കാൽ‌വിനും ഹോബ്‌സും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൽ‌വിനും ഹോബ്സും
Calvin and Hobbes Original.png
കാൽ‌വിന്റേയും ഹോബ്സിന്റേയും ഒരുപാടു സവാരികളിലൊന്ന്.
ആദ്യ കാൽ‌വിൻ കോമിക് സ്ട്രിപ്പ് സമാഹാരത്തിന്റെ മുഖചിത്രമാണ് ഈ ചിത്രം.
Author(s) ബിൽ വാട്ടേഴ്സൺ
Current status അവസാനിച്ചു
Genre(s) ഫലിതം

കാൽ‌വിൻ ആന്റ് ഹോബ്‌സ് (കാൽ‌വിനും ഹോബ്‌സും) വിശ്വപ്രസിദ്ധമായ കോമിക് സ്ട്രിപ്പ് ആണ്. കാൽ‌വിൻ എന്ന ഭാവനാശാലിയായ ആറു വയസ്സുകാരൻ കുട്ടിയുടേയും അവന്റെ കളിപ്പാവയായ ഹോബ്‌സ് എന്ന പഞ്ഞിക്കടുവയുടേയും ജീവിതം പ്രമേയമാക്കുന്ന ഈ കാർ‌ട്ടൂൺ സ്ട്രിപ്പ് ബിൽ വാട്ടേഴ്സൺ ആണ് രചിക്കുകയും ചിത്രീകരിക്കുകയും ചെയ്തിരുന്നത്. കാൽ‌വിൻ എന്ന പേര് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് മതപണ്ഡിതനായ ജോൺ കാൽ‌വിനിൽ നിന്നും ഹോബ്‌സ് എന്ന പേര് പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തോമസ്സ് ഹോബ്സ് എന്ന ഇംഗ്ലീഷ് രാഷ്ടീയ ദാർ‌ശനികനിൽ നിന്നുമാണ് ബിൽ വാട്ടേഴ്സൺ കണ്ടെടുത്തത് 1985 നവം‌ബർ‌ 18 മുതൽ 1995 ഡിസം‌ബർ 31 വരെ തുടർ‌ച്ചയായി ഈ കാർ‌ട്ടൂൺ സ്ട്രിപ്പ് പുറത്തിറക്കിയിരുന്നു. യൂണിവേഴ്സൽ കാർട്ടൂൺ സിന്റിക്കേറ്റ് എന്ന മാധ്യമ സിന്റിക്കേറ്റിനായിരുന്നു ഈ സ്ട്രിപ്പുകളുടെയെല്ലാം പ്രസിദ്ധീകരണാവകാശം. ഏതാണ്ട് 2400 ൽ പുറമേ പത്രങ്ങളിൽ വരെ കാൽ‌വിൻ ആന്റ് ഹോബ്സ് ഒരേ സമയം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു.ഇന്നു വരെ 30 ദലലക്ഷത്തിൽ പരം കാൽ‌വിൻ ആന്റ് ഹോബ്‌സ് പുസ്തകങ്ങൾ അച്ചടിച്ചിറക്കിയിട്ടുണ്ട്.,[1] പൊതു സംസ്കാരത്തെ പല രീതിയിലും ഈ കാർട്ടൂൺ കഥാപാത്രങ്ങൾ സ്വാധീനിക്കുന്നുമുണ്ട്.


