ച്യൂയിങ് ഗം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകത്തെ ജനങ്ങളുടേ ഏറ്റവും പൊതുവായ ഒരു ശീലമാണ് ച്യൂയിങ് ഗം ചവക്കുക എന്നത്. പുരാതനകാലം മുതല്‍ക്കേ എല്ലാ ഭൂഖണ്ഡങ്ങളിലേയും ജനങ്ങള്‍ ച്യൂയിങ് ഗം പോലെയുള്ള വസ്തുക്കള്‍ ചവക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു.
[തിരുത്തുക] ചരിത്രം
രണ്ടാം നൂറ്റാണ്ടില്‍ മായന്മാര്‍ ചിക്കിള്‍ എന്നു പിന്നീട് വിളിക്കപ്പെട്ട സാപോഡില്ല മരത്തിന്റെ കട്ടിയാക്കിയ പശ ചവക്കാറുണ്ടായിരുന്നു. പുരാതന എസ്കിമോകള്‍ മുറ്റക് അഥവാ തിമിംഗലത്തിന്റെ അസംസ്കൃതചര്‍മ്മം ചവച്ചിരുന്നു. ആഫ്രിക്കക്കാര്‍ കോല മരങ്ങളുടെ വേരും മുളപൊട്ടിയ അണ്ടികളും ചവച്ചപ്പോള്‍ ദക്ഷിണ അമേരിക്കക്കാര്‍ കൊക്കോയുടെ ഇലകള്‍ ചവക്കുന്നതാണ് ശീലമാക്കിയിരുന്നത്.
ഗ്രീക്കുകാര്‍ മാസ്റ്റിക് മരത്തിന്റെ കട്ടിപ്പശയില്‍ നിന്നും വേര്‍തിരിച്ചെടുത്ത മാസ്റ്റിക് ഗം അഥവ മാസ്റ്റിഷ് ആണ് ചവച്ചിരുന്നത്. ഒന്നാം നൂറ്റണ്ടിലെ ഗ്രീക്ക് വൈദ്യനായിരുന്ന ഡയോസോറിഡസ് ഇതിന്റെ രോഗനിവാരണശേഷിയെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്.
[തിരുത്തുക] ആധുനികചരിത്രം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് ച്യൂയിങ് ഗമിന്റെ ആധുനികചരിത്രം ആരംഭിക്കുന്നത്. 1845-ല്‍ ടെക്സാസിലെ അമേരിക്കക്കാര്‍, മെക്സിക്കന്‍ ജനറല്‍ സാന്റാ അന്നായെ തോല്‍പ്പിച്ച് ന്യൂയോര്‍ക്കിലേക്ക് നാടു കടത്തി. സാധാരണ മെക്സിക്കോക്കാരെപ്പോലെ സാന്റാ അന്നാക്കും ചിക്കിള്‍ ചവക്കുന്ന ശീലമുണ്ടായിരുന്നു. അദ്ദേഹം ഇത് തോമസ് ആഡംസ് എന്ന ഒരു ശാസ്ത്രജ്ഞനു പരിചയപ്പെടുത്തി. ചിക്കിളില്‍ രുചിക്കൂട്ടുകള്‍ ചേര്‍ത്ത് ഒരു മിഠായി രൂപത്തില്‍ കച്ചവടം നടത്താം എന്ന ആശയം ആഡംസിന്റെ മനസിലുദിച്ചു. അങ്ങനെ ലോകത്തെ ആദ്യത്തെ ച്യൂയിങ് ഗം നിര്‍മ്മാണശാല ജന്മമെടുത്തു. ചിക്‍ലെറ്റ്സ് എന്ന പേരില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ ച്യൂയിങ് ഗം ഗുളികയും ആദ്യമായി അമേരിക്കയില്‍ പുറത്തിറങ്ങി.
[തിരുത്തുക] അവലംബം
- ദ് ഹിന്ദു യങ് വേള്‍ഡ് (ദില്ലി എഡിഷന്‍) - 2007 ഒക്ടോബര്‍ 5-ന് സംതിങ് റ്റു ച്യൂ എന്ന തലക്കെട്ടില്‍ ശാന്തിനി ഗോവിന്ദന്‍ എഴുതിയ ലേഖനം.

