പാലക്കാട് മണി അയ്യർ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പാലക്കാട് മണി അയ്യർ (1912-1981) ലോകശ്രദ്ധ പിടിച്ചുപറ്റിയ കർണ്ണാടക സംഗീതജ്ഞനായിരുന്നു. എക്കാലത്തെയും മികച്ച മൃദംഗവാദകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മണി അയ്യർ തന്റെ ജീവിതകാലത്തു തന്നെ ഇതിഹാസമായി വാഴ്ത്തപ്പെട്ടിരുന്നു. കർണ്ണാടക സംഗീത ലോകത്തെ അപൂർവ്വ ബഹുമതിയായ “സംഗീത കലാനിധി” പുരസ്കാരം നേടിയ മണി അയ്യരെ ഭാരത സർക്കാർ “പത്മവിഭൂഷൺ”നൽകി ആദരിച്ചിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
ബാല്യകാലം[തിരുത്തുക]
തൃശ്ശൂർ ജില്ലയിലെ തിരുവില്വാമലയ്ക്കടുത്ത് പഴയന്നൂർ എന്ന ഗ്രാമത്തിൽ 1912ജൂൺ 10നു ആണ് മണി അയ്യർ ജനിച്ചത്. അച്ഛൻ ടി.ആർ. ശേഷ ഭാഗവതർ അറിയപ്പെടുന്ന വായ്പ്പാട്ടുകാരനായിരുന്നു. അമ്മ അനന്താംബാൾ. രാമസ്വാമി എന്നായിരുന്നു മണി അയ്യരുടെ യഥാർത്ഥപേര്. ബന്ധുമിത്രാദികൾ വാത്സല്യത്തോടെ വിളിച്ചിരുന്ന മണി എന്ന ചെല്ലപ്പേര് പിന്നീട് ഔദ്യോഗികമാവുകയായിരുന്നു. അച്ഛനിൽ നിന്നു വ്യത്യസ്തമായി വൃന്ദവാദ്യങ്ങളിൽ താല്പര്യം പുലർത്തിയ മണി അയ്യർ ചാത്തപുരം സുബ്ബ അയ്യരുടെ പക്കലാണ് ആദ്യപാഠങ്ങൾ അഭ്യസിച്ചത്. എട്ടാം വയസിൽ ആദ്യ കച്ചേരിയിലൂടെ അരങ്ങേറ്റം കുറിച്ചു. തഞ്ചാവൂർ വൈദ്യനാഥയ്യരുടെ കീഴിൽ മൃദംഗ വാദനം തുടർന്നു.
പൊതുവേദികളിൽ[തിരുത്തുക]
ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് മണിയുടെ സംഗീത ജീവിതത്തിന്റെ വഴി തിരിച്ചുവിട്ടത്. അയ്യരുടെ ലയബോധം മനസ്സിലാക്കിയ ചെമ്പൈ, വെറും പതിമൂന്നു വയസുള്ളപ്പോൾ അദ്ദേഹത്തെ തന്റെ കച്ചേരികളുടെ പ്രധാന മൃദംഗവാദകനാക്കി. 1924-ൽ മദ്രാസിൽ അരങ്ങേറിയ കച്ചേരിയിൽ ചെമ്പൈക്ക് അകമ്പടിയായി പതിമൂന്നുകാരൻ മണി എത്തിയപ്പോൾ സംഗീതലോകത്ത് പലർക്കും അവിശ്വസനീയമായി തോന്നി. എന്നാൽ ചെമ്പൈക്കൊപ്പമുള്ള ആദ്യ കച്ചേരിയിൽ തന്നെ അയ്യർ തന്റെ പെരുമയറിയിച്ചു.
പതിനഞ്ചാം വയസിൽ പ്രശസ്ത മൃദംഗവാദകനായിരുന്ന തഞ്ചാവൂർ വൈദ്യനാഥ അയ്യരുടെ ശിഷ്യത്വം സീകരിച്ചു. ഇവിടെ നിന്നും മൃദംഗസംഗീതത്തിലെ പുതിയ പാഠങ്ങൾ വശമാക്കി. മണി പൊതുരംഗത്തെത്തിയപ്പോൾ അളകനമ്പി പിള്ള, രഘു അയ്യർ, കോതണ്ഡരാമ അയ്യർ തുടങ്ങിയ പ്രമുഖരായിരുന്നു കർണ്ണാടക സംഗീത ലോകത്തെ അറിയപ്പെടുന്ന മൃദംഗവാദ്യക്കാർ. എന്നാൽ അതുല്യമായ താളലയബോധം സ്വായത്തമാക്കിയിരുന്ന മണി അയ്യർ അധികം വൈകാതെ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന മൃദംഗവാദകനായി.
1940ൽ തിരുവിതാംകൂർ മഹാരാജാവ് ആസ്ഥാനവിദ്വാൻ പദവി നൽകി. 1967ൽ മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീതകലാനിധി പട്ടം. 1971 പദ്മഭൂഷൺ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1981 മെയ് 30നു എറണാകുളം ജില്ലയിലെ കളമശേരിയിൽ, മൂത്തമകൻ രാജാമണിയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.