തുസ്സിഡിഡീസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുസ്സിഡിഡീസ് (c. 460 B.C. – c. 395 B.C.) (ഗ്രീക്ക് Θουκυδίδης, Thoukydídēs) ഗ്രീക്ക് ചരിത്രകാരനും ക്രി.മു. അഞ്ചാം നൂറ്റാണ്ടില്‍ സ്പാര്‍ട്ടായും ഏഥന്‍സും തമ്മില്‍ നടന്ന് ക്രി.മു. 411-ല്‍ അവസാനിച്ച പെലോപ്പൊന്നേസ് യുദ്ധത്തിന്റെ ചരിത്രത്തിന്റെ, രചയിതാവുമായിരുന്നു. ദൈവങ്ങളുടെ ഇടപെടലിനെ ആസ്പദമാക്കിയല്ലാതെ, കാര്യ-കാരണന്യായത്തെ പിന്തുടര്‍ന്ന്, കണിശമായ തെളിവുകളേയും വിശകലനങ്ങളേയും ആശ്രയിച്ച് ചരിത്രരചന നടത്തിയതിനാല്‍, ശാസ്ത്രീയമായ ചരിത്രാന്വേഷണത്തിന്റെ പിതാവ് എന്നു തുസ്സിഡിഡീസ് വിശേഷിക്കപ്പെടാറുണ്ട്.[1]
രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ധാര്‍മ്മികതയുടേതിനു പകരം ശക്തിയുടെ കണ്ണാടിയിലൂടെ നോക്കിക്കണ്ട തുസ്സിഡിഡീസ് പ്രായോഗിക രാഷ്ട്രതന്ത്രത്തിന്റെ പിതാവെന്നും വിശേഷിക്കപ്പെടാറുണ്ട്. [2] അദ്ദേഹത്തിന്റെ പുരാതനരചന ലോകമാസകലമുള്ള ഉന്നതസൈനികകലാശാലകളില്‍ പാഠപുസ്തകമാണ്. അതിലെമീലിയന്‍ സംവാദം രാഷ്ട്രാന്തരബന്ധത്തിന്റെ വിഷയത്തിലെ അടിസ്ഥാനരചനകളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു.
പകര്‍ച്ചവ്യാധികളും ആഭ്യന്തരയുദ്ധങ്ങളും പോലെയുള്ള അത്യാഹിതങ്ങളോടുള്ള മനുഷ്യരുടെ പ്രതികരണത്തെ മനസ്സിലാക്കാന്‍ മനുഷ്യസ്വഭാവത്തിന്റെ പഠനത്തെ അദ്ദേഹം ആശ്രയിച്ചു. അതേസമയം, തുസ്സിഡിഡീസിന്റെ രചനയുടെ വിപുലമായ സാഹിത്യമോടിയും, അതിലെ പ്രഭാഷണങ്ങളുടെ ശില്പഭംഗിയും ചൂണ്ടിക്കാട്ടി, ചരിത്രരചനയിലെ ശാസ്ത്രീയരീതിക്കൊപ്പം ശാസ്ത്രീയേതരസങ്കേതങ്ങളെയും അദ്ദേഹം മടികൂടാതെ ആശ്രയിച്ചു എന്ന് വാദിക്കുന്ന ചരിത്രകാരന്മാരുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ജീവിതം
ചരിത്രകാരനെന്ന നിലയില്‍ അതിപ്രശസ്തനെങ്കിലും, തുസ്സിഡിഡീസിന്റെ ജീവിതത്തെക്കുറിച്ച് കുറച്ചുകാര്യങ്ങള്‍ മാത്രമേ അറിവയുള്ളു. അറിയാവുന്ന കാര്യങ്ങളില്‍ ഏറെയും അദ്ദേഹം രചിച്ച പെലോപൊന്നേസ് യുദ്ധത്തിന്റെ ചരിത്രത്തില്‍ നിന്നാണ്. ഗ്രന്ഥകാരന്റെ രാഷ്ട്രം, ജന്മസ്ഥലം, മാതാപിതാക്കള്‍ എന്നിക്കാര്യങ്ങളെക്കുറിച്ച് ആ കൃതി അറിവുതരുന്നു. താന്‍ പെലെപൊന്നേസ് യുദ്ധത്തില്‍ പങ്കെടുത്തെന്നും, പ്ലേഗ് ബാധിതനായെന്നും ഏഥന്‍സിലെ ജനാധിപത്യഭരണകൂടം തന്നെ നാടുകടത്തിയെന്നും തുസ്സിഡിഡീസ് അതില്‍ വ്യക്തമാക്കുന്നു.
[തിരുത്തുക] സ്വയം വെളിപ്പെടുത്തല്‍
ഏഥന്‍സുകാരനായി സ്വയം പരിചയപ്പെടുത്തുന്ന തുസ്സിഡിഡീസ് തന്റെ പിതാവിന്റെ പേര് ഒളോറസ് എന്നാണെന്നും താന്‍ ഏഥന്‍സിലെ ഹാലിമോസ് പ്രദേശത്തുനിന്നുള്ളവനാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.[3]പെരിക്കിള്‍സടക്കം അനേകരുടെ ജീവന്‍ അപഹരിച്ച ഏഥന്‍സിലെ പ്ലേഗുബാധയെ അദ്ദേഹം അതിജീവിച്ചു.[4]തസോസ് ദ്വീപിനു മറുകരെ, ത്രേസിലെ സ്കപ്തേ ഹൈല്‍ എന്ന സ്ഥലത്ത് തനിക്ക് സ്വര്‍ണ്ണഖനികള്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്.[5]
ത്രേസ് പ്രദേശത്ത് തനിക്കുണ്ടായിരുന്ന സ്വാധീനം കണക്കിലെടുത്ത്, തന്നെ ക്രി.മു. 424-ല്‍ സേനാധിപനാക്കി (strategos) താസോസിലേക്ക് നിയോഗിച്ചെന്ന് തുസ്സിഡിഡീസ് പറയുന്നു. അടുത്ത ശീതകാലത്ത് ബ്രാസിഡാസെന്ന സ്പാര്‍ട്ടന്‍ സേനാധിപന്‍, താസോസില്‍ നിന്ന് അരദിവസത്തെ കപ്പല്‍ ദൂരത്ത് ത്രേസിന്റെ തീരത്തുള്ള ആംഫിപ്പോലിസ് ആക്രമിച്ചു. ആംഫിപ്പോലിസില്‍ ഏഥന്‍സുകാരുടെ സേനാധിപനായിരുന്ന യൂക്കിള്‍സ് സഹായം അഭ്യര്‍ഥിച്ച് തുസ്സിഡിഡീസിന് ആളയച്ചു.[6] താസോസിലെ തുസ്സിഡിഡീസിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചും അദ്ദേഹത്തിന് ആംഫിപ്പോലിസുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും അറിയാമായിരുന്ന ബ്രാസിഡാസ്, കടല്‍മര്‍ഗ്ഗം അവര്‍ക്ക് സഹായം വന്നെത്തുന്നതിനുമുന്‍പ്, തിടുക്കത്തില്‍ വച്ചുനീട്ടിയ ഉദാരമായ കീഴടങ്ങള്‍ വ്യവസ്ഥകള്‍ ആംഫിപ്പോലിസ് സ്വീകരിച്ചു. അങ്ങനെ, തുസ്സിഡിഡീസ് എത്തിയപ്പോള്‍ ആംഫിപ്പോലിസ് സ്പാര്‍ട്ടയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു.[7]
ആംഫിപ്പോലിസിന്റെ തന്ത്രപ്രാധാന്യം മൂലം അതിന്റെ പതനത്തെക്കുറിച്ചുള്ള വാര്‍ത്ത ഏഥന്‍സില്‍ വലിയ അങ്കലാപ്പുണ്ടാക്കി.[8] ആംഫിപ്പോലിസിന്റെ പതനത്തിന് കാരണം തന്റെ ഉപെക്ഷയല്ലെന്നും തനിക്ക് സമയത്തിന് എത്താന്‍ പറ്റാതെപോവുകയാണുണ്ടായതെന്നും തുസ്സിഡിഡീസ് പറഞ്ഞെങ്കിലും ആ തോല്‍വിയുടെ ഉത്തരവാദിത്വം അദ്ദേഹത്തിനായി. ആംഫിപ്പോലിസിന്റെ രക്ഷിക്കുന്നതില്‍ വരുത്തിയ വീഴ്ചയുടെ പേരില്‍ അദ്ദേഹത്തെ നാടുകടത്തി.[9]
| “ | ആംഫിപ്പോലിസിലെ സൈനികമേധാവിത്വത്തിനുശേഷം എന്റെ രാജ്യത്തുനിന്ന് ഇരുപതവര്‍ഷം ബഹിഷ്കൃതനാവുകയെന്നതാണ് എനിക്കു വിധിച്ചിരുന്നത്; ഇരുകക്ഷികള്‍ക്കും, പ്രത്യേകിച്ച് പെലോപ്പൊന്നേസുകാര്‍ക്കൊപ്പം കഴിഞ്ഞുകൂടാന്‍ പരദേശവാസംമൂലം സാധിച്ചതിനാല്‍, കാര്യങ്ങള്‍ വിശേഷമായി നിരീക്ഷിക്കുവാന്‍ എനിക്ക് അവസരം കിട്ടി. | ” |
ഏഥന്‍സില്‍ നിന്നുള്ള ബഹിഷ്കൃതനെന്ന നില പ്രയോജനപ്പെടുത്തി പെലോപ്പൊന്നേസുകാരുടെ സഖ്യകക്ഷികള്‍ക്കിടയില്‍ സ്വതന്ത്രമായി യാത്രചെയ്ത തുസ്സിഡിഡീസിന്, യുദ്ധത്തെ ഇരുപക്ഷത്തിന്റേയും നിലപാടുകളില്‍ നിന്ന് വീക്ഷിക്കാന്‍ അവസരം കിട്ടി. തന്റെ ചരിത്രത്തിന്റെ രചനക്കുവേണ്ട പ്രധാന ഗവേഷണങ്ങള്‍ക്ക് അദ്ദേഹം ഈ അവസരം ഉപയോഗിച്ചു.