സമകാലിക മധ്യപൂർ‌വ അമേരിക്കയിലെ നഗര പ്രാന്തപ്രദേശങ്ങളാണ് കാൽ‌വിന്റേയും ഹോബ്‌സിന്റേയും കഥയ്ക്കു പശ്ചാത്തലം ഒരുക്കുന്നത്. വാട്ടേഴ്സന്റെ ജന്മ സ്ഥലമായ ഒഹിയോയിലെ ചഗ്രിൻ ഫാൾസിൽ നിന്നാണ് ഈ സ്ഥല നിർമിതിയുണ്ടാക്കപ്പെട്ടിട്ടുള്ളതെന്നു അനുമാനിക്കപ്പെടുന്നു. ഏതാണ്ട് എല്ലാ കാർ‌ട്ടൂൺ സ്ട്രിപ്പുകളിലും കാൽ‌വിനും ഹോബ്‌സും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. ചില കാർ‌ട്ടൂണുകളിൽ കാൽ‌വിന്റെ കുടുംബാം‌ഗങ്ങ‌ൾ പ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. കാൽ‌വിന്റെ ഭാവനാ ലോകമാണ് ഈ കാർ‌ട്ടൂൺ സ്ട്രിപ്പുകളിൽ ഉടനീളമുള്ള കഥാതന്തു. ഭാവനാലോകത്തെ പോരാട്ടങ്ങൾ, ഹോബ്‌സുമായുള്ള സൗഹൃദം, സാഹസികാബദ്ധങ്ങൾ, രാഷ്‌ട്രീയം, സാമൂഹികം, സം‌സ്കാരം തുടങ്ങിയ വിഷയങ്ങളിൽ കാൽ‌വിന്റെ വീക്ഷണം, അച്ഛനമ്മമാരോടുള്ള ബന്ധവും ഇടപെടലുകളും, സഹപാഠികൾ, അദ്ധ്യാപകർ, മറ്റു സാമൂഹ്യബന്ധങ്ങൾ തുടങ്ങി തികച്ചും വൈവിദ്ധ്യമാർ‌ന്ന കഥാപരിസരങ്ങളിലൂടെയാണ് കാൽ‌വിനും ഹോബ്‌സും മുന്നോട്ടു പോകുന്നത്. ഹോബ്‌സിന്റെ ദ്വന്ദ വ്യക്തിത്വവും മറ്റൊരു പ്രധാന വിഷയമാണ്. (കാൽ‌വിൻ ഹോബ്‌സിനെ ജീവനുള്ള ഒരു കടുവയായി കാണുമ്പോൾ, മറ്റു കഥാപാത്രങ്ങൾ‌ക്കെല്ലാം ഹോബ്‌സ് ഒരു കളിപ്പാവ മാത്രമാണ്.)


ഗാരി ട്രുഡേയുടെ 'ഡൂൺസ്‌ബറി' പോലുള്ള രാഷ്ട്രീയ കാർ‌ട്ടൂൺ സ്ട്രിപ്പുകളെ പോലെ വ്യക്തമായ രാഷ്ട്രീയ വിമർ‌ശനം കാൽ‌വിൻ ആന്റ് ഹോബ്സിൽ കാണാൻ കഴിയില്ലെങ്കിലും പരിസ്ഥിതിവാദം, അഭിപ്രായ സർ‌വേകളുടെ പൊള്ളത്തരം തുടങ്ങിയ വിശാല രാഷ്ട്രീയ സങ്കൽ‌പ്പനങ്ങളെ അത് പരിശോധിക്കാറുണ്ട്. സ്വന്തം വീട്ടിലെ ആറു വയസ്സുള്ള വെളുത്ത ആൺകുട്ടികളുടെ ഇടയിലും പഞ്ഞിക്കടുവകളുടെ ഇടയിലും തന്റെ അച്ഛനുള്ള സ്ഥാനത്തെ പറ്റി കാൽ‌വിൻ നടത്തുന്ന അഭിപ്രായ സർ‌വേകൾ ഒന്നിലധികം കാർ‌ട്ടൂണുകളിൽ പ്രമേയമാക്കപ്പെട്ടിട്ടുണ്ട്.


തന്റെ സൃഷ്ടികളുടെ വാണിജ്യ സാധ്യതകൾ ചൂഷണം ചെയ്യുന്നതിന് വാട്ടേഴ്സൺ തികച്ചും എതിരായിരുന്നു. മാത്രവുമല്ല മാധ്യമ ശ്രദ്ധയിൽ നിന്നുമകന്നു നിൽക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.അതു കൊണ്ടു തന്നെ കാൽ‌വിൻ - ഹോബ്സ് പുസ്തകങ്ങളല്ലാതെ മറ്റൊരു അം‌ഗീകൃത അനുബന്ധ ഉല്പന്നങ്ങളും ഇന്നു ലഭ്യമല്ല. പരസ്യ ആവശ്യങ്ങൾ‌ക്കായി ചില ഔദ്യോഗിക ഉൽ‌പ്പന്നങ്ങൾ പുറത്തിയിറക്കിയിരുന്നെങ്കിലും അവ ഇപ്പോൾ സ്വകാര്യ ശേഖരങ്ങളിൽ മാത്രമേയുള്ളൂ. രണ്ട് 16-മാസ ചുവർ‌ കലണ്ടറുകൾ, കാൽ‌വനും ഹോബ്‌സും പഠിപ്പിക്കുന്ന പാഠപുസ്തകങ്ങൾ എന്നിവ ലൈസൻസിങ്ങിൽ നിന്നു ഒഴിവാക്കപ്പെട്ട രണ്ടു പ്രധാന ഉല്പന്നങ്ങളാണ്. എന്നാൽ കാൽ‌വിന്റേയും ഹോബ്‌സിന്റേയും വർ‌ദ്ധിച്ച ജനകീയത അനധികൃതമായ ഒട്ടനവധി ഉൽ‌പ്പന്നങ്ങൾ‌ക്കു വഴി വച്ചിട്ടുണ്ട്. ഒട്ടനവധി ടീ-ഷർട്ടുകൾ, താക്കോൽ ചെയിനുകൾ, സ്റ്റിക്കറുകൾ, ജനൽ‌ച്ചിത്രങ്ങൾ എന്നിവ ഇപ്രകാരം പുറത്തിറങ്ങിയിട്ടുണ്ട്. ഇവയിൽ പലതിലും വാട്ടേഴ്സന്റെ സ്വാഭാവിക നർ‌മമോ, ദർ‌ശനങ്ങളോ ഒന്നും തന്നെ പ്രതിനിധീകരിക്കാത്ത ഭാഷയും ചിത്രങ്ങളുമാണുള്ളത്. പലതും ശ്ലീല പരിധി ലം‌ഘിക്കുന്നവയുമാണ്.

