Jump to content

ഘടനാവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാഷാശാസ്ത്രത്തിൽ നിന്ന് വികസിച്ചു വന്ന ഒരു സിദ്ധാന്തമാണ് ഘടനാവാദം അഥവാ സ്ട്രൿചറലിസം. 1950-കളിൽ ഘടനാവാദം ഫ്രാൻസിൽ ബൗദ്ധികമുന്നേറ്റത്തിനു വഴിതെളിച്ചു. ജനീവ സർവകലാശാലയിലെ അദ്ധ്യാപകനായിരുന്ന സ്വിസ് ഭാഷാശാസ്ത്രജ്ഞൻ ഫെർഡിനാൻഡ് ഡി സൊസ്സൂർ(1875-1913) അവതരിപ്പിച്ച ചില പരികല്പനകളാണ് ഘടനാവാദത്തിന് വിത്തുപാകിയത്. ഈ ഭാഷാശാസ്ത്രപരികല്പനകൾ പിന്നീട് സാഹിത്യം, നരവംശശാസ്ത്രം, മനഃശാസ്ത്രം മുതലായ മറ്റു സംസ്കാരപഠനമേഖലകളെയും ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. ഭാഷാശാസ്ത്രത്തിൽ ഘടനാവാദത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നത് പ്രാഗിൽ വെച്ചായിരുന്നു. 1929-ൽ സ്ലാവിക് ഭാഷാശാസ്ത്രജ്ഞരുടെ ആദ്യത്തെ അന്തർദേശീയ കോൺഫറൻസിൽ പ്രാഗ് ഭാഷാശാസ്ത്രജ്ഞർ അവതരിപ്പിച്ച തിസീസുകളിൽ നിന്നായിരുന്നു ഘടനാവാദ രീതിശാസ്ത്രത്തിന്റെ ഉദയമുണ്ടായത്. റഷ്യയിൽ നിന്ന് പ്രാഗിലേക്ക് രാഷ്ട്രീയ കാരണങ്ങളാൽ കുടിയേറിയ റോമൻ യാക്കോബ്സൺ എന്ന ഭാഷാശാസ്ത്രജ്ഞനാണ് പ്രാഗ് ഭാഷാശാസ്ത്രവൃത്തത്തിന് നേതൃത്വം നൽകിയത്.[1]നരവംശശാസ്ത്രജ്ഞനായ ക്ലോദ് ലെവിസ്ട്രോസ്, സാഹിത്യവിമർശകനും ചിഹ്നവിജ്ഞാനിയുമായ റൊളാങ്ങ് ബാർത്ത് എന്നിവരിലൂടെ ഒരു ധൈഷണിക മുന്നേറ്റമായി ഘടനാവാദമെന്ന പേരിൽ ഈ ആശയങ്ങൾ ഫ്രാൻസിൽ പടർന്നു പിടിച്ചു. എഴുപതുകളിൽ ബ്രിട്ടണിലും എൺപതുകളിൽ ലോകത്തൊട്ടാകെയും ഘടനാവാദം വലിയ സ്വാധീനം സൃഷ്ടിച്ചു.[2] ഭാഷയെപ്പറ്റിയുള്ള സസ്സൂറിന്റെ പുതിയ അഭിദർശനങ്ങൾ സൃഷ്ടിച്ച സ്വാധീനം രണ്ട് പ്രമുഖതരംഗങ്ങളാണ് യൂറോപ്പിൽ ഉണ്ടാക്കിയത്. ഒരു തരംഗം ഭാഷാശാസ്ത്രത്തെത്തന്നെയാണ് സ്വാധീനിച്ചത്. ആ സ്വാധീനം ഉടനടിയാണ് സംഭവിച്ചതെങ്കിൽ രണ്ടാമത്തെ സ്വാധീനം പതിറ്റാണ്ടുകളിലൂടെയാണുണ്ടായത്. എങ്കിലും അതിന്റെ സ്വാധീനം ആഴമേറിയതാണ്. രണ്ടാമത്തെ സ്വാധീനതരംഗം സസ്കാരപഠനത്തിന്റെ വിസ്തൃത മേഖലകളെ സാമന്യമായും സാഹിത്യസിദ്ധാന്തത്തിന്റെ മേഖലയെ വിശേഷമായും സ്വാധീനിച്ചു. ഈ രണ്ടാമത്തെ സ്വാധീനതരംഗമാണ് പിന്നീട് പൊതുവിൽ ഘടനാവാദം എന്ന പേരിൽ അറിയപ്പെട്ടത്[3] സർവ്വോപരി ചിഹ്നവിജ്ഞാനീയം, ചിഹ്നശാസ്ത്രം എന്നീ സംജ്ഞകളിൽ അറിയപ്പെടുന്ന പുതിയ വിജ്ഞാനശാഖക(ൾ)ക്ക് ആശയപരമായ അടിത്തറ നിർമ്മിച്ചുകൊടുത്തതും ഒരു പരിധിവരെ സസ്സൂറിയൻ ഉൾക്കാഴ്ചകളാണ്.