[തിരുത്തുക] ഹെറോഡൊട്ടസിന്റെ സാക്‌ഷ്യം
തന്റെ ജീവിതത്തെക്കുറിച്ച് തുസ്സിഡിഡീസ് നേരിട്ട് തരുന്ന വിവരങ്ങള്‍ ഇത്രയൊക്കെയാണെങ്കിലും, അക്കാലത്തെ വിശ്വസനീയമായ മറ്റുറവിടങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ചിലകാര്യങ്ങളുണ്ട്. 'ഒളോറസ്' എന്ന തുസ്സിഡിഡീസിന്റെ പിതാവിന്റെ പേരിന്, ത്രേസുമായും അവിടത്തെ രാജകുടുംബവുമായും ബന്ധമുണ്ടെന്ന് ഹെറോഡൊട്ടസ് പറയുന്നുണ്ട്. [10] തുസ്സിഡിഡീസ് ഒരു പക്ഷേ ഏഥന്‍സിലെ രാഷ്ട്രതന്ത്രജ്ഞനും സേനാപതിയുമായിരുന്ന മില്‍റ്റായഡീസിന്റേയും അയാളുടെ മകന്‍ സിമ്മൊന്റേയും(Cimon) ബന്ധുവായിരുന്നിരിക്കാം. തീവ്രജനാധിപത്യവാദികള്‍ പുറത്താക്കിയ ഉപരിവര്‍ഗ്ഗഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ളവരായിരുന്നു മില്‍റ്റായഡീസും സിമ്മോനും. സിമ്മൊന്റെ മാതൃപിതാവിന്റെ പേരും ഒളോറസ് എന്നായിരുന്നുവെന്നത് അവര്‍ ബന്ധുക്കളായിരുന്നിരിക്കാമെന്ന ഊഹത്തിന് ബലം കൂട്ടുന്നു. ചരിത്രകാരന്‍ തുസ്സിഡിഡീസിനു മുന്‍പ് ജീവിച്ചിരുന്നവനും രഷ്ട്രതന്ത്രജ്ഞനുമായിരുന്ന മറ്റൊരു തുസ്സിഡിഡീസിനും ത്രേസുമായി ബന്ധമുണ്ടായിരുന്നതിനാല്‍ ഈ രണ്ടു തുസ്സിഡിഡീസുമാരും ബന്ധുക്കളായിരുന്നിരിക്കാനും സാധ്യതയുണ്ട്. ഇതിനുപുറമേ, സ്കപ്തേ ഹൈലിലെ ഖനികളുമായി തുസ്സിഡിഡീസിന്റെ കുടുംബത്തിനുണ്ടായിരുന്ന ബന്ധത്തിന്റെ കാര്യം ഹെറോഡൊട്ടസും പറയുന്നുണ്ട്.[11]
[തിരുത്തുക] പില്‍ക്കാലരേഖകള്‍
തുസ്സിഡിഡീസിന്റെ ജീവിതത്തെക്കുറിച്ച് ഇതിലപ്പുറം കിട്ടുന്ന വിവരങ്ങള്‍ വിശ്വസനീയതകുറഞ്ഞ പില്‍ക്കാല സ്രോതസുകളില്‍ നിന്നാണ്. ക്രി.മു. 404-ല്‍ ഏഥന്‍സിന്റെ കീഴടങ്ങലിലും യുദ്ധത്തിന്റെ സമാപ്തിക്കും ശേഷം ഓനോബിയസ് എന്നൊരാള്‍, തുസ്സിഡിഡീസിന് ആഥന്‍സില്‍ മടങ്ങിവരാന്‍ സാധ്യമാക്കുന്ന ഒരു നിയമം അംഗീകരിപ്പിച്ചെടുത്തു എന്ന് ഭൂമിശാസ്ത്രജ്ഞന്‍ പൗസാനിയസ് പറയുന്നുണ്ട്.[12] ഏഥന്‍സിലേക്കുള്ള മടക്കയാത്രയില്‍ തുസ്സിഡിഡീസ് കൊല്ലപ്പെട്ടെന്നും പൗസാനിയസ് തുടര്‍ന്നെഴുതുന്നുണ്ട്. ക്രി.മു 397-വരെയെങ്കിലും തുസ്സിഡിഡീസ് ജീവിച്ചിരുന്നുവെന്നതിന് തെളിവുകള്‍ കാണുന്നതുകൊണ്ട്, പൗസാനിയസിന്റെ സാക്‌ഷ്യത്തിന് സ്വീകാര്യത കുറവാണ്. തുസ്സിഡിഡീസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഏഥന്‍സിലേക്കു കൊണ്ടുവന്ന് സിമ്മോന്റെ കുടുംബസംസ്കാരസ്ഥലത്ത് നിക്ഷേപിച്ചുവെന്ന് പ്ലൂട്ടാര്‍ക്ക് പറയുന്നുണ്ട്.[13]
ചിതറിക്കിടക്കുന്ന ഈ തെളിവുകളൊക്കെ ചേര്‍ത്തുവക്കുമ്പോള്‍ തുസ്സിഡിഡീസിന്റെ കുടുംബം ത്രേസില്‍ ഒരു സ്വര്‍ണ്ണഖനി ഉള്‍പ്പെട്ട വലിയഭൂസ്വത്തിന്റെ ഉടമകളായിരുന്നെന്നും അത് അവര്‍ക്ക് ദീര്‍ഘനാള്‍ ഗണ്യമായ സമ്പന്നത അനുഭവിക്കാന്‍ അവസരം കൊടുത്തു എന്നും മനസ്സിലാക്കാം. ഭൂസമ്പത്തിന്റെ സുരക്ഷക്കും നിലനില്പ്പിനും, പ്രാദേശിക രാജാക്കന്മാരും പ്രമാണിമാരുമായി ബന്ധം വച്ചുപുലര്‍ത്തേണ്ടത് ആവശ്യമായിരുന്നു. 'ഒളോറസ്' എന്ന തനി ത്രേസിയന്‍ രാജനാമം ആ കുടുംബത്തില്‍ കടന്നുകൂടാന്‍ ഇടയായാത് ആ വഴിക്കാകാം. നാടുകടത്തപ്പെട്ടതിനെ തുടര്‍ന്ന് തുസ്സിഡിഡീസ് ത്രേസിലെ തന്റെ ഭൂമിയില്‍ സ്ഥിരതാമസമാക്കി. സ്വര്‍ണ്ണഖനിയില്‍ നിന്നും മറ്റും ഉണ്ടായിരുന്ന വരുമാനത്തിന്റെ തണലില്‍, ചരിത്രരചനയിലും ഗവേഷണത്തിലും പൂര്‍ണ്ണമായി മുഴുകുവാനും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനായി ഇടക്കിടെ യാത്രകളില്‍ ഏര്‍പ്പെടുവാനും അദ്ദേഹത്തിന് സാധിച്ചു. ഉദ്യോഗമുക്തനും സമ്പന്നനും പിടിപാടുള്ളവനുമായ മാന്യവ്യക്തിയുടെ അവസ്ഥ, യുദ്ധത്തിലേയും രാഷ്ട്രീയത്തിലേയും അപകടങ്ങളില്‍ നിന്ന് മുക്തമായി സ്വന്തം ഗവേഷണം സ്വന്തം ചെലവില്‍ നടത്താന്‍ അദ്ദേഹത്തെ സഹായിച്ചു.