ഉള്ളടക്കം

ചരിത്രം [തിരുത്തുക]

തനിക്കിഷ്ടമില്ലാതിരുന്ന ഒരു പരസ്യക്കമ്പനി ജോലിക്കിടയിലാണ് വാട്ടേഴ്സൺ കാൽ‌വിനേയും ഹോബ്‌സിനേയും ആദ്യമായി സൃഷ്ടിക്കുന്നത്. ജോലിക്കിടയിലെ വിരസത മാറ്റാനായി ഒഴിവു സമയങ്ങളിൽ അദ്ദേഹം തന്റെ സ്വകാര്യ വിനോദമായ കാർ‌ട്ടൂണിങ്ങിലേക്കു തിരിയുകയായിരുന്നു.


ആദ്യ കാലങ്ങളിൽ വാട്ടേഴ്സൺ രൂപപ്പെടുത്തിയ ആശയങ്ങളൊക്കെ തന്നെ കാർ‌ട്ടൂൺ സിന്റിക്കേറ്റുകൾ നിഷ്കരുണം തള്ളിക്കളയുകയാണുണ്ടായത്. ഒരിക്കൽ ഒരു പ്രധാന കഥാപാത്രത്തിന്റെ അനുജനായി പ്രത്യക്ഷപ്പെട്ട ഒരു പഞ്ഞിക്കടുവയെ സ്വന്തമായുള്ള ഒരു ചെറിയ കുട്ടി പ്രസാധകരുടെ ശ്രദ്ധ പിടിച്ചു പറ്റി. തുടർ‌ന്ന് വാട്ടേഴ്സൺ ഈ കഥാപാത്രങ്ങളെ കേന്ദ്ര സ്ഥാനത്തു നിർ‌ത്തി പുതിയ ഒരു കാർ‌ട്ടൂൺ സ്ട്രിപ്പ് തുടങ്ങി. എന്നാൽ ഈ സ്ട്രിപ്പിനേയും സിന്റിക്കേറ്റു(യുണൈറ്റഡ് ഫീച്ചേഴ്സ് സിന്റിക്കേറ്റ്) തള്ളിക്കളഞ്ഞു. തുടർ‌ന്ന് വീണ്ടും ചില നിരാകരണങ്ങൾ‌ക്കൊടുവിലാണ് യൂണിവേഴ്സൽ പ്രസ്സ് സിന്റിക്കേറ്റ് ആ സ്ട്രിപ്പിനെ ഏറ്റെടുത്തത്.