ഘടനാവാദത്തിന്റെ ദർശനവും പ്രാരംഭ സങ്കല്പനങ്ങളും

[തിരുത്തുക]

ലോകത്തെ പ്രത്യക്ഷണം ചെയ്യുന്നതിനും  അനുഭവങ്ങളെ  ഏകോപിപ്പിക്കുന്നതിനും വേണ്ടി നമ്മൾ രൂപപ്പെടുത്തിയിട്ടുള്ള സവിശേഷഘടനകളെപ്പറ്റിയുള്ള വിചാരമാണ് ഘടനാവാദം, അല്ലാതെ ബാഹ്യലോകത്ത് നിലനിൽക്കുന്ന വാസ്തവികമായ ഘടനകളെപ്പറ്റിയല്ല. അതുകൊണ്ട് ഘടനാവാദം മനുഷ്യബോധത്തിനു വിഷയമാകുന്ന ലോകത്തിന്റെ ഘടനകളെപ്പറ്റിയുള്ള പഠനമാണ്. ചിഹ്നങ്ങളുടെ വ്യവസ്ഥയായ ഭാഷയിലൂടെയാണ് ഈ ഘടനകൾ നിമ്മിക്കപ്പെടുന്നത്. ബന്ധങ്ങളെ മുൻനിർത്തി ചിഹ്നങ്ങളെ മനസ്സിലാക്കുകയാണ് ഘടനാവാദം ചെയ്യുന്നത്. ചിഹ്നം ഘടകങ്ങളുടെ സമവായമാണെന്നും അത് നിർവ്വചിക്കപ്പെടുന്നത് ചിഹ്നങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നുമുള്ള വീക്ഷണമാണ് ഘടനാവാദത്തിനുള്ളത്.[4] പൊതുവെ മാനുഷിക പ്രവർത്തനങ്ങൾക്ക്  ആധാരമായ ഘടനകളെ വിവരിക്കാൻ ശ്രമിക്കുകയാണ് ഘടനാവാദം ചെയ്യുന്നതെന്നും ഘടനാപരമായ വിശകലനങ്ങളുടെ ലക്ഷ്യം മനുഷ്യൻ വസ്തുക്കൾക്ക് അർത്ഥം പകരുന്ന പ്രക്രിയയെ മനസ്സിലാക്കുകയാണെന്നും റൊളാങ്ങ് ബാർത്ത് വിശദീകരിക്കുന്നു. ഒറ്റപ്പെട്ട വസ്തുതകൾക്കുപരി വസ്തുതകളുടെ പരസ്പരാശ്രിതത്വവും അവ തമ്മിലുള്ള ബന്ധത്തിന്റെ നിയമങ്ങളുമാണ് ഘടനാവാദികൾ പഠനവിഷയമാക്കിയത്. ഭാഷയെ പരസ്പരബന്ധിതമായി നിൽക്കുന്ന മൂലകങ്ങളുടെ സമഗ്രതയായി വീക്ഷിക്കുക, ആ ബന്ധങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ അവയുടെ ഘടനാപരമായ വ്യാപ്തിയും പ്രസക്തിയും നിർദ്ധാരണം ചെയ്യുക എന്നതായിരുന്നു ഘടനാവാദത്തിന്റെ രീതിശാസ്ത്രം.[5] അർത്ഥമെന്ത്- എന്നല്ല അർത്ഥം സാദ്ധ്യമാകുന്നത് അഥവാ സാദ്ധ്യമാക്കുന്നത് എങ്ങനെ? എന്നാണ് ഘടനാവാദവിശകലനം ശ്രദ്ധിക്കുന്നത് എന്നാണ് ബാർത്തിന്റെ നിലപാട്.[6] മനുഷ്യനെ സബന്ധിച്ചിടത്തോളം ഭാഷയിലൂടെയാണ്‌ എല്ലാ യാഥാർത്ഥ്യങ്ങളും സ്വീകരിക്കപ്പെടുന്നത് എന്നതിനാൽ ഭാഷയുടെ ഘടന പരിശോധിക്കപ്പെടേണ്ടതാണെന്ന് ഘടനാവാദികൾ കരുതുന്നു. ഭാഷയിലൂടെ നമുക്കു തെളിഞ്ഞുകിട്ടുന്ന വസ്തുവിന്‌ യഥാർത്ഥത്തിൽ ഒരർത്ഥവുമില്ല. അർത്ഥം വസ്തുവിന്മേൽ ആരോപിക്കപ്പെടുകയാണ്. അൻപതുകളിൽ ചർച്ചചെയ്യപ്പെട്ടു തുടങ്ങിയ ഘടനാവാദത്തിന്റെ തുടക്കം സൊസ്സൂറിന്റെ ഏതാനും പരികല്പനകളിൽ നിന്നാണ്‌.

സൊസ്സൂറിന്റെ ഭാഷാദർശനം

[തിരുത്തുക]

തന്റെ ലക്ചർ നോട്ടുകളിലാണ് സൊസ്സൂർ ഘടനാവാദത്തിനു കാരണമായ ആശയങ്ങൾ രേഖപ്പെടുത്തിയിരുന്നത്. സൊസ്സൂറിന്റെ മരണശേഷം 1916-ൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ആൽബർട്ട് സെഷെഹയ്യും ചാൾസ് ബാലിയും ചേർന്ന് നോട്ടുകൾ 'Course de linguistique generala' (Course in General Linguistics) എന്ന പേരിൽ പ്രസിദ്ധീകരിച്ചു.[7]

പത്തൊൻപതാം നൂറ്റാണ്ടിലെ ഭാഷാവിജ്ഞാനീയത്തിന്റെ ചരിത്രപരവും താരതമ്യപരവുമായ ഭാഷാപഠനത്തിന്റെ  രീതിയെ നിഷേധിച്ചു കൊണ്ടാണ് അദ്ദേഹം പുതിയ വഴി അന്വേഷിച്ചത്. എല്ലാ സാംസ്കാരിക വ്യവസ്ഥകളുടേയും വിചാര മാതൃകകളാണ് ഭാഷയെന്ന് അദ്ദേഹം ഉപദർശിച്ചു.[8]

ഭാഷ ഒരു ചിഹ്നവ്യവസ്ഥയാണെന്നാണ് സൊസ്സൂറിന്റെ വാദം. ഭാഷാഘടനയ്ക്ക് ചില സവിശേഷതകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. 1) ഭാഷയിലെ അർത്ഥങ്ങളെല്ലാം ആരോപിതമാണ് അഥവാ സാങ്കേതികമാണ്. 2) വാക്കുകളുടെ അർത്ഥം മറ്റുവാക്കുകളുമായുള്ള പരസ്പരബന്ധത്തെ ആശ്രയിച്ചാണിരിക്കുന്നത്. 3)ഭാഷ ലോകത്തെ(ലോകബോധത്തെ) ഉണ്ടാക്കുകയാണ് അല്ലാതെ കേവലമായി പകർത്തുകയോ പ്രതിഫലിപ്പിക്കുകയോ വസ്തുക്കൾക്ക് ലേബലൊട്ടിക്കുകയോ അല്ല ചെയ്യുന്നത്.[9] ഇനി വരുന്ന ഭാഗങ്ങളിൽ ഇതു സംബന്ധമായ സസ്സൂറിന്റെ നിരീക്ഷണങ്ങൾ പരിശോധിക്കപ്പെടുന്നുണ്ട്.

