ഉത്സാഹവും ചുറുചുറുക്കും' നിറഞ്ഞ കോക്സ് റേച്ചലിനെ അവതരിപ്പിക്കുന്നതിനോടായിരുന്നു നിർമ്മാതാക്കളുടെ ആഗ്രഹം. എന്തെന്നാൽ മോണിക്ക എന്ന കഥാപാത്രത്തെക്കുറിച്ചുള്ള അവരുടെ അവരുടെ സങ്കൽപം മറിച്ചായിരുന്നു. പക്ഷെ കോക്സിന്റെ അഭിനയ പരീക്ഷക്കു ശേഷം കോഫ്മാൻ അവരോടു യോജിക്കുകയും കോക്സ് മോണിക്കയുടെ വേഷം കരസ്ഥമാക്കുകയും ചെയ്തു.[21][31] മാറ്റ് ലേബ്ലാങ്ക് ജോയിയുടെ വേഷം അഭിനയിച്ചു കാണിച്ചപ്പോൾ, ആ കഥാപാത്രത്തിന് ഒരു 'വ്യത്യസ്തത' കൊണ്ടു വരാൻ ശ്രമിച്ചു.[21]ജോയിയുടെ മന്ദത എഴുത്തുകാർ ആദ്യം തീരുമാനിച്ചതല്ലെങ്കിലും, പിന്നീട് ഹാസ്യത്തിന്റെ നല്ലൊരു സ്രോതസ്സാണെന്ന് തിരിച്ചറിഞ്ഞു. എഴുത്തുകാർ തിരിച്ചറിയാതെ പോയ നല്ല ഒരു മനസ്സു കൂടി ലേബ്ലാങ്ക് കഥാപാത്രത്തിന് നൽകി. കോഫ്മാനും ക്രെയ്നും ലേബ്ലാങ്കിനെ പ്രസ്തുത വേഷത്തിലേക്ക് എടുക്കണ്ട എന്ന് തീരുമാനിച്ചെങ്കിലും നെറ്റ് വർക്കിന്റെ തീരുമാനം മറിച്ചായിരുന്നു.[21]ജെന്നിഫർ ആനിസ്റ്റൺ, ലിസ കുഡ്രോ, മാത്യു പെറി എന്നിവർ അഭിനയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബാക്കി വേഷങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[28]

താരനിർണയത്തിലുടനീളം പരമ്പരയുടെ കഥാഗതിയിൽ സാരമായ മാറ്റങ്ങൾ വന്നു. അഭിനേതാക്കൾക്ക് അനുയോജ്യമായ രീതിയിൽ കഥാപാത്രങ്ങളെ വികസിപ്പിക്കേണ്ടിയിരിക്കുന്നുവെന്നു കഥാകൃത്തുക്കൾ മനസ്സിലാക്കുകയും, ആ പ്രക്രിയ ആദ്യ സീസണിലുടനീളം സംഭവിക്കുകയും ചെയ്തു. ജോയിയുടെ കഥാപാത്രം 'ഒരു പുതിയ വ്യക്തിത്വം' നേടുകയും 'ആദ്യ താങ്ക്സ്ഗിവിംഗ് എപ്പിസോഡിലാണ് മോണിക്കയുടെ വെപ്രാളം എത്രയോ രസകരമാണെന്ന്' മനസ്സിലായതെന്നും കോഫ്മാൻ വെളിപ്പെടുത്തി.[32]

രചന[തിരുത്തുക]

