അച്ഛന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമൂഹത്തിലെ പ്രത്യുദ്പാദനത്തിന് കാരണമാകുന്ന പുരുഷ ദാതാവിനെ അച്ഛന്‍ എന്നു പറയുന്നു. കുട്ടികളുടെ പുരുഷ രക്ഷിതാവ് എന്നും അച്ഛനെ വിശേഷിപ്പിക്കാം. അച്ഛന്റെ സ്ത്രീലിംഗമാണ് അമ്മ.
നരവംശശാസ്ത്രജ്ഞനായ മോറിസ് ഗോദെലിയറുടെ അഭിപ്രായപ്രകാരം പുരുഷന്മാര്‍ സമൂഹത്തില്‍ വഹിക്കുന്ന രക്ഷിതാവിന്റെ കര്‍ത്തവ്യം മനുഷ്യരെ ജൈവശാസ്ത്രപരമായി ഏറ്റവും അടുത്തുനില്‍ക്കുന്ന ചിമ്പാന്‍സിയില്‍ നിന്നും ബോണോബുകളില്‍ വ്യത്യസ്തമാക്കുന്ന ഒരു പ്രധാനകണ്ണിയാണ്.[1][2]
അമ്മയെപ്പോലെത്തന്നെ ജൈവശാസ്ത്രപരവും സാമൂഹികവും നിയമപരവുമായി അച്ഛനും കുട്ടികളുമായി ബന്ധമുണ്ട്. ചരിത്രപരമായി കുട്ടികളുടെ പൈതൃകത്തിന്റെ അടിസ്ഥാനത്തിലാണ് പിതൃത്വം നിര്‍ണ്ണയിക്കപ്പെട്ടിരുന്നത്. പൈതൃകത്തിന്‍റെ തെളിവ് കണ്ടെത്താന്‍ ചില സാമൂഹിക നിയമങ്ങള്‍ പണ്ടുകാലം മുതല്‍ക്കുതന്നെ സമൂഹത്തില്‍ നടപ്പാക്കിയിട്ടുണ്ട്. അമ്മയുടെ ഭര്‍ത്താവിനെ അച്ഛനെന്ന് വിളിക്കുന്നത് ഇത്തരം നിയമങ്ങളുടെ ബലത്തിലാണ്. കുട്ടികളുടെ അമ്മയുടെ കാര്യത്തില്‍ തര്‍ക്കമില്ല എന്നും അച്ഛന്‍റെ പദവി വിവാഹത്തിലൂടെയാണ് നിര്‍ണ്ണയിക്കപ്പെടുന്നതെന്നും റോമന്‍ കാലഘട്ടത്തില്‍ത്തന്നെ വിശ്വസിച്ചിരുന്നു (Mater semper certa; pater est quem nuptiae demonstrant).
ആധുനികകാലഘട്ടമെത്തിയപ്പോഴേക്കും കുട്ടികളുടെ പിതൃത്വം തെളിയിക്കാനായി ഡി.എന്‍.എ. പരിശോധന പോലുള്ള സംവിധാനങ്ങള്‍ വന്നിട്ടുണ്ട്. വിവാഹിതരില്‍ തര്‍ക്കമുള്ളവരുടെയും അവിവാഹിതരുടെയും കുട്ടികളുടെ പിതൃത്വം തെളിയിക്കാന്‍ ഈ പരിശോധന ഗുണം ചെയ്യുന്നു.
[തിരുത്തുക] സമാനപദങ്ങള്‍
അച്ഛന്‍ എന്നതിന് സമാനമായി വിവിധ പദങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചുവരുന്നുണ്ട്.
- പിതാവ് - സംസ്കൃതത്തിലെ പിതാ എന്നതില്‍ നിന്ന്.
- തന്ത - അച്ഛന്‍ അല്ലെങ്കില്‍ വൃദ്ധന്‍ എന്ന അര്‍ഥത്തില്‍ വാമൊഴിയായ് പ്രചാരത്തിലുള്ള വാക്ക്.
- ബാപ്പ - മുസ്ലിം സമുദായത്തിനിടയില്‍ പ്രചാരമുള്ള വാക്ക്.
- ഉപ്പ - മുസ്ലിം സമുദായത്തിനിടയില്‍ പ്രചാരമുള്ള വാക്ക്.
- അപ്പന്‍ - ക്രിസ്ത്യന്‍ സമുദായത്തിനിടയില്‍ പ്രചാരമുള്ള വാക്ക്, ഹിന്ദുസമുദായത്തിലെ ചില വിഭാഗക്കാരും ഉപയോഗിക്കുന്നു.
- അപ്പച്ചന്‍ - ക്രിസ്ത്യന്‍ സമുദായത്തിനിടയില്‍ പ്രചാരമുള്ള വാക്ക്.
- അപ്പ- ചെട്ടിയാര്‍ , അയ്യര്‍ സമുദായങ്ങളില്‍ ഉപയോഗിക്കുന്ന വാക്ക്.
- അച്ഛ-കളരി പണിക്കര്‍ സമുദായങ്ങളില്‍ ഉപയോഗിക്കുന്ന വാക്ക്.
[തിരുത്തുക] അവലംബം
- ↑ Maurice Godelier, Métamorphoses de la parenté, 2004
- ↑ New Left Review - Jack Goody: The Labyrinth of Kinship. ശേഖരിച്ചത് 2007-07-24.