സൂചകവും സൂചിതവും

[തിരുത്തുക]
പ്രധാന ലേഖനം: സൂചകവും സൂചിതവും

സൊസ്സൂറിന്റെ ചിഹ്നവിജ്ഞാന സങ്കല്പത്തിന്റെ കേന്ദ്രം ചിഹ്നത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മൗലിക സങ്കല്പമാണ്. ശബ്ദാർത്ഥങ്ങളുടെ മേളനമാണ് ഭാഷയെങ്കിലും എല്ലാ ശബ്ദങ്ങളും ഭാഷാശബ്ദങ്ങളല്ല. ഒരു ശബ്ദം ഒരാശയവുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ മാത്രമേ അത് ഭാഷാശാസ്ത്രത്തിന്റെ പരിഗണനയ്ക്കു വിഷയമാകുന്നുള്ളു. അതുകൊണ്ട് ശബ്ദാർത്ഥങ്ങളെ സംബന്ധിച്ച് ഭാഷാശാസ്ത്രത്തിനിണങ്ങുന്ന ചിഹ്നം എന്ന ആശയം സൊസ്സൂർ അവതരിപ്പിച്ചു. വസ്തു, വികാരം, വിചാരം മുതലായവയെ സൂചിപ്പിക്കുന്ന ഒരു സങ്കല്പനവും (concept) അതിനെ സൂചിപ്പിക്കുന്ന ഒരു ശബ്ദബിംബവും(sound image) ചേർന്നതാണ് ഒരു ചിഹ്നം. ശബ്ദബിംബത്തിന് സൂചകം(signifier) എന്നും അത് ലക്ഷ്യം വെയ്ക്കുന്ന സങ്കല്പനത്തിന് സൂചിതം(signified) എന്നും സസ്സൂർ സംജ്ഞ നൽകി. എന്നാൽ സൊസ്സൂറിന്റെ സൂചക- സൂചിതങ്ങൾ ചേർന്ന ചിഹ്നം അദ്ദേഹത്തിന്റെ ഭാഷയിൽതന്നെ രണ്ടുവശങ്ങളോടു കൂടിയ ഒരു സൈക്കോളജിക്കൽ എൻറ്റിറ്റി അഥവാ രണ്ടുവശങ്ങളോടു കൂടിയ ഒരു മാനസിക വസ്തുത മാത്രമാണ്. പുറം ലോകത്തുള്ള യഥാർതഥ വസ്തുവുമായി സൂചിതത്തിന് നേരിട്ട് ബന്ധമില്ല.(ദൈവത്തെ അല്ലെങ്കിൽ സ്നേഹത്തെ ആരും നേരിട്ടു കണ്ടിട്ടില്ലെങ്കിലും അങ്ങനെയൊരു സങ്കല്പം നിലനിൽക്കുന്നത് ഭാഷയിലെ സൂചിതത്തിലൂടെയാണ്.) ശബ്ദബിംബമായ സൂചകത്തിന് ബാഹ്യലോകത്തുള്ള യഥാർത്ഥശബ്ദവുമായും നേരിട്ടു ബന്ധമില്ല. ശബ്ദത്തിന്റെ ഒരു മാനസികരൂപമാണ് ഓരോ വ്യക്തിയിലുമുള്ളത്. (പദത്തെ ഉച്ചരിക്കാതെ തന്നെ പദം നമുക്കു സങ്കല്പിക്കാൻ കഴിയുന്നത് അഥവാ ചിന്തിക്കാൻ കഴിയുന്നത് അതുകൊണ്ടാണ്.) ഇങ്ങനെ രണ്ടുവശങ്ങളോടു കൂടിയ നിരവധി ചിഹ്നങ്ങൾ(signs)ചേർന്നാണ് ഭാഷ രൂപപ്പെടുന്നത്. മനുഷ്യർ എല്ലാവസ്തുക്കൾക്കും അനുഭവങ്ങൾക്കും പേരും മൂല്യവും കല്പിക്കുന്നതു കൊണ്ട് മനുഷ്യലോകം മുഴുവൻ ചിഹ്നങ്ങളാൽ നിർമ്മിതമാണെന്നു പറയാം. അതിനാൽ ഭാവിയിൽ ഒരു ചിഹ്നവിജ്ഞാനീയം രൂപപ്പെടുമെന്ന് സൊസ്സൂർ പ്രവചിച്ചു.[10] (എന്നാൽ എല്ലാ ചിഹ്നങ്ങൾക്കും ഭാഷാപഠനത്തിൽ പ്രസക്തിയില്ല. അതുകൊണ്ട് പലപ്പോഴും ഭാഷാശാസ്ത്ര ചർച്ചകളിൽ ചിഹ്നങ്ങളെ 'ഭാഷാചിഹ്നങ്ങൾ' എന്നു പ്രത്യേകമായി രേഖപ്പെടുത്തുന്നത് കാണാറുണ്ട്.)

സൂചക-സൂചിത ബന്ധം സ്വേച്ഛാപരമാണ്

[തിരുത്തുക]

സൂചക-സൂചിതബന്ധം ഒരു താളിന്റെ ഇരുപുറം പോലെ അവിഭാജ്യമാണ്. എന്നാൽ അത് സ്വാഭാവികമായി വികസിച്ചു വരുന്ന ഒരു ബന്ധമല്ല. സാമൂഹികമായ ഒരു ധാരണയിന്മേൽ സ്വേച്ഛാപരമായി ആരോപിക്കപ്പെടുന്നതാണ്. അതിനാൽ സൂചിത സൂചകബന്ധം സാങ്കേതികമായ ഒന്നാണ്. അതതു ഭാഷണ സമൂഹത്തിനു മാത്രമേ ഇതേപ്പറ്റി ധാരണയുണ്ടാവുകയുള്ളു. ഒരു ഭാഷയിൽ പ്രസക്തമാകുന്ന പദം മറ്റൊരു ഭാഷയിൽ പ്രസക്തമാകാതെ വരുന്നത് അതു കൊണ്ടാണ്.(സംസ്കൃതത്തിൽ പ്രസവ ശബ്ദത്തിന് പൂവെന്നാണ് പ്രധാനാർത്ഥമെങ്കിലും മലയാളത്തിൽ അങ്ങനെ ഒരർത്ഥം ഇല്ലാത്തത് ഈ സവിശേഷത നിമിത്തമാണ്.)ഭാഷയിലെ സൂചക-സൂചിത ബന്ധം ഒരു ഭാഷാസമൂഹം കീഴ്‌വഴക്കങ്ങളിലൂടെ രൂപപ്പെടുത്തുന്നതാണെങ്കിലും അത് തീർത്തും മാറ്റമില്ലാത്ത ഒന്നല്ലതാനും. ഭാഷാചിഹ്നങ്ങൾ സാമൂഹിക ധാരണകളുടെ അടിസ്ഥാനത്തിൽ മാറാവുന്നതാണെങ്കിലും സൂചക-സൂചിത ബന്ധത്തെ ഒരിക്കലും വേർപെടുത്തിക്കാണാനാകില്ല. സൂചിതമില്ലാത്ത ഒരു ശബ്ദം അതുകൊണ്ടു തന്നെ ഭാഷാശബ്ദമല്ലാതായി മാറുന്നതിനാലാണിത്.