എൻബിസി ഫ്രണ്ട്സ് അ൦ഗീകരിച്ചതിനെ തുടർന്നുള്ള ആഴ്ചകളിൽ ക്രെയ്ൻ, കോഫ്മാൻ, ബ്രൈറ്റ് എന്നിവർ അയച്ചു കിട്ടിയ മറ്റു പരമ്പരകൾക്കായി, പ്രത്യേകിച്ച് നിർമ്മിക്കാതെ പോയ സെയ്ൻഫെൽഡ് എപ്പിസോഡുകൾക്കായി എഴുത്തുകാർ സൃഷ്‌ടിച്ച തിരക്കഥകൾ വിശകലനം ചെയ്യാൻ തുടങ്ങി.[33]കോഫ്മാനും ക്രെയ്നും ഏഴു യുവ എഴുത്തുകാരുടെ ഒരു സംഘത്തെ ജോലിക്കെടുത്തു, എന്തെന്നാൽ "നിങ്ങൾ നാൽപ്പതുകളിൽ എത്തിയാൽ പിന്നീടൊന്നും ചെയ്യാനാവില്ല. നെറ്റ് വർക്കുകളും സ്റ്റുഡിയോകളും കോളേജിൽ നിന്നിറങ്ങിയ യുവത്വത്തെയാണ് അന്വേഷിക്കുന്നത്."[34]ഒന്നോ രണ്ടോ കഥാപാത്രങ്ങളിലൂന്നി നിൽക്കാതെ തുല്യ പ്രാധാന്യമുള്ള ആറു കഥാപാത്രങ്ങളെ ഉപയോഗിക്കുന്നതു മൂലം "അനവധി കഥാതന്തുക്കൾ വികസിപ്പിക്കുന്നതിനും പരമ്പരയുടെ നിലനിൽപ്പിനും" സഹായകമാകുമെന്ന് സ്രഷ്ടാക്കൾ കണക്കു കൂട്ടി.[13] കഥാബീജങ്ങൾ മുഖ്യമായും എഴുത്തുകാരുടെ സംഭാവന ആയിരുന്നെങ്കിലും അഭിനേതാക്കളും ആശയങ്ങൾ സംഭാവന ചെയ്തിരുന്നു.[28]കഥാപാത്രങ്ങളിൽ ഏറ്റവും ലൈ൦ഗികാകർഷണമുള്ളവരായി ജോയിയെയും മോണിക്കയെയും സങ്കല്പ്പിച്ചതിനാൽ അവർ തമ്മിലുള്ള ഒരു വലിയ പ്രണയകഥയും കഥാകൃത്തുക്കളുടെ മനസ്സിലുണ്ടായിരുന്നു. റോസ്-റേച്ചൽ പ്രണയബന്ധം എന്ന ആശയം ഉരുത്തിരിഞ്ഞത് കോഫ്മാനും ക്രെയ്നും പൈലറ്റ്‌ എപ്പിസോഡിനുള്ള തിരക്കഥ എഴുതുമ്പോഴായിരുന്നു.[21]

പൈലറ്റ്‌ എപ്പിസോഡ് ചിത്രീകരിക്കുന്നതിനിടയിൽ, തിരക്കഥ തിരുത്തി ഒരു പ്രധാനകഥയും അതിനോടനുബന്ധിച്ചു പല ചെറിയ കഥകളും എന്ന രീതിയിലാക്കുവാൻ എൻബിസി ആവശ്യപ്പെട്ടുവെങ്കിലും, മൂന്നു കഥാതന്തുക്കൾക്കും തുല്യ പ്രാധാന്യം വേണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് കഥാകൃത്തുക്കൾ അത് നിരസിച്ചു.[27]കഥാപാത്രങ്ങൾ നന്നേ ചെറുപ്പമെന്നു തോന്നിയതിനാൽ അവർക്ക് ഉപദേശങ്ങൾ നൽകുന്ന ഒരു മുതിർന്ന കഥാപാത്രം വേണമെന്ന് എൻബിസി ശഠിച്ചു. തത്ഫലമായി കോഫ്മാനും ക്രെയ്നും "പാറ്റ് ദ കോപ്പ്" എന്ന എപ്പിസോഡിന്റെ തിരക്കഥയുടെ കരട് തയ്യാറാക്കി. കഥാഗതി വളരെ മോശമെന്ന് ക്രെയ്ൻ കണ്ടപ്പോൾ, കോഫ്മാൻ "പാറ്റ് ദ ബണ്ണി എന്ന കുട്ടികളുടെ പുസ്തകത്തെ കുറിച്ച് കേട്ടിട്ടില്ലേ? ഞങ്ങൾക്ക് പാറ്റ് ദ കോപ്പ് ആണുള്ളത്" എന്ന് കളിയാക്കി. ഒടുവിൽ എൻബിസി അയയുകയും ആശയം ഉപേക്ഷിക്കുകയും ചെയ്തു.[21]

