ഉറുമ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
Meat eater ant feeding on honey
|
||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
|
||||||||||||||
|
സാമൂഹിക ജീവിതം നയിക്കുന്ന ഷഡ്‌പദങ്ങളാണ് ഉറുമ്പുകള്‍. ഒരു കോളനിയില്‍ തന്നെ നൂറുമുതല്‍ ലക്ഷക്കണക്കിനു വരെ ഉറുമ്പുകളെ കണ്ടുവരുന്നു. മധുരപലഹാരങ്ങള്‍, വിത്തുകള്‍, ചത്തുപോയ മറ്റുഷഡ്‌പദങ്ങള്‍ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. ഇന്നുവരെ 11,800 വിവിധ വംശം ഉറുമ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും ഭൂമധ്യരേഖാ പ്രദേശത്താണ് കാണപ്പെടുന്നത്.
ഉള്ളടക്കം |
[തിരുത്തുക] സാമൂഹിക ജീവിതം
വളരെ ചിട്ടയായുള്ള സാമൂഹിക ജീവിതം പരിപാലിക്കുന്ന ജീവികളാണ് ഉറുമ്പുകള്‍. മസ്തിഷ്കം ഇല്ലെങ്കിലും മനുഷ്യനെപോലും അത്‍ഭുതപ്പെടുത്തുന്ന രീതിയില്‍ ഉറുംബുകള്‍ സാമൂഹിക ജിവിതം ഐക്യത്തോടും, ചിട്ടയോടുംമുന്നോട്ട് കൊണ്ട് പോകുന്നു. മണ്ണിലോ മരത്തിലോ ആവും താരതമ്യേന ഭംഗി കുറഞ്ഞ കൂടുകള്‍ ഉണ്ടാക്കുക. ഒരു കോളനിയില്‍ വിവിധ തരം ഉറുമ്പുകളെ കാണാന്‍ കഴിയും. രാജ്ഞിമാര്‍, ജോലിക്കാര്‍, ചിറകുള്ള ആണുറുമ്പുകള്‍, ചിറകുള്ള പെണ്ണുറുമ്പുകള്‍, പട്ടാളക്കാര്‍ മുതലായവയാണവ.
[തിരുത്തുക] രാജ്ഞിമാര്‍
ചിറകില്ലാത്തതും പ്രത്യുത്പാദനശേഷിയുള്ളതുമായ പെണ്ണുറുമ്പാണ് രാജ്ഞി. ഒരു കൂട്ടില്‍ തന്നെ അനേകം രാജ്ഞിമാരുണ്ടാകും. എന്നാല്‍ ഒരു രാജ്ഞി മാത്രമുള്ള കോളനികളുമുണ്ട്. രാജ്ഞിമാരുടെ ആയുസ്സും കൂടുതലാണ്. ഒരു വയസ്സുമുതല്‍ പതിനഞ്ച് വയസ്സു വരെ ജീവിച്ചിരിക്കുന്ന രാജ്ഞിമാരുണ്ട്. കൂട്ടിലേക്കുള്ള ജോലികളൊന്നും രാജ്ഞിമാര്‍ ചെയ്യാറില്ല. കൂടിന്റെ ഏറ്റവും ഉള്ളറകളിലൊന്നില്‍ താമസിച്ച് മുട്ടയിടുകയാണിവയുടെ ജോലി. രാജ്ഞിമാര്‍ക്ക് ഭക്ഷണം എത്തിക്കേണ്ട ചുമതല ജോലിക്കാര്‍ക്കാണ്. ഒരു കൂട് ഉപേക്ഷിച്ച് മറ്റൊരു കൂട് നിര്‍മ്മിക്കുമ്പോള്‍ മാത്രമേ രാജ്ഞിമാര്‍ കൂടുവിട്ടിറാങ്ങാറുള്ളു.
