മാങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
മാങ്ങ
മാങ്ങകള്‍ വിപണിയില്‍
മാങ്ങകള്‍ വിപണിയില്‍
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
ഫൈലം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Sapindales
കുടുംബം: Anacardiaceae
ജനുസ്സ്‌: Mangifera
Carolus Linnaeus

മാവ് എന്ന വൃക്ഷം നല്‍കുന്ന ഫലം ആണ്‌ മാങ്ങ അഥവാ മാമ്പഴം. പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അല്‍‍ഫോണ്‍സോ എന്ന മാമ്പഴമാണ്. ഏഷ്യന്‍ രാജ്യങ്ങളിലാണ്‌ മാവ് സാധാരണയായി കാണപ്പെടുന്നത്. അതില്‍ തന്നെ ഇന്ത്യയിലാണ്‌ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാവ് കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ[1]. മൊത്തം മാങ്ങ ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറേ ഇന്ത്യയുടെ സംഭാവനയാണ്‌. കേരളത്തില്‍ മാവ് കൃഷി വ്യാപകമല്ലെങ്കിലും, തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും ബീഹാറിലും വളരെയധികം കൃഷി ചെയ്യപ്പെടുന്നുണ്ട്. പഴുക്കാത്ത മാങ്ങ ചേര്‍ത്ത് കൂട്ടാനുകളും അച്ചാറുകളും പാകം ചെയ്യുന്നു. പഴുത്ത മാങ്ങ ചേര്‍ത്തുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരിയും മലയാളികള്‍ക്ക് പ്രിയങ്കരമാണ്‌. മാമ്പഴം വളരെ സ്വാദുള്ള ഭക്ഷണമാണ്‌. 18 നൂറ്റാണ്ടിനു മുന്‍പ് കേരളം സന്ദര്‍ശിച്ചിട്ടുള്ള വിദേശസഞ്ചാരികള്‍ പലരും മാമ്പഴത്തെ ലോകത്തിലെ ഏറ്റവും സ്വാദുള്ള ഫലമായി പുകഴ്ത്തിയിട്ടുണ്ട്. മാമ്പഴവും മാങ്ങയുടെ അച്ചാറുകളും ധാരാളം, കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

[തിരുത്തുക] ചരിത്രം

പൗരാണികകാലത്ത് തന്നെ അറിയപ്പെട്ടിരുന്നൊരു പഴമാണ് മാങ്ങ. പുരാതാന സംസ്കൃതഗ്രന്ഥങ്ങളിലും നാടോടിപ്പാട്ടുകളിലും മറ്റും മാമ്പഴത്തെപറ്റി പരാമര്‍ശമുണ്ട്. എന്നാല്‍ ഋഗ്വേദത്തില്‍ മാങ്ങയെപ്പറ്റി പരാമര്‍ശമില്ല്ല അത് ആര്യന്മാര്‍ കൃഷിചെയ്തിരുന്നില്ല എന്നതിനാലോ അവ കൃഷി ചെയ്തിരുന്ന ഉഷ്ണമേഖലാ പ്രദേശത്തേക്കുറിച്ച് അറിയാത്തതിനാലോ ആയിരിക്കാം. എന്നാല്‍ ബുദ്ധമതഗ്രന്ഥമായ അമരകോശത്തില്‍ മാങ്ങയെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ ഉണ്ട്. രാമായണത്തിലും മഹാഭാരതത്തിലും കാടുപോലെ വളര്‍ന്ന മാന്തോപ്പുകളെ വിവരിക്കുന്നുണ്ട്. കാളിദാസ കൃതികളിലും മാവിനെപ്പറ്റിയുള്ള വിവരണം കാണാം. ക്രിസ്തുവിന്‌ വളരെ മുമ്പ് എഴുതപ്പെട്ടത് എന്ന് കരുതുന്ന ആയുര്‍‌വേദ ഗ്രന്ഥമായ ചരകസംഹിതയിലും സുശ്രുതസംഹിതയിലും മാവിന്റെ ഔഷധഗുണത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ക്രി.മു. 150 വര്‍ഷങ്ങളില്‍ നിര്‍മ്മിച്ചവയെന്ന് കരുതപ്പെടുന്ന സാഞ്ചിയിലെ സ്തൂപങ്ങളില്‍ മാവിന്റേയും മാമ്പഴത്തിന്റേയും വിവിധഭാഗങ്ങള്‍ കൊത്തുപണി ചെയ്തു വച്ചിട്ടുണ്ട്. അജന്തയിലും എല്ലോറയിലും മാവിന്‍റെ ചിത്രങ്ങള്‍ കാണാം. [2]

ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള പല വിദേശസഞ്ചാരികളുടേയും യാത്രാഗ്രന്ഥങ്ങളില്‍ മാവിനെ പറ്റിയുള്ള വിവരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ക്രി.മു. 327 ല്‍ ഇന്ത്യയില്‍ വന്ന അലക്സാന്‍ഡര്‍ ചക്രവര്‍ത്തി സൈന്ധ് നദീതടത്തില്‍ ഒരു മാന്തോപ്പ് കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. മെഗസ്തനീസിന്റെ ഇന്‍ഡിക്കയിലും പരാമര്‍ശം ഉണ്ട്. ചൈനീസ് സഞ്ചാരിയായ ഹുയാങ് സാങ്ങായിരിക്കണം ഒരു പക്ഷേ മാമ്പഴം വിദേശ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം എന്ന് വിശ്വസിക്കപ്പെടുന്നു. ബുദ്ധന്‌ വിശ്രമിക്കാന്‍ ആമ്രധാരിക വലിയൊരു മാന്തോപ്പ് സമ്മാനിച്ചതായി ഫാഹിയാന്റേയും സുങ് യുന്റേയും സഞ്ചാരക്കുറിപ്പുകളില്‍ വായിക്കാം. ക്രി.വ. 902 നും 968 നും ഇടയില്‍ ജീവിച്ചിരുന്ന എബെന്‍ ഹാങ്കെലായിരുന്നു മാവിനേയും മാങ്ങയേയും പറ്റിയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയ ആദ്യത്തെ പാശ്ചാത്യ സഞ്ചാരി.[3] ഫ്രയര്‍ ജോര്‍ദാനുസ് 1300ല്‍ രചിച്ച മിറാബിലിസ് ഡിസ്ക്രിപ്റ്റാ ( അതിശയകരമായ വിവരങ്ങള്‍) എന്ന ഗ്രന്ഥത്തിലും മാവിനെ പറ്റി വിവരിച്ചിരിക്കുന്നു. ഇബ്നു ബത്തൂത്തയും മാവിനെ വിട്ടു കളഞ്ഞിട്ടില്ല. വര്‍ത്തേമയും ബാര്‍ബോസയമ് തുടങ്ങി ഒട്ടനവധി സഞ്ചാരികള്‍‍ കേരളത്തിലെ വിദേശീയാധിപത്യകാലത്ത് മാങ്ങയെപറ്റി വിവരിച്ചിട്ടുണ്ട്. അക്കാലത്തൊന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ മാങ്ങയെ പറ്റി അറിവില്ലായിരുന്നു എന്ന് അവരുടെ പരാമര്‍ശങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

2005-ലെ ഏറ്റവും മികച്ച 12 മാങ്ങ ഉല്പാദക രാജ്യങ്ങള്‍
Country Area (km²)
Flag of ഇന്ത്യ ഇന്ത്യ 16,000
Flag of the People's Republic of China ചൈന 4,336
Flag of Thailand തായ്‍ലാന്‍റ് 2,850
Flag of Indonesia ഇന്തോനേഷ്യ 2,734.4
Flag of Mexico മെക്സിക്കോ 1,738.4
Flag of the Philippines ഫിലിപ്പൈന്‍സ് 1,600
Flag of പാക്കിസ്ഥാന്‍ പാകിസ്ഥാന്‍ 1,515
Flag of Nigeria നൈജീരിയ 1,250
Flag of Guinea ഗിനി 820
Flag of Brazil ബ്രസീല്‍ 680
Flag of Vietnam വിയറ്റ്നാം 530
Flag of ബംഗ്ലാദേശ് ബംഗ്ലാദേശ് 510
World Total 38,702
Source:
യു.എന്‍. എഫ്&എ.ഓ (FAO)
[1]


മുഗള്‍ ഭരണകാലം മാങ്ങായുടെ സുവര്‍ണ്ണകാലമായിരുന്നു. ഏറ്റവും നല്ല ഇനങ്ങള്‍ തിരഞ്ഞെടുത്ത് നട്ടു വളര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അക്ബര്‍. അദ്ദേഹം ഗുണസ്വഭാവങ്ങള്‍ അടിസ്ഥാനപ്പെടുത്തി മാങ്ങയെ ഇനം തിരിക്കാന്‍ ശ്രമം നടത്തി. അക്ബര്‍ ചക്രവര്‍ത്തിക്ക് സ്വന്തമായി ദര്‍ഭംഗക്കടുത്ത് ലാല്‍ബാഗ് എന്ന് പേരില്‍ ഒരു ലക്ഷത്തോളം മാവുകള്‍ ഉള്ള ഒരു തോപ്പ് ഉണ്ടായിരുന്നതായി 300 കൊല്ലങ്ങള്‍ക്ക് ശേഷം അത് ചാള്‍സ് മാരീസ് എന്ന ഇംഗ്ലീഷുകാരന്‍ സന്ദര്‍ശിച്ച് അവയെപറ്റി വിവരിച്ചതായും രേഖകള്‍ ഉണ്ട്. [3] എന്നാല്‍ മുഗള്‍ വംശസ്ഥാപകനായ ബാബര്‍ മാങ്ങയെ അത്രയൊന്നും മതിച്ചിരുന്നില്ല. പലരും അതിനെ പുകഴ്തുന്നത് അര്‍ഹിക്കുന്നതിലേറെയാണെന്നാണ് ബാബര്‍ നാമയില്‍ അദ്ദേഹം എഴുതിയത്. [4]

