ഉരുക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരുമ്പ്, കാര്‍ബണ്‍ എന്നിവ അടങ്ങിയ ഒരു ലോഹസങ്കരമാണ് ഉരുക്ക്. ഇരുമ്പാണ് ഇതില്‍ ഭൂരിഭാഗവും ഉപയോഗിച്ചിരിക്കുന്ന ലോഹം. ഏകദേശം ആകെ ഭാരത്തിന്റെ 0.2 മുതല്‍ 2.04% വരെ കാര്‍ബണും അടങ്ങിയിരിക്കും. ഇരുമ്പിന്റെ ലോഹസങ്കര നിര്‍മാണത്തില്‍ കുറഞ്ഞ ചിലവില്‍ ഏറ്റവും ഉയര്‍ന്ന ഗുണമേന്മ ലഭിക്കുന്നത് കാര്‍ബണ്‍ ചേര്‍ക്കുമ്പോഴാണ്. എങ്കിലും മാംഗനീസ്, ക്രോമിയം, വനേഡിയം, ടങ്സ്റ്റണ്‍ എന്നിവയും സങ്കര ഘടകമായി ഉപയോഗിക്കാറുണ്ട്. കാര്‍ബണും മറ്റ് മൂലകങ്ങളും സങ്കരത്തിന്റെ കഠിന്യം വര്‍ദ്ധിപ്പിക്കുന്നതിനായാണ് ചേര്‍ക്കുന്നത്. സങ്കര ഘടകങ്ങളുടെ അളവ്, ഏത് അവസ്ഥയിലാണ് ഉരുക്കില്‍ ചേര്‍ത്തിരിക്കുന്നത് എന്നീ കാര്യങ്ങളെ അനുസരിച്ചായിരിക്കും ഉരുക്കിന്റെ കാഠിന്യം, ഡക്ടില്‍ ബലം, വലിവ് ബലം എന്നിവ. കൂടുതല്‍ കാര്‍ബണ്‍ ചേര്‍ക്കുകയാണെങ്കില്‍ ഉരുക്കിന്റെ കാഠിന്യം, ബലം എന്നിവ വര്‍ദ്ധിക്കും. എന്നാല്‍ മര്‍ദ്ദം പ്രയോഗിക്കുമ്പോള്‍ പൊട്ടിപ്പോകുവാനുള്ള സാദ്ധ്യതയും വര്‍ദ്ധിക്കുന്നു. ഇരുമ്പില്‍ കാര്‍ബണിന്റെ ഏറ്റവും ഉയര്‍ന്ന ലേയത്വം 2.14% ആണ്. ഇതിന് 1149 °C താപനില ആവശ്യമാണ്. കാര്‍ബണിന്റെ അളവ് ഉയരുകയോ താപനില താഴുകയോ ചെയ്താല്‍ ഉരുക്കിനു പകരം സിമന്റൈറ്റ് ആയിരിക്കും ഉണ്ടാകുന്ന ഉല്പ്പന്നം.
[തിരുത്തുക] ഉരുക്ക് വ്യവസായം
അടിസ്ഥാനസൗകര്യങ്ങളിലും വ്യവസായങ്ങളിലും പ്രധാന പങ്ക് വഹിക്കുന്നതിനാല്‍, ഉരുക്ക് വ്യവസായം വ്യാവസായിക പുരോഗതിയുടെ ലക്ഷണമായി കണക്കാക്കുന്നു.
ഇന്ത്യയുടേയും ചൈനയുടേയും വ്യാവസായിക കുതിപ്പ് അടുത്തകാലത്തായി ഉരുക്കിന്റെ ആവശ്യകത ഗണ്യമായി ഉയര്‍ത്തിയിരിക്കുന്നു. 2000 നും 2005 നും ഇടയില്‍ ഉരുക്കിന്റെ ആവശ്യകത 6% വര്‍ദ്ധിച്ചു. 2000 നു ശേഷം ഏതാനും ഇന്ത്യന്‍[1] ചൈനീസ് കമ്പനികള്‍ പ്രാമാണ്യം നേടുകയുണ്ടായി, ടാറ്റ സ്റ്റീല്‍ (2007 ല്‍ കോറസ് ഗ്രൂപ്പിനെ വാങ്ങി), ഷാങ്ങ്ഹായി ബാഒസ്റ്റീല്‍ ഗ്രൂപ്പ് കോര്‍പ്പറേഷന്‍, ഷാങ്ങാങ്ങ് ഗ്രൂപ്പ് എന്നിവ അവയില്‍പ്പെട്ടതാണ്. ആര്‍സലര്‍മിത്തല്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ ഉരുക്കു നിമ്മാതാക്കള്‍.
[തിരുത്തുക] അവലംബം