[തിരുത്തുക] ജോലിക്കാര്‍
പ്രത്യുത്പാദനശേഷിയില്ലാത്ത പെണ്ണുറുമ്പുകളാണ് വേലക്കാര്‍. ജോലിക്കാരാണ് ഒരു കൂട്ടിലേക്കുവേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത്. രാജ്ഞിമാരേയും മറ്റുറുമ്പുകളേയും ലാര്‍വ്വകളേയും തീറ്റിപ്പോറ്റുക, കൂടുകള്‍ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവ ചെയ്യുന്നത്. വേലക്കാരില്‍ തന്നെ ജോലിവിഭജനമുണ്ട്. കൂടിനു പുറത്തുള്ള ജോലികള്‍ ചെയ്യേണ്ട ജോലിക്കാരും കൂട്ടിനകത്തെ ജോലികള്‍ ചെയ്യേണ്ട ജോലിക്കാരുമുണ്ടായിരിക്കും. ചിലയിനം ഉറുമ്പുകളില്‍ കൂട്ടിനു പുറത്തുള്ള ജോലികള്‍ ചെയ്യുന്നതിനുമുന്‍പ് കൂട്ടിനകത്തെ ജോലികള്‍ ഏതാനം ദിവസം പുതിയ ജോലിക്കാരെ കൊണ്ടു ചെയ്യിക്കുന്നതു കാണാം. മുട്ടകളേയും ലാര്‍വ്വകളേയും എടുത്ത് മാറ്റുക, കുഞ്ഞുറുമ്പുകളെ വൃത്തിയാക്കുക, ഭക്ഷണവസ്തുക്കള്‍ ചുമന്നുകൊണ്ടുവരിക, ബാക്കിവരുന്ന പദാര്‍ത്ഥങ്ങള്‍ കൂടിനു വെളിയില്‍ കളയുക എന്നിവയാണ് പ്രധാന ജോലികള്‍. ചില വേലക്കാര്‍ ഭക്ഷണം വയറ്റില്‍ സൂക്ഷിച്ചാണു കൊണ്ടുവരിക, പ്രത്യേകിച്ചും ലാര്‍വ്വകള്‍ക്കായി. അവ പിന്നീട് തികട്ടിയെടുത്ത് നല്‍കുന്നു. തേനുറുമ്പുകള്‍ പോലുള്ളവയിലാകട്ടെ വയര്‍ കൂടുതല്‍ തേന്‍ സൂക്ഷിക്കാനായി നന്നായി വികസിച്ചതാണ്. പുതിയ വേലക്കാര്‍ക്ക് മൂന്നോ നാലോ ദിവസം പ്രായമാകുന്നതോടെ അവരും പണിചെയ്തു തുടങ്ങുന്നു. കൂടുകളിലൂടെ വെറുതേ നടക്കുകയും അവിടവിടെ കൂട്ടം കൂടി നില്‍ക്കുകയും ചെയ്യുന്ന വേലക്കാരേയും കൂട്ടിനുള്ളില്‍ കാണാം. ഇവ എന്തുധര്‍മ്മമാണനുഷ്ഠിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ക്കിതുവരെ മനസ്സിലായിട്ടില്ല.
കൂട്ടിനു വെളിയില്‍ പോയി ഭക്ഷണം ശേഖരിക്കുന്ന വേലക്കാര്‍ ഒറ്റക്കോ കൂട്ടമായോ ഇക്കാര്യം ചെയ്യുന്നു. നാല് മില്ലീഗ്രാം ഭാരമുള്ള ഉറുമ്പ് എട്ടു മില്ലീഗ്രാം വരെ ഭാരമുള്ള ഭക്ഷണവസ്തുക്കളെ വഹിച്ചുകൊണ്ടു പോകുന്നു. ചിലപ്പോള്‍ ഒന്നിലധികം ഉറുമ്പുകള്‍ ഒന്നിച്ചാവുമിതു ചെയ്യുന്നത്. കൂട്ടില്‍ നിന്ന് പുറത്തു പോയി ഭക്ഷണപദാര്‍ത്ഥങ്ങള്‍ തേടുന്ന ഉറുമ്പുകള്‍ ദിശകണ്ടെത്തുന്നതിന് പലമാര്‍ഗ്ഗങ്ങള്‍ ഉപയോക്കുന്നതായി പറയപ്പെടുന്നു. സംയുക്ത നേത്രം ആണുള്ളതെങ്കില്‍ കൂടി, വഴിയില്‍ കാണുന്ന എന്തിനേയും ഇവ അടയാളമാക്കി ശേഖരിക്കുന്നുവത്രേ. ഭൂഗുരുത്വാകര്‍ഷണ ബലത്തിന്റെ ദിശ, വഴിയില്‍ സ്വയം പുറപ്പെടുവിക്കുന്നതും കാണപ്പെടുന്നതുമായ രാസഘടകങ്ങളേയും അടയാളമാക്കാറുണ്ട്.
