വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജന്തുശാസ്ത്രം/ശരീരശാസ്ത്രപദസൂചി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യശരീരവുമായി ബന്ധപ്പെട്ട അവയവങ്ങളും മറ്റുമാണ്‌ ഈ സൂചിയിലുള്ളത്. ശരീരശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ പദങ്ങളും ഇതിൽ കൊള്ളുമെന്നുതോന്നുന്നില്ല. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാഠപുസ്തകങ്ങളെ ആണ്‌ മുഖ്യമായും ആശ്രയിച്ചത്. ആയുർവേദപദങ്ങളെയും പർശോധിച്ചു. ഉചിതമെന്നുതോന്നിയവ പട്ടികയാക്കി. ഐ കാവിറ്റിയെ നേത്രകോടരം എന്ന് ഉള്ളതിനാൽ കാവിറ്റിയെ ഒക്കെ കോടരമാക്കുക തുടങ്ങിയ സർഗ്ഗക്രിയകളും നടത്തിയിട്ടുണ്ട്.

കുറേ പദങ്ങളെ അനാവശ്യമെന്നു കരുതി ഒഴിവാക്കി. ഹോർമോൺ (അന്തസ്രാവം, ദീപനരസം), സെറിബ്രം (പ്രമസ്തിഷ്കം), സെറിബെല്ലം (നിമസ്തിഷ്കം) തുടങ്ങിയവ. ഇതിൽത്തന്നെ ചില പദങ്ങൾ ഒഴിവാക്കേണ്ടിവരും. ഒരുപാട് വിട്ടുപോയിട്ടുണ്ട്. കൂട്ടിച്ചേർക്കാനുള്ളവ ഇവിടെ ഇട്ടാൽ മതി. കോശങ്ങളുമായി ബന്ധപ്പെട്ടവ കോശശാസ്ത്രമെന്നോ മറ്റോ വിഭാഗമാക്കിയിടാം. ശരീരപ്രവർത്തനങ്ങൾക്ക് ശരീരധർമ്മശാസ്ത്രത്തിൽ (Physiology). ചർച്ചചെയ്താട്ടെ :)--തച്ചന്റെ മകൻ 11:01, 2 ഡിസംബർ 2009 (UTC)[മറുപടി]

താലുകമാനം, കോടരം ഒക്കെ ആദ്യമായി കാണുകയാണ്‌ (ആയ കാലത്ത് മലയാളം മീഡിയത്തിൽ പഠിച്ചാൽ മതിയാരുന്നു). പ്രതിദ്രവ്യം - Antibody എന്ന് വേണോ? Antimatter എന്നതിന്‌ പ്രതിദ്രവ്യമെന്നല്ലേ ഉപയോഗിക്കാറ്? പിന്നെ ചിംബുകം - Chin? ഇതിന്‌ സാധാരണ പേരൊന്നുമില്ലേ? -- റസിമാൻ ടി വി 11:12, 2 ഡിസംബർ 2009 (UTC)[മറുപടി]

  • കമാനം = arch അല്ലേ? എന്റെ എളിയ സൃഷ്ടി :)
  • eye cavity = നേത്രകോടരം എന്നാണ്‌ പാഠപുസ്തകത്തിൽ. കോടരം = cavity ( If a+b =c+d & a = c --> b = d എന്നേ ഉദ്ദേശിച്ചുള്ളൂ.)
  • ചിംബുകം നിഘണ്ടു നോക്കിയതാണ്‌. അതിന്‌ സാങ്കേതികതയൊന്നുമില്ലാത്തതുകൊണ്ട്. വാക്കിനോട് എനിക്കും യോജിപ്പില്ല. മലയാളംതന്നെ വേണം. മലയാളത്തിൽ എന്താ പറയുക? താടിയുടെ കീഴ്ഭാഗമാണ്‌ (കീഴ്ത്താടിയല്ല).
  • പ്രതിദ്രവ്യം എന്നുതന്നെയാണ്‌ ഉപയോഗിച്ചുകാണുന്നത്. ഒരു വാക്ക് രണ്ടു ശാസ്ത്രവിഭാഗങ്ങളിൽ രണ്ടായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. ജീവശാസ്ത്രത്തിലെ മോർഫോളജിയും ഭാഷാശാസ്ത്രത്തിലെ മോർഫോളജിയും തമ്മിൽ ബന്ധമൊന്നുമില്ലല്ലോ?--തച്ചന്റെ മകൻ 11:45, 2 ഡിസംബർ 2009 (UTC)[മറുപടി]

ലയനം ആവാമോ ?[തിരുത്തുക]

ജന്തുശാസ്ത്രം, ശരീരശാസ്ത്രം എന്നൊക്കെ ഈ പദസൂചികളെ വിഭജിക്കുന്നതെന്തിന് ?

ജന്തുക്കൾക്കുള്ള ശരീരത്തെപ്പറ്റിത്തന്നെയല്ലേ ഈ വാക്കുകളും അർത്ഥമാക്കുന്നത് ? Vacuole ആയാലും saturated oil ആയാലും cell nucleus ആയാലും അത് ജീവജാലങ്ങളെ - മൃഗ, സസ്യ, അണു ഭേദമില്ലാതെ - ആകെമൊത്തം ചൂഴുന്ന വാക്കുകളാണ്. അതുകൊണ്ട് ഈ വിഭാഗത്തെ ജീവശാസ്ത്രം എന്ന വിശാല ശീർഷകത്തിനു കീഴിൽ മൊത്തമായി ലയിപ്പിക്കുകയും അതിലും ഇതിലുമായുള്ള ആവർത്തനങ്ങളെ വെട്ടി വിപുലീകരിക്കുകയും വേണം എന്നാണ് എന്റെ അഭിപ്രായം. ചർച്ചകൾ ക്ഷണിക്കുന്നു. (പിന്നെ, വിക്കി ലേഖനങ്ങൾക്കുള്ള ഗൃഹപാഠത്തിന്റെ ഭാഗമായി കുറേ തിരച്ചിലുകൾ നടത്തിയപ്പോൾ കിട്ടിയ വാക്കുകളൊക്കെ ഇവിടെ സംവാദത്തിനിടാതെ തന്നെ പട്ടികയിൽ കേറ്റിയിട്ടുണ്ട്. സൌകര്യം പോലെ ആരെങ്കിലുമൊക്കെ സംശോധനം ചെയ്യാൻ അപേക്ഷ.) --സൂരജ് രാജൻ 03:09, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ജീവശാസ്ത്രപദങ്ങൾ എല്ലാം കൂടി വളരെയധികം നീളം വരും. അത് സാങ്കേതികമായ പ്രശ്നമുണ്ടാക്കും. മനുഷ്യശരീരത്തിലെ അവയവങ്ങളെ മാത്രം ഉദ്ദേശിക്കുന്ന ഈ സൂചി തന്നെ ഇനിയും വികസിക്കാനുണ്ട്. മറ്റു ജീവികളുടെ ശരീരശാസ്ത്രവും ഇതിൽ ഉൾപ്പെടുത്തുകയും വേണം. താങ്കൾ സൂചിപ്പിച്ച വാക്കുകൾ താങ്കൾ കൂട്ടിച്ചേർത്തതാണല്ലോ. കോശത്തെ സംബന്ധിച്ച കാര്യങ്ങൾക്ക് കോശവിജ്ഞാനം എന്ന പദസൂചിയും ജനിതകസംബന്ധിയായതിന്‌ ജനിതകശാസ്ത്രപദസൂചിയും ശരീരധർമ്മം സംബന്ധിച്ചതിന്‌ ശരീരധർമ്മശാസ്ത്രവും (physiology) രോഗങ്ങൾ, ആരോഗ്യപാലനം തുടങ്ങിയവയ്ക്ക് ആരോഗ്യശാസ്ത്രവും (+വൈദ്യശാസ്ത്രം) ആയാൽ പ്രശ്നമില്ലല്ലോ. ജന്തുശാസ്ത്രം, ജീവശാസ്ത്രം തുടങ്ങിയ പദസൂചികൾ പൊതുവായുള്ള കാര്യങ്ങൾ (ഉപശാഖകൾ...) വിശദീകരിക്കാൻ ഉപയോഗിക്കണം.

