കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത ലേഖനം/2011 ഓഗസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാങ്ങ
മാങ്ങ

മാവ് എന്ന വൃക്ഷം നൽകുന്ന ഫലം ആണ്‌ മാങ്ങ അഥവാ മാമ്പഴം. പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽ‍ഫോൺസോ എന്ന മാമ്പഴമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ്‌ മാവ് സാധാരണയായി കാണപ്പെടുന്നത്. അതിൽ തന്നെ ഇന്ത്യയിലാണ്‌ ലോകത്തിൽ ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ. മൊത്തം മാങ്ങ ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറേ ഇന്ത്യയുടെ സംഭാവനയാണ്‌. കേരളത്തിൽ മാവ് കൃഷി വ്യാപകമല്ലെങ്കിലും, തമിഴ്നാട്ടിലും കർണ്ണാടകത്തിലും ബീഹാറിലും വളരെയധികം കൃഷി ചെയ്യപ്പെടുന്നുണ്ട്. പഴുക്കാത്ത മാങ്ങ ചേർത്ത് കൂട്ടാനുകളും അച്ചാറുകളും പാകം ചെയ്യുന്നു. പഴുത്ത മാങ്ങ ചേർത്തുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരിയും മലയാളികൾക്ക് പ്രിയങ്കരമാണ്‌. മാമ്പഴം വളരെ സ്വാദുള്ള ഭക്ഷണമാണ്‌. 18 നൂറ്റാണ്ടിനു മുൻപ് കേരളം സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരികൾ പലരും മാമ്പഴത്തെ ലോകത്തിലെ ഏറ്റവും സ്വാദുള്ള ഫലമായി പുകഴ്ത്തിയിട്ടുണ്ട്. മാമ്പഴവും മാങ്ങയുടെ അച്ചാറുകളും ധാരാളം, കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. പൗരാണികകാലത്ത് തന്നെ അറിയപ്പെട്ടിരുന്നൊരു പഴമാണ് മാങ്ങ. പുരാതാന സംസ്കൃതഗ്രന്ഥങ്ങളിലും നാടോടിപ്പാട്ടുകളിലും മറ്റും മാമ്പഴത്തെപറ്റി പരാമർശമുണ്ട്. മാങ്ങയുടെ ഉത്ഭവത്തെപ്പറ്റി ഇന്നും ഏകാഭിപ്രായമില്ല. ഇന്ത്യക്ക് വടക്ക് കിഴക്കൻ മേഖലയിലാണ്‌ ഇത് ഉത്ഭവിച്ചതെന്നാണ്‌ പ്രബലമായ വിശ്വാസം. വ്യാവസായികമായി മാങ്ങയിൽ നിന്നും അച്ചാർ, സ്ക്വാഷ്, ജാം എന്നിവ നിർമ്മിക്കുന്നുണ്ട്. കാനിങ്ങ്, മാമ്പഴ പൾപ്, പഴച്ചാറ്, മിഠായികൾ, കസ്റ്റാർഡ് പൗഡർ എന്നിവയും നിർമ്മിച്ചു വരുന്നു.

...പത്തായം കൂടുതൽ വായിക്കുക...