ചെമ്മന്തിട്ടക്കാവ് ദുർഗ്ഗാഭഗവതിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെമ്മന്തിട്ട കാവ്
ചെമ്മന്തിട്ട കാവ്
ചെമ്മന്തിട്ട കാവ്
ചെമ്മന്തിട്ട കാവ് is located in Kerala
ചെമ്മന്തിട്ട കാവ്
ചെമ്മന്തിട്ട കാവ്
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:11°17′50″N 76°17′30″E / 11.29722°N 76.29167°E / 11.29722; 76.29167
പേരുകൾ
ദേവനാഗിരി:चेम्मन्तिट्ट कावु
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:മലപ്പുറം
പ്രദേശം:കരുളായി
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:വനദുർഗ്ഗ ,ശിവൻ, വേട്ടക്കൊരുമകൻ,അയ്യപ്പൻ

.

മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ദുർഗ്ഗാദേവി ക്ഷേത്രങ്ങളിൽ ഒന്നാണ്നിലമ്പൂർ പട്ടണത്തിൽനിന്ന് പത്തു കിലോമീറ്ററോളം അകലെയായി കരുളായിക്കടുത്ത് കരിമ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെമ്മതിട്ട കാവ് (Chemmanthitta kavu).ഇവിടെ ദുർഗ്ഗയുടെ സൌമ്യ ഭാവമായ വന ദുർഗ്ഗ സ്വയംഭൂ രൂപത്തിൽ കുടികൊള്ളുന്നു. കേരളീയരുടെ കാവ് സങ്കൽപ്പങ്ങളുടെ ഉദാത്ത മാതൃകയായി ചെമ്മതിട്ട കാവ് ഇന്നും ആ പഴമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു.കരിമ്പുഴയാറിൻറെ കരയിൽ വൻവൃക്ഷ സമുച്ചയങ്ങൾക്ക് നടുവിൽ കാവുസംസ്കാരത്തിൻറെ നാമമാത്രമായ ശേഷിപ്പുകളിൽ ഒന്നായി ഈ ക്ഷേത്രം പരിലസിക്കുന്നു.കാലഘട്ടത്തിൻറെ മാറ്റങ്ങൾക്കനുസരിച്ച് ആധുനികതയുടെ പരിവേഷങ്ങൾ നൽകാതെ കാവായി തന്നെ നിലനിറുത്തുവാൻ ക്ഷേത്രം ഭരണ സമിതി ശ്രമിക്കുന്നു.

ഐതിഹ്യം[തിരുത്തുക]

ഏതാണ്ട് ആറായിരം വർഷങ്ങളുടെ പഴക്കം കണക്കാക്കുന്ന ഈ കാവിനെക്കുറിച്ചു വളരെയധികംഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. അതിലൊന്ന് ഇപ്പോൾ ചെമ്മതിട്ട കാവിനു കുറച്ചകലെയായി ചെമ്മന്തിട്ട എന്നാ ഒരു ദേശമുണ്ടായിരുന്നു.ദ്വാപരയുഗത്തിൽ ഇവിടെ നിരവധി ബ്രാഹ്മണർ താമസിച്ചിരുന്നു. അവർ പരദേവതയായി സൌമ്യ സ്വരൂപയും,ബാലയുമായ വനദുർഗ്ഗയെയും,ശ്രീശാസ്ത ചൈതന്യത്തെയും ഉപാസിച്ചിരുന്നു.എന്നാൽ ഒരിക്കൽ മഹാപരാക്രമിയും ദൈവ വിരോധിയുമായ ഒരാൾ (ബകൻ എന്ന് സങ്കൽപ്പം)ഈ ബ്രാഹ്മണസമൂഹത്തെ ആക്രമിക്കുകയും, ഭീതിപ്പെടുത്തുകയും ചെയ്തു.ജീവിതം ദുസ്സഹമായപ്പോൾ പ്രദേശവാസികളായ ബ്രാഹ്മണർ തങ്ങളുടെ പരദേവതയായ അയ്യപ്പനെയും കൊണ്ട് ഈ ദേശം വിട്ടു മഞ്ചേരിക്കടുത്ത് കരിക്കാട് എന്ന സ്ഥലത്തേക്ക് പോകുകയും ചെയ്തു .