താങ്കൾ ചേർത്ത ചില വാക്കുകളിൽ അഭിപ്രായഭേദമുണ്ട്:
vacuole - ഫേനം; Dominant - പ്രകടം (പ്രകടഗുണം); skeletal muscle - ദൃഢപേശി; Enzyme - രാസാഗ്നി എന്നീ പദങ്ങളാണ്‌ ഞാൻ പഠിച്ചുട്ടുള്ളത്. zygote എന്നതിന്‌ സിക്താണ്ഡം എന്ന വാക്ക് സുപരിചിതമായതിനാൽ Homozygous സഹ(മ)സിക്തകം എന്ന പദമാണ്‌ ചേരുക (യുമ്രം എന്നാലെന്താ?). താങ്കൾ പറഞ്ഞ വാക്കുകളെക്കാൾ ഉചിതം അവയാണെന്നാണ്‌ എന്റെ അഭിപ്രായം.--തച്ചന്റെ മകൻ 05:57, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]

മനസ്സിലായി. ഈ പദങ്ങളെല്ലാം വിക്കിഷ്ണറിയിൽ ചേർത്തിട്ടുള്ളവയാണോ ? അല്ലെങ്കിൽ അതിലേക്ക് ചേർത്താൽ അതാകും ഏറ്റവും സൌകര്യം എന്ന് തോന്നുന്നു. സെർച്ചുന്നവർക്കുള്ള പ്രശ്നമാണു ഞാൻ സൂചിപ്പിച്ചത്. ഇപ്പോൾ വിക്കിയിൽ ലേഖനമെഴുതുന്ന അവസരത്തിൽ ഇത് വലിയ ബുദ്ധിമുട്ടാണ്. ജീവശാസ്ത്രത്തിന്റെ വർഗീകരണം ഇവിടെ ഇങ്ങനെ നിന്നോട്ടെ അപ്പോൾ.
വാക്യോളിനു രിക്തിക എന്നതും സ്കെലറ്റൽ മസിലിനു അസ്ഥിപേശി എന്നതും ഹോമോസൈഗസിനു സഹയുമ്രജം എന്നതും, Dominantനു പ്രമുഖം എന്നതും ശാസ്ത്ര സാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച ജീവരേഖ എന്ന ഡോ: എം.പി.പരമേശ്വരന്റെ പുസ്തകത്തിൽ (2006ed.,താൾ 110) ഉപയോഗിച്ചിരിക്കുന്നവാക്കുകളാണ്. സഹസിക്തജം എന്നു പടയ്ക്കാനാണു ആദ്യം മനസ്സിൽ വന്നതെങ്കിലും അങ്ങനൊരു വാക്കുണ്ടോ എന്ന് അന്വേഷിച്ചപ്പോഴാണ് ഈ -യുമ്രജം വന്ന് കേറിവന്നതും സിക്തജം/സിക്തകം ഒഴിവാക്കിയതും ;) പ്രകടഗുണം എന്ന വാക്ക് പ്രകടരൂപം(Phenotype) എന്നതുമായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. Skeletal muscle-നു പക്ഷേ ദൃഢപേശി തീരെപ്പോരാ. അത് തെറ്റായ ഒരു ധ്വനിയും നൽകും. Skeletal Muscleന്റെ നേർ വിപരീതമായി ജീവശാസ്ത്രത്തിൽ വരുന്നത് Smooth Muscle ആണല്ലോ. സ്മൂത്ത് ആയത് അവയിൽ striations അത്ര നന്നായി തെളിഞ്ഞു കാണാത്തതുകൊണ്ടാണ്, അതായത് സ്മൂത്ത് എന്നതുകൊണ്ട് പരുപരുപ്പില്ലാത്തത് എന്നാണർത്ഥമാക്കുന്നതെന്ന്. എന്നാൽ അതിനെ മലയാളത്തിൽ മൃദുപേശി ആക്കിയപ്പോൾ തെറ്റായ ധ്വനിയാണു നൽകുന്നത്. ശരിക്കും വരയൻ പേശി, വരയില്ലാപ്പേശി എന്നിങ്ങനെയായിരുന്നു വർഗീകരിക്കേണ്ടിയിരുന്നത്. സ്മൂത്ത് എന്നതിനു തത്തുല്യ മലയാളമില്ലാത്തതിന്റെ കുഴപ്പം വന്നതായിരിക്കണം ! Skeletal പേശിയേക്കാൾ തളരാതെ പ്രവർത്തിക്കുന്നവയാണ് സത്യത്തിൽ സ്മൂത്ത് പേശികൾ. Skeletal പേശികളുടെ ഒരു ഘടനാപര വകഭേദമാണ് ഹൃദയപേശികൾ. അവ പക്ഷേ പ്രവർത്തനപരമായി നോക്കിയാൽ സ്മൂത്ത് പേശികളുടേതിനു സമാനമാണ്. അതുകൊണ്ട് നിലവിൽ മസിലുകളെ മൂന്നായി തിരിച്ചാണു പഠനം - സ്കെലറ്റൽ, കാർഡിയാക്, സ്മൂത്ത്. മൂന്നിന്റെയും പേരുകൾ തെറ്റായ വ്യംഗ്യാർത്ഥവും വാച്യാർത്ഥവും നൽകുന്നു. രാസാഗ്നി എന്നതും രാസത്വരകം എന്നതും chemical catalyst എന്ന അർത്ഥത്തിനു കറക്റ്റായി വരും. പക്ഷേ biological catalyst എന്ന അർഥം കിട്ടുമോ എന്നായിരുന്നു എന്റെ സംശയം. പ്രക്വിണം എന്നത് കണ്ടത് [ഓളം ഓൺ‌ലൈൻ ഡിക്ഷ്ണറി]യിലാണ്. അതിന്റെ അവലംബം ഏതെന്ന് തെരിയില്ല. കിണ്വനം (fermentation) എന്ന വാക്കിൽ നിന്നാണുദ്ഭവം എന്ന് ഊഹിക്കാം. സത്യത്തിൽ എൻസൈം എന്ന വാക്കിനു ഫെർമെന്റേഷനിൽ നിന്നാണു തുടക്കവും. Redundant ആണെങ്കിൽ തൂക്കി ദൂരെക്കളയാം. ഒരു ലേഖനത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നു. മാറ്റണം. മാറ്റാം.--സൂരജ് രാജൻ 04:12, 9 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പഴയ ഹൈസ്കൂൾ പാഠം പഠിച്ചവർക്കെല്ലാം ഫേനം സുപരിചിതമാണ്‌.