[തിരുത്തുക] ഉത്ഭവം

ഒരു മാവിന്‍ തോട്ടം- പളനി

മാങ്ങയുടെ ഉത്ഭവത്തെപ്പറ്റി ഇന്നും ഏകാഭിപ്രായമില്ല. ഇന്ത്യക്ക് വടക്ക് കിഴക്കന്‍ മേഖലയിലാണ്‌ ഇത് ഉത്ഭവിച്ചതെന്നാണ്‌ പ്രബലമായ വിശ്വാസം. ദക്ഷിണേഷ്യയോ മലയന്‍ ദ്വീപസമൂഹങ്ങളോ ആയിരിക്കാമെന്നാണ്‌ കാന്‍ഡോള്‍ അഭിപ്രായപ്പെടുന്നത്. പൂര്‍‌വ്വേന്ത്യയോ ആസാമോ ലയന്‍ പ്രദേശമോ ആയിരിക്കാം എന്നാണ്‌ പോപനോവിന്റെ അഭിപ്രായം [5]മാവിന്റെ ഉല്പത്തിയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയ എസ്.ആര്‍. മുഖര്‍ജിയുടെ അഭിപ്രായത്തില്‍ മാവിന്റെ ജനിതക രൂപമായ മാംജിഫെറ ബര്‍മ്മ, സയാം, ഇന്തോചൈന എന്നിവിടങ്ങളിലാവാം ഉത്ഭവിച്ചത് എങ്കിലും മാവിന്റെ സ്പീഷീസ് ആയ മാന്‍‌ജിഫെറാ ഇന്‍ഡിക്ക ആസ്സാം-ബര്‍മ്മാ പ്രദേശത്താവാം എന്നാണ്‌.[3]മാങ്ങ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ എത്തിയത് 1880-ല്‍ ആണ്‌[6]

[തിരുത്തുക] വിതരണം

ലോകത്തിലെ ഉഷ്ണ-ഉപമേഖലാ കാലാവസ്ഥയുള്ള മിക്ക രാജ്യങ്ങളിലും ഇന്ന് മാവ്‌ കൃഷി ചെയ്യുന്നുണ്ട്. വിസ്തീര്‍ണ്ണത്തില്‍ ഇന്ത്യക്കാണ്‌ ഒന്നാം സ്ഥാനം എങ്കിലും ഫിലിപ്പീന്‍സ്, ജാവാ, തായ്‌ലന്റ്, ബര്‍മ്മ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ വിപുലമായി കൃഷി ചെയ്യപ്പെടുന്നുണ്ട്. ഇവയില്‍ മിക്കരാജ്യങ്ങളിലും ക്രി.മു. നാലും അഞ്ചും നൂറ്റാണ്ടുകളില്‍ തന്നെ മാവ് കൃഷി ആരംഭിച്ചിരുന്നു. ബുദ്ധമത സന്യാസിമാര്‍ മൂലമായിരിക്കണം ഇത് എന്ന് വിശ്വസിക്കുന്നു.

[തിരുത്തുക] ഘടന

പല തരം മാങ്ങകള്‍ താരതമ്യത്തിനായി. വലിപ്പം അറിയാന്‍ സ്കെയില്‍ നോക്കുക
പ്രധാന ലേഖനം: മാവ്

മാങ്ങ ഒരു അമ്രകം (Drupe)ആണ്‌. വിവിധ ഇനം മാങ്ങക്ക് വലിപ്പവും ആകൃതിയും നിറവും വ്യത്യാസപ്പെട്ടിരിക്കും. സാധാരണ 4 മുതല്‍ 12 സെ.മീ. വരെ വ്യാസം ഉള്ള മാങ്ങകള്‍ ഉണ്ട്. 25 സെ.മീ. വരെ വലിപ്പമുള്ളതും തീരെ ചെറുതുമായ അപൂര്‍‌വ്വം ഇനങ്ങളും ഉണ്ട്. ആകൃതി ഓവോയ്ഡ് ഒബ്ലോങ്ങ് (ovoid oblong) തിര്യക്കായി ഒബ്ലോങ്ങ്(obliquely oblong) ജ്വാലാമുഖം(pyriform) അണ്ഡാകൃതി (sub ovoid) ഗോളം(round) മടങ്ങിയത്(obtuse) എന്നങ്ങനെ വിവിധ തരത്തിലാണ്‌. ഇളം മാങ്ങയുടെ അഥവാ കണ്ണിമാങ്ങയുടെ പുറം കാമ്പിന്‌ പുളി രുചി താരതമ്യേന മൂത്തതിനെ അപേക്ഷിച്ച് കുറവായിരിക്കും. ഇതിനുള്ളില്‍ കുരു പാകമായിട്ടുണ്ടാവില്ല. തൊലിക്ക് ഇളം പച്ച നിറവും ആയിരിക്കും. എന്നാല്‍ മൂപ്പെത്തുന്നതോടെ നിറം കടുത്തതാകുകയും രുചി കൂടുതല്‍ പുളിപ്പുള്ളതാവുകയും ഉള്ളിലെ കുരു അഥവാ അണ്ടിയുടെ തോടിന്‌ കാഠിന്യമേറുകയും ചെയ്യുന്നു. ഈ അണ്ടി പരന്ന് തകിട് രൂപത്തിലാണ്‌ കാണുക. ഇതിനെ (Endocarp) സ്റ്റോണ്‍ എന്നാണ്‌ പറയുക. പുറം തോടിലായി ധാരാളം നാരുകള്‍ ഉണ്ടായിരിക്കും ഇത് പഴുക്കുന്നതോടെ കൂടുതല്‍ പ്രബലമായി കാണപ്പെടുന്നു. ചില ഇനങ്ങള്‍ക്ക് നാരുകള്‍ ഉണ്ടാവാറില്ല. ചിലതില്‍ ദശയിലേക്ക് പടര്‍ന്നു കയറിയ നിലയില്‍ കാണുന്നു. 1-2 മി.മീ കനമുള്ള ഈ പുറം തോടിനുള്ളില്‍ 4-7 സെ.മീ നീളവും 3-4 സെ.മീ. വീതിയും ഉള്ള വിത്ത് കാണപ്പെടുന്നു. ഇതിനു ചുറ്റും നേര്‍ത്ത കടലാസു പോലെ ഒരു പടലം (ബീജാവരണം testa) ആവരണം ചെയ്തിരിക്കും. പഴുത്ത മാങ്ങയുടെ തൊലി കയ്പോ ചവര്‍പ്പോ ഉള്ളതായിരിക്കും. ഇവ പഴുക്കുന്നതിനു മുന്ന് ഭക്ഷ്യയോഗ്യമാണെങ്കിലും പഴുത്തശേഷം ഉപയോഗ്യമല്ല. തൊലിയുടെ നിറം മഞ്ഞ കലര്‍ന്ന പച്ചനിറം മുതല്‍ ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറം വരെ കാണാറുണ്ട്. [7] എന്നാല്‍ ഇത് ഒരോ ഇനത്തിലും വ്യത്യസ്തമായിരിക്കും. കൂടുതല്‍ നിറം ലഭിക്കുന്നത് വെയില്‍ കൊള്ളുന്നയിടത്തും നിറം കുറവ് തണലേക്കുന്ന ഭാഗത്തുമായിരിക്കും.