ക്രി.മു. 411-ന്റെ മദ്ധ്യത്തില്‍ തുസ്സിഡിഡീസിന്റെ ചരിത്രം പെട്ടന്ന് അവസാനിക്കുന്നുവെന്നത്, ഗ്രന്ഥരചനക്കിടെ അദ്ദേഹം മരിച്ചുവെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. എന്നാല്‍ തുസ്സിഡിഡീസിന്റെ ചരിത്രത്തിന്റെ വിചിത്രമായ സമാപ്തിക്ക് വേറേ വിശദീകരണങ്ങളും മുന്നോട്ടുവക്കപ്പെട്ടിട്ടുണ്ട്.
[തിരുത്തുക] വിദ്യാഭ്യാസം
തുസ്സിഡിഡീസിന്റെ ആഖ്യാനത്തിലെ പ്രഭാഷണശൈലി(rhetorical style) കണക്കിലെടുക്കുമ്പോള്‍, ഏഥന്‍സിലും മറ്റു ഗ്രീക്ക് നഗരങ്ങളിലും കണ്ടിരുന്ന സോഫിസ്റ്റുകള്‍ എന്ന നാടോടി പ്രഭാഷകന്മാരെ അദ്ദേഹം പരിചയപ്പെട്ടിരുന്നെന്ന് കരുതാം. എന്നാല്‍ ഇതിന് വ്യക്തമായ തെളിവുകളൊന്നുമില്ല.
കാര്യകാരണയുക്തിയിലുള്ള തുസ്സിഡിഡീസിന്റെ ആശ്രയവും, ദൃശ്യപ്രതിഭാസങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് മറ്റു ഘടകങ്ങളെ അവഗണിച്ചതും, അദ്ദേഹത്തിന്റെ ഗദ്യശൈലിയുടെ മിതത്വവും എല്ലാം കോസിലെ ഹിപ്പോക്രറ്റീസിനെപ്പോലുള്ള ആദ്യകാല വൈദ്യശാസ്ത്രലേഖകന്മാരില്‍ നിന്ന് കൈക്കൊണ്ടതാണെന്ന് വാദിക്കപ്പെട്ടിട്ടുണ്ട്. തുസ്സിഡിഡീസിന് വൈദ്യപരിശീലനം സിദ്ധിച്ചിരുന്നെന്നുപോലും ചിലര്‍ വാദിച്ചിട്ടുണ്ട്.
മേല്പ്പറഞ്ഞ രണ്ടുവാദങ്ങളും തുസ്സിഡിഡീസിന്റെ ചരിത്രരചനക്കുണ്ടെന്ന് കരുതപ്പെട്ട പ്രത്യേകതകളെ ആശ്രയിച്ചുള്ള ഊഹങ്ങള്‍ മാത്രമാണ്. ഇവയെ പൂര്‍ണ്ണമായും നിഷേധിക്കാനോ നിശ്ചിതമായി ഉറപ്പിക്കാനോ മതിയായ തെളിവുകള്‍ ലഭ്യമല്ല.
[തിരുത്തുക] സ്വഭാവം
തുസ്സിഡിഡീസിന്റെ സ്വഭാവത്തെക്കുറിച്ചറിയാന്‍ അദ്ദേഹത്തിന്റെ കൃതിയില്‍ ലഭ്യമായ വിവരങ്ങളെ ആശ്രയിക്കുകയേ വഴിയുള്ളു. അദ്ദേഹത്തിന്റെ പരുക്കന്‍ ഫലിതബോധം എവിടേയും ദൃശ്യമാണ്. ഏഥന്‍സിലെ പ്ലേഗിനെ വിവരിക്കുമ്പോള്‍, "ഡോറിയന്‍ യുദ്ധം വരുമ്പോള്‍, ഏറെ മരണവും കൂട്ടിനുവരും" എന്നൊരു ഈരടി കേട്ടിട്ടുള്ളതായി പഴയതലമുറയിലെ ഏഥന്‍സുകാര്‍ അവകാശപ്പെടുന്ന കാര്യം അനുസ്മരിച്ചിട്ട്, പലരും ഓര്‍ക്കുന്ന ശരിയായ ഈരടിയില്‍ മരണം (loimos/death) എന്നതിനുപകരം ദാരിദ്ര്യം(limos/dearth) എന്നായിരുന്നുവെന്നും അതിനെ മരണം ആക്കി മാറ്റിയത് ഇപ്പോള്‍ പ്ലേഗ് വന്നതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. ഇനി ദാരിദ്ര്യത്തോടൊപ്പം മറ്റൊരു യുദ്ധം വന്നാല്‍ ഈരടി, ദാരിദ്ര്യത്തിന്റെ വരവുപറയുന്ന പഴയരൂപത്തിലായി മരണത്തിന്റെ ഈരടി എല്ലാവരും മറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.[14]
പെരിക്കിള്‍സിനേയും ജനങ്ങള്‍ക്കുമേല്‍ അദ്ദേഹത്തിനുണ്ടായിരുന്ന വലിയ സ്വാധീനത്തേയും ഏറെ ബഹുമാനിച്ചിരുന്ന തുസ്സിഡിഡീസിന്, പെരിക്കിള്‍സിനെ അനുയാത്രചെയ്തിരുന്ന ജനപ്രീണനാവാദികള്‍(demagogues) അറപ്പുളവാക്കി. ജനാധിപത്യത്തിന്റെ ആള്‍ക്കൂട്ടത്തെ ഇഷ്ടപ്പെടാതിരുന്ന തുസ്സിഡിഡീസിന്, പെരിക്കിള്‍സ് കൊണ്ടുവന്ന സമ്പൂര്‍ണ്ണജനാധിപത്യത്തോട് മതിപ്പില്ലായിരുന്നുവെങ്കിലും ഒരു നല്ല നേതാവിന്റെ കീഴില്‍ അതും ആകാവുന്നതാണെന്നു കരുതി.[15] പൊതുവേ സംഭവഗതികളെ നിഷ്പക്ഷമായി അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഉദാഹരണമായി, ആംഫിപ്പോലിസിന്റെ യുദ്ധത്തില്‍ തനിക്കുപറ്റിയ തെറ്റുകളുടെ പ്രത്യാഘാതങ്ങളെ അദ്ദേഹം ലഘൂകരിച്ചുകാട്ടുന്നില്ല. എന്നാല്‍ ഇടക്കിടെ അദ്ദേഹം ആവേശം കൊണ്ട് സമനില തെറ്റിയവനാകുന്നു.ജനപ്രീണനാവാദികളായ ക്ലിയോണ്‍[16] ഹൈപ്പര്‍ബോലസ്[17] തുടങ്ങിയവര്‍ക്കുനേരേ അദ്ദേഹം നടത്തുന്ന നിശിതമായ ആക്രമണം ഇതിന് ഉദാഹരണമാണ്. തുസ്സിഡിഡീസിന്റെ നാടുകടത്തലില്‍ ക്ലിയോണ് പങ്കുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നതുകൊണ്ട് [18], അയാളുടെ ചിത്രീകരണത്തില്‍ അദ്ദേഹം പൂര്‍ണ്ണമായ നിഷ്പക്ഷത പുലര്‍ത്തിയിട്ടില്ലെന്നുവരാം. എന്നാല്‍ ക്ലിയോന്റെ ചിത്രീകരണവും തുസ്സിഡിഡീസിന്റെ നാടുകടത്തലില്‍ അയാള്‍ക്കുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഉത്തരവാദിത്വവും തമ്മിലുള്ള ബന്ധം ആദ്യമായി പരാമര്‍ശിക്കപ്പെട്ടത് തുസ്സിഡിഡീസിന്റെ മരണത്തിന് നൂറ്റാണ്ടുകള്‍ക്കുശേഷം എഴുതിയ ഏറെ വിശ്വസനീയമല്ലാത്ത ഒരു ജീവചരിത്രത്തിലാണ്. ഒരു പക്ഷേ അത്, തുസ്സിഡിഡീസ് ക്ലിയോന്റെ കാര്യത്തില്‍ പ്രകടിപ്പിച്ച അപ്രീതിയെ മാത്രം ആശ്രയിച്ചു നടത്തിയ ഒരു നിഗമനമാകാം.
യുദ്ധം വരുത്തിവക്കുന്ന ദുരിതങ്ങളും അത്തരം സാഹചര്യങ്ങളില്‍ മനുഷ്യപ്രകൃതി ചെയ്തുകൂട്ടുന്ന കടുംകൈകളും തുസ്സിഡിഡീസിന് പ്രചോദനമായെന്ന് വ്യക്തമാണ്. കോര്‍സിറായിലെ ആഭ്യന്തരകലാപത്തിനിടെ നടന്ന കൂരതകളുടെ ചിത്രീകരണം ഇത് വെളിവാക്കുന്നു.[19] "യുദ്ധം അക്രമിയായ ഗുരുനാഥനാണ്" (War is a violent teacher) എന്ന ശ്രദ്ധേയമായ വാക്യം അദ്ദേഹം എഴുതിയത് ആ വര്‍ണ്ണനയിലാണ്.