ഓരോ വേനൽക്കാലത്തും നിർമ്മാതാക്കൾ വരാൻ പോകുന്ന സീസണിലെ കഥകളുടെ രൂപരേഖ തയ്യാറാക്കിയിരുന്നു.[35] ഓരോ എപ്പിസോഡും നിർമ്മാണത്തിലേക്ക് പോകുന്നതിനു മുൻപായി കോഫ്മാനും ക്രെയ്നും മറ്റുള്ള എഴുത്തുകാർ തയ്യാറാക്കിയ തിരക്കഥ അവലോകനം ചെയ്യുകയും പരമ്പരയുടെയോ കഥാപാത്രത്തിന്റെയോ സ്വഭാവത്തിനു വിരുദ്ധമായി എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു.[33] മറ്റു കഥാതന്തുക്കളിൽ നിന്നു വ്യത്യസ്തമായി ജോയി-റേച്ചൽ ബന്ധം എന്നാ ആശയം ഉടലെടുത്തത് എട്ടാമത്തെ സീസണിന്റെ മധ്യത്തിൽ ആയിരുന്നു. രചയിതാക്കൾക്ക് റോസിനെയും റേച്ചലിനെയും പെട്ടെന്ന് തന്നെ ഒന്നിപ്പിക്കാൻ താല്പര്യം ഇല്ലാതിരുന്നതിനാൽ, അവരുടെ പ്രണയത്തിനു തടസ്സം നിൽക്കാനായി ഒരു സംഭവവികാസത്തെ പറ്റി ആലോചിക്കുന്ന അവസരത്തിൽ ഒരു എഴുത്തുകാരൻ നൽകിയ ആശയമാണ്‌ ജോയിക്ക് റേച്ചലിനോട് തോന്നുന്ന താല്പര്യം.പ്രസ്തുത ആശയം സീസണിൽ ഉൾപ്പെടുത്തിയെങ്കിലും, തങ്ങളുടെ കഥാപാത്രങ്ങളെ പ്രേക്ഷകർ വെറുക്കുമോ എന്ന ഭയം അഭിനേതാക്കൾ പ്രകടിപ്പിച്ചപ്പോൾ കഥ ചുരുക്കുകയും പിന്നീട് അവസാന സീസണിൽ വീണ്ടും ഉൾക്കൊള്ളിക്കുകയും ചെയ്തു. ഒൻപതാമത്തെ സീസണിൽ റേച്ചലിന്റെ കുഞ്ഞിനു കഥാഗതിയിൽ നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് രചയിതാക്കൾക്ക് തീർച്ചയില്ലായിരുന്നു, എന്തെന്നാൽ കുഞ്ഞിനെ കേന്ദ്രീകരിച്ചു കഥ വികസിപ്പിക്കുന്നതിനോ കുഞ്ഞിന് ഒട്ടും തന്നെ പ്രാധാന്യം നൽകാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിനോ അവർക്ക് താല്പര്യം ഉണ്ടായിരുന്നില്ല.[35] ക്രെയ്നിന്റെ അഭിപ്രായത്തിൽ, പത്താമത്തെ സീസൺ എന്ന ആശയം അംഗീകരിക്കാൻ കുറച്ചു സമയം എടുക്കുകയും, ഒരു സീസൺ ന്യായീകരിക്കത്തക്ക കഥകൾ അവശേഷിക്കുകയും ചെയ്തതിനാൽ ആശയവുമായി മുന്നോട്ടു പോവുകയും ചെയ്തു. എല്ലാ അഭിനേതാക്കളും ഒരു പതിനൊന്നാം സീസണു വേണ്ടി ആഗ്രഹം പ്രകടിപ്പിച്ചാൽ പോലും കോഫ്മാനും ക്രെയ്നും സഹകരിക്കുകയില്ലായിരുന്നു.[32]

എപ്പിസോഡ് ശീർഷകങ്ങൾ ആരംഭത്തിൽ പ്രദർശിപ്പിക്കുകയില്ലെന്നും പ്രേക്ഷകരിൽ ഭൂരിഭാഗവും അവ അറിയുകയുമില്ലെന്നു നിർമ്മാതാക്കൾ മനസ്സിലാക്കിയപ്പോഴാണ് "ദ വൺ..."[36] എന്ന് തുടങ്ങുന്ന ശീർഷകങ്ങൾ വികസിപ്പിച്ചത്.