[തിരുത്തുക] നാമകരണം

ബദാമി ഇന- വലിപ്പം താരതമ്യത്തിനായി എസ്.ഡി. കാര്‍ഡ്

വ്യത്യസ്ത സ്വഭാവങ്ങളോടും ഗുണങ്ങളോടും കൂടിയ ആയിരത്തിലേറേ മാവു ജാതികള്‍ ഇന്ത്യയില്‍ മാത്രം കൃഷി ചെയ്യപ്പെടുന്നുണ്ട്. മാങ്ങക്ക്/മാവിന്‌ പേര് നല്‍കുന്നതില്‍ മാമ്പഴപപ്രിയരുടെ ഭാവനാ സമൃദ്ധി പ്രത്യേകം കാണാം. ആളുകളൂടേയും ഉദ്യോഗത്തിന്റേയും സ്ഥലത്തിന്റേയും തുടങ്ങി ആകൃതി, നിറം, വലിപ്പം എന്നീ സവിശേഷതകളും പേരിടലിന്‌ കാരണമായി കാണാം.

  • ആളുകളുടെ പേര്‍ ഉള്ള മാങ്ങകള്‍ : ആലി പസന്ത്, അബ്ബാസി, ഇമാം പസന്ത്, മുണ്ടപ്പ, അയ്യപ്പഷെട്ടി തുടങ്ങിയവ
  • സ്ഥാനപ്പേര്‍ : ബിഷപ്പ്, മഹാരാജ്, കലക്റ്റര്‍, ജെയിലര്‍, നവാബ് തുടങ്ങിയവ
  • ചരിത്രപുരുഷന്മാരുടെ സ്മരണക്ക്: ശിവജീ പസന്ത്, ഷാജഹാന്‍, ജഹാംഗീര്‍, നൂര്‍ജഹന്‍ തുടങ്ങിയവ
  • കാല്പനിക ആശയങ്ങള്‍: ദിന്‍ പസന്ത്, ഖുദാദാദ്, മനോരഞ്ചന്‍ തുടങ്ങിയവ
  • സ്ഥലപ്പേരുകള്‍: ആലമ്പൂര്‍ ബനിഷന്‍, ബങ്കനപ്പള്ളി, കല്‍ക്കത്ത, ബാരമാസി, സേലം,കുറ്റ്യാട്ടൂര്‍ തുടങ്ങിയവ
  • പഴത്തിന്റെ നിറം: സുവര്‍ണ്ണരേഖ, യരാമല്‍ഗോവ, സഫ്രാന്‍, സര്‍ദാലു, സിന്ദൂരിയ
  • പഴത്തിന്റെ ആകൃതി : ഗുണ്ടു, ഗുമ്മഡി ഗണ്ണേരു, തോട്ടാപൂരി, കരേളിയ, ലാഡു തുടങ്ങിയവ
  • പഴത്തിന്റെ വലിപ്പം : ജാമ്പലു, പെദ്ദ്മമ്മിഡി, പെദ്ദ സുവര്‍ണ്ണരേഖ, ഹാംലെറ്റ്, ചിന്നരസം തുടങ്ങിയവ
  • രൂപം : മുക്കുരസം, ഞാറ്റികുഴിയന്‍, തുപ്പാക്കിമടിയം തുടങ്ങിയവ
  • രുചി : സീതാഫല്‍ഗോവ, അതിമധുരം, പഞ്ചദാരകലസ, മല്‍ഗോവ, മിത്‌വാ തുടങ്ങിയവ
  • വാസന : കൊത്തപ്പള്ളികൊബ്ബാരി, തെണ്ണേരു, നൂനെപസന്ത്, തുടങ്ങിയവ
  • സാമ്യം: നീലം (നീലക്കല്ല്) മച്ച്ലി.
  • പഴുക്കുന്ന കാലം : ഭാദൂരിയ, കൈത്‌കി, മൂവാണ്ടന്‍ തുടങ്ങിയവ
  • കായ്ക്കുന്ന സ്വഭാവം : ബാരഹ്‌മാസിയ, ദോഫൂല്‍