[തിരുത്തുക] പെലൊപൊന്നേസ് യുദ്ധത്തിന്റെ ചരിത്രം
തുസ്സിഡിഡീസിന്റെ ചരിത്രഗ്രന്ഥം അദ്ദേഹത്തിന്റെ കാലശേഷം എട്ടുഭാഗങ്ങളായി വിഭജിക്കപ്പെട്ടു: ആധുനികകാലത്ത് അത്, പെലോപ്പൊന്നേസ് യുദ്ധത്തിന്റെ ചരിത്രം എന്ന പേരിലാണ് അറിയപ്പെടുന്നത്. ചരിത്രത്തിനും ചരിത്രരചനാശാസ്ത്രത്തിനും തുസ്സിഡിഡീസ് ആകെ നല്‍കിയ സംഭാവന ഏഥന്‍സും അതിന്റെ സഖ്യകക്ഷികളും സ്പാര്‍ട്ടയും അതിന്റെ സഖ്യകക്ഷികളും തമ്മില്‍ നടന്ന ഇരുപത്തേഴുവര്‍ഷത്തെ യുദ്ധത്തിന്റെ ഈ ചരിത്രത്തില്‍ അടങ്ങിയിരിക്കുന്നു. ഇരുപത്തിയൊന്നാം വര്‍ഷം ഒടുവില്‍ ആഖ്യാനം പെട്ടെന്ന് നില്‍ക്കുന്നു. പുസ്തകത്തിന്റെ അവസാന ഭാഗം വായിച്ചാല്‍ തുസ്സിഡിഡീസിന്റെ മരണം അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം കൊല്ലപ്പെടുകായാണുണ്ടായതെന്നും തോന്നും. പെലോപ്പൊന്നേസ് യുദ്ധത്തെ വളരെ പ്രാധാന്യമുള്ള ഒരു ചരിത്രസംഭവമായി തുസ്സിഡിഡീസ് വിലയിരുത്തി.[20] അതിനെക്കുറിച്ചുള്ള തന്റെ രചന എല്ലാക്കാലത്തിനും ഒരു കൈമുതലായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. [21]
ശരിയായ അര്‍ഥത്തിലുള്ള ആദ്യത്തെ ചരിത്രകാരന്മാരില്‍ ഒരാളായി തുസ്സിഡിഡീസ് എണ്ണപ്പെടുന്നു. ചരിത്രരചനയുടെ പിതാവ് എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ മുന്‍ഗാമി ഹെറോഡൊട്ടസിനെപ്പോലെ അദ്ദേഹവും, സംഭവഗതികളുടെ വിശകലനത്തേയും ദൃക്സാക്ഷി വിവരണങ്ങളേയും ആശ്രയിക്കുകയും സ്വന്തം പങ്കാളിത്തമുള്ള പല സംഭവങ്ങളുടേയും വിവരണം നല്‍കുകയും ചെയ്തു. ലിഖിതരേഖകള്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കുന്നതും താന്‍ വിവരിക്കുന്ന സംഭവങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരെ ചോദ്യം ചെയ്യുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു. മനുഷ്യവ്യാപാരങ്ങളില്‍ ദൈവത്തിന്റെ ഇടപെടലിനെ അദ്ദേഹം കണക്കിലെടുത്തില്ല. ആധുനികദൃഷ്ടിയില്‍ നോക്കുമ്പോള്‍, തുസ്സിഡിഡീസ് അബോധമായ മുന്‍വിധികള്‍ വച്ചുപുലര്‍ത്തിയിരുന്നുവെന്ന് തോന്നിയേക്കാം. [[[പേര്‍ഷ്യ|പേര്‍ഷ്യയുടെ]] ഇടപെടലിന്റെ പ്രാധാന്യത്തെ അദ്ദേഹം കുറച്ചുകാണുന്നത് അതിന് ഒരുദാഹരണമാണ്. എന്നാല്‍ ചരിത്രത്തെ വസ്തുനിഷ്ടമായി സമീപിക്കുകയെന്ന ആധുനിക നിലപാടിന് കുറെയെങ്കിലും അടുത്തുവരുന്ന ആദ്യത്തെ ചരിത്രകാരനാണദ്ദേഹം.
തുസ്സിഡിഡീസിന്റെ ചരിത്രവും ആധുനികചരിത്രരചനകളും തമ്മിലുള്ള ഒരു പ്രധാനവ്യത്യാസം തുസ്സിഡിഡീസ് തന്റെ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അനേകം പ്രഭാഷണങ്ങളാണ്. തനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞരീതിയിലും അവയുടെ സന്ദര്‍ഭത്തില്‍ എന്താണ് പറയേണ്ടിയിരുന്നത് എന്നതിനെക്കുറിച്ചുള്ള തന്റെ ധാരണയുടെ അടിസ്ഥനത്തിലും ആണ് താന്‍ അവ രേഖപ്പെടുത്തിയതെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. അതേസമയം ചരിത്രകാരന്‍ രേഖപ്പെടുത്തിയാലല്ലാതെ പുരാതനകാലത്തെ പ്രമുഖ പ്രഭാഷണങ്ങള്‍ പില്‍ക്കാലങ്ങളില്‍ ലഭ്യമാവുകയില്ലായിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്. ആധുനിക കാലത്ത് ചരിത്രപ്രാധാന്യമുള്ള പ്രഭാഷണങ്ങളുടെ നിലനില്പ്പ് മറ്റുവഴിയില്‍ ഉറപ്പായതുകൊണ്ട് അവ രേഖപ്പെടുത്തിവക്കുന്നത് ചരിത്രകാരന്റെ ജോലിയല്ല. അതുകൊണ്ട്, ആധുനികചരിത്രകാരന്മാരെപ്പോലെ, ഉറവിടങ്ങളെ കണ്ടെടുത്ത് ഉപയോഗിക്കുകയായിരുന്നില്ല തുസ്സിഡിഡീസിന് ചെയ്യാനുണ്ടായിരുന്നത്. മിക്കവാറും വാമൊഴിയായി കിട്ടിയ ഉറവിടങ്ങളെ രേഖപ്പെടുത്തി, വിസ്മൃതിയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഈ പ്രഭാഷണങ്ങള്‍ സാഹിത്യശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന് ജനാധിപത്യത്തെ ധാര്‍മ്മികവാദങ്ങളുന്നയിച്ച് ആവേശപൂര്‍വം ന്യായീകരിക്കുന്ന പെരിക്കിള്‍സിന്റെ ചരമപ്രസംഗം, പരേതരെ പ്രശംസാവചനങ്ങള്‍ കൊണ്ട് ഇങ്ങനെ മൂടുന്നു:
| “ | ഭൂമി മുഴുവന്‍ മഹത്ത്വം പ്രാപിച്ചവരുടെ സംസ്കാരസ്ഥാനമാണ്; സ്വരാജ്യത്തെ സ്തംഭങ്ങളും ലിഖിതങ്ങളും മാത്രമല്ല അവരെ ആദരിക്കുന്നത്; മനുഷ്യഹൃദയങ്ങളില്‍ രേഖപ്പെടുത്തിയ ഓര്‍മ്മ അവര്‍ക്ക്, വിദേശങ്ങളില്‍ പോലും, ശിലാലിഖിതങ്ങളേയും വെല്ലുന്ന സ്മരണികകളാകുന്നു. | ” |
ഈ പ്രസ്താവന പെരിക്കിള്‍സിന്റെ പേരിലാണ് കൊടുത്തിരിക്കുന്നതെങ്കിലും അതിനെ തുടര്‍ന്നുവരുന്ന പ്ലേഗിന്റെ വിവരണവുമായി താരതമ്യം ചെയ്തുള്ള വായനക്കായി, തുസ്സിഡിഡീസ് തന്നെ അത് എഴുതിയതായിരിക്കാനാണിട:
| “ | അനേകം ജഡങ്ങള്‍ സംസ്കരിക്കപ്പെടാതെ കിടന്നെങ്കിലും പക്ഷികളും ജന്തുക്കളും അവയെ സ്പരിശിക്കാതിരിക്കുകയോ രുചിച്ച മാത്രയില്‍ ചാവുകയോ ചെയ്തു [...]. മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരുടെ ശരീരങ്ങള്‍ ഒന്നിനുപുറമേ ഒന്നായി കിടന്നു; പകുതിമരിച്ച പരവശാത്മാക്കാള്‍ തെരുവുകളില്‍ അലഞ്ഞുനടക്കുകയും, വെള്ളംകൊതിച്ച് നീരുറവുകള്‍ക്കുസമീപം പറ്റം ചേര്‍ന്നുനില്‍ക്കുകയും ചെയ്തു. അവര്‍ അഭയംതേടിയ വിശുദ്ധസ്ഥലങ്ങളിലും, അവിടെമരിച്ച അവരെപ്പോലുള്ളവരുടെ ജഡങ്ങള്‍ കൂടിക്കിടന്നിരുന്നു; എല്ലാ അതിരുകളേയും കടന്ന ദുരന്തത്തില്‍ തങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്നതെന്തെന്ന ആകാംക്ഷ മനുഷ്യരെ ഗ്രസിച്ചപ്പോള്‍, അവര്‍ ദേവസ്ഥാനങ്ങളേയും, ദേവവിഹിതങ്ങളേയും ബഹുമാനിക്കാതെയായി. ചിരസ്ഥാപിതമായ സംസ്കാരവിധികള്‍ ആകെ തകിടം മറിഞ്ഞു. ജഡങ്ങള്‍ ആകാവുന്ന വിധത്തിലൊക്കെ സംസ്കരിക്കപ്പെട്ടു. ഉറ്റവരില്‍ അനേകം പേരുടെ മരണത്തോടെ സാമഗ്രികള്‍ക്ക് ക്ഷാമമായപ്പോള്‍, പലരും ജഡങ്ങളുടെ സംസ്കാരത്തിന് ലജ്ജാകരമായ വഴികള്‍ അവലംബിക്കാന്‍ തുടങ്ങി: മറ്റൊരാള്‍ ഒരുക്കിയ ചിതയില്‍ തങ്ങള്‍ കൊണ്ടുവന്ന ജഡങ്ങള്‍ വച്ച് ചിലര്‍ തീകൊളുത്തി; ചിലപ്പോള്‍ തങ്ങള്‍ വഹിച്ചിരുന്ന ജഡത്തെ നേരത്തേ കത്തിക്കൊണ്ടിരുന്ന ഒരു ജഡത്തിനുമേല്‍ വലിച്ചെറിഞ്ഞിട്ട് അവര്‍ സ്ഥലം വിട്ടു. | ” |
തുസ്സിഡിഡീസിന്റെ മുഖ്യവിഷയങ്ങളില്‍ ഒന്ന് ഏഥന്‍സിന്റെ സാമ്രാജ്യസദാചാരമായിരുന്നെന്ന്(Imperial Ethic), രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുപിന്നാലെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍,ക്ലാസിക്കല്‍ പണ്ഡിതയായ ജാക്വിലീന്‍ ഡി റോമിലി ചൂണ്ടിക്കാട്ടി. അവരുടെ പഠനം തുസ്സിഡിഡീസിന്റെ ചരിത്രത്തെ രാഷ്ട്രാന്തരബന്ധത്തെക്കുറിച്ചുള്ള ഗ്രീക്ക് ചിന്തയുടെ പശ്ചാത്തലത്തില്‍ പ്രതിഷ്ടിച്ചു. ആ മൗലികപഠനം തുസ്സിഡിഡിസിന്റെ ചരിത്രത്തിലെ കയ്യൂക്കിന്റെ രാഷ്ട്രനീതിയിലെക്ക്(Power Politics) പലരുടേയും ശ്രദ്ധ ആകര്‍ഷിച്ചു.
എന്നാല്‍ റിച്ചാര്‍ഡ് നെഡ് ലെബോയെപ്പോലുള്ള എഴുത്തുകാര്‍, തുസ്സിഡിഡീസിനെ നഗ്നമായ ശക്തിരാഷ്ട്രീയത്തിന്റെ ചരിത്രകാരനായി വിലയിരുത്തുന്നതിനെ എതിര്‍ക്കുന്നു. ലോകനേതാക്കളില്‍ തുസ്സിഡിഡീസിന്റെ ചരിത്രം വായിച്ചിട്ടുള്ളവര്‍ക്കൊക്കെ, ഇതിഹാസകാരന്റേയും കവിയുടേയും സഹതാപദൃഷ്ടിക്കുപകരം, ദിനവൃത്താന്തകന്റെ നിര്‍മ്മമതയോടെ തങ്ങളെ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടാകാമെന്ന മുന്നറിയിപ്പാണ് കിട്ടുകയെന്നും, ആ മുന്നറിയിപ്പ് അറിഞ്ഞോ അറിയാതെയോ അവര്‍ സൃഷ്ടിക്കുന്ന ചരിത്രത്തെ സ്വാധീനിക്കുമെന്നും ഈ ലേഖകന്മാര്‍ ചൂണ്ടിക്കാട്ടുന്നു. തുസ്സിഡിഡീസിന്റെ മീലിയന്‍ സംവാദം ദിനവൃത്താന്തകര്‍ക്കും, തങ്ങളുടെ നേതാക്കന്മാര്‍ ലോകവേദിയില്‍ പൂര്‍ണ്ണ സത്യസന്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്ന എല്ലാവര്‍ക്കും പാഠമാണ്. പെരിക്കിള്‍സിന്റെ ചരമപ്രസംഗത്തില്‍ മലമുകളിലെ തിളങ്ങുന്ന നഗരമായി പ്രത്യക്ഷപ്പെടുന്ന ഏഥന്‍സ്, ധര്‍മ്മച്യുതിയില്‍ അധികാരഭ്രാന്ത് പെരുകി, അയല്‍ നഗരങ്ങള്‍ക്കുമേല്‍ ഭീകരവാഴ്ച നടത്തുന്നതിന്റെ ചിത്രീകരണമായും അതിനെ കാണാം.
തന്റെ വളര്‍ച്ചക്കും വിവരണത്തിനും പശ്ചാത്തലമായിരുന്ന കലയേയോ, സാഹിത്യത്തെയോ സമൂഹത്തെയോ വര്‍ണ്ണിക്കാന്‍ തുസ്സിഡിഡീസ് താത്പര്യം കാട്ടുന്നില്ല. ഒരു കാലഘട്ടത്തെക്കുറിച്ചന്നതിനുപകരം ഒരു സംഭവത്തെക്കുറിച്ചെഴുതുകയായിരുന്ന അദ്ദേഹം, അപ്രസക്തമെന്ന് തോന്നിയതിനെയൊക്കെ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
ഏഥന്‍സിലെ ജനാധിപത്യത്തോട്, അങ്ങേയറ്റം ഇളക്കമുള്ള മനോഭാവമാണ് തുസ്സിഡിഡീസിനുണ്ടായിരുന്നതെന്ന് ലിയോ സ്ട്രാസ് നഗരവും മനുഷ്യനും(പുറങ്ങള്‍ 230–31) എന്ന പ്രഖ്യാതപഠനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്: "തുസ്സിഡിഡീസിന്റെ ജ്ഞാനം സാധ്യമാക്കിയത്" വ്യക്തികളുടെ തന്റേടത്തിനും, കൗതുകത്തിനും, സംരംഭക്ഷമതക്കും സ്വാതന്ത്ര്യവും പ്രോത്സാഹനവും നല്‍കിയ പെരിക്കിള്‍സിന്റെ ജനാധിപത്യമായിരുന്നു. എന്നാല്‍ ജനാധിപത്യത്തിലെ സ്വാതന്ത്ര്യം അമിതമായ അധികാരക്കൊതിയെ തുറന്നുവിട്ട്, സാമ്രാജ്യത്വത്തിനും രാഷ്ട്രീയ അസ്ഥിരതക്കും അവസരമൊരുക്കി. ഏഥന്‍സിന്റേയും ജനാധിപത്യത്തിന്റെ തന്നെയും ദുരന്തം ഇതാണ് — ഏഥന്‍സിലെ ജനാധിപത്യത്തില്‍ നിന്ന് പഠിച്ച്, തുസ്സിഡിഡീസ് രേഖപ്പെടുത്തിവച്ച ദുരന്തജ്ഞാനവും ഇതുതന്നെ. ജനാധിപത്യത്തിന് നേതൃത്വം ആവശ്യമാണെന്നും നേതൃത്വം ജനാധിപത്യത്തെ അപകടപ്പെടുത്തിയേക്കാമെന്നുമുള്ള പാഠമാണ് തുസ്സിഡിഡീസില്‍ നിന്ന് പരമ്പരാഗത പണ്ഡിതന്മാര്‍ സ്വീകരിക്കുന്നത്.[22]
[തിരുത്തുക] തുസ്സിഡിഡീസും ഹെറോഡൊട്ടസും
തുസ്സിഡിഡീസും ചരിത്രരചനയില്‍ അദ്ദേഹത്തിന്റെ പൂര്‍വഗാമിയായിരുന്ന ഹെറോഡൊട്ടസും പാശ്ചാത്യചരിത്രവീക്ഷണത്തെ ഗണ്യമായി സ്വാധീനിച്ചു. തുസ്സിഡിഡീസ് ഹെറോഡൊട്ടസിനെ പേരെടുത്തു പരാമര്‍ശിക്കുന്നില്ല. [23] എന്നാല്‍ പെലൊപൊന്നേസ് യുദ്ധത്തിന്റെ ചരിത്രത്തിലെ താഴെപ്പറയുന്ന ഭാഗം ഹെറോഡൊട്ടസിനെ പരാമര്‍ശിക്കുന്നതായി കരുതപ്പെടുന്നു.