ചിത്രീകരണം[തിരുത്തുക]

ബർബാങ്ക്, കാലിഫോർണിയയിലെ വാർണർ ബ്രദേഴ്സ് സ്റ്റുഡിയോയിലെ അഞ്ചാമത്തെ സ്റ്റേജിലാണ് ആദ്യ സീസൺ ചിത്രീകരിച്ചത്.[37] കോഫീ ഹൗസ് പശ്ചാത്തലമാക്കുന്നത് വളരെ പുരോഗമനപരമെന്നു തോന്നിയതിനാൽ എൻ ബി സി മേധാവികൾ ഒരു ഭോജനശാല പശ്ചാത്തലമാക്കുവാൻ നിർദ്ദേശിച്ചുവെങ്കിലും ഒടുവിൽ കോഫീ ഹൗസ് എന്ന ആശയം അംഗീകരിക്കുകയുണ്ടായി.[21].ബർബാങ്കിനെ സംബന്ധിച്ച് പതിവിലേറെ തണുപ്പുള്ള ഒരു പ്രഭാതത്തിൽ, വാർണർ ബ്രദേഴ്സിന്റെ റാഞ്ചിൽ പുലർച്ചെ നാല് മണിക്കാണ് പരമ്പരയുടെ അവതരണ ഗാനം ചിത്രീകരിച്ചത്. [38] രണ്ടാമത്തെ സീസൺ തുടങ്ങിയതോടു കൂടി നിർമ്മാണം വലിയ വേദിയായ സ്റ്റേജ് 24ലേക്ക് മാറ്റുകയും പരമ്പരയുടെ അന്ത്യത്തോടെ "ദി ഫ്രണ്ട്സ് സ്റ്റേജ്" എന്ന് നാമകരണം നൽകുകയും ചെയ്തു.[39]ആറു കഥാപാത്രങ്ങളെയും പറ്റി സംഗ്രഹം നൽകിയ ഒരു പറ്റം പ്രേക്ഷകരുടെ മുന്നിൽ 1994ലെ വേനൽക്കാലത്ത് പരമ്പരയുടെ ചിത്രീകരണം തുടങ്ങി.[21] വിവിധ ടേക്കുകൾക്കിടയിൽ കാണികൾക്ക് മുഷിയാതിരിക്കാൻ ഒരു വിദൂഷകനെയും സ്റ്റുഡിയോ ഉപയോഗിച്ചു.[40] റീടേക്കുകളും തിരുത്തിയെഴുതലുകളും മൂലം 22 മിനിറ്റുള്ള ഓരോ എപ്പിസോഡും ചിത്രീകരണത്തിനായി ആറു മണിക്കൂറോളമെടുത്തു - സാധാരണ സിറ്റ് കോം ചിത്രീകരണത്തിന്റെ രണ്ടിരട്ടി.[40]

ലൊക്കേഷന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനനുയോജ്യമായ കഥകൾ വേണമെന്ന് നിർമ്മാതാക്കൾ ആഗ്രഹിച്ചുവെങ്കിലും ഫ്രണ്ട്സ് ഒരിക്കലും ന്യൂയോർക്കിൽ ചിത്രീകരിക്കപ്പെട്ടില്ല. സ്റ്റുഡിയോയുടെ പുറത്തുള്ള ചിത്രീകരണം പരമ്പരയുടെ ഹാസ്യാത്മകത കുറയ്ക്കുമെന്നും കാണികൾ ചിത്രീകരണ വേളയിൽ അത്യന്താപേക്ഷിതമാണെന്നുമുള്ള അഭിപ്രായക്കാരനായിരുന്നു ബ്രൈറ്റ്.[28]

റേറ്റിംഗ്സ്[തിരുത്തുക]

സീസൺ കാലയളവ് സ്ഥാനം പ്രേക്ഷകർ
(ദശലക്ഷത്തിൽ)
1 1994–1995 #8[41] 24.8[42]
2 1995–1996 #3[43] 29.4[43]
3 1996–1997 #4[44] 26.3[45]
4 1997–1998 #4[46] 24.1[46]
5 1998–1999 #2[47] 24.7[48]
6 1999–2000 #3[49] 20.7[49]
7 2000–2001 #4[50] 20.2[50]
8 2001–2002 #1[51] 24.5[51]
9 2002–2003 #4[52][53] 21.6[52][53]
10 2003–2004 #5[54] 22.8[54]

അവലംബം[തിരുത്തുക]