ഇത് കൂടാതെ പല കര്‍ഷകരും പുതിയ ഇനങ്ങള്‍ സങ്കരപ്പെടുത്തുന്നവരും അവരുടെ ഭാവനക്കനുസരിച്ച് പേരുകള്‍ വയ്ക്കാറുണ്ട്. ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് പോകുമ്പോള്‍ പലപ്പോഴും പേര് മാറുന്നതായും കാണാം. അല്‍ഫോണ്‍സോ എന്ന മാങ്ങ മഹാരാഷ്ട്രയില്‍ അപ്പസ് എന്നും കര്‍ണ്ണാടകത്തില്‍ ബദാമി എന്നും അറിയപ്പെടുന്നതും പീറ്റര്‍ എന്ന് മുംബൈയില്‍ വിളിക്കുന്ന ഇനം തമിഴില്‍ ഗുണ്ടു എന്നും നടുസാലൈ എന്നും മറ്റും അറിയപ്പെടുന്നത് ഇതിന് ഉദാഹരണമാണ്‌.

നാമകരണത്തിലെ ഈ പ്രശ്നം മാവുകളെ ശരിയായി വര്‍ഗ്ഗീകരിക്കുന്നതിലെ പ്രധാന തടസ്സമാണ്‌. വളരെക്കാലം കാത്തിരുന്നതിനുശേഷം കായ്ക്കുമ്പോള്‍ മാത്രമേ ഏത് ഇനമാണെന്ന് അറിയുകയും ചെയ്യൂ എന്നതും മറ്റൊരു പ്രശ്നമാണ്‌.

[തിരുത്തുക] വര്‍ഗീകരണം

മാമ്പഴത്തെ നല്ലതും ചീത്തയുമായി വേര്‍തിരിച്ച് ആദ്യം രേഖപ്പെടുത്തിയത് അക്‌ബര്‍ ചക്രവര്‍ത്തിയായിരുന്നു. അദ്ദേഹം അയിന്‍-ഇ-അക്ബാറിയില്‍ വിവരിച്ചിട്ടുണ്ട്. എങ്കിലും ശാസ്ത്രീയമായി ആദ്യമായി വര്‍ഗീകരണം നടത്തിയത് വാട്ട് (Watt) ആണ് (1891). പിന്നീട് മാരീസ് (1902), വുഡ്‌ഹൗസ് (1909) എന്നിവരും വര്‍ഗീകരണം നടത്തി. വുഡ്‌ഹൗസിന്റേത് പഴത്തിന്റെ ആകൃതിയെ അടിസ്ഥാനമാക്കിയുള്ള തരം തിരിവായിരുന്നു.

പിന്നീടെ വെസ്റ്റര്‍ (Wester)1915ല്‍ ഇന്ത്യയിലെ മാവ് ഇനങ്ങളുടെ ഒരു സമ്പൂര്‍ണ്ണ പട്ടിക ഉണ്ടാക്കി. ബോംബെ സംസ്ഥാനത്തെ 89 മാവിനങ്ങളെ ബര്‍ണ്‍സും പ്രയാഗും ചേര്‍ത്ത് വര്‍ഗീകരിച്ചു. ഫ്ലോറിഡയില്‍ കൃഷി ചെയ്തു വരുന്ന മാവിനങ്ങളെ സ്റ്ററോക്ക് (1951) വര്‍ഗീകരിച്ചു. മേല്‍ പറഞ്ഞ വര്‍ഗീകരണങ്ങള്‍ എല്ലാം തന്നെ മാമ്പഴത്തിന്റെ സ്വഭാവത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്‌. എന്നാല്‍ മറ്റു ചില ഗവേഷകര്‍ മാവിന്റെ വളര്‍ച്ച, ഇല, പൂങ്കുല, പുഷ്പം എന്നീ കായിക സ്വഭാവങ്ങളെ അടിസ്ഥാനപ്പെടുത്തിയും വര്‍ഗ്ഗീകരണം നടത്തി. പാപനോവ് പഴത്തിന്റെ സ്വഭാവം പൂങ്കുലയുടേയും പാര്‍ശ്വീയങ്ങളുടേയും നിറവും, രോമിലതയും, വിത്തിലെ ഭ്രൂണസംഖ്യയും അടിസ്ഥാനപ്പെടുത്തി മാവുകളെ നാല്‌ പ്രധാന വര്‍ഗ്ഗങ്ങളാക്കി തിരിച്ചു. മല്‍ഗോബ, അല്‍ഫോണ്‍സോ സാന്റര്‍ഷാ, കമ്പോഡിയാന എന്നിവയാണവ.

[തിരുത്തുക] പ്രധാന ഇനങ്ങള്‍

[തിരുത്തുക] അല്‍ഫോണ്‍സോ

അല്‍ഫോണ്‍സോ മാങ്ങ

ഇന്ത്യയിലെ ഏറ്റവും അധികം കൃഷി ചെയ്യപ്പെടുന്നോരു ഇനമാണ്‌. മഹാരാഷ്ട്രയിലാണ്‌ ഏറ്റവും അധികം ഉള്ളത്. നല്ല സ്വാദ്, സമൃദ്ധമായ വിളവ്, നല്ല സൂക്ഷിപ്പു ഗുണം എന്നിവയെല്ലാം കൂടിച്ചേര്‍ന്ന അപൂര്വ്വം ഇനങ്ങളിലൊന്നാണ്‌. ശഡി അള്‍ഫോണ്സോ എന്ന ഫ്രഞ്ചുകാരനാണ്‌ ഇതിനെ കണ്ടെത്തിയത്. മൈസൂരില്‍ ബദാമി എന്നും സേലം കോയമ്പത്തൂര്‍ എന്നീ ജില്ലകളില്‍ ഗുണ്ഡു എന്നും തിരുനെല്‍‌വേലിയില്‍ പട്ടണം ജാതി എന്നുമാണറിഒയപ്പെടുന്നത്. മദ്രാസില്‍ ഖാദര്‍, കന്നടത്തില്‍ ഹാഫസ്, ആപ്പുസ് എന്നീ പേരുകളും ഉപയോഗിച്ചു വരുന്നു. മൂനാഴ്ചയോളം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും.

  • പഴം- ഇടത്തരം വലിപ്പം, അണ്ഡാകൃതിക്ക് സമാനം, വശങ്ങള്‍ പരന്നതും അധരതോള്‍ അപാക്ഷതോളിനേക്കാല്‍ വീതിയുള്‍ലതും ഉന്നതവും. കൊക്ക് തീരെ ഇല്ല. പീത നിറം, കഴമ്പ് ഉറപ്പുള്ളതും നാരില്ലാത്തതും. ഗന്ധം സുഖദമാണ്‌. അതി മധുരവും ചാറ് മിതമധുരമോ ആണ്‌.

[തിരുത്തുക] ചന്ദ്രകാരന്‍

കേരളത്തിലെ ബഹുഭ്രൂണിമാവ് ഇനത്തില്‍ പെട്ട ഒന്ന്. കുലകുലയായി കായ് സമൃദ്ധിയായി ഉണ്ടാവുന്നു. ചാറ് ധാരാളവും കഴമ്പ് നാരുകള്‍ നിറഞ്ഞതായതിനാല്‍ വലിച്ച് കുടിക്കാനാണ്‌ ഉത്തമം. ചിലയിടങ്ങളി ചപ്പിക്കുടിയന്‍ എന്നും പേര് ഉണ്ട്.

[തിരുത്തുക] ഖുദാദാദ്

ബങ്കനപ്പള്ളി ഇനം

തമിഴ്നാട്ടിലെ സേലം ജില്ലയാണ്‌ ഇതിന്റെ ജന്മസ്ഥലം. കേരളം തെക്കന്‍ കര്‍ണ്ണാടകം എന്നിവടങ്ങളിലും കൃഷിചെയ്യുന്നുണ്ട്. സൂക്ഷിപ്പുഗുണം (ഷെല്‍ഫ് ലൈഫ്) കുറവാണ്‌ എന്നതാണ്‌ പ്രധാന ന്യൂനത. പഴം വലുതും ഓവല്‍ ആകൃതിയുള്‍ലതുമാണ്‌. ബിന്ദുവിന്‌ സമാനമായ കൊക്കാണ്‌ ഉള്ളത്. കട്ടിയുള്ള തൊലിയും ഉണ്ട്. പീത നിറം, കഴമ്പ്, മൃദുവും നാരില്ലാത്തതു, സുഖകരമായ ഗന്ധം, മധുരം ഉള്ളത്. ചാറും ധാരാളം. ഋതുമദ്ധ്യത്തിലാണ്‌ കായ്ക്കുന്നത്.

[തിരുത്തുക] ലാംഗ്ര

ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന ഒരു തരം മാങ്ങയാണീത്. ഉത്തരേന്ത്യയിലാണ്‌ ജന്മസ്ഥലം. ലാംഗ്ഡ, ഡേവിഡ് ഫോര്‍ഡ്, റൂ-ഇ- അഫ്സ എന്നും പേരുകള്‍ ഉണ്ട്. ഇടത്തരം വലിപ്പമുള്ള ഓവേറ്റ് ആകൃതിയുള്ളതാണ്‌ ഫലം. തൊലി ഇടത്തരം കട്ടിയുള്ളതും, ഹരിതനിറം വിട്ടുമാറാത്തതുമാണ്‌. കഴമ്പ് കട്ടീയുള്ളതും നാരുകള്‍ ഇല്ലാത്തതുമാണ്‌. അല്പം അമ്ലാംശമുള്ള മധുരമാണ്‌ രുചിയില്‍. മേയ് മുതല്‍ ജൂലൈ വരെയാണ്‌ കായ്ക്കുക.

[തിരുത്തുക] മല്‍ഗോവ

ദക്ഷിണേന്ത്യയിലും ഡക്കാനിലും വാണിജ്യപ്രധാനമുള്ള ഇത് ഗുണഥ്റ്റില്‍ വളരെ മെച്ചപ്പെട്ടതും വിപണിയുള്ളതുമാണ്‌> അമേരിക്യിലെ ഉഷ്ണമേഖലഅ പ്രദേശങ്ങളില്‍ വളരെ മുന്‍പു തന്നെ പ്രചാരത്തില്‍ വന്ന ഇനമാണ്‌. ഋതു അന്ത്യത്തില്‍ കായ്ക്കുന്ന മാങ്ങ മൂപ്പെത്തുനതിനും മുന്നേ തന്നെ മഴയില്‍ പെട്ട് പോവാറുണ്ട്. തൊലിയില്‍ കറുത്ത കുത്തുകള്‍ കാണപ്പെടുന്നത് ഭംഗിയും വിപണിയും കുറക്കുന്നു. പഴം വലിയതോ ഇടത്തരം വലിപ്പമുള്ളതോ ആണ്‌. ഉരുണ്ട തിര്യക്കാകൃതിയാണ്‌. കൊക്ക് വ്യക്തമായി കാണാം. കഴമ്പ് ഉറപ്പുള്‍ലതും നാരില്ലാത്തതുമാണ്‌. പീതനിറമുള്ല പഴം പഴുത്താല്‍ സുഗന്ധമുള്ളതാകും. മധുരവും ധാരാളം ചാറുമുള്ളതുമാണ്‌.

[തിരുത്തുക] നീലം

നീലം മാങ്ങ

തെക്കേ ഇന്ത്യയിലെ സുപ്രധാനമായ വാണിജ്യ ഇനമാണ്‌ നീലം. തമിഴ്‌നാടാണ്‌ ജന്മസ്ഥലം. വര‍ണ്ട കാലാവസ്ഥയില്‍ നന്നായി വളരുന്നു. സൂക്ഷിപ്പുഗുണം ഉള്ളതാകയാല്‍ കയറ്റുമതിക്ക് സാധ്യത ഉണ്ട്. എന്നാല്‍ പഴത്തിന്‌ മറ്റു മാങ്ങകളേക്കാല്‍ ഗുണം കുറവാണ്‌. മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയാണ്‌ കായ്ക്കുന്നത്

[തിരുത്തുക] സംഭരണവും വിപണിയും

എളുപ്പം കേടുവരുന്ന പഴമാണ് മാങ്ങ. മൂത്ത് പറിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ അവ പഴുത്ത് പാകമാവാറുണ്ട്. പഴുത്ത് കഴിഞ്ഞാല്‍ ചില കീടങ്ങള്‍ വരുന്നതിനും പക്ഷികളും മറ്റും കൊത്തുന്നതിനും കാരണമാകാറുണ്ട്. കൃഷിയായി ചെയ്യുന്ന മാവുകളില്‍ വിപണിക്കനുസരിച്ച് അവ വിളവെടുക്കാറുണ്ട്. വേഗത്തില്‍ വിറ്റു തീരാത്തപ്പോള്‍ വൈകി പറിക്കുകയും ആവശ്യം കൂടുമ്പോള്‍ പറിച്ച് ചൂടുള്ള സഥലത്ത് വച്ച് പെട്ടന്ന് പഴുപ്പിക്കുകയും ചെയ്യുന്നവരുണ്ട്. പഴുത്ത മാങ്ങക്ക് ചതവ് സംഭവിച്ചാല്‍ ആ ഭാഗം പെട്ടന്ന് കേടുവരുന്നത് കാണാം.

പ്രതികൂല കാലാവസ്ഥയെ ചെറുക്കാന്‍ പ്രകൃത്യാ ഒരു മെഴുകിന്റെ ആവരണം മാങ്ങയില്‍ കാണുന്നുണ്ട്. എന്നാല്‍ ഇത് പഴുക്കുന്തോറും നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ഇത് കാര്യക്ഷമമാക്കുവാനായി കൃത്രിമമായി മെഴുകിന്റെ ആവരണം മാങ്ങക്ക് നല്‍കാറുണ്ട്. ഇതിനായി മൈക്രോ ക്രിസ്റ്റലൈന്‍, പാരഫിന്‍, കാറ്നോഅ മെഴുക്, സിസാല്‍, കരിമ്പ് എന്നിവ ഉപയോഗിക്കാറുണ്ട്. കരിമ്പ് ഫാക്ടറികളില്‍ നിന്ന് ലഭിക്കുന്ന പ്രെസ്സ് മഡ് എന്ന മെഴുകുകള്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്.

കുമിള്‍ സംഹാരിയായ സോഡിയ്യം ഓര്‍തോഫീനൈല്‍ ഫിനേറ്റ് അനുവദനീയമായ അളവില്‍ മെഴുക് ആവരണത്തോട് ചേര്‍ക്കുന്നത് ചീയലിനെ തടയുന്നതായി കണ്ടിട്ടുണ്ട്. ഇതിനു പകരം ട്രൈക്ലോറോഎതീല്‍ തയോ ടെട്രാതാല്‍മൈഡും ഉപയോഗിക്കുന്നുണ്ട്.

[തിരുത്തുക] പ്രശീതസംഭരണം

പഴങ്ങളെ ദീര്‍ഘകാലം കേടുകൂടാതെ സംഭരിക്കാന്‍ തണുപ്പിച്ച് സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇത് ഒരോ ഇനം മാങ്ങയേയും ആശ്രയിച്ച് എത്രകാലം സംഭരിക്കാമെന്നത് വ്യത്യാസപ്പെട്ടിരിക്കും. ചില മാങ്ങകള്‍ക്ക് ഇത്തരം സംഭരണിമൂലം അതിന്റെ പ്രത്യേകതകള്‍ നഷ്ടപ്പെടാറുണ്ട്. എന്നാല്‍ ഒരോ ഇനം മാങ്ങക്കും അതിന് ആവശ്യമായ ഈര്‍പ്പവും തണുപ്പും നല്‍കിയാല്‍ കൂടുതല്‍ കാലം കേടുകൂടാതെ സംഭരിക്കാം.

