വ്ലാഡിമിർ നബക്കോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ്ലാദിമിർ വ്ലാദിമിറോവിച്ച് നബക്കോവ്
ജനനം April 23 [O.S. April 10] 1899
സെന്റ് പീറ്റെഴ്സ് ബർഗ്ഗ്, റഷ്യ
മരണം July 2, 1977
മോണ്ട്രോ, സ്വിറ്റ്സർലാന്റ്
തൊഴിൽ നോവലിസ്റ്റ്, lepidopterist, പ്രൊഫസർ
സാഹിത്യ പ്രസ്ഥാനം ആ‍ാധുനികത, ഉത്തരാധുനികത


വ്ലാദിമിർ വ്ലാദിമിറോവിച്ച് നബക്കോവ് (റഷ്യൻ: Влади́мир Влади́мирович Набо́ков) (ജനനം: 1899 ഏപ്രിൽ 23, മരണം: 1977 ജൂലൈ 2), ഒരു റഷ്യൻ-അമേരിക്കൻ സാഹിത്യകാരനായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യ സംഭാവനകൾ റഷ്യൻ ഭാഷയിലായിരുന്നു. എങ്കിലും ഇംഗ്ലീഷ് ഭാഷയിലെ സാഹിത്യ സംഭാവനകൾ ശൈലീവല്ലഭൻ എന്ന നിലയിൽ അദ്ദേഹത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർത്തി. സാഹിത്യത്തെ കൂടാതെ ചിത്രശലഭങ്ങളുടെ ശേഖരണത്തിനും ചെസ്സ് പ്രഹേളികകൾ നിർമ്മിക്കുന്നതിനും പ്രശസ്തനായിരുന്നു നബക്കോവ്.

1955-ൽ പുറത്തിറങ്ങിയ ലോലിത എന്ന പുസ്തകം ആണ് നബക്കോവിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായി കണക്കാക്കപ്പെടുന്നത്. വാക്കുകൾ ചാരുതയോടെ സംയോജിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ പാടവവും വിവരണപാടവവും ഈ പുസ്തകം പ്രദർശിപ്പിക്കുന്നു. [1] പുഷ്കിന്റെ യെവ്ഗെനി ഒനേഗിൻ എന്ന കൃതിയുടെ നാലു വാല്യങ്ങളിലായുള്ള വിവർത്തനം തന്റെ മറ്റൊരു പ്രധാന നേട്ടമായി അദ്ദേഹം കരുതുന്നു. എങ്കിലും ബി.ബി.സിയിൽ 1962-ൽ സം‌പ്രേഷണം ചെയ്ത അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു.

ലോലിത എനിക്ക് പ്രത്യേകമായി വാത്സല്യം ഉള്ള പുസ്തകമാണ്. എന്റെ വൈകാരിക ജീവിതത്തിൽ നിന്നും വളരെ വിദൂരമായ, വളരെ അകന്ന ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന ഈ പുസ്തകം രചിക്കാൻ വളരെ കഠിനമായിരുന്നു . എന്റെ സംയോജന കഴിവുകൾ ഉപയോഗിച്ച് ഈ പുസ്തകത്തെ സാക്ഷാത്കരിക്കാൻ കഴിഞ്ഞത് എനിക്ക് ഒരു സവിശേഷമായ ആനന്ദം നൽകുന്നു.

രണ്ടുവർഷത്തിനു ശേഷം, 1964-ൽ പ്ലേബോയ് മാസികയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു,

ഞാൻ ഒരിക്കലും ലോലിത രചിച്ചതോർത്ത് ദുഃഖിക്കില്ല. ലോലിത ഒരു സുന്ദരമായ പ്രഹേളിക നിർമ്മിക്കുന്നതുപോലെ ആയിരുന്നു. പ്രഹേളികയും അതിന്റെ ഉത്തരവും ഒരേ സമയത്ത് നിർമ്മിക്കുന്നു, കാരണം ഒന്ന് മറ്റൊന്നിന്റെ പ്രതിബിംബമാണ് - നിങ്ങളുടെ വീക്ഷണകോണ് അനുസരിച്ച്. എങ്കിലും ലോലിത എന്റെ മറ്റു കൃതികളെ പൂർണ്ണമായും മറച്ചുകളഞ്ഞു - എന്റെ ആംഗലേയ ഭാഷയിലെ കൃതികളെ എങ്കിലും: സെബാസ്റ്റ്യൻ നൈറ്റിന്റെ യതാർത്ഥ ജീവിതം, ബെന്റ് സിനിസ്റ്റർ, എന്റെ ചെറുകഥകൾ, എന്റെ ഓർമ്മകളുടെ പുസ്തകം: എങ്കിലും ഞാൻ ഇതിനെ ചൊല്ലി ലോലിതയോട് വിദ്വേഷം പുലർത്തുന്നില്ല. ഈ സാങ്കല്പിക കുമാരിക്ക് (നിം‌ഫെറ്റിന്) ഒരു സവിശേഷമായ, തരളിതമായ സൗന്ദര്യമുണ്ട്.

അതേ വർഷം തന്നെ, ലൈഫ് മാസികയുമായുള്ള അഭിമുഖത്തിൽ “താങ്കളെ ഏറ്റവും സന്തോഷിപ്പിച്ച പുസ്തകം എന്താണ്?” എന്ന ചോദ്യത്തിന് ഉത്തരമായി നബക്കോവ് ഇങ്ങനെ പറഞ്ഞു.

എന്റെ എല്ലാ പുസ്തകങ്ങളിലും വെച്ച് ലോലിത ആണ് എനിക്ക് എഴുതിക്കഴിഞ്ഞപ്പോൾ ഏറ്റവും സന്തോഷപ്രദമായ അനുഭൂതി നൽകിയത്. എന്റെ ഏറ്റവും ശുദ്ധമായ കൃതിയും ഏറ്റവും അമൂർത്തം ആയ കൃതിയും ഏറ്റവും ശ്രദ്ധയോടെ നിർമ്മിച്ച കൃതിയും ആയതുകൊണ്ടാവാം ഇങ്ങനെ. ആളുകൾ തങ്ങളുടെ പെണ്മക്കൾക്ക് ലോലിത എന്ന പേര് ഇപ്പോൾ ഇടാറില്ലാത്തതിന് ഉത്തരവാദി ഞാൻ ആയിരിക്കാം. 1956 മുതൽ പൂഡിൽ പെൺപട്ടികൾക്ക് ലോലിത എന്ന പേര് ഇട്ടതായി കേട്ടിട്ടുണ്ടെങ്കിലും മനുഷ്യർക്ക് ഈ പേര് ഇട്ടതായി കേട്ടിട്ടില്ല.

അവലംബം[തിരുത്തുക]

  1. http://www.randomhouse.com/modernlibrary/100bestnovels.html.
"http://ml.wikipedia.org/w/index.php?title=വ്ലാഡിമിർ_നബക്കോവ്&oldid=1717002" എന്ന താളിൽനിന്നു ശേഖരിച്ചത്