വടേശ്വരം ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ പഴക്കം ചെന്ന ഒരു ശിവക്ഷേത്രമാണ് വടേശ്വരം ശിവക്ഷേത്രം (Vadeswaram Sree Maha Siva Temple). കണ്ണൂരിനും തളിപ്പറമ്പിനും ഇടയിൽ കല്ല്യാശ്ശേരിക്ക് സമീപം കീച്ചേരി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ഈ സ്ഥലത്തെ അരോളി എന്നും വിളിക്കാറുണ്ട്. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി അഷ്ടദളാകൃതിയിലുള്ള ശ്രീകോവിലാണ് ഇവിടെ ഉള്ളത്. ഇന്ത്യയിൽ ഇത്തരത്തിലുള്ള ഏക ശിവക്ഷേത്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്.[അവലംബം ആവശ്യമാണ്]

പ്രത്യേകതകൾ[തിരുത്തുക]

അഷ്ട ദളാകൃതിയിലുള്ള ശ്രീകോവിലിന് 66 അടി ഉയരമുണ്ട്. താഴികക്കുടത്തിന് അഞ്ചര അടി ഉയരമുണ്ട്. നാല് ശിവലിംഗപ്രതിഷ്ഠകൾ ഈ ക്ഷേത്രത്തിലുണ്ട്. ഇത്തരത്തിൽ നാല് ശിവ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ശിവക്ഷേത്രവും ഇതാണ്.[അവലംബം ആവശ്യമാണ്] ക്ഷേത്രമുറ്റത്ത് നിന്ന് 16 അടി ഉയരത്തിലാണ് വടുകേശ്വര പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. ഈ ശിവ പ്രതിഷ്ക കൂടാതെ ഉമാ മഹേശ്വരൻ, ദക്ഷിണാമൂർത്തി, കിരാതമൂർത്തി എന്നിവയും ലിംഗരൂപത്തിൽ ഇവിടെ ഉണ്ട്. ശാസ്താവ്, ഗണപതി, ഗോശാലകൃഷ്ണൻ എന്നീ ദേവതകൾക്കും ഇവിടെ സ്ഥാനങ്ങൾ ഉണ്ട്.

ചരിത്രം[തിരുത്തുക]

കോലത്ത്നാട് ഭരിച്ചിരുന്ന മൂഷികവംശത്തിലെ നാൽപ്പത്തി മൂന്നാമത്തെ രാജാവും സതസോമന്റെ രണ്ടാം തലമുറക്കാരനുമായ വടുക വർമ്മൻ എന്ന രാജാവ് അഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം എന്ന് കരുതപ്പെടുന്നു. അതുലന്റെ മൂഷികവംശമഹാകാവ്യത്തിൽ ഇതിനെക്കുറിച്ച് പ്രസ്താവന ഉണ്ട്. വടുക മഹർഷിയുടെ ആശ്രമം ഇവിടെ ആയിരുന്നു എന്നും കരുതപ്പെടുന്നു. ചിറക്കൽ കോവിലകം വകയായിരുന്നു ഈ ക്ഷേത്രം. തീരപ്രദേശത്തെ ഉയർന്ന കുന്നായ കീച്ചേരി കുന്നിനു മുകളിൽ ഉള്ള ഈ ക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരത്തിൽ നിന്ന് നോക്കിയാൽ പണ്ട് കാലത്ത് ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ ആനച്ചന്തവും, തൃച്ചംബരംപൂക്കോത്ത് നടയിലെ നൃത്തോൽസവവും കാണാൻ കഴിയുമായിരുന്നത്രെ.[അവലംബം ആവശ്യമാണ്]

തെയ്യങ്ങളുടെ മുമ്പസ്ഥാനങ്ങളിലും,തോറ്റം പാട്ടുകളിലും 'കോലവടേശ്വരംവടിവുകണ്ടും വടേശ്വരത്തപ്പനെ കൈതൊഴുതും' എന്ന് പ്രസ്ഥാപിച്ച് കാണാം. എറുമ്പാല തറവാട്ടിലേയും,നമ്പിടിക്കോട്ടത്തേയും പുലികണ്ഠൻ തെയ്യക്കോലങ്ങൾ വടേശ്വരം ക്ഷേത്രദർശനത്തിന് വരാറുണ്ട്. ചിറകുറ്റി പുതിയഭഗവതിക്കോട്ടത്തെ പഞ്ചുരുളിതോറ്റവും,ചുറ്റുമുള്ള തീച്ചാമുണ്ടി തോറ്റവും വടേശ്വരത്ത് കുളിച്ച് തൊഴുത് പ്രസാദം സ്വീകരിച്ചാണ് മറ്റു ചടങ്ങുകൾക്കായി തിരിച്ച് പോകുക. ചുറ്റുമുള്ള മുഴുവൻ കാവുകളിലും കളിയാട്ടം തുടങ്ങുമ്പോൾ പുണ്യാഹം തളിക്കാൻ പോയിരുന്നത് ഇവിടുത്തെ ശാന്തിക്കരൻ നമ്പൂതിരി ആയിരുന്നു. ഈ ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടകാലത്ത് തകർക്കപ്പെട്ടതായി കരുതതുന്നു. പിന്നീട് ചിറക്കൽ രാജാവ് പുനരുദ്ധാരണം നടത്തി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വടേശ്വരം_ശിവക്ഷേത്രം&oldid=2429517" എന്ന താളിൽനിന്ന് ശേഖരിച്ചത്