ഉല്പ്രേരകം catalyst എന്നാണ്‌ പരക്കെ പ്രചാരം (രാസത്വരകം എന്നും വിളിക്കാറുണ്ട്. അപ്പോ ഇതിനെ എന്തുവിളിക്കും?) stimulus ഉദ്ദീപനം ആണ്‌. 'രാസാഗ്നി' എന്ന വാക്ക് കാണണമെങ്കിൽ പഴയ ബയോളജി പാഠപുസ്തകങ്ങൾ നോക്കിയാൽ മതി; തെറ്റാൻ വഴിയില്ല. അഗ്നി എന്ന വാക്ക് ദഹനവുമായി ബന്ധപ്പെട്ട് ഏറ്റവും ഉചിതവുമാണ്‌. പ്രക്വിണം എന്നായിരുന്നു താങ്കൾ ചേർത്തത് എന്ന് ഇപ്പൊഴാണ്‌ ശർദ്ധിച്ചത്. 'പ്രകിണ്വം' എന്ന് ശരിയായാണ്‌ ഞാൻ വായിച്ചത്. ക്വിണം എന്ന വാക്കില്ല, കിണ്വം (ferment) ആണ്‌. അതൊരു എറ്റിമോളജിക്കൽ ക്രിയേഷനായിരുന്നു (നോ.)