| “ | കല്പ്പിതകഥകളൊന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്ത ഈ ചരിത്രം കേള്‍ക്കുന്നത് ആനന്ദപ്രദമായിരിക്കണമെന്നില്ല. എന്നാല്‍ നടന്നവയും, മനുഷ്യവംശത്തിന്റെ അവസ്ഥ പരിഗണിക്കുമ്പോള്‍ ഇനിയും നടക്കാനിരിക്കുന്നവയും ആയ സംഭവങ്ങളുടെ സത്യാവസ്ഥയിലേക്ക് കണ്ണയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്രദമായി തോന്നാവുന്നത് ഇതിലുണ്ടാവും. പരസ്യവായനയില്‍ കയ്യടിവാങ്ങാനെന്നതിനുപകരം നിത്യം നിധിയായിരിക്കാനായി എഴുതപ്പെട്ടതാണിത്. | ” |
ആഘോഷാവസരങ്ങളില്‍ ഹെറോഡൊട്ടസിന്റെ കൃതി പരസ്യമായി വായിക്കപ്പെടുകയും ഒളിമ്പിക്സ് മത്സരങ്ങളിലെന്നപോലെ വായനക്കാര്‍ സമ്മാനിതമാവുകയും ചെയ്യുമായിരുന്നുവെന്ന് പറയപ്പെടുന്നു.
ഹെറോഡൊട്ടസ് തന്റെ ചരിത്രത്തില്‍ പേര്‍ഷ്യന്‍ യുദ്ധത്തിലെ സംഭവങ്ങള്‍ക്കൊപ്പം ഭൂമിശാസ്ത്രത്തെയും, മനുഷ്യജാതികളേയും കുറിച്ചുള്ള വിവരങ്ങളും, ദീര്‍ഘമായയാത്രകളില്‍ താന്‍ കേട്ട അത്ഭുതകരവും ഐതിഹാസികവുമായ കഥകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പരസ്പരവിരുദ്ധവും അവിശ്വസനീയവുമായ വിവരങ്ങളില്‍ നിന്ന് ഏതു വിശ്വസിക്കണം എന്ന തീരുമാനം അദ്ദേഹം വായനക്കാരന് വിടുന്നു.[25]
ഹെറോഡൊട്ടസ് ചരിത്രത്തെ കണ്ടത്, ധാര്‍മ്മികപാഠങ്ങളുടെ ഉറവിടമായാണ്. കലഹങ്ങളും യുദ്ധങ്ങളും ഉണ്ടാവുന്നത് നീതിരഹിതമായ പ്രവൃത്തികളിലും അവ ഉളവാക്കുന്ന പ്രതികാരങ്ങളിലും നിന്നാണെന്ന് അദ്ദേഹം കരുതി.[26] തുസ്സിഡിഡീസാവട്ടെ, തന്റെ കാലത്തെ രാഷ്ട്രീയ-സൈനിക സംഭവങ്ങളെ വിശ്വസ്ഥമായ ദൃസാക്ഷി വിവരണങ്ങളെ ആധാരമാക്കി രേഖപ്പെടുത്തുകയാണ് ചെയ്തതെന്ന് അവകാശപ്പെട്ടു. [27]എന്നാല്‍, ഹെറോഡൊട്ടസിനെപ്പോലെ അദ്ദേഹം തന്റെ വിവരണത്തിന്റെ ഉറവിടങ്ങള്‍ വെളിവാക്കുന്നില്ല. ജീവിതത്തെ രാജനീതിയുമായി മാത്രം ബന്ധപ്പെടുത്തിയും ചരിത്രത്തെ രാഷ്ട്രനീതിയുടെ ചരിത്രമായും തുസ്സിഡിഡീസ് കണ്ടു. രാഷ്ട്രീയസംഭവങ്ങളുടെ വിശകലനത്തില്‍ ധാര്‍മ്മികതയെ അദ്ദേഹം പരിഗണിക്കുന്നേയില്ല. ഭൂമിശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ വശങ്ങള്‍ക്കാകട്ടെ പരാമാവധി രണ്ടാം സ്ഥാനമാണ് അദ്ദേഹം കല്പിച്ചത്.
സ്ട്രാബോ, പൊളിബിയസ്, ഡയോഡോറസ്, പ്ലൂട്ടാര്‍ക്ക് തുടങ്ങിയ പില്‍ക്കാല ഗ്രീക്ക് ചരിത്രകാരന്മാര്‍ തുസ്സിഡിഡീസിനെ സത്യനിഷ്ഠയോടുകൂടിയ ചരിത്രരചനയുടെ പരമോദാഹരണമായി വിലയിരുത്തി. സംഭവങ്ങളെ അവ നടന്നതുപോലെതന്നെ (ὡς ἐπράχθη} വേണം രേഖപ്പെടുത്താനെന്ന നിയമം ഗ്രീക്ക് ചരിത്രകാരന്മാര്‍ക്ക് നല്‍കിയത് തുസ്സിഡിഡീസാണെന്ന് ലൂഷന്‍[28] കരുതി. ചരിത്രമെന്നാല്‍ രാഷ്ട്രീയചരിത്രമാണെന്നും, സമകാലീനചരിത്രമാണ് ഓരോ ചരിത്രകാരന്റേയും പ്രവര്‍ത്തനമേഖല എന്നും തുസ്സിഡിഡീസിനെപ്പോലെ നാലാം നൂറ്റാണ്ടിലെ ഗ്രീക്ക് ചരിത്രകാരന്മാരും വിശ്വസിച്ചു. എന്നാല്‍ ഹെറോഡൊട്ടസിനെപ്പോലെ അവരും, ചരിത്രത്തെ ധാര്‍മ്മികപാഠങ്ങളുടെ ഉറവിടമായി കണ്ടു.[29] എന്നിട്ടും അവരില്‍ ചിലര്‍ ഹെറോഡൊട്ടസിനെ "നുണകളുടെ പിതാവായി" ചിത്രീകരിച്ച് ലേഖനങ്ങള്‍ എഴുതി. [30] എന്നാല്‍ റോമന്‍ രാഷ്ട്രതന്ത്രജ്ഞനും ലേഖകനുമായ സിസറോ ഹെറോഡൊട്ടസിനെ ചരിത്രരചനയുടെ പിതാവ് എന്നു വിശേഷിപ്പിച്ചു. [31]
മധ്യയുഗങ്ങളില്‍ തുസ്സിഡിഡീസും ഹെറോഡൊട്ടസും പൊതുവേ വിസ്മരിക്കപ്പെട്ടെങ്കിലും പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ ഹെറോഡൊട്ടസ് മാനിക്കപ്പെടാന്‍ തുടങ്ങി. അമേരിക്ക കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്ന്, ഹെറോഡൊട്ടസിന്റെ ചരിത്രത്തില്‍ വിവരിച്ചിട്ടുള്ളതിനേക്കാള്‍ വിചിത്രമായ ആചാരങ്ങളും ജന്തുവര്‍ഗ്ഗങ്ങളുമായി പാശ്ചാത്യലോകം പരിചയപ്പെടാന്‍ ഇടവന്നതായിരുന്നു ഇതിന് ഒരു കാരണം. പ്രൊട്ടസ്റ്റന്റ് കലാപത്തിന്റെ ആശയങ്ങള്‍ പിന്തുടര്‍ന്നിരുന്ന ഐസക്ക് ന്യൂട്ടണെപ്പോലെയുള്ളവര്‍ ആഗ്രഹിച്ചതുപോലെ, ബൈബിളില്‍ വിവരിച്ചിരിക്കുന്ന സംഭവങ്ങളുടെ സമയക്രമം നിജപ്പെടുത്താന്‍ ഹെറോഡൊട്ടസിന്റെ ചരിത്രം സഹായകമായി എന്നത് മറ്റൊരു കാരണവും.