[തിരുത്തുക] പട്ടാളക്കാര്‍
ശത്രുക്കളെ നേരിടാന്‍ ഇവര്‍ പ്രാപ്തരായിരിക്കും. വലിയ തലയും കടിക്കാനും മുറിക്കാനുമുള്ള ഉറപ്പുള്ള വായ്‌ഭാഗങ്ങള്‍ മുതലായവ ഇവക്കുണ്ടാകും. അത്തരം ഭാഗങ്ങളെ മാന്‍ഡിബിളുകള്‍ എന്നു വിളിക്കുന്നു. മാന്‍ഡിബിളുകള്‍ കട്ടിയുള്ള വിത്തുകളും മറ്റും പൊട്ടിക്കാന്‍ തക്കവണ്ണം ശക്തിയുള്ളവയുമായിരിക്കും. ഒരു കൂടിന്റെ പ്രവേശന മാര്‍ഗ്ഗത്തില്‍ ശത്രുവിന്റെ സാന്നിദ്ധ്യമറിഞ്ഞാല്‍ അവ തലയുടെ വലിയ ഭാഗമുപയോഗിച്ച് കൂടടച്ചുവെക്കുന്നു. വലിയ ദ്വാരമാണെങ്കില്‍ ഒന്നിലധികം ഉറുമ്പുകള്‍ ഇതിനായി ശ്രമിക്കുന്നു. ശത്രുക്കളെ നേരിടാന്‍ ഉറുമ്പുകള്‍ ശരീരത്തിലുത്പാദിപ്പിക്കുന്ന ഫോര്‍മിക് അമ്ലവും ഉപയോഗിക്കാറുണ്ട്. ചില വര്‍ഗ്ഗങ്ങളില്‍ വേലക്കാര്‍ തന്നെയാകും പട്ടാളക്കാരുടെ ജോലിയും ചെയ്യുക. പട്ടാളക്കാര്‍ക്ക് ഭക്ഷണം തേടി അലഞ്ഞുതിരിയാനുള്ള കഴിവ് സ്വതവേ കുറവാണ്. അവയെ മറ്റുള്ളവര്‍ നയിച്ചുകൊണ്ടുപോകുകയാണുണ്ടാവാറ്. കൂടുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി ഉറുമ്പുകള്‍ ഇലകള്‍ കൊണ്ട് വരുമ്പോള്‍ ഇലകള്‍ക്ക് മുകളിലിരുന്ന് ശത്രുക്കളുടെ ആക്രമണത്തെ പ്രധിരോധിക്കുന്ന പട്ടാളക്കാരായ ഉറുമ്പുകള്‍ ചില സാഹചര്യങ്ങളില്‍ രക്തസാക്ഷിയാകാറുണ്ട്
[തിരുത്തുക] ചിറകുള്ള ഉറുമ്പുകള്‍
ചിറകുള്ളതും പ്രത്യുത്പാദനശേഷിയുള്ളതുമായ ആണുറുമ്പുകളും, പെണ്ണുറുമ്പുകളും കൂട്ടിലുണ്ടാകാറുണ്ട്. ചിലപ്പോള്‍ അവ ഒരു കൂട്ടത്തില്‍ നിന്നും പിരിഞ്ഞ് മറ്റൊരു കൂട്ടത്തില്‍ ചേരുന്നു. ചിലപ്പോള്‍ ഇണചേരാനായിരിക്കും ഇവ പുറത്തു വരുന്നത്. വായുവില്‍ വെച്ചോ, നിലത്തു വച്ചോ ഇണചേര്‍ന്ന ശേഷം ആണുറുമ്പുകള്‍ ചത്തുപോകുന്നു. പെണ്ണുറുമ്പുകള്‍ പുതിയ കോളനി നിര്‍മ്മിക്കാനനുയോജ്യമായ സ്ഥലങ്ങളില്‍ മുട്ടയിടുകയും ചെയ്യുന്നു. ഒരു കൂട്ടില്‍ ചിലപ്പോള്‍ രാജ്ഞിയുടെ അഭാവത്തില്‍ പെണ്ണുറുമ്പുകള്‍ മുട്ടയിടുന്നു. അവയില്‍ നിന്ന് വേലക്കാരോ ആണുറുമ്പുകളോ ആണുണ്ടാവുക.