യുമ്രം എന്നൊരു വാക്കുള്ളതായി അറിവില്ല. സഹയുഗ്മജം എന്നായിരിക്കണം? 'homo' എന്നതിന്‌ 'സമ' എന്ന പൂർവ്വസർഗ്ഗമാണ്‌ ഉപയോഗിക്കുന്നത്. സമയുഗ്മജം ആവാം (സിക്താണ്ഡത്തിലെ സിക്തംകൊണ്ട് എന്താണ്‌ അർത്ഥമാക്കുന്നതെന്ന് അറിയില്ല. 'സിക്തം' എന്നാൽ നനയ്ക്കപ്പെട്ടത് എന്നാണർത്ഥം. പുഷ്ടമായ' എന്നായിരിക്കണം വിവക്ഷ. അത് കുഴപ്പമില്ല; പക്ഷേ, homozygous-നെ സമസിക്തം എന്നു വിളിക്കുന്നത് ശരിയില്ല.)

Dominant പ്രകടംതന്നെ മതി. പ്രകടഗുണവും പ്രകടരൂപവും തെറ്റുകയൊന്നുമില്ല.

skeletal, smooth, cardiac പേശികൾക്ക് യഥാക്രമം ദൃഢപേശി, മൃദുലപേശി, ഹൃദയപേശി എന്നാണ്‌ പഠിച്ചിട്ടുള്ളത്. അസ്ഥിപേശി എന്നത് അസ്ഥിയുമായി ബന്ധപ്പെട്ടതെന്ന രീതിയിൽ ശരിയാണ്‌. കങ്കാളപേശി (കങ്കാളം = skeleton) എന്ന് 'വിജ്ഞാനശബ്ദാവലി'യിൽ. വരയൻ/ വരയില്ലാ പേശി (രേഖിത/രേഖാരഹിതപേശി) എന്നത് striated/non-striated muscles-നല്ലേ യോജിക്കുക?

പദങ്ങൾ 'വിഘണ്ടു'വിൽ ചേർക്കുന്നതിനെക്കുറിച്ച്

പദങ്ങൾ നിഘണ്ടുവിൽ ചേർക്കുന്നതിൽ ഒരു പ്രശ്നമുണ്ട്. ഒരു ഉദാ: നിലവിൽ astronomy എന്ന പദത്തിന്‌ ജ്യോതിശ്ശാസ്ത്രം, ഗോളശാസ്ത്രം, ഗോളവിജ്ഞാനം, ജ്യോതിർവിജ്ഞാനം, ജ്യോതി, ഗോളം തുടങ്ങി നിരവധി പദങ്ങൾ വരാം; ഈ പദങ്ങൾകൊണ്ടൊക്കെ astronomy-യെ വിവക്ഷിക്കാം. ജ്യോതിഷം എന്ന പദവും വരാം - ജ്യോതിഷത്തിന്റെ ഒരു ഭാഗമായിരുന്നല്ലോ ഭാരതീയർക്ക് ഗോളം (ജ്യോതിശ്ശാസ്ത്രം). ജ്യോതിഃശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിങ്ങനെയും രൂപഭേദങ്ങൾ.

സാധ്യമായ എല്ലാ പദങ്ങളും നിഘണ്ടുവിൽ വരാമെന്നതുകൊണ്ട് പലപ്പോഴും നിരവധി പര്യായങ്ങൾ ഒരു പദത്തിനുതന്നെ വരും. ഒരു പദത്തിനുതന്നെ നിരവധി അർത്ഥങ്ങളും. ഇത് വിക്കിപീഡിയയിൽ സാങ്കേതികപദങ്ങളുടെ ഏകീകരണത്തെ വിഷമകരമാക്കുകയേയുള്ളൂ. "ഈ പദം വിക്കിപീഡിയയിൽ x (y.z) എന്ന (എന്നീ) പദത്തിന്റെ (പദങ്ങളുടെ) ഏകീകൃതസംജ്ഞയായി സ്വീകരിച്ചിരിക്കുന്നു." എന്ന് മലയാളം പദങ്ങൾക്കും "ഈ പദത്തിന്റെ സാങ്കേതികവിവർത്തനമായി ക (ഖ, ഗ, ഘ) എന്ന (എന്നീ) പദത്തെ (പദങ്ങളെ) വിക്കീപീഡിയയിൽ സ്വീകരിച്ചിരിക്കുന്നു" എന്നും ചേർക്കേണ്ടിവരും.--തച്ചന്റെ മകൻ 05:51, 9 ഓഗസ്റ്റ് 2010 (UTC)[മറുപടി]
കിണ്വനം, യുഗ്മജനം - വൻ അബദ്ധങ്ങളായിപ്പോയി ;) സംഭവം പ്രകിണ്വം, സഹയുഗ്മജനം, വിഷമയുഗ്മജനം എന്നാണ്. മിക്കവാറും പരമേശ്വരന്റെ പുസ്തകത്തിലെ കമ്പോസിംഗിൽ പറ്റിയ പിഴവാകണം ഈ യുമ്രജം (മ്ര എന്നത് ഗ്മ എന്ന് എഴുതിയതിനെ ടൈപ്പ് സെറ്റ് ചെയ്തപ്പോൾ പറ്റിയതാവും, സംഗതി പുസ്തകത്തിൽ മ്ര തന്നെയാണ് !)