1985 നവം‌ബർ 18 നാണ് ആദ്യത്തെ കാൽവിൻ ആന്റ് ഹോബ്‌സ് കാർ‌ട്ടൂൺ സ്ട്രിപ്പ് പുറത്തിറങ്ങിയത്. തുട‌ർന്ന് വളരെപ്പെട്ടെന്നായിരുന്നു പ്രശസ്തിയുടെ പടവുകൾ കാൽ‌വിനേയും ഹോബ്‌സിനേയും തേടി വന്നത്. ഒരു വർ‌ഷത്തെ സിന്റിക്കേഷൻ കൊണ്ടു തന്നെ ഏതാണ്ട് 250ൽ പരം പത്രങ്ങളിൽ ഈ സ്ട്രിപ്പ് പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങി. 1987 ഏപ്രിൽ 1 ആയപ്പോൾ, വെറും പതിനാറു മാസം മാത്രം പ്രായമുണ്ടായിരുന്ന 'കാൽ‌വിൻ ആന്റ് ഹോബ്‌സ് ' ഉം ബിൽ വാട്ടേഴ്സണും അമേരിക്കയിലെ പ്രമുഖ പത്രമായ ലോസ് ഏയ്ഞ്ചല‍സ് ടൈംസിൽ ഫീച്ചർ ലേഖനത്തിനു വിഷയമാക്കപ്പെട്ടു. നാഷണൽ കാർ‌ട്ടൂണിസ്റ്റ് സൊസൈറ്റിയുടെ 'ഔട്ട്സ്റ്റാന്റിങ്ങ് കാർ‌ട്ടൂണിസ്റ്റ് ഓഫ് ദ ഇയർ' - കാർ‌ട്ടൂണിസ്റ്റ് മികവിനുള്ള വാർ‌ഷിക പുരസ്കാരം, കാൽ‌വിൻ ആന്റ് ഹോബ്‌സിലൂടെ രണ്ടു തവണ ബിൽ വാട്ടേഴ്സൺ സ്വന്തമാക്കി. 1986ലും 1988ലുമായിരുന്നു അവ. തുടർ‌ന്ന് 1992ൽ വീണ്ടും അതേ പുരസ്കാരത്തിന് അദ്ദേഹത്തിന്റെ പേര് നിർ‌ദ്ദേശിക്കപ്പെടുകയുണ്ടായി. 1988 ൽ ഏറ്റവും രസകരമായ കോമിക് സ്ട്രിപ്പിനുള്ള പുരസ്കാരവും സൊസൈറ്റി അദ്ദേഹത്തിനു സമ്മാനിക്കുകയുണ്ടായി

അധിക കാലം കഴിയുന്നതിനു മുൻപു തന്നെ അമേരിക്കയ്ക്കു പുറത്തും കാൽ‌വിനും ഹോബ്‌സും പ്രശസ്തരായി. കാൽ‌വനും ഹോബ്‌സും പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് രണ്ട് ദീർ‌ഘങ്ങളായ അവധിയും വാട്ടേഴ്സൺ എടുത്തിട്ടുണ്ടായിരുന്നു. 1991 മെയ് മുതൽ 1992 ഫെബ്രുവരി വരെയും 1994 ഏപ്രിൽ മുതൽ ഡിസം‌ബർ വരെയുമായിരുന്നു ആ കാലയളവുകൾ.


1995-ൽ കാൽ‌വിൻ ആന്റ് ഹോബ്‌സിന്റെ രചന നിർ‌ത്തന്നതിനു മുന്നോടിയായി, ആ കാർ‌ട്ടൂൺ പ്രസിദ്ധീകരിച്ചിരുന്ന ലോകമൊട്ടാകെയുള്ള പത്രങ്ങൾക്ക് വാട്ടേഴ്സൺ ഒരു കുറിപ്പു തയാറാക്കിയിരുന്നു. ഇത് തന്റെ സിന്റിക്കേറ്റ് വഴിയാണ് അദ്ദേഹം വിതരണം ചെയ്തത്.

ആ കുറിപ്പിന്റെ സ്വതന്ത്ര പരിഭാഷ താഴെ കൊടുത്തിരിക്കുന്നു.


ഞാൻ കാൽ‌വിനും ഹോബ്‌സും ഈ വർ‌ഷാവസാനത്തോടെ അവസാനിപ്പിക്കുകയാണ്. ഈ തീരുമാനം പെട്ടെന്നെടുത്തതോ എളുപ്പത്തിലുള്ളതോ അല്ല, എന്നല്ല ഈ പിരിഞ്ഞു പോക്ക് ദുഃഖകരം കൂടിയാണ്. എന്റെ താൽ‌പര്യങ്ങൾ മാറിയിരിക്കുന്നു. ചെറു പാനലുകൾ‌ക്കുള്ളിലും ദൈനന്തിന തിരക്കുകൾ‌ക്കുള്ളിലും എനിക്കു ചെയ്യാനാവുന്നതെല്ലാം ഞാൻ ചെയ്തു എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. കലാപരമായ എന്റെ താൽ‌പര്യങ്ങളോട് ചുരുങ്ങിയ വിട്ടു വീഴ്ച മാത്രം പുലർ‌ത്തി, കുറേക്കൂടി ചിന്താപരമായ ഒരു വേഗത്തിൽ പ്രയത്നിക്കുവാൻ എനിക്കു തിടുക്കമായി. ഭാവി പ്രവർ‌ത്തനങ്ങളെ പറ്റി ഒരു തീരുമാനത്തിൽ ഞാൻ എത്തിയിട്ടില്ല. എന്നാൽ യൂണിവേഴ്സൽ പ്രസ്സ് സിന്റിക്കേറ്റുമായുള്ള എന്റെ ബന്ധം തുടരുക തന്നെ ചെയ്യും.