വ്യതിരേകം അഥവാ വ്യത്യസ്തത

[തിരുത്തുക]

ഭാഷ പരസ്പരാശ്രിതമായ ചിഹ്നങ്ങളുടെ വ്യവസ്ഥയാകയാൽ ഓരോ ചിഹ്നങ്ങളും അതിനുള്ളിൽ പ്രവർത്തനക്ഷമമാകുന്നത് പ്രസ്തുത ഭാഷയിലെ മറ്റു ചിഹ്നങ്ങളുമായുള്ള അതിന്റെ ബന്ധം കൊണ്ടാണ്. മറ്റു ചിഹ്നങ്ങളുമായി ഒരു ചിഹ്നം എങ്ങനെ വ്യാവർത്തിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അതിന് അനന്യത കൈവരുന്നത്. ഭാഷാസംവിധാനത്തിലെ പൽച്ചക്രങ്ങളാണ് വ്യതിരേകം(difference), അനന്യത(identity) എന്നിവ. വ്യതിരേകം അനന്യതയ്ക്ക് അനുപൂരകമാണ്. ഭാഷാശബ്ദങ്ങൾക്കെല്ലാം ഈ സവിശേഷതയുണ്ട്. അതിനാൽ ഭാഷാവ്യവസ്ഥ വ്യാവർത്തകവ്യവസ്ഥയാണെന്ന് സൊസ്സൂർ പറയുന്നു. സൊസ്സൂർ ചൂണ്ടിക്കാണിക്കുന്ന ഉദാഹരണങ്ങൾ ശ്രദ്ധേയമാണ്. ഒരു ചെസ്സ് ബോർഡിലെ കരുക്കൾക്കു നൽകപ്പെട്ടിരിക്കുന്ന വ്യതിരേകം/അനന്യത കൊണ്ടാണ് അവയ്ക്കെല്ലാം വേറിട്ട പദവികൾ കിട്ടുന്നത്. ഒരു കരു നഷ്ടപ്പെട്ടാലും മറ്റെന്തെങ്കിലും വസ്തുക്കൾ വെച്ച് കളി തുടരാൻ കഴിയുന്നത് അതിനാലാണ്. '8.25 നു ജനീവയിൽ നിന്ന് പാരീസിലേക്കുള്ള തീവണ്ടി' എന്നു പറയുമ്പോൾ എഞ്ചിൻ, ബോഗികൾ, യാത്രക്കാർ എന്നിവ മാറിയാലും എന്തിന് സമയം തന്നെ മാറിയാലും ഈ വണ്ടി അറിയപ്പെടുക '8.25 നു ജനീവയിൽ നിന്ന് പാരീസിലേക്കുള്ള തീവണ്ടി' എന്നു തന്നെ ആയിരിക്കും. അതുപോലെ പുതുക്കിപ്പണിയപ്പെട്ടാലും ഒരു സ്ട്രീറ്റ് പഴയപേരിൽ തന്നെ അറിയപ്പെടുന്നതും വ്യതിരിക്തത,അനന്യത എന്നീ സവിശേഷതകൾ കൊണ്ടാണ്. ഒരു പ്രത്യേക ഘടനക്കുള്ളിൽ മാത്രമേ ഒരു ചിഹ്നത്തിന് സവിശേഷമായ അർത്ഥം കൈവരുന്നുള്ളൂ.(രാജാവ്, മന്ത്രി എന്നീ പദങ്ങൾക്ക് ചെസ്സ് കളിയിലുള്ള അർത്ഥമല്ല ചിത്രകഥയിലുള്ളത്. ആ അർത്ഥമല്ല രാജഭരണം നിലനിൽക്കുന്ന ഒരിടത്തെ അർത്ഥം.) ചിഹ്നം നേരിട്ട് വസ്തുവിനെക്കുറിക്കാത്തതു കൊണ്ട് അവയ്ക്ക് മറ്റു ചിഹ്നങ്ങളുമായുള്ള പസ്പരബന്ധത്തെ മുൻനിർത്തി മൂല്യം കല്പിക്കേണ്ടി വരും.