  1. Jennifer Ross (May 20, 201010). "Lost Series Finale Somehow Only the 55th Most-Watched Ever". Paste Magazine. Archived from the original on 2010-07-15. Retrieved August 18, 2010. {{cite web}}: Check date values in: |date= (help)
  2. Ethical SEO. "TV Schedule". Entertainment.oneindia.in. Retrieved December 30, 2010.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Zee Café to air 'Friends' Season 10". Indiantelevision.com. Retrieved 26 April 2011.
  4. "WB India - Now that's Hollywood » Schedule". Itsonwb.com. Archived from the original on 2012-11-18. Retrieved August 10, 2010.
  5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 5.8 Jicha, Tom (May 2, 2004). "They leave as they began: With a buzz Archived 2011-06-04 at the Wayback Machine.", The Baltimore Sun. Retrieved on August 17, 2011.
  6. McLellan, Dennis (February 12, 2008). "Married ... With Children Co-Creator Dies". The Baltimore Sun. Archived from the original on 2011-06-04. Retrieved December 23, 2008.
  7. 7.0 7.1 Saah, Nadia (January 21, 2004). "Friends til the end". USA Today. Retrieved December 19, 2008.
  8. "Friends heads for much-hyped farewell". The Indian Express. May 5, 2004. Archived from the original on 2009-01-29. Retrieved December 19, 2008.
  9. 9.0 9.1 Lowry, Brian (August 12, 1996). "Friends cast returning amid contract dispute". Los Angeles Times. Archived from the original on 2009-07-20. Retrieved March 8, 2009.
  10. Carter, Bill (July 16, 1996). "Friends Cast Bands Together To Demand a Salary Increase". The New York Times. Retrieved March 8, 2009.
  11. Rice, Lynette (April 21, 2000). "Friendly Fire". Entertainment Weekly. p. 1. Archived from the original on 2009-07-19. Retrieved March 8, 2009.
  12. Rice, Lynette (April 21, 2000). "Friendly Fire". Entertainment Weekly. p. 2. Archived from the original on 2009-07-20. Retrieved March 8, 2009.
  13. 13.0 13.1 Jicha, Tom (May 2, 2004). "They leave as they began: With a buzz". The Baltimore Sun. p. 2. Archived from the original on 2011-06-04. Retrieved December 23, 2008.
  14. Bianco, Robert (January 1, 2005). "The Emmy Awards: Robert Bianco". USA Today. Retrieved December 19, 2008.
  15. Zaslow, Jeffrey (October 8, 2000). "Balancing friends and family". USA Weekend. Archived from the original on 2012-05-26. Retrieved December 19, 2008.
  16. Power, Ed (May 6, 2004). "Why we will miss our absent Friends". Irish Independent. {{cite news}}: |access-date= requires |url= (help)
  17. "People: DeGeneres tries to calm the howling pack". The Denver Post. October 18, 2007. Archived from the original on 2009-07-19. Retrieved December 19, 2008.
  18. Wild, David (2004). Friends 'Til the End: The Official Celebration of All Ten Years. Time Warner. ISBN 1932273190.
  19. "Emmys in the middle". Seattle Times. July 21, 2000. Retrieved December 29, 2008.
  20. Henrikson, Alicia (April 1, 2004). "Paul Rudd". The Topeka Capital-Journal. Retrieved February 13, 2009.
  21. 21.00 21.01 21.02 21.03 21.04 21.05 21.06 21.07 21.08 21.09 21.10 21.11 21.12 Lauer, Matt (May 4, 2005). "'Friends' creators share show's beginnings", MSNBC. Retrieved on August 16, 2011.
  22. Wild, p. 206
  23. 23.0 23.1 Kolbert, Elizabeth (March 8, 1994). "Birth of a TV Show: A Drama All Its Own", The New York Times. Retrieved on January 19, 2008.
  24. "Behind the scenes". TV2. Retrieved January 10, 2009.
  25. Stallings, Penny (2000). The Ultimate Friends Companion. London: Channel 4 Books. pp. 102–103. ISBN 0752272314.
  26. Wild, p. 215
  27. 27.0 27.1 Kolbert, Elizabeth (May 9, 1994). "The Conception and Delivery of a Sitcom: Everyone's a Critic". New York Times. Retrieved December 30, 2008.
