വെള്ളക്കടുവ
ബംഗാൾ കടുവയുടെ ഒരു റിസെസ്സീവ് മ്യൂട്ടന്റ് വകഭേദമാണ് വെള്ളക്കടുവ. മുൻ നാട്ടുരാജ്യമായ റേവയിലേയും ആസാം, ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെയൊം വനങ്ങളിലാണ് ഇവയെ കണ്ടുതുടങ്ങിയത്. [1] ബംഗാൾ കടുവകൾ തമ്മിൽ ഇണചേരുമ്പോൾ ഒരു വെള്ളക്കടുവ ഉണ്ടാവാൻ 15,000ത്തിൽ ഒരു സാധ്യതയാണുള്ളതെന്നു കണക്കാക്കപ്പെടുന്നു.
ജനിക്കുമ്പോഴും അതിനുശേഷവും, വെളുത്ത ജീനില്ലാത്ത സാധാരണ കടുവകളെക്കാളും വലുപ്പമുണ്ടാവാറുണ്ട് വെള്ളക്കടുവകൾക്ക്. [2] കറുത്ത വരകളുള്ള ബംഗാൾ കടുവകൾ റോയൽ ബംഗാൾ അഥവാ ഇന്ത്യൻ കടുവകൾ എന്നും പൊതുവേ അറിയപ്പെടുന്നു. നിലവിൽ നൂറുകണക്കിനു വെള്ളക്കടുവകൾ പല മൃഗശാലകളിലായുണ്ട്. ഇവയിൽ ഏതാണ്ട് നൂറോളം എണ്ണം ഇന്ത്യയിലാണ്. ഇവയെ ഇണചേർക്കുന്നതിൽ മൃഗശാലകൾക്കു താത്പര്യമുള്ളതിനാൽ വെള്ളക്കടുവകളുടെ സംഖ്യ ഇന്ന് വർദ്ധിച്ചുവരുന്നു.
ദുരുപയോഗം [തിരുത്തുക]
വെള്ളക്കടുവകൾക്ക് കടുത്ത ചൂടും, ശബ്ദ മലിനീകരണവും താങ്ങാനാകില്ല. പാക്കിസ്ഥാനിലെ ലാഹോറിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കൊടും ചൂടിൽ പ്രദർശനവസ്തുവായി കൊണ്ടുനടന്ന വെള്ളക്കടുവ കൊല്ലപ്പെടുകയാണുണ്ടായത്.[3]
സൈബീരിയൻ വെള്ളക്കടുവ [തിരുത്തുക]
വെളുത്ത സൈബീരിയൻ കടുവകളെ കണ്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുവരെ ആരും അവയൊന്നും ശാസ്ത്രീയമായി രേഖപ്പെടുത്തിയിട്ടില്ല.മൃഗശാലകളിലുള്ള സൈബീരിയൻ കടുവകൾ തമ്മിൽ പലവട്ടം ഇണചേർന്നു കുട്ടികളുണ്ടായവയിൽ ഒരിക്കൽപ്പോലും ഒരു വെള്ളക്കടുവയുണ്ടായിട്ടില്ല.സൈബീരിയൻ കടുവകളുടെ വെള്ള സന്താനങ്ങൾ ഉണ്ടായിട്ടുള്ളത് അവ ബംഗാൾ കടുവകളുമായി ഇണചേർന്നപ്പോൾ മാത്രമാണ്.