ഭാഷയും യാഥാർത്ഥ്യവും

[തിരുത്തുക]

ഭാഷ ലോകത്തെ സൃഷ്ടിക്കുകയാണ്. ഭാഷയിലൂടെ നമ്മൾ വസ്തു ലോകത്തെ സവിശേഷമായ രീതിയിൽ നിർമ്മിക്കുകയാണ്. അതിലൂടെ ലോകത്തെയും നമ്മളെത്തന്നെയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു. അർത്ഥം വസ്തുക്കൾക്കു മേൽ ആലേഖനം ചെയ്യപ്പെടുന്നതോ മനുഷ്യമനസ്സ് ആരോപിക്കുന്നതോ ആയ ആശയങ്ങളാണ്. അതുകൊണ്ട് ഭാഷയാൽ പ്രകടിപ്പിക്കപ്പെടാവുന്ന സംഗതികൾക്ക് പരിമിതിയുണ്ട്. ആറ് സീസൺ എന്നു കാലാവസ്ഥയെപ്പറ്റിയും, ഏഴ് വർണ്ണങ്ങൾ എന്ന് മഴവില്ലിനെപ്പറ്റിയും പറയുന്നത് വാസ്തവമല്ലെന്ന് നമുക്കറിയാം. ഋതുക്കളുടെ മാറ്റത്തിന് ആറിലധികം ഘട്ടങ്ങളുണ്ട്. മഴവില്ലിൽ ഒരു വർണ്ണം തൊട്ടടുത്തുള്ള വർണ്ണവുമായി മിശ്രണം ചെയ്യപ്പെടുന്നതിനാൽ ഏഴിലധികം വർണ്ണങ്ങളുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ ഭാഷ അവയെ പ്രതിഫലിപ്പിക്കുന്നില്ല. ഒരാളെ ഒരു വിഭാഗം ആളുകൾ ഭീകരവാദിയെന്നും മറ്റൊരു വിഭാഗമാളുകൾ സ്വാതന്ത്ര്യപ്പോരാളിയെന്നും വിളിക്കുന്നത് ഭാഷയുടെ ഈ നിർമ്മാണ പ്രവണത കൊണ്ടാണ്. അർത്ഥം സൃഷ്ടിക്കുന്നത് മനുഷ്യരാകയാൽ അവരുടെ ബോധത്തിനു വിഷയമായ ഭാഷയിലൂടെ മാത്രമേ യാഥാർത്ഥ്യം പ്രതിഫലിപ്പിക്കപ്പെടുകയുള്ളു.

ഭാഷയെ ഒരു വ്യവസ്ഥയായി പഠിക്കുന്നതിന് സൊസ്സൂർ ഏതാനും ദ്വന്ദ്വ സങ്കല്പനങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഭാഷ/ഭാഷണം

[തിരുത്തുക]

സസ്സൂറിന്റെ ഒരടിസ്ഥാന ദ്വന്ദ്വസങ്കല്പമാണ് langue/parole അഥവാ ഭാഷ/ഭാഷണം. ഭാഷ അഥവാ ലാങ് എന്നാൽ ഒരു ഭാഷയുടെ ഘടകങ്ങളായ ചിഹ്നങ്ങളേയും പ്രവർത്തനങ്ങളേയും നിർണ്ണയിക്കുന്ന നിയമങ്ങളുടെ ആകെത്തുകയായ വ്യവസ്ഥയെന്നാണ് സസ്സൂർ ഉദ്ദേശിക്കുന്നത്. ഈ ഭാഷ സമൂഹത്തിൽ ലയിച്ച് കിടക്കുകയാണ്. ഒരു ഭാഷ സമൂഹത്തിലെ എല്ലാ അംഗങ്ങളും പങ്കുവെക്കുന്ന ഭാഷാ നിയമങ്ങളുടെ ആകെത്തുകയാണെങ്കിൽ ഭാഷണം അഥവാ പരോൾ എന്നത് സമൂഹം പൊതുവായി പങ്കിടുന്ന അമൂർത്തമായ ഭാഷാ വ്യവസ്ഥയെ ഉപയോഗിച്ച് ഓരോ ആളും നടത്തുന്ന സംസാരരൂപേണയുള്ള ഭാഷയുടെ ആവിഷ്കാരമാണ്. ഭാഷണം വ്യക്തിഗതവും സവിശേഷവുമാണ്. ഭാഷയാകട്ടെ ഭാഷണത്തെത്തന്നെ സാദ്ധ്യമാക്കുന്ന അതിന്റെ അടിസ്ഥാനമാണ്. ഭാഷണത്തെ ഉപയോഗിച്ച് അതിനു പിന്നിലുള്ള സ്ഥിരവും പൂർണ്ണവുമായ ചിഹ്നവ്യവസ്ഥയെ പൂർണ്ണമായി പഠിക്കുക എന്നതാണ് ഭാഷാശാസ്ത്രത്തിന്റെ പരിപാടി. ഭാഷാപഠനത്തിന് എഴുതപ്പെട്ട (വരമൊഴി) രേഖകളെ മാത്രം ആശ്രയിക്കുന്ന പരമ്പരാഗത ഭാഷാപണ്ഡിതന്മാരുടെ രീതിയെ സൊസ്സൂർ നിരാകരിച്ചു. പകരം വാമൊഴിയെ അടിസ്ഥാനമാക്കി വേണം ഭാഷാപഠനം തുടങ്ങേണ്ടതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതിനാൽ അദ്ദേഹം പരമ്പരാഗത ഭാഷാപഠനത്തിന്റെ സാമ്പ്രദായിക മാർഗ്ഗങ്ങളെ കൈവിട്ടുകളഞ്ഞു.