വിജ്ഞാനശബ്ദാവലിയും ഭൌതികശബ്ദാവലിയും മാനവികശബ്ദാവലിയും കീറിപ്പൊടിഞ്ഞ കോപ്പികൾ ഓരോന്ന് ഒപ്പിച്ചു. സംഭവം ഗംഭീരൻ . സമ/വിഷമയുഗ്മജനം ആണു ശരിയായത്. അതുപോലെ ഡോമിനന്റ്-റിസസീവ് എന്നിവയ്ക്ക് യഥാക്രമം പ്രഭാവി/പ്രമുഖം - അപ്രഭാവി എന്നാണ് അതിൽ. ഗുപ്തം ഇല്ല, പ്രകടവും ഇല്ല. ഭാഷാ ഇൻസ്റ്റി.യുടെ ജനിതകശാസ്ത്രം ഒരു പഴയ (80’കളിലെ) ടെക്സ്റ്റ് പൊക്കി. അതിലും ഇങ്ങനെ തന്നെ. പേശിയുടെ കാര്യം ഇനിയും അങ്ങോട്ട് ഉറയ്ക്കുന്നില്ല.--സൂരജ് രാജൻ 04:17, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകത്തിലുള്ളവയെല്ലാം പകർത്തരുത്. മാനദണ്ഡമനുസരിച്ച് ഒരു വാക്ക് സ്വീകരിക്കണം. കുട്ടികൾ എന്തു പഠിക്കുന്നു എന്നത് ശ്രദ്ധിക്കണം. ഗുപ്തഗുണവുമാണ്‌ പുതിയ പാഠപുസ്തകങ്ങളിൽ. പിന്നെ, വാക്കുകൾ ഏകീകരിക്കുകയാണ്‌ പദ്ധതിയുടെ ഉദ്ദേശ്യം. ഫേനമോ രിക്തികയോ സ്വീകരിക്കുകയാണ്‌ വേണ്ടത്.--തച്ചന്റെ മകൻ 04:56, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

Dominant / Recessive[തിരുത്തുക]