ക്ഷേത്രഭരണം[തിരുത്തുക]

ക്ഷേത്രേശന്മാർ പോയതോടെ അവരുടെ പരദേവതാ ക്ഷേത്രം അനാഥമാവുകയുംകാലക്രമത്തിൽ നശിച്ചുപോകുകയും ചെയ്തു.പിന്നീട് ഈ ദേവി ചൈതന്യം ഇവിടെത്തെ ജലാശയത്തിലൂടെ ഒഴുകിയെത്തി ഈ ദേവി സ്ഥാനത്ത് എത്തിപ്പെടുകയും ചെയ്തു.എന്നാൽ ആകാലത്ത് ഇവിടെയുണ്ടായിരുന്ന ബ്രാഹ്മണർ ആരാധിച്ചു വന്നിരുന്നത് ഭദ്രകാളീ ചൈതന്യത്തെയെയായിരുന്നു ജലാശയത്തിലൂടെ ഒഴുകി വന്ന ചെമ്മതിട്ടയിലെ ദുർഗ്ഗ ചൈതന്യം ഭദ്രകാളീ ചൈതന്യത്തിൽ വിലയം പ്രാപിക്കുകയും ചെയ്തുവത്രേ. അങ്ങനെ ആ ദേശത്തിൻറെ പേരായ ചെമ്മംതിട്ട ഈ ദേശത്തിന് കൂടി ലഭിച്ചു.പിന്നീട് ബ്രാഹ്മണ അധികാരത്തിനു ശേഷം ക്ഷത്രീയാധികാരത്തിൽ വന്നു ചേർന്നപ്പോൾ രാജഭരണത്തിന് കീഴിൽ ഈ ക്ഷേത്രം സംരക്ഷിച്ചു ആരാധനകൾ നടത്തിപോരികയും, ചെയ്തു. അടുത്ത കാലം വരെ ചെമ്മംതട്ട നായർ എന്ന കുടുംബത്തിൻറെ ഉടമസ്ഥതയിൽ ആയിരുന്നു ഈ ക്ഷേത്രം അവരുടെ കയ്യിൽ നിന്നും ഈ ക്ഷേത്രവും ഭൂസ്വത്തുക്കളും അന്യാധീനപ്പെട്ടു പോകുമെന്നായപ്പോൾ മഠതമന മാധവൻ എമ്പ്രാന്തിരി എന്നയാൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിൻറെ കാലശേഷം അനന്തരാവകാശികൾ ഇല്ലാതിരുന്നതിനാൽ ക്ഷേത്രം എച്ച്.ആർ ആൻഡ്‌ സി .സി ഏറ്റെടുത്തു ഭരണം നടത്തി പോരികയും ചെയ്യുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡ് ആണ് ക്ഷേത്രചുമതല വഹിക്കുന്നത്.

പുനരുദ്ധാരണം[തിരുത്തുക]

ഇന്ന് ക്ഷേത്രം മിക്കവാറും പുതുതായി നിർമ്മിച്ചതാണ്. ഉടമസ്ഥന്മാർ ഉപേക്ഷിച്ച് പോയ ക്ഷേത്രം ഏകദേശം ക്ഷയോന്മുഖമായിരുന്നു. ഇന്ന് അവയെല്ലാം പുതിക്കി പണിതിരിക്കുന്നു. പുതിയ വിളക്കുമാടവും പാട്ടുപുരയും നിർമ്മിച്ചിരിക്കുന്നു. തിടപ്പള്ളിയുടെ സ്ഥാനവും മാറ്റിയിട്ടുണ്ട്.

ചെമ്മന്തിട്ട കാവിലെ കൂറ്റൻ അരയാൽ

ആൽ മരം[തിരുത്തുക]

ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട് ഒരു ആരാധന മൂർത്തിയാണ് ഇവിടുത്തെ ആൽമരം. മനുഷ്യൻ ദൈവങ്ങളെ ആരാധിക്കുന്നത് പോലെ തന്നെ പ്രകൃതിയെയും ആരാധിച്ചിരുന്നുവെന്നതിൻറെ തെളിവാണ് ഇത്. ക്ഷേത്ര സന്നിധിയിൽ തന്നെ പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ അശ്വത്ഥ മരത്തിൽ പടർന്നു കയറിയ കാട്ടുവള്ളികളും, സമീപത്തുള്ള വൃക്ഷലതാദികളും മലയാളികളുടെ കാവ് സങ്കൽപ്പങ്ങളെ യാഥാർത്ഥ്യമാക്കുന്നവയാണ്.മാത്രമല്ല,ശാന്തവും,സുന്ദരവുമായ ഈ ക്ഷേത്രമുറ്റത്തെത്തുന്നവർക്ക് ശാന്തിയും സമാധാനവും നൽകുന്നവയാണ്

ഉപദേവന്മാർ[തിരുത്തുക]