നവോദ്ധാനകാലത്തും തുസ്സിഡിഡീസ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന പൊളിബിയസിനോളം ശ്രദ്ധിക്കപ്പെട്ടില്ല.[32] രാഷ്ട്രീയാധികാരത്തിന്റെ ഒരേയൊരു ലക്‌ഷ്യം മത-ധാര്‍മ്മികപരിഗണനകള്‍ക്കുപരിയായി അധികരം തേടുകയാനെന്ന് സ്ഥാപിക്കുന്ന രാജപുത്രന്‍ (Il Principe - The Prince) എന്ന പ്രഖ്യാതരചനയുടെ കര്‍ത്താവായ പതിനാറാം നൂറ്റാണ്ടിലെ നിക്കോളോ മാക്കിയവെല്ലി തുസ്സിഡിഡീസിനെ കാര്യമായി കണക്കിലെടുത്തില്ലെങ്കിലും പില്‍ക്കാലലേഖകന്മാര്‍ അവര്‍ക്കിടയില്‍ പല സമാനതകളും കണ്ടിട്ടുണ്ട്.[33] പതിനേഴാം നൂറ്റാണ്ടില്‍, കടുത്ത സമഗ്രാധിപത്യത്തെ പിന്തുണച്ച് 'ലിവ്യാത്താന്‍' എന്ന ഗ്രന്ഥം രചിച്ച രാഷ്ട്രീയചിന്തകനായ തോമസ് ഹോബ്സ് തുസ്സിഡിഡീസിന്റെ ആരാധകനായിരുന്നു. 1628-ല്‍ അദ്ദേഹം, തുസ്സിഡിഡീസിന്റെ കൃതിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പരിഭാഷ നിര്‍വഹിച്ചു. രാഷ്ട്രങ്ങള്‍ ലക്‌ഷ്യം വക്കുന്നത് ആദര്‍ശങ്ങളോ ധാര്‍മ്മികമൂല്യങ്ങളോ അല്ല, രാഷ്ട്രീയമേല്‍ക്കോയ്മയും സൈനികശക്തിയും സുരക്ഷയുമാണെന്നുമുള്ള രാഷ്ട്രീയപ്രയോജനവാദത്തിന്റെ വക്താക്കളായി തുസ്സിഡിഡീസും, ഹോബ്സും, മാക്കിയവെല്ലിയും കണക്കാക്കപ്പെടുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ തുസ്സിഡിഡീസിന്റെ പ്രശസ്തി വര്‍ദ്ധിച്ചു. "തുസ്സിഡിഡീസ് വര്‍ച്ചുകാട്ടുന്ന മനുഷ്യചിത്രത്തില്‍ നിഷ്പക്ഷമായ അറിവിന്റെ സംസ്കാരം പുഷ്കലമായി എന്നു പറഞ്ഞ ഫ്രീഡ്രിക് നീച്ച, ഫ്രീഡ്രിക് ഷെല്ലിങ്ങ്, ഫ്രീഡ്രിക് ഷ്ലീഗല്‍ തുടങ്ങിയ തുടങ്ങിയ ജര്‍മ്മന്‍ ചിന്തകന്മാര്‍ തുസ്സിഡിഡീസിന്റെ ആരാധകന്മാരായിരുന്നു. ഉറവിടങ്ങളെ ആധാരമാക്കിയുള്ള ആധുനികചരിത്രരചനയുടെ തുടക്കക്കാരായ എഡ്‌വേര്‍ഡ് മെയര്‍, മക്കളേ തുടങ്ങിയവരും തുസ്സിഡിഡീസിനെ മാതൃകയായെടുത്തു. അദ്ദേഹത്തിന്റെ രചനയുടെ ദാര്‍ശനികവും കലാപരവുമായ ശക്തികളെ അവര്‍ പ്രത്യേകം വിലമതിച്ചു. [34] അതേസമയം, ജര്‍മ്മന്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ ഹെറോഡൊട്ടസും ബഹുമാനിക്കപ്പെട്ടിരുന്നു: സംസ്കാരത്തിന്റെ ചരിത്രം രാഷ്ട്രീയചരിത്രത്തിന്റെ ഒരു ഭാഗമായി കണക്കാക്കപ്പെട്ടു.[35]
ഇരുപതാം നൂറ്റാണ്ടില്‍ ജൊഹാന്‍ ഹൈസിംഗാ, മാര്‍ക്ക് ബ്ലോക്ക്, ബ്രാഡല്‍ തുടങ്ങിയവര്‍ ഒരു പുതിയതരം ചരിത്രരചനക്ക് തുടക്കമിട്ടു. ഇതിന്റെ പ്രചോദകന്‍ തുസ്സിഡിഡീസ് ആയിരുന്നില്ല. രാഷ്ട്രീയ ചരിത്രത്തിനുപകരം ദീര്‍ഘകാലത്തെ സാമ്പത്തിക-സാംസ്കാരിക സംഭവങ്ങളുടേയും ദൈനംദിനജീവിതത്തിന്റേയും പഠനത്തിനാണ് അത് പ്രാധാന്യം കല്പിച്ചത്. ഇത് ഹെറോഡൊട്ടസിന്റെ മാതൃകയുടെ വികാസമാണെന്ന് പറയാം. [36] അതേസമയം, ഹാന്‍സ് മൊര്‍ഗന്‍താവ്, ലിയോ സ്ട്രാസ്, എഡ്‌വേര്‍ഡ് കാര്‍ തുടങ്ങിയവരുടെ രചനകള്‍ വഴി രാഷ്ട്രാന്തരബന്ധങ്ങളുടെ മേഖലയില്‍ തുസ്സിഡിഡീസിന്റെ സ്വാധീനം കൂടുതല്‍ പ്രകടമായി.[37] [38]
തുസ്സിഡിഡീസിന്റേയും ഹെറോഡൊട്ടസിന്റേയും പാരമ്പര്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ചരിത്രഗവേഷണത്തിന്റെ മേഖലയില്‍ മാത്രമല്ല ഉള്ളത്. അമേരിക്കന്‍ നവയാഥാസ്ഥിതികതയുടെ (Neoconservatism) സ്ഥാപകനായി കരുതപ്പെടുന്ന ഇര്‍വിങ്ങ് ക്രിസ്റ്റോളിന്റെ അഭിപ്രായത്തില്‍, വിദേശബന്ധങ്ങളുടെ വിഷയത്തില്‍ നവയാഥാസ്ഥിതികര്‍ക്കു പ്രിയപ്പെട്ട രചന തുസ്സിഡിഡീസിന്റേതാണ്.[39] അമേരിക്കയിലെ നാവികയുദ്ധകലാലയത്തില്‍ (Naval War College) തുസ്സിഡിഡീസിന്റെ രചന അവശ്യവായനയാണ്. അതേസമയം, ലേഖകനും തൊഴിലാളികള്‍ക്കുവേണ്ടിയുള്ള വക്കീലുമായ തോമസ് ജിയോഘേഗന്‍, സമകാലീനപ്രസക്തിയുള്ള പാഠങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് തുസ്സിഡിഡീസിനേക്കാള്‍ പ്രയോജനകരമായ വായന ഹെറോഡൊട്ടസ് ആണെന്ന് അഭിപ്രായപ്പെടുന്നു.[40]
[തിരുത്തുക] തുസ്സിഡിഡീസ് ജനസംസ്കാരത്തില്‍
1960-കളില്‍ ആദ്യമായി അരങ്ങേറിയ ജോണ്‍ ബാര്‍ട്ടന്റെ "അവസാനിക്കാത്ത യുദ്ധം" എന്ന സൃഷ്ടിയുടെ ഒരു പുതിയരൂപം ബിബിസി 1991-ല്‍ പ്രക്ഷേപണം ചെയ്തു. തുസ്സിഡിഡീസിന്റെ ചരിത്രത്തെയും പ്ലേറ്റോയുടെ സംവാദങ്ങളേയും ആശ്രയിച്ചുള്ള ഒരു സൃഷ്ടിയാണത്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. Internet Movie Database.
[തിരുത്തുക] തുസ്സിഡിഡീസില്‍ നിന്നുള്ള ഉദ്ധരണികള്‍
- "തങ്ങളെ കാത്തിരിക്കുന്നത് ഒരേസമയം മഹത്വവും അപകടവും ആണെന്നറിഞ്ഞുകൊണ്ടുതന്നെ അതിനെ സ്വീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരാണ് യഥാര്‍ഥ ധീരന്മാര്‍."[41]
- "ശക്തന്മാര്‍ അവര്‍ക്ക് ചെയ്യാനാവുന്നത് ചെയ്യുന്നു; ദുര്‍ബ്ബലന്മാര്‍ ഒഴിവാക്കാനാവത്തത് സഹിക്കുന്നു."[42]
- "സഹായിക്കുന്നവരെ വെറുക്കുകയും യാതൊരുവിട്ടുവീഴ്ചയും ചെയ്യാത്തവരെ ആദരവോടെ വീക്ഷിക്കുകയും ചെയ്യുകയെന്നത് മനുഷ്യസ്വഭാവത്തിന്റെ പൊതുനിയമമാണ്."[43]
- "ഇല്ലായ്മകള്‍ സൃഷ്ടിക്കുന്ന യുദ്ധം ഒരു പരുക്കന്‍ യജമാനനാണ്. അത് മനുഷ്യരുടെ സ്വഭാവത്തെ അവരുടെ ഭാഗ്യത്തിന്റെ നിരപ്പിലാക്കുന്നു."[44]
- "ആര്‍ത്തിയും ഔന്നത്യമോഹവും ഉണ്ടാക്കിയ അധികാരക്കൊതിയുടെ ഫലമാണ് ഈ തിന്മകളൊക്കെ. തര്‍ക്കത്തെ അക്രമത്തിലേക്ക് നയിക്കുന്നത് ഈ വികാരങ്ങളാണ്."[45]
[തിരുത്തുക] തുസ്സിഡിഡീസിനെക്കുറിച്ച് ഡേവിഡ് ഹ്യൂം
- എന്റെ അഭിപ്രായത്തില്‍, തുസ്സിഡിഡീസിന്റെ ഒന്നാം പുറമാണ് നേരായുള്ള ചരിത്രത്തിന്റെ തുടക്കം. അതിനുമുന്‍പുള്ള ആഖ്യാനങ്ങളിലാകെ കല്പിതകഥകള്‍ നിറഞ്ഞിരിക്കുന്നു. തത്ത്വചിന്തകന്മാര്‍ അവയെ കവികള്‍ക്കും പ്രഭാഷകന്മാര്‍ക്കുമായി വിട്ടുകൊടുക്കണം. (David Hume, "Of the Populousness of Ancient Nations")
[തിരുത്തുക] അവലംബം
- ↑ Cochrane, p. 179; Meyer, p. 67; de Sainte Croix.