അപ്പോൾ പ്രമുഖം ,ഗുപ്തം എന്നിങ്ങനെ ഉറപ്പിക്കാമോ ? അങ്ങനെയാണ്. ഭാഷാ ഇൻസ്റ്റിയുടെ ജീൻ, ജീവൻ ജനിതകം (ഡോ:ആർ ഗോപാലകൃഷ്ണൻ നായർ, 2010) എന്ന പുസ്തകത്തിൽ പ്രമുഖവും ഗുപ്തവും ആണ്. അവരുടെ ഹയർ സെക്കന്ററി പാഠപുസ്തകസഹായിയിലും അങ്ങനെ തന്നെ.--സൂരജ് രാജൻ 05:39, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഞാൻ പറഞ്ഞത് 10 വരെയുള്ള പാഠപുസ്തകങ്ങളാണ്‌. ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നുണ്ടോ? parasympathetic പരാനുകമ്പയാക്കിയത് ഏതായാലും കടന്നുപോയി :)--തച്ചന്റെ മകൻ 05:51, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]
പാഠപുസ്തകം പഴയതാണ്. പക്ഷേ പുതിയ എല്ലാ ജനിതക പുസ്തകങ്ങളിലും പ്രമുഖം, ഗുപ്തം തന്നെ. ഏ.എൻ നമ്പൂതിരിയുടേതു (ഉദാ:ഡോളിയും പോളിയും ബയോളജിയും,ഡിസി) പോലുള്ള പുസ്തകങ്ങളിലും അതുതന്നെ. പരാനുകമ്പ നാഡീവ്യവസ്ഥ സാക്ഷാൽ ഡോ:മാധവൻ കുട്ടിയുടെ ഫിസിയോളജി അടിസ്ഥാനത്വങ്ങൾ (ഭാഷാ ഇൻസ്റ്റി.) എന്ന ഒരേയൊരു മലയാളം “പ്രൊഫഷനൽ മെഡിക്കൽ“ പുസ്തകത്തിലേതാണ് ;) --സൂരജ് രാജൻ 07:21, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഉച്ഛ്വാസം, നിശ്വാസം[തിരുത്തുക]

പുറത്തേക്ക് വിടുന്ന ശ്വാസത്തിനു (expiratory) ഉച്ഛ്വാസമെന്ന് വേണോ നിശ്വാസമെന്ന് വേണോ  ? എന്റെ കൈയ്യിലെ വിജ്ഞാനശബ്ദാവലിയിൽ (1987 പതിപ്പ്) നിശ്വാസം എന്നതാണ് inspiration-ഉം expiration-ഉം കൊടുത്തിരിക്കുന്ന വാക്ക്. അകത്തേയ്ക്ക് ശ്വാസമെടുക്കലിന് (Inspiration) എന്ത് പറയണം അപ്പോൾ ? --സൂരജ് | suraj 07:39, 16 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഉച്ഛ്വാസമെന്ന വാക്ക് രണ്ട് അർത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ശ്വാസോച്ഛ്വാസം എന്നവാക്കിൽ ശ്വാസം inspiration ഉം ഉച്ഛ്വാസം expiration -ഉം ആണ്‌. ഉച്ഛ്വാസനിശ്വാസം ആവുമ്പോൾ ഉച്ഛ്വാസം inspiration ആണല്ലോ. 'ഉത്' എന്ന ഉപസർഗ്ഗത്തിന്‌ 'മുകളിലേക്ക്' എന്ന അർത്ഥമാണ്‌ ചേരുക. എന്നാൽ നിശ്വാസം പുറത്തേക്കുവിടലാണ്‌. ശാസ്ത്രീയമായി, ഉച്ഛ്വാസം = insp; നിശ്വാസം = exp. എന്നെടുക്കുന്നതാണ്‌ സൗകര്യം. ഇംഗ്ലീഷിൽത്തന്നെ insp-ഉം exp-നും സാങ്കേതികോപയോഗത്തിന്‌ നിർമ്മിച്ചവയാണ്‌ എന്നുതോന്നുന്നു--തച്ചന്റെ മകൻ 08:01, 16 ഓഗസ്റ്റ് 2010 (UTC)[മറുപടി]
നന്ദി മാഷേ ! സമാധാനമായി. “ഉത്” ശ്വാസം എന്ന് തന്നെയാണ് ഞാനും അന്വേഷിച്ചപ്പോൾ കണ്ടത്. അതനുസരിച്ച് expiratory volume-നെ നിശ്വാസ വായുവ്യാപ്തം എന്ന് ആസ്മ ലേഖനത്തിലെല്ലായിടത്തും തിരുത്തുകയും ചെയ്തു. എന്നാൽ വിക്കിഷ്ണറിയി “ഉദ്ഗമിക്കുന്ന ശ്വാസം” എന്ന് വിശദീകരണം നൽകിയിരിക്കുന്നതു കണ്ടപ്പോൾ അബദ്ധമായോ എന്ന് തോന്നി.--സൂരജ് | suraj 03:01, 17 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഓട്ടോ ഇമ്മ്യൂൺ , ഇൻഫ്ലമേഷൻ[തിരുത്തുക]

Autoimmune എന്നതിന് എന്ത് മലയാളമാവാം ? സ്വയചാല രോധക്ഷമത എന്ന് പടച്ചാൽ വൃത്തികേടാകുമോ ? നിലവിൽ അതിനു നേർമലയാളമുണ്ടോ ? അതുപോലെ ഇൻഫ്ലമേഷനു എന്ത് തീരുമാനമായി ? “വീക്കം” തന്നെ മതിയോ ? വീങ്ങൽ ഇൻഫ്ലമേഷന്റെ 5 കാതൽ ലക്ഷണങ്ങളിൽ ഒന്നുമാത്രമാണ്. അതാണ് ഒരു തൃപ്തിയില്ലാത്തത്. --സൂരജ് | suraj 03:40, 17 ഓഗസ്റ്റ് 2010 (UTC)[മറുപടി]

'സ്വയംപ്രതിരോധം' എന്നു പോരേ? Inflammation താങ്കളുടെ സംവാദത്താളിൽ എഴുതിയിരുന്നല്ലോ. 'വീക്കം' പറ്റില്ല, swelling ഉണ്ടല്ലോ. പരു ആയാലോ?--തച്ചന്റെ മകൻ 06:40, 17 ഓഗസ്റ്റ് 2010 (UTC)[മറുപടി]
സ്വയംപ്രതിരോധം മറ്റേതിനേക്കാൾ വളരെ മെച്ചമാണ്. ലളിതവും. പക്ഷേ അർത്ഥശങ്ക വരുമോ ? വെറുതേ ആംഗലമാക്കിയാൽ അതിനെ self defense എന്ന് ധരിക്കില്ലേ ? ഓട്ടോഇമ്മ്യൂണിറ്റി എന്ന് പറയുമ്പോൾ സ്വന്തവും അന്യവും തമ്മിൽ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ട പ്രതിരോധവ്യവസ്ഥ സ്വശരീരത്തിനെതിരേ നടത്തുന്ന ആക്രമണങ്ങളെ ആകെക്കൂടി പറയുന്ന വാക്കാണ്. അങ്ങനെയൊരെണ്ണം ഒപ്പിക്കാമോ ? ഇൻഫ്ലമേഷനു പരുവും പ്രശ്നമാണ്. പരു എന്നത് കുരു എന്നതിന്റെ മലയാളമല്ലേ ? അതു പോര. കുരുവും പരുവും പഴുപ്പും വീക്കവുമെല്ലാം inflammationന്റെ ഉൽ‌പ്പന്നങ്ങളാണ് എന്നാൽ ഇൻഫ്ലമേഷന്റെ പര്യായമല്ല താനും..ഇതൊരു കുഴയ്ക്കുന്ന പ്രശ്നം തന്നെ ! മലയാളം സ്കൂൾ സയൻസ് പുസ്തകങ്ങളിലെങ്ങനെയാണ് ? --സൂരജ് | suraj 13:50, 19 ഓഗസ്റ്റ് 2010 (UTC)[മറുപടി]
അങ്ങനെ പ്രശ്നമാവുമെന്ന് തോന്നുന്നില്ല. പിന്നെ, ഇതും ഒരു തരത്തിൽ self defense തന്നെ അല്ലേ.. വേണമെങ്കിൽ സ്വയംപ്രതിരോധാവസ്ഥയെന്നോ സ്വയംപ്രതിരോധസ്ഥിതിയെന്നോ ആക്കിയാൽപ്പോരേ? inflammation-ന്റെ കാര്യത്തിൽ സാമാന്യമായ പദമൊന്നും ഉപയോഗിക്കുന്നതായി തോന്നുന്നില്ല. അധികം ഉപയോഗത്തിലില്ലാത്ത ഒരു പദത്തെ അവ്വിധം ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തിലാണ്‌ 'പരു' നിർദ്ദേശിച്ചത്--തച്ചന്റെ മകൻ 15:55, 19 ഓഗസ്റ്റ് 2010 (UTC)[മറുപടി]