ബഹുകാലികം /ഏകകാലികം

[തിരുത്തുക]

ഭാഷാപഠനത്തിലുള്ള രണ്ട് വ്യത്യസ്ത സമീപനങ്ങളാണ് ഏകകാലികവും(synchronic) ബഹുകാലികവുമായ (diachronic)പഠനങ്ങൾ. ഭാഷയുടെ ചരിത്രപരമായ പഠനമാണ് ബഹുകാലികപഠനം. ഭാഷണത്തെ ഉപയോഗിച്ച് അതിനു പിന്നിലുള്ള വ്യവസ്ഥയെ പൂർണ്ണമായി പഠിക്കണമെങ്കിൽ ഭാഷാപഠനത്തിന് ഏകകാലികമായ പഠനമാണ് ആവശ്യമെന്ന് സസ്സൂർ വാദിച്ചു. ഒരു പ്രത്യേക ഭാഷയെ ഒരു പ്രത്യേക കാലത്തിൽ മാത്രം പ്രതിഷ്ഠിച്ച് പഠിക്കുന്ന സമീപനമാണ് ഏകകാലികമായ ഭാഷാപഠനത്തിന്റേത്. ഈ രീതിയിൽ പഠിച്ചാൽ മാത്രമേ ഭാഷാവ്യവസ്ഥയെ രൂപപ്പെടത്തിയിട്ടുള്ള ഘടനാപരമായ അംശങ്ങളെ ശരിയായി തിരിച്ചറിയാൻ കഴിയുകയുള്ളു. ഭാഷയുടെ ഉല്പത്തി, വികാസപരിണാമങ്ങൾ എന്നിവയെപ്പറ്റി പഠിച്ചു കൊണ്ടിരുന്ന സമകാലിക ഭാഷാവിജ്ഞാനീയത്തിന്റെ(philology) വഴിത്താരയെ നിരാകരിക്കുകയാണ് സൊസ്സൂർ ചെയ്തത്.

സംയോജനാത്മകതലവും സാദൃശ്യാത്മകതലവും

[തിരുത്തുക]