  28. 28.0 28.1 28.2 28.3 28.4 "Friends: Kevin Bright". USA Today. April 23, 2004. Retrieved December 28, 2008.
  29. Kolbert, Elizabeth (April 6, 1994). "Finding the Absolutely Perfect Actor: The High-Stress Business of Casting", The New York Times. Retrieved on January 19, 2008.
  30. Couric, Katie (May 5, 2004). "Can David Schwimmer leave Ross Geller behind?". MSNBC. Archived from the original on 2012-11-03. Retrieved December 23, 2008.
  31. Friends Til the end: The Official Celebration of all Ten years. Time Home Entertainment. 2004.
  32. 32.0 32.1 Holston, Noel. "Friends that were like family". Newsday. Archived from the original on 2009-01-24. Retrieved January 1, 2009.
  33. 33.0 33.1 Kolbert, Elizabeth (May 23, 1994). "A Sitcom is Born: Only Time Will Tell the Road to Prime Time". New York Times. Retrieved January 1, 2009.
  34. Shayne, Bob (June 10, 2001). "No Experience Wanted". Los Angeles Times. Retrieved January 4, 2009.
  35. 35.0 35.1 Bauder, David (May 15, 2002). "Baby episode could make Friends TV's top show". Seattle Times. Retrieved January 3, 2009.
  36. "Have yourself a mocha latte and reminisce a bit". Ocala.com. May 5, 2004. Archived from the original on 2012-03-24. Retrieved September 18, 2009.
  37. Endrst, James (February 23, 1995). "Friends wins friends with caffeine-fueled energy" (Registration required). Austin American-Statesman. Retrieved January 3, 2009.
  38. Pollak, Michael (November 27, 2005). "F. Y. I.". New York Times. {{cite news}}: |access-date= requires |url= (help)
  39. "52 millon friends see off Friends". China Daily. May 8, 2004. Retrieved December 31, 2008.
  40. 40.0 40.1 Kiesewetter, John (January 27, 2002). "Friends grows in stature, ratings". The National Enquirer. Retrieved January 5, 2009.
  41. Liner, Elaine (April 23, 1995). "Nielsen Announces Winners for 1994–95 Season". Corpus Christi Caller-Times. p. TV3. {{cite news}}: |access-date= requires |url= (help)
  42. Fake Friend Quotes Retrieved:2010-08-24.
  43. 43.0 43.1 "'ER' Ends Season As TV's Top Show". Deseret News. May 29, 1996. p. C6. {{cite news}}: |access-date= requires |url= (help)
  44. Sanders, Dusty (May 27, 1997). "NBC Peacock Retains Strutting Rights". Rocky Mountain News. p. 2D. {{cite news}}: |access-date= requires |url= (help)
  45. Friends Season 3 Ratings Archived 2011-10-06 at the Wayback Machine. Retrieved:2010-08-24.
  46. 46.0 46.1 "Final Ratings for '97–'98 TV Season". San Francisco Chronicle. May 25, 1998. p. E4. {{cite news}}: |access-date= requires |url= (help)
  47. "TV Winners & Losers: Numbers Racket A Final Tally Of The Season's Show (from Nielsen Media Research)". GeoCities. June 4, 1999. Archived from the original on 2008-02-13. Retrieved March 17, 2008.
  48. Friends Season 5 Ratings Archived 2010-10-07 at the Wayback Machine. Retrieved:2010-08-24.
  49. 49.0 49.1 Lowry, Brian (May 26, 2000). "ABC, UPN Find the Answer to Stop Drop". Los Angeles Times. Retrieved January 12, 2009.
  50. 50.0 50.1 Armstrong, Mark (May 25, 2001). "Outback in Front: CBS Wins Season". E!. Archived from the original on 2008-01-06. Retrieved January 4, 2009.
  51. 51.0 51.1 "How did your favorite show rate?". USA Today. May 28, 2002. Retrieved January 4, 2009.
  52. 52.0 52.1 Kiesewetter, John (May 25, 2003). "Television networks face reality check". The National Enquirer. Retrieved January 4, 2009.
  53. 53.0 53.1 Ryan, Joal (May 22, 2003). "TV Season Wraps; CSI Rules". E!. Archived from the original on 2005-09-29. Retrieved January 4, 2009.
  54. 54.0 54.1 Ryan, Joal (May 27, 2004). "Idol Rules TV Season". E!. Retrieved January 4, 2009.[പ്രവർത്തിക്കാത്ത കണ്ണി]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ Friends (TV series) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: