വടിവേലു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വടിവേലു | ||||||
|---|---|---|---|---|---|---|
| ജനനം | ഒക്ടോബര്‍ 10 1960 |
|||||
| മറ്റു പേരുകള്‍ | വടിവേല്‍ , വൈഗൈ പുയല്‍ | |||||
| പ്രവര്‍ത്തന മേഖല | ചലച്ചിത്ര അഭിനേതാവ് | |||||
| പ്രവര്‍ത്തന കാലഘട്ടം | 1992 — ഇതുവരെ | |||||
|
||||||
തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു ഹാസ്യ നടനാണ് വടിവേലു[1] (ജനനം: ഒക്ടോബര്‍ 10, 1960). 2000 നു ശേഷം തന്റെ സഹനടനായ വിവേകിനോടൊപ്പം ധാരാളം തമിഴ് ചലച്ചിത്രങ്ങളില്‍ മികച്ച ഹാസ്യ വേഷങ്ങള്‍ ചെയ്തു.
ഉള്ളടക്കം |
[തിരുത്തുക] ആദ്യ ജീവിതം
വടിവേലു ജനിച്ചത് തമിഴ് നാട്ടിലെ മദുര ജില്ലയിലാണ്. വൈകൈ പുയല്‍ എന്ന് വടിവേലുവിനെ വിശേഷിപ്പിക്കാറുണ്ട്. മദുരയിലൂടെ ഒഴുകുന്ന ഒരു പുഴയാണ് വൈകൈ. പുയല്‍ എന്ന തമിഴ് വാക്കിന് കൊടുംകാറ്റ് എന്നാണ് അര്‍ത്ഥം. കൗണ്ടര്‍മണി-സെന്തില്‍ ഹാസ്യദ്വയത്തിന്റെകൂടെ സിനിമയില്‍ ഹാസ്യം അവതരിപ്പിച്ചുകൊണ്ടാണ് വടിവേലു തന്റെ അഭിനയജീവിതം തുടങ്ങുന്നത്. കാതലന്‍ എന്ന എസ്. ഷങ്കറിന്റെ ചിത്രത്തില്‍ പ്രഭുദേവയുടെ കൂടെ അഭിനയിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടുകൂടി വടിവേലു സിനിമയില്‍ തിരക്കുള്ള ഒരു താരമായി. തന്റെ തനതായ മദുര തമിഴ് ചുവയുള്ള സംസാരരീതി തനി ഗ്രാമീണ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായതുകൊണ്ട് ഗ്രാമീണാന്തരീക്ഷമുള്ള ഒരുപാട് ചിത്രങ്ങള്‍ പില്‍കാലത്ത് വടിവേലുവിനെ തേടി വന്നു.
ശുദ്ധനും മണ്ടനുമായ കഥാപാത്രങ്ങളാണ് വടിവേലു അധികവും അവതരിപ്പിക്കാറുള്ളത്. ഈ കഥാപാത്രങ്ങള്‍ മറ്റുള്ളവരുടെ ചെയ്തികള്‍മൂലം കുഴപ്പങ്ങളില്‍ ചെന്നുചാടുന്നു. ഭാരതി കണ്ണമ്മ, വെട്രി കൊടി കാറ്റ്, വിന്നര്‍, ചന്ദ്രമുഖി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ വടിവേലുവിനെ തമിഴ് സിനിമാപ്രേക്ഷകരുടെ ഇടയില്‍ പ്രിയങ്കരനാക്കി. തന്റെ സിനിമകളില്‍ പാടിഅഭിനയിക്കാറുമുണ്ട് വടിവേലു. എട്ടണ ഇരുന്താല്‍, കുണ്ടക്ക മണ്ടക്ക എന്നീ ജനപ്രീതിയാര്‍ജിച്ച ഗാനങ്ങള്‍ അവയില്‍ ചിലതാണ്.
ഇംസൈ അരസന്‍ 23-ആം പുലികേശി എന്ന ചിത്രമാണ് വടിവേലു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ഈ ചിത്രം സാമ്പത്തികമായി വന്‍വിജയം നേടുകയുണ്ടായി. വടിവേലു ഇരട്ടവേഷത്തിലാണ് ഈ സിനിമയില്‍ അഭിനയിച്ചത്. സഹോദരന്മാരായ ഈ രണ്ട് കഥാപാത്രങ്ങളില്‍ ഒരാള്‍ പേടിത്തൊണ്ടനായ ഒരു രാജാവും, മറ്റേയാള്‍ മറ്റൊരിടത്ത് ജനിച്ച് വളര്‍ന്ന ധൈര്യശാലിയായ ഒരു യുവാവുമാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരാള്‍ക്ക് മറ്റേയാളായി അഭിനയിക്കേണ്ടി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഈ സിനിമയ്ക്ക് ശേഷം ഇന്ദിരലോകത്തില്‍ ഞാന്‍ അഴകപ്പന്‍ എന്ന ഒരു സിനിമയില്‍ വടിവേലു വീണ്ടും നായകനായി അഭിനയിച്ചുവെങ്കിലും ഈ സിനിമ വിജയിച്ചില്ല.
[തിരുത്തുക] വിവാദങ്ങള്‍
[തിരുത്തുക] 2008-ല്‍ വീടിനുണ്ടായ ആക്രമണം
2008 സെപ്റ്റംബര്‍ 21-ന് സാലിംഗ്രാമത്തിലുള്ള വടിവേലുവിന്റെ വീട് ആക്രമിക്കപ്പെട്ടു. ആക്രമികള്‍ വീട്ടിലേയ്ക്ക് കല്ലുകള്‍ എറിയുകയായിരുന്നു. വീടിന്റെ ചില്ലുകള്‍ക്കും വീട്ടുസാധനങ്ങള്‍ക്കും ഇതിനാല്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായി. വീട്ടിലെ ഒരു മുറിയില്‍ പതുങ്ങിയിരുന്നാണ് വടിവേലു അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്.[2]
വിജയകാന്തുമായി പിണക്കത്തിലായിരുന്ന വടിവേലു, ഈ സംഭവത്തില്‍ വിജയകാന്തിന്റെ പങ്കിനെ സംശയിച്ചിരുന്നു. തന്നെ വിജയകാന്ത് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍പ് വടിവേലു കൊടുത്ത കേസിന്റെ അന്തിമവിധി സെപ്റ്റംബര്‍ 22-ന് വരാനിരിക്കെയാണ് ഈ ആക്രമണം എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു സംശയം ഉണ്ടായത്. എന്നാല്‍ ആക്രമികള്‍ അജിത്തിന്റെ ചിത്രമുള്ള വെള്ളവസ്ത്രം ധരിച്ചിരുന്നതും, അജിത്തിനുവേണ്ടി മുദ്രാവാക്യം വിളിച്ചതും അജിത്തിനെതിരേയും സംശയം ഉണ്ടാകാന്‍ വഴിയൊരുക്കി. എന്നാല്‍ ഈ സംഭവത്തിലുള്ള പങ്ക് അജിത്തിന്റെ മാനേജര്‍ പിന്നീട് നിഷേധിച്ചു. [3]
വിജയകാന്തിനെതിരേ പിന്നീട് വടിവേലു ഈ ആക്രമണങ്ങള്‍ നടത്തിയെന്നാരോപിച്ച് കേസ് കൊടുക്കുകയുണ്ടായി. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയകന്തിനെതിരേ മത്സരിക്കുമെന്നും വിജയകാന്തിനെ ഒരു പാഠം പഠിപ്പിക്കുമെന്നും വടിവേലു ഇതിനെത്തുടര്‍ന്ന് പ്രഖ്യാപിച്ചു. എന്നാല്‍ മറ്റുള്ളവരുടെ തെറ്റായ പ്രലോഭനങ്ങളില്‍പ്പെട്ടാണ് വടിവേലു ഇങ്ങിനെയൊക്കെ ചെയ്യുന്നതെന്നായിരുന്നു വിജയകാന്തിന്റെ പ്രതികരണം. അജിത്തിന് ഇക്കാര്യത്തിലുള്ള പങ്കിനെക്കുറിച്ച് പ്രതികരിക്കാന്‍ വിജയകാന്ത് തയ്യാറായില്ല [4].
തമിഴ്നാടിന്റെ ഭാവി മുഖ്യന്ത്രിക്കെതിരേ പ്രവര്‍ത്തിച്ചാല്‍ ഇനിയും തങ്ങള്‍ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചാണ് അന്ന് അക്രമികള്‍ മടങ്ങിയത്.