ഡേവിഡ് ബെക്കാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

David Beckham Nov 11 2007.jpg

ഡേവിഡ് റോബര്‍ട്ട് ജോസഫ് ബെക്കാം ഒരു ഇംഗ്ലീഷ് ഫുട്ബോള്‍ കളിക്കാരനാണ്. ഇപ്പോള്‍ ഇദ്ദേഹം ഇറ്റാലിയന്‍ സീരി എ ക്ലബ് എ.സി. മിലാനുവേണ്ടിയും (അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ലോസ് ഏഞ്ചലസ് ഗാലക്സിയില്‍ നിന്നും വായ്പയായി) ഇംഗ്ലണ്ട് ദേശീയ ടീമിനു വേണ്ടിയും മദ്ധ്യനിരയില്‍ കളിക്കുന്നു.

1992-ല്‍ 17 വയസുള്ളപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെയാണ് ബെക്കാം തന്റെ പ്രൊഫഷണല്‍ ഫുട്ബോള്‍ ജീവിതം ആരംഭിച്ചത്. ഇദ്ദേഹം ടീമിന്റെ ഭാഗമായിരുന്ന കാലയളവില്‍ യുണൈറ്റഡ്, പ്രീമിയര്‍ ലീഗ് 6 തവണയും എഫ്.എ. കപ്പ് രണ്ട് തവണയും യുവെഫ ചാമ്പ്യന്‍സ് ലീഗ് ഒരു തവണയും നേടി. 2003-ല്‍ യുണൈറ്റഡ് വിട്ട ബെക്കം റയല്‍ മാഡ്രിഡിലെത്തി. നാല് സീസണ്‍ റയല്‍ മഡ്രിഡിനായി കളിച്ച ബെക്കാമിന്റെ അവസാന സീസണില്‍ അവര്‍ ലാ ലിഗ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി.

2007 ജൂലൈ 1-ന് ബെക്കാം അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ലോസ് ഏഞ്ചലസ് ഗാലക്സിയുമായി എം.എല്‍.എസ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തോടെ കരാറിലേര്‍പ്പെട്ടു. എം.എല്‍.എസില്‍ മത്സരങ്ങളില്ലാത്തപ്പോള്‍ കായിക ക്ഷമത നിലനിര്‍ത്താനായി ബെക്കാം വായ്പ താരമായി എ.സി. മിലാനിലെത്തി. പിന്നീട് മിലാനുവണ്ട് സ്ഥിരമായി കളിക്കാനുള്ള ആഗ്രഹം ഇദ്ദേഹം പ്രകടിപ്പിച്ചു. എന്നാല്‍ ഇദ്ദേഹത്തിന്റെ ക്ലബ് മാറ്റം ഇപ്പോഴും വ്യക്തമായ തീരുമാനമാകാതെ തുടരുകയാണ്.

ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദ ഇയര്‍ തെരഞ്ഞെടുപ്പില്‍ ബെക്കാം 2 തവണ രണ്ടാം സ്ഥാനത്തെത്തി. 2004-ല്‍ ഏറ്റവുമധികം പ്രതിഫലം നേടുന്ന ഫുട്ബോള്‍ കളിക്കാരന്‍ ഇദ്ദേഹമായിരുന്നു. 100 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിച്ച ആദ്യ ഇംഗ്ലണ്ട് താരം ഇദ്ദേഹമാണ്. 2000 മുതല്‍ 2006 വരെ ഇംഗ്ലണ്ട് ടീമിന്റെ നായകനായിരുന്ന ബെക്കാം ആ പദവിയില്‍ 58 മത്സരങ്ങള്‍ കളിച്ചു. 2008 മാര്‍ച്ച് 26-ന് ഫ്രാന്‍സിനെതിരെയുള്ള മത്സരത്തിലൂടെ ബെക്കാം ഇംഗ്ലണ്ടിനുവേണ്ടി 100 മത്സരങ്ങള്‍ തികച്ചു. ഇംഗ്ലണ്ടിനായി ഏറ്റവുമധികം തവണ മത്സരിച്ച് കളിക്കാരന്‍ എന്ന പദവി ബോബി മൂറുമായി ഇദ്ദേഹം പങ്കുവയ്ക്കുന്നു.

പോപ്പ് സംഗീത സംഘമായ സ്പൈസ് ഗേള്‍സ് അംഗം വിക്ടോറുയ ബെക്കാം ആണ് ഭാര്യ. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം