കവാടം:കമ്മ്യൂണിസം/തിരഞ്ഞെടുത്ത ലേഖനങ്ങൾ/8

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

സി.പി.ഐ(എം)(CPI(M)) അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്), ഭാരതത്തിലെ ഒരു ഇടതു രാഷ്ട്രീയ കക്ഷിയാണ്. കേരളം, പശ്ചിമ ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങൾ സി.പി.എം എന്നും അറിയപ്പെടുന്ന ഈ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളാണ്. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(CPI) എന്ന സംഘടനയിൽ നിന്ന് തെറ്റിപ്പിരിഞ്ഞവർ രൂപവത്കരിച്ച പാർട്ടിയാണിത്.

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ്‌ ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർട്ടി (മാർക്‌സിസ്റ്റ്‌). തൊഴിലാളിവർഗ സർവാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ്‌ പാർട്ടിയുടെ ലക്ഷ്യം. മാർക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്ത്വശാസ്‌ത്രവുമാണ്‌ പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും വഴികാട്ടുന്നത്‌. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്‌ക്ക്‌ അറുതി വരുത്തി, അധ്വാനിക്കുന്ന ജനങ്ങൾക്ക്‌ പൂർണമോചനത്തിലേക്കുള്ള ശരിയായ വഴി കാട്ടാൻ മാർക്‌സിസം-ലെനിനിസത്തിനു മാത്രമേ കഴിയൂ എന്ന് പാർട്ടി വിശ്വസിക്കുന്നു. തൊഴിലാളിവർഗ സാർവദേശീയത്വത്തിന്റെ ആദർശം ഉയർത്തിപ്പിടിക്കുന്നു.