ദുർഗ്ഗാക്ഷേത്രങ്ങളിൽ വനദുർഗ്ഗാ ക്ഷേത്രങ്ങളൾക്കുള്ള പ്രത്യേകത ശ്രീ കോവിലിനു മേൽകൂര ഉണ്ടാവില്ലയെന്നതാണ്.ചെമ്മന്തിട്ട കാവിലെ പ്രധാനദേവത വന ദുർഗ്ഗയായതിനാൽ ഇവിടെയും മേൽകൂരയില്ലാത്ത ശ്രീകോവിലിലാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീകോവിലിനു സമീപത്തെ വലിയ ആൽ മരത്തറയിലായി അയ്യപ്പ ചൈതന്യത്തെയും വള്ളിയങ്കാവ് ഭഗവതീ ചൈതന്യത്തെയും കുടി വെച്ചിരിക്കുന്നു. കൂടാതെ ക്ഷേത്രപാലകൻ,ഗണപതി എന്നീ പ്രതിഷ്ഠകളും ഉണ്ട്. പിറകിലായി വനദുർഗ്ഗ,ശിവൻ, വേട്ടക്കൊരുമകൻ, രക്തേശ്വരി, മണികണ്ഠൻ, എന്നീ ദേവന്മാരുടെ പ്രതിഷ്ഠകളും, ശ്രീകോവിലിനോട് ചേർന്ന് അയ്യപ്പന് പ്രത്യേക ശ്രീകോവിലും സ്ഥിതി ചെയ്യുന്നു. ഇത് കരിക്കാട്ട് അയ്യപ്പൻ എന്നപേരിൽ ആണ് അറിയപ്പെടുന്നത്. കരിക്കാട്ടേക്ക് കൊണ്ടുപോയ്യത് ഈ അയ്യപ്പനെ ആയിരിക്കാം

ക്ഷേത്രപ്രവേശനം[തിരുത്തുക]

മാനവേദൻ രാജ അവർണ്ണർക്ക് തുറന്നുകൊടുത്ത ക്ഷേത്രങ്ങളിൽ ഈ കാവും ഉൾപ്പെടുന്നു. അതിനാൽ ഇവിടെ അയിത്തം ആചരിക്കാറില്ല എന്നാൽ തികച്ചും വനാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർ നദീസ്നാനം ചെയ്തോ, ശരീരശുദ്ധി വരുത്തിയോ വേണം ദുർഗ്ഗാസന്നിധിയിലെത്താൻ. ദേവീദർശനത്തിനു ശേഷം ഉപ ദേവന്മാരെ തൊഴുതു വന്ദിച്ചു പൂജാ പ്രസാദം സ്വീകരിക്കാവുന്നതാണ് . ദേവീചൈതന്യം ഒഴുകിയെത്തിയ ജലാശയ മായതിനാൽ പശ്ചിമഘട്ട താഴ്വാരങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന കരിമ്പുഴ ഇവിടെ യെത്തുമ്പോൾ പുണ്യനദിയായി മാറുന്നു. അതിനാൽ ഈ പുണ്യ നദിയിൽ സ്നാനം ചെയ്യുന്നതും പുണ്യമാണെന്നും വിശ്വസിക്കുന്നു.നദീസ്നാനത്തിനെത്തുന്നവർക്ക് പുഴയിലെക്കിറങ്ങാൻ ഒതുക്കുകൾ കെട്ടി സൗകര്യപ്പെടുത്തിയിട്ടുണ്ട്.

വഴിപാടുകൾ[തിരുത്തുക]

ദേവീ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടായ പൂമൂടൽ തന്നെയാണ് ഈ ക്ഷേത്രത്തിലെയും മുഖ്യ വഴിപാടു.നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി പൂമൂടൽ വഴിപാടിന് മാസങ്ങൾക്ക് മുൻപ് തന്നെ ബുക്ക് ചെയ്തു കാത്തിരിക്കുന്ന ഭക്തർ നിരവധിയാണ്. മാത്രമല്ല ശത്രുദോഷ പരിഹാരത്തിനും, വിദ്യ ലബ്ധിക്കും വേണ്ടി മുട്ടറുക്കാൻ വരുന്നവരും ധാരാളമാണ്. ഭദ്രകാളിയും, ബാലസ്വരൂപിണിയും, ദുർഗ്ഗാ ദേവിയും വിലയും പ്രാപിച്ചു സ്ഥിതിചെയ്യുന്നതിനാൽ വിവാഹം, ചെണ്ട,എഴുന്നള്ളത്ത്‌ എന്നിവയൊന്നും ഇവിടെനടക്കാറില്ല.വിവാഹം ഇവിടെ നിഷിദ്ധമാണെങ്കിലും, മംഗല്യസൌഭാഗ്യത്തിനായുളള സ്വയംവര പുഷ്പാഞ്ജലിക്ക് വളരെയധികം ഫലസിദ്ധിയുളളതായി പറയപ്പെടുന്നു. എന്നാൽ ചോറൂണ്, വിദ്യാരംഭം എന്നിവയ്ക്ക് വളരെ പ്രാധാന്യമുണ്ട്.