ഒട്ടനവധി പത്രങ്ങളിൽ കാൽ‌വിൻ ആന്റ് ഹോബ്‌സ് പ്രസിദ്ധീകരിക്കുന്നു എന്നത് എന്നെ സം‌ബന്ധിച്ചിടത്തോളം ഒരു അം‌ഗീകാരമാണ്. ഞാനതിൽ തികച്ചും അഭിമാനിതനുമാണ്. കഴിഞ്ഞ ഒരു ദശകത്തോളമായി നിങ്ങൾ നൽകി വരുന്ന സഹായസഹകരണങ്ങളെ ഞാൻ വിലമതിച്ചിട്ടുണ്ട്. ഈ കോമിക് സ്ട്രിപ്പ് വരയ്ക്കുവാൻ കഴിഞ്ഞത് ഒരു വിശിഷ്ടകർ‌മ്മവും സന്തോഷപ്രദവുമായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. എനിക്ക് ഈ അവസരം തന്നതിൻ ഏവരോടും എന്റെ നന്ദി പ്രകാശിപ്പിക്കുന്നു.


1995 ഡിസം‌ബർ 31 -നാണ് കാൽ‌വിനും ഹോബ്‌സും അവസാന സ്ട്രിപ്പ് (ലക്കം : 3,160) പ്രസിദ്ധീകരിച്ചത്. കാൽ‌വിനും ഹോബ്‌സും മഞ്ഞുകാലത്തിന്റെ വിസ്മയങ്ങൾ കാണുന്ന ഒരു കഥാചിത്രീകരണമായിരുന്നു അത്. "ഹോബ്‌സേ.. ഈ ലോകം എന്തു രസമാ.. ചങ്ങാതീ.." എന്നു കാൽ‌വിൻ അതിൽ പറയുന്നുണ്ട്. ഒടുവിലത്തെ പാനലിൽ കാൽ‌വിനും ഹോബ്‌സും ഒരു സ്ലെഡിലിരുന്ന് അകലേക്കു തെന്നിപ്പോകുന്നതാണ്. "വാ.. നമുക്കെല്ലാം ചുറ്റി കാണാം" എന്നു കാൽ‌വിൻ വിളിച്ചു പറയുന്നുമുണ്ട്..


പ്രധാന കഥാപാത്രങ്ങൾ [തിരുത്തുക]

  • കാൽ‌വിൻ
  • ഹോബ്‌സ്

സഹ കഥാപാത്രങ്ങൾ [തിരുത്തുക]

  • കാൽ‌വിന്റെ കുടുംബം
  • സൂസി ഡെർ‌ക്കിൻസ്
  • മിസ്സ് വോം‌വുഡ്
  • റോസലിൻ
  • മോ
  • പ്രിൻസിപ്പൽ സ്പിറ്റിൽ

കാൽ‌വിന്റെ രൂപങ്ങൾ [തിരുത്തുക]

  • സ്പേസ്മാൻ സ്പിഫ്
  • സ്റ്റൂപെൻഡസ് മാൻ
  • ട്രേസർ ബുള്ളറ്റ്

തുടർ‌ച്ചയുള്ള കഥാം‌ശങ്ങൾ [തിരുത്തുക]

  • കാർ‌ഡ് ബോർ‌ഡ് പെട്ടികൾ
  • കാൽ‌വിൻ‌ബോൾ
  • പെട്ടി വണ്ടിയും സ്ലെഡും
  • മഞ്ഞുപന്തുകളും മഞ്ഞുമനുഷ്യരും
  • ജി.ആർ.എസ്സ്.ഓ.എസ്സ്.എസ്സ്.(ചേർ‌ത്തു വായിക്കുമ്പോൾ GROSS എന്ന ഇം‌ഗ്ലീഷ് പദമാകും)

അവലംബം [തിരുത്തുക]

  1. "Andrews McMeel Press Release". ശേഖരിച്ചത് 2006-05-03. 

തുടർ‌ വായന [തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

The following links were last verified 1 March 2007.

Official sites

Fan sites

Multimedia



Calvin and Hobbes by Bill Watterson
Characters
Calvin | Hobbes | Secondary characters | Calvin's alter egos
Terms and objects
Recurring themes | Horrendous Space Kablooie | Transmogrifier
Other
Calvin and Hobbes in translation | List of Calvin and Hobbes books

"http://ml.wikipedia.org/w/index.php?title=കാൽ‌വിനും_ഹോബ്‌സും&oldid=1696320" എന്ന താളിൽനിന്നു ശേഖരിച്ചത്