- ↑ Strauss, p. 139.
- ↑ Thucydides, 4.104.4; 1.1.1.
- ↑ Thucydides, 2.48.1–3.
- ↑ Thucydides, 4.105.1.
- ↑ Thucydides, 4.104.1.
- ↑ Thucydides, 4.105.1 – 106.3.
- ↑ Thucydides, 4.108.1 – 7.
- ↑ Thucydides, 5.26.5.
- ↑ Herodotus, 6.39.1.
- ↑ Herodotus, 6.46.1.
- ↑ Pausanias, 1.23.9.
- ↑ Plutarch, Cimon 4.1.
- ↑ Thucydides, 2.54.3.
- ↑ Thucydides, 2.65.
- ↑ Thucydides, 3.36.6; 4.27; 5.16.1.
- ↑ Thucydides, 8.73.3.
- ↑ Marcellinus, Life of Thucydides 46
- ↑ Thucydides, 3.82 – 83.
- ↑ Thucydides, 1.1.1 ff..
- ↑ Thucydides, 1.22.4.
- ↑ Russett, p. 45.
- ↑ Thucydides I,22
- ↑ Lucian, How to write history, p. 42
- ↑ Momigliano, pp. 39, 40.
- ↑ Ryszard Kapuscinski: Travels with Herodotus, p. 78.
- ↑ Thucydides I, 23
- ↑ Lucian, p. 25, 41.
- ↑ Momigliano, Ch. 2, IV.
- ↑ Plutarch, On the Malignity of Herodotus
- ↑ Cicero, Laws 1.5.
- ↑ Momigliano Ch.2, V
- ↑ J.B. Bury: The Ancient Greek Historians (London, MacMillan, 1909), pp. 140-143.
- ↑ Momigliano, p. 50.
- ↑ Momigliano, pg.52
- ↑ Stuart Clark (ed.): The Annales school: critical assessments, Vol. II, 1999.
- ↑ See essay on Thucydides in The Rebirth of Classical Political Rationalism: An Introduction to the Thought of Leo Strauss – Essays and Lectures by Leo Strauss. Ed. Thomas L. Pangle. Chicago: University of Chicago Press, 1989.
- ↑ See, for example, E.H. Carr: The Twenty Years' Crisis.
- ↑ The Neoconservative Persuasion
- ↑ History Lessons | The American Prospect
- ↑ Thucydides, 2.40.3.
- ↑ Thucydides, 5.89.
- ↑ Thucydides, 3.39.5.
- ↑ Thucydides, 3.82.2.
- ↑ Thucydides, 3.82.8.
[തിരുത്തുക] ഇവയും കാണുക
(ഇംഗ്ലീഷി വിക്കിയില്‍)
- http://en.wikipedia.org/wiki/Pericles%27_Funeral_Oration "പെരിക്കിള്‍സിന്റെ ചരമപ്രസംഗം"
- http://en.wikipedia.org/wiki/Melian_dialogue "മീലിയന്‍ സംവാദം"
- http://en.wikipedia.org/wiki/History_of_the_Peloponnesian_War "പെലോപൊന്നേസ് യുദ്ധത്തിന്റെ ചരിത്രം"
- http://en.wikipedia.org/wiki/Speech_of_Hermocrates_at_Gela "ഹെര്മോക്രാറ്റിസിന്റെ ഗേലയിലെ പ്രഭാഷണം"
[തിരുത്തുക] ഗ്രന്ഥസൂചി
[തിരുത്തുക] പ്രാഥമികസ്രോതസുകള്‍
- Herodotus, Histories, A. D. Godley (translator), Cambridge: Harvard University Press (1920). ISBN 0-674-99133-8 .
- Pausanias, Description of Greece, Books I-II, (Loeb Classical Library) translated by W. H. S. Jones; Cambridge, Massachusetts: Harvard University Press; London, William Heinemann Ltd. (1918). ISBN 0-674-99104-4. .
- Plutarch, Lives, Bernadotte Perrin (translator), Cambridge, MA. Harvard University Press. London. William Heinemann Ltd. (1914). ISBN 0674990536 .
- Thucydides, The Peloponnesian War. London, J. M. Dent; New York, E. P. Dutton (1910). .
[തിരുത്തുക] ദ്വിതീയ സ്രോതസ്സുകള്‍
- Cochrane, Charles Norris, Thucydides and the Science of History, Oxford University Press (1929).
- Connor, W. Robert, Thucydides. Princeton: Princeton University Press (1984). ISBN 0691035695
- Dewald, Carolyn. Thucydides' War Narrative: A Structural Study. Berkeley, CA: University of California Press, 2006 (hardcover, ISBN 0520241274).
- Forde, Steven, The ambition to rule : Alcibiades and the politics of imperialism in Thucydides. Ithaca : Cornell University Press (1989). ISBN 0-8014-2138-1.
- Hanson, Victor Davis, A War Like No Other: How the Athenians and Spartans Fought the Peloponnesian War. New York: Random House (2005). ISBN 1-4000-6095-8.
- Hornblower, Simon, A Commentary on Thucydides. 2 vols. Oxford: Clarendon (1991-1996). ISBN 0-19-815099-7 (vol. 1), ISBN 0-19-927625-0 (vol. 2).
- Hornblower, Simon, Thucydides. London: Duckworth (1987). ISBN 0-7156-2156-4.
- Kagan, Donald. (2003). The Peloponnesian War. New York: Viking Press. ISBN 0-670-03211-5.
- Luce, T.J., The Greek Historians. London: Routledge (1997). ISBN 0-415-10593-5.
- Momigliano, Arnaldo, The Classical Foundations of Modern Historiography. Sather Classical Lectures, 54 Berkeley: University of California Press (1990).
- Meyer, Eduard, Kleine Schriften (1910), (Zur Theorie und Methodik der Geschichte).
- Orwin, Clifford, The Humanity of Thucydides. Princeton: Princeton University Press (1994). ISBN 0-691-03449-4.
- Podoksik, Efraim. ‘Justice, Power, and Athenian Imperialism: An Ideological Moment in Thucydides’ History’, History of Political Thought. 26(1): 21-42, 2005.
- Romilly, Jacqueline de, Thucydides and Athenian Imperialism. Oxford: Basil Blackwell (1963). ISBN 0-88143-072-2.
- Rood, Tim, Thucydides: Narrative and Explanation. Oxford: Oxford University Press (1998). ISBN 0-19-927585-8.
- Russett, Bruce (1993). Grasping the Democratic Peace. Princeton University Press. ISBN 0-691-03346-3.
- de Sainte Croix, The origins of the Peloponesian War (1972). London: Duckworth. 1972. Pp. xii, 444.
- Strassler, Robert B, ed. The Landmark Thucydides: A Comprehensive Guide to the Peloponnesian War. New York: Free Press (1996). ISBN 0-684-82815-4.
- Strauss, Leo, The City and Man Chicago: Rand McNally, 1964.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- Thucydides എന്ന വ്യക്തിയുടെ രചനകള്‍ പ്രോജക്ട് ഗുട്ടന്‍ബര്‍ഗില്‍നിന്ന്
- Short Bibliography on Thucydides Lowell Edmunds, Rutgers University
- Perseus Project Thucydides, Table of Contents
- Thomas Hobbes' Translation of Thucydides
| Persondata | |
|---|---|
| NAME | Thucydides |
| ALTERNATIVE NAMES | Θουκυδίδης; Thoukudídēs |
| SHORT DESCRIPTION | Greek historian |
| DATE OF BIRTH | 460 and 455 B.C. |
| PLACE OF BIRTH | Alimos, Greece |
| DATE OF DEATH | c. 400 B.C. |
| PLACE OF DEATH | |