[തിരുത്തുക] വളര്‍ച്ചാഘട്ടങ്ങള്‍
എല്ലാ ഷഡ്‌പദങ്ങളേയും പോലെ മുട്ട, ലാര്‍വ്വ, കൊക്കൂണ്‍(പ്യൂപ്പ), പൂര്‍ണ്ണവളര്‍ച്ചയെത്തിയ ജീവി, എന്നിങ്ങനെ നാലവസ്ഥയാണ് ഉറുമ്പുകള്‍ക്കുമുള്ളത്. ലാര്‍വ്വാവസ്ഥയില്‍ ഉറുമ്പ് പൂര്‍ണ്ണമായും മറ്റുറുമ്പുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അവയ്ക്ക് കാലുകള്‍ പോലുമുണ്ടാകില്ല. സമാധിഅവസ്ഥയില്‍ നിന്നു പുറത്തുവരണമെങ്കിലും മറ്റുറുമ്പുകളുടെ സഹായം ആവശ്യമാണ്.
[തിരുത്തുക] ആശയവിനിമയം
സ്പര്‍ശികകള്‍ ഉപയോഗിച്ചാണ് ഉറുമ്പുകള്‍ ആശയവിനിമയം നടത്തുന്നത്. ശരീരസ്രവങ്ങള്‍(ഫിറമോണ്‍സ്) ഉപയോഗിച്ച് സൃഷ്ടിക്കുന്ന അടയാളങ്ങളില്‍ മറ്റുറുമ്പുകള്‍ സ്വന്തം സ്പര്‍ശിക ഉപയോഗിച്ചു തൊടുമ്പോള്‍ അവക്ക് കാര്യം മനസ്സിലാക്കാന്‍ കഴിയുന്നു. ഭക്ഷണം ഉള്ള സ്ഥലത്തേക്കുള്ള ദൂരവും മറ്റും സ്പര്‍ശികയോ മുന്‍കാലുകളോ ഉരസുന്നതുവഴി പറയാനും ഇവക്കു കഴിയുന്നു. കൂട്ടില്‍ നിന്ന് പുതിയകൂട്ടിലേക്കും ഇരതേടാനും മിക്കയിനം ഉറുമ്പുകളും വരിയായാണ് പോകാറ്. ഭക്ഷണത്തിനാണു പോകുന്നതെങ്കില്‍ അല്പദൂരത്തിനു ശേഷം സ്വയം പിരിഞ്ഞ് ഇരതേടുന്നു. ഭക്ഷണം കണ്ടാല്‍ തിരിച്ചു വരിയിലെത്തി കാര്യം പറയുന്നു.
[തിരുത്തുക] ഇതര ജീവികളുമായുള്ള സഹവര്‍ത്തിത്തം
മറ്റെല്ലാത്തരത്തിലുമുള്ള ജൈവജാലങ്ങളുമായി ഉറുമ്പുകള്‍ സഹവര്‍ത്തിത്തലേര്‍പ്പെടാറുണ്ട്.
അഫിഡുമായുള്ള സഹവര്‍ത്തനമാണ് ഏറെ പ്രശസ്തം. ഉറുമ്പുകള്‍ അഫിഡുകളെ സ്വന്തം കൂട്ടില്‍ വളര്‍ത്തുകയും അവക്ക് ഭക്ഷണം സമ്പാദിച്ചുകൊടുക്കുകയും, ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. പകരമായി അഫിഡിന്റെ ശരീരത്തില്‍ നിന്നുമൂറിവരുന്ന സ്രവം ഉറുമ്പുകള്‍ ഭക്ഷിക്കുന്നതാണ്. ഒരു കൂട്ടത്തില്‍ നിന്ന് ചെറിയൊരു കൂട്ടം പിരിഞ്ഞുപോകുകയാണെങ്കില്‍ അവ ചിലപ്പോള്‍ ചില ആഫിഡുകളെ കൂടെ കൊണ്ടുപോകാറുണ്ട്. ഇത്തരത്തില്‍ ഒന്നിലേറേ ജീവികളില്‍ ഉറുമ്പുകള്‍ പ്രാദേശികഭേദത്തില്‍ സഹവര്‍ത്തിത്തിലേര്‍പ്പെടാറുണ്ട്.
പലസസ്യങ്ങളും ഉറുമ്പുകള്‍ക്കായി കൂടുതല്‍ തേന്‍ ശേഖരിച്ചു വെക്കാറുണ്ട്. അതുകൊണ്ടു തന്നെ അവയില്‍ കീടങ്ങള്‍ വരാറില്ല. വിത്തുകള്‍ കേടുകൂടാതിരിക്കും എന്ന ഗുണം ചെടിക്കു ലഭിക്കുമ്പോള്‍ ഉറുമ്പുകള്‍ക്കു ഭക്ഷണവും ലഭിക്കുന്നു. അമേരിക്കയിലെ പ്യോണി പുഷ്പങ്ങള്‍ക്ക് വിരിയാന്‍ തന്നെ ഉറുമ്പുകളുടെ സഹായമാവശ്യമാണ്.
ചില ഉറുമ്പുകളാകട്ടെ കൂട്ടിനുള്ളില്‍ പൂപ്പലുകള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്നു. ഉറുമ്പുകള്‍ പൂപ്പലുകള്‍ കുറേശ്ശെ ഭക്ഷണമായുപയോഗിക്കുകയും ചെയ്യുന്നു.
പലതരം വിത്തുകളും വിതരണം ചെയ്യുന്നത് ഉറുമ്പുകളാണ്. വിത്തുകള്‍ ഉറുമ്പുകള്‍ക്കായുള്ള അനുവര്‍ത്തനങ്ങള്‍ ഉണ്ടാവാറുണ്ട്. ചിലവിത്തുകളില്‍ ഇലായിയോസോമുകള്‍ എന്ന കോശഘടനകള്‍ ഉറുമ്പുകള്‍ക്കായി കാണാം. ഉറുമ്പുകള്‍ക്കു പോഷകപ്രദങ്ങളായ പലവസ്തുക്കളും ഇവയിലുണ്ട്. വിത്തുകള്‍ കൊണ്ടുപോയി ഇലായിസോമുകള്‍ ഭക്ഷിക്കുന്ന ഉറുമ്പുകള്‍ പിന്നീടവയെ ഉപേക്ഷിക്കുന്നു. അത് മിക്കവാറും കൂട്ടില്‍ തന്നെയാവും വിത്തുകള്‍ സുരക്ഷിതമായ സ്ഥലത്ത് വളരുന്നു. ഉറുമ്പുകള്‍ വഴിയുള്ള വിത്തുവിതരണത്തിന് മിര്‍മിക്കോകോറി(Myrmecochory) എന്നാണ് പറയുന്നത്.
പല പക്ഷികളും ഉറുമ്പുകൂട്ടത്തിനടുത്തു ചിറകുകള്‍ വിടര്‍ത്തി ഇരിക്കാറുണ്ട്. അവയുടെ മേല്‍ ഉറുമ്പുകള്‍ കയറുകയും അവയുടെ ശരീരത്തിലെ ക്ഷുദ്രകീടങ്ങളെ ഭക്ഷണമാക്കുകയും ചെയ്യുന്നു. പക്ഷികള്‍ക്ക് ക്ഷുദ്രജീവികളില്‍ നിന്ന് രക്ഷയും ഉറുമ്പുകള്‍ക്ക് ഭക്ഷണവും ലഭിക്കുന്നു. ഉറുമ്പുകുളി(Anting) എന്നാണിതറിയപ്പെടുന്നത്.
ആനിമൊണ്‍ ഹെപ്പാറ്റിക്ക (Anemone hepatica), റനണ്‍കുലസ് ഫെക്കെറിയ (Ranunculus ficaria), അഡൊനിസ് വെര്‍ണാലിസ് (Adonis vernalis) മുതലായ ചെടികളുടെ അകീനുകള്‍ ഒരുതരം സുഗന്ധതൈലം ഉല്പാദിപ്പിക്കുന്നു. ഇത് ഉറുമ്പുകളെ ആകര്‍ഷിക്കുകയും അതുവഴി വേഗം പ്രകീണങ്ങള്‍ നടക്കുകയും ചെയ്യും.
[തിരുത്തുക] കൂടുതല്‍ അറിവിന്
[തിരുത്തുക] ചിത്രശാല
[തിരുത്തുക] മറ്റ് ലിങ്കുകള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
- All Living Things Images, identification guides, and maps of ants
- antweb.org Ants of the World
- antbase.org Info on all types of ants
- Ant Pest Control Information - National Pesticide Information Center
- ants.org.uk Formicariam design and live webcam
- myrmecos.net Live ant images
- Family Formicidae - Ants - BugGuide.Net - Images and other information
- The Ants Web Site of French Ants (in English)
- www.antnest.co.uk A website dedicated to myrmecology
- Cooking of Escamoles
- Myrmecology Documentary A short documentary about people who study ants
- antday.de.hm A site about ants
- Australian ants on line Many images, keys and literature.
- "House Ants" (pub.1938) hosted by the UNT Government Documents Department