ഉത്സവങ്ങൾ[തിരുത്തുക]

മീനമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ആഘോഷിക്കുന്ന തൃകാർത്തികയാണ് ചെമ്മന്തിട്ടയിലെ പ്രധാന ഉത്സവം. ഈ ദിവസം ചെമ്മന്തിട്ട ഗ്രാമം കാർത്തിക പൊൻ പ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച ഏതൊരു ഭക്തനും ദിവ്യാനുഭൂതിയാണ് ഉളവാക്കുക. ഈ വിളക്കെടുക്കാൻ സ്തീകളും കുട്ടികളും അടങ്ങുന്ന നിരവധി ഭക്തർ ഇവിടെയെത്തുന്നു. ഭദ്ര കാളീ സാനിധ്യമുള്ളതിനാലും, വെട്ടെയ്ക്കൊരു മകൻ ചൈതന്യ മുള്ളതിനാലും കളംപാട്ടുൽത്സവവും ഇവിടെ പ്രധാനമാണ്. ഇതിനുവേണ്ടി ക്ഷേത്രത്തിൽ മലയാള തനിമ നിർത്തുന്ന പാട്ടുപുരയും നിർമ്മിച്ചിട്ടുണ്ട്.ഇവിടെവെച്ചാണ് കുറുപ്പന്മാർ ദേവിക്കുള്ള കാലങ്ങൾ തീർക്കുക.ഉത്സവ ദിവസങ്ങളിൽ പ്രസാദഊട്ടും, ക്ഷേത്ര കടവിലെ മത്സ്യങ്ങൾക്കുള്ള മീനൂട്ടും പ്രധാനം തന്നെയാണ്. മുൻപ് ഈ പുഴക്കടവിൽ ചുവപ്പ്നിറത്തിലുള്ള പ്രത്യേകതരം മത്സ്യങ്ങൾ ഉണ്ടായിരുന്നതായും, അവ നിലമ്പൂർ വേട്ടെയ്ക്കൊരു മകൻ ക്ഷേത്രത്തിൽ ഉത്സവ മാവുന്നതോടെ നിലമ്പൂർ കളത്തിൽകടവ് പുഴയിൽ എത്തിചെരുന്നതായും വിശ്വാസമുണ്ട് .

ചെമ്മന്തിട്ട കാവിലെ കരിക്കാട്ട് അയ്യപ്പൻ

കരിക്കാട് ക്ഷേത്രം[തിരുത്തുക]

ഈ ക്ഷേത്രവും കരിക്കാട് ക്ഷേത്രവുമായിവലിയ ബന്ധം കാണുന്നു. ഇവിടെ പ്രത്യേകമായുള്ള ശ്രീകോവിലിലെ അയ്യപ്പൻ കരിക്കാട്ട് അയ്യപ്പൻ എന്നാണ് അറിയപ്പെടുന്നത്. അതുപോലെ കരിക്കാട്ട് ക്ഷേത്രത്തിലെ ഭഗവതി ചെമ്മന്തിട്ട ഭഗവതി എന്നാണ് അറിയപ്പെടുന്നത്. ബകനുമായുള്ള ബന്ധം രണ്ട് ക്ഷേത്രങ്ങൾക്കും പറയപ്പെടുന്നുണ്ട്. കരിക്കാട്ട്ക്ഷേത്രത്തിലെ ഊരാളന്മാർ ബകനെ പേടിച്ച് പരദേവതയായ അയ്യപ്പെനെയും കൊണ്ട് കരിക്കാട്ട് എത്തിയതാണെന്ന് അവിടുത്തെ ഐതിഹ്യം പറയുന്നു.


എത്തിചേരാൻ[തിരുത്തുക]

  • നിലമ്പൂർ നഗരത്തിൽ നിന്നും കരുളായിക്കു പോകുന്ന പാതയിൽ 8 കിമി ദൂരത്തിൽ ആണ് ഈ ക്ഷേത്രം. ത്.


പുറത്തേക്കുള്ള കണ്ണീകൾ[തിരുത്തുക]