ഭാഷയിലെ ചിഹ്നങ്ങൾ അഥവാ പദങ്ങൾ തമ്മിലുള്ള പരസ്പരബന്ധം നിലനിൽക്കുന്നത് രണ്ട് തലങ്ങളിലായിട്ടാണെന്നാണ് സൊസ്സൂർ കണ്ടെത്തിയിട്ടുള്ളത്. അവയെ സംയോജനാത്മകതലമെന്നും(syntagmatic) സാദൃശ്യാത്മകതലമെന്നും(paradigmatic) അദ്ദേഹം വിളിക്കുന്നു. നാമങ്ങൾ, സർവനാമങ്ങൾ, ക്രിയകൾ തുടങ്ങിയ ഘടനാപരമായി തുല്യതയുള്ള പദങ്ങൾ തമ്മിലുള്ള ബന്ധമാണ് സാദൃശ്യാത്മകതലത്തിലുള്ളത്. പുഴ, നദി, സമുദ്രം, കായൽ എന്നിങ്ങനെയുള്ള പദങ്ങൾ തമ്മിൽ പലപ്രകാരത്തിലുള്ള സാദൃശ്യ ബന്ധങ്ങളുമുണ്ട്. ഒരു വാക്യഘടനയിൽ വരുമ്പോൾ ഇവയെ മാറിമാറി ഉപയോഗിക്കാൻ കഴിയും. പുഴ വറ്റി എന്നിടത്ത് കടൽ വറ്റി എന്നെഴുതാൻ കഴിയുന്നതിനാൽ ഈ പദങ്ങൾക്കു തമ്മിൽ ഘടനാപരമായ തുല്യതയുണ്ടെന്നു പറയാം. ഇംഗ്ലീഷിലാണെങ്കിൽ a, an, the എന്നീ articles തുല്യതയുള്ള ഒരേ ഗണത്തിൽപ്പെട്ട പദങ്ങളാണെങ്കിലും തിരഞ്ഞെടുപ്പിന് നിബന്ധനകളുണ്ട്. സാദൃശ്യാത്മകതലത്തിലുള്ള ഭാഷാഘടകങ്ങളെ ഒന്നിനു പകരം മറ്റൊന്ന് എന്ന മട്ടിൽ അടുക്കിപ്പെറുക്കി വെയ്ക്കാമെന്നതിനാൽ ഇതിനെ ഭാഷാഘടനയുടെ ലംബതലം എന്ന് വിളിക്കാം. ഭാഷാഘടകങ്ങളെ രേഖീയമായി, അനുക്രമമായി മാത്രം ബന്ധിപ്പിക്കുവാൻ കഴിയുന്ന തലത്തെയാണ് സംയോജനാത്മകതലമെന്നു പറയുന്നത്. ചിഹ്നങ്ങൾ മുൻ പിൻ ക്രമത്തിൽ കണ്ണി ചേർക്കപ്പെടുന്നത് ഭാഷയിലെ ഈ തിരശ്ചീനതലത്തിലാണ്. ഭാഷയിൽ ആകാംഷ, വർണ്ണവിന്യാസം, വ്യാകരണം എന്നെക്കെ വിളിക്കുന്നത് ഇതിനെയാണ്. പദതലമെന്നും വ്യാകരണതലമെന്നും സാമാന്യമായി പറയാവുന്ന ഒരു സങ്കല്പനമാണിത്. സാദൃശ്യാത്മകതലത്തിലും സംയോജനാത്മകതലത്തിലും ഉള്ള പരസ്പരബന്ധത്തിലൂടെയാണ് ഭാഷയുടെ സിസ്റ്റം രൂപപ്പെടുന്നത്. സാദൃശ്യാത്മകതലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പും സംയോജനാത്മകതലത്തിലുള്ള കൂട്ടിച്ചേർക്കലും വഴിയാണ് സാധുവായ ഭാഷാഘടന രൂപവത്കരിക്കപ്പെടുന്നത്. എങ്കിലും ഓരോ ഭാഷയിലും ഈ തിരഞ്ഞെടുപ്പിനും കൂട്ടിച്ചേർക്കലിനും സംയോജനപരമായ നിയന്ത്രണങ്ങൾ ഉണ്ട്.[11] അതുകൊണ്ടാണ് ഓരോ ഭാഷയുടേയും വ്യാകരണനിയമങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. ടി.കെ.രാമചന്ദ്രൻ, ഇഷ്ടരശ്ശ്: ഘടനാവാദ സിദ്ധാന്തങ്ങൾക്ക് ഒരാമുഖം(ലേഖനം) പുസ്തകം.: ആധുനികാനന്തര സാഹിത്യസമീപനങ്ങൾ (1996)‍, പുറം.49, ബുക് വേം, തൃശ്ശൂർ, മലയാള വിദ്യാർത്ഥിസംഘം, കാലിക്കറ്റ് സർവകലാശാല
  2. Peter Barry, Beginning Theory: An Introduction to Literary And Cultural Theory (2002), p.39 Manchester university press
  3. patricia waugh, Literary Theory and Criticism -An Oxford Guide(2006),p.262, Oxford university Press, New York.
  4. സി.ജെ.ജോർജ്ജ്, ചിഹ്നശാസ്ത്രവും ഘടനാവാദവും(2001), പുറം. 23, ഡി.സി ബുക്സ്. കോട്ടയം
  5. ടി.കെ.രാമചന്ദ്രൻ, ഇഷ്ടരശ്ശ്: ഘടനാവാദ സിദ്ധാന്തങ്ങൾക്ക് ഒരാമുഖം(ലേഖനം) പുസ്തകം.: ആധുകികാനന്തര സാഹിത്യ സമീപനങ്ങൾ (1996)‍, പുറം.49, ബുക് വേം, തൃശ്ശൂർ, മലയാള വിദ്യാർത്ഥിസംഘം, കാലിക്കറ്റ് സർവകലാശാല
  6. ഉദ്ധരിച്ചത്: സി.ജെ.ജോർജ്ജ്, ചിഹ്നശാസ്ത്രവും ഘടനാവാദവും(2001), പുറം. 24, ഡി.സി ബുക്സ്. കോട്ടയം
  7. J.A.Cuddon,Dictionary of Literary Terms and Theory(1992) p.922
  8. ഡോ. രാധിക സി.നായർ, സമകാലികസാഹിത്യസിദ്ധാന്തം-ഒരു പാഠപുസ്തകം(2007) പുറം. 15. ഡി സി ബുക്സ് കോട്ടയം
  9. Peter Barry, Beginning Theory: An Introduction To Literary And Cultural Theory (2002), pp.41-43, Manchester university press
  10. സി.ജെ.ജോർജ്ജ്, ചിഹ്നശാസ്ത്രവും ഘടനാവാദവും(2001), പുറങ്ങൾ. 16-17, ഡി.സി ബുക്സ്. കോട്ടയം
  11. സി.ജെ.ജോർജ്ജ്, ചിഹ്നശാസ്ത്രവും ഘടനാവാദവും(2001), പുറം. 44-47, ഡി.സി ബുക്സ്. കോട്ടയം
"https://ml.wikipedia.org/w/index.php?title=ഘടനാവാദം&oldid=3709221" എന്ന താളിൽനിന്ന് ശേഖരിച്ചത്