[തിരുത്തുക] വിഭവങ്ങള്‍/ഉല്പന്നങ്ങള്‍

ഗാര്‍ഹീകമായി നിരവധി ഉപയോഗങ്ങള്‍ മാങ്ങക്ക് ഉണ്ട്. പഴുത്ത മാങ്ങ വളരെ സ്വാദുള്ള ഒരു ഭക്ഷണമാണെന്നതിനു പുറമേ പുളിശ്ശേരി തുടങ്ങിയ കറികള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ പഴുത്ത മാങ്ങ തൊലി ചെത്തിക്കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച് തിന്നുന്നവരാണ് അധികവും. തൊലിയോടെ ചെത്തി ഉള്‍ഭാഗം മാത്രം തിന്നുന്ന കൂട്ടരും ഉണ്ട്. തമിഴ് നാട് പോലുള്ള സംസ്ഥനങ്ങളില്‍ മൂത്തതും എന്നാല്‍ പഴുക്കാത്തതുമായ മാങ്ങകള്‍ പ്രത്യേകരീതിയില്‍ കഷണമാക്കി ഉപ്പും മുളകും തേച്ച് തൊലിയോടെ തിന്നുന്ന രീതിയും കണ്ടു വരുന്നു.

പച്ച മാങ്ങ കറികള്‍ക്ക് പുളിരുചി നല്‍ക്കാന്‍ ഉപയോഗിക്കുന്നു. അച്ചാര്‍ ഉണ്ടാക്കാന്‍ പച്ചമാങ്ങയും കണ്ണിമാങ്ങയും ഉപയോഗിക്കുന്നുണ്ട്. പച്ച മാങ്ങ മുറിച്ചും ചെറിയ മാങ്ങകളും കണ്ണിമാങ്ങയും മുഴുവനായും ഉപ്പിലിട്ട് വക്കുന്നതും ഒരു രീതിയാണ്.

വ്യാവസായികമായി മാങ്ങയില്‍ നിന്നും അച്ചാര്‍, സ്ക്വാഷ്, ജാം എന്നിവ നിര്‍മ്മിക്കുന്നുണ്ട്. കാനിങ്ങ്, മാമ്പഴപള്‍പ്, പഴച്ചാറ്, മിഠായികള്‍, കസ്റ്റാര്‍ഡ് പൗഡര്‍ എന്നിവയും നിര്‍മ്മിച്ചു വരുന്നു.

[തിരുത്തുക] പോഷകമൂല്യം

മാങ്ങ, പച്ച
100 g (3.5 oz)-ല്‍ അടങ്ങിയ പോഷകമൂല്യം
ഊര്‍ജ്ജം 20 kcal   70 kJ
അന്നജം     17.00 g
- പഞ്ചസാരകള്‍  14.8 g
- ഭക്ഷ്യനാരുകള്‍  1.8 g  
Fat 0.27 g
പ്രോട്ടീന്‍ .51 g
ജീവകം എ equiv.  38 μg  4%
- β-കരോട്ടീ‍ന്‍  445 μg  4%
തയാമിന്‍ (ജീവകം B1)  0.058 mg   4%
റൈബോഫ്ലാവിന്‍ (ജീവകം B2)  0.057 mg   4%
നയാസിന്‍ (ജീവകം B3)  0.584 mg   4%
പാന്റോത്തെനിക്ക് അമ്ലം (B5)  0.160 mg  3%
ജീവകം B6  0.134 mg 10%
Folate (ജീവകം B9)  14 μg  4%
ജീവകം സി  27.7 mg 46%
കാല്‍സ്യം  10 mg 1%
ഇരുമ്പ്  0.13 mg 1%
മഗ്നീഷ്യം  9 mg 2% 
ഫോസ്ഫറസ്  11 mg 2%
പൊട്ടാസിയം  156 mg   3%
സിങ്ക്  0.04 mg 0%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

[തിരുത്തുക] ഔഷധഗുണങ്ങള്‍

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. http://india.gov.in/knowindia/national_fruit.php
  2. A group of authors (1967). "The mango- A handbook". Indian Council of Agricultural research. Retrieved on 2007-11-15. 
  3. 3.0 3.1 3.2 S.K. Mukherjee (1949). "Mango- and its relatives". Science and culture (15): 5-9. Retrieved on 2007-11-15. 
  4. "Some so praise it as to give it preference over all fruits except the musk melon. But such praise outmatches it" ബാബര്‍ നാമയുടെ പെന്‍‌ഗ്വിന്‍ പതിപ്പില്‍ നിന്ന്
  5. SR Gangulyy and D Singh (1950). "Distribution of Mango". Indian Journal of horticulture (7): 39. Retrieved on 2007-11-15. 
  6. ഈ ലിങ്കിലെ Origin എന്ന ഭാഗം കാണുക
  7. S.K. Mukherjee (1953). "Mango- its botany, cultivation, uses and future improvement especially as observed in India". E.Botany 7 (2). Retrieved on 2007-11-16. 

[തിരുത്തുക] കുറിപ്പുകള്‍

"http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം