മോഘ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബംഗ്ലാദേശിലെ ചിറ്റഗോംഗ് കുന്നുകളിലെ ഉഷ്ണമേഖലാവനങ്ങളിൽ അധിവസിക്കുന്ന ആദിവാസിവർഗ്ഗമാണ് മോഘ്. 18-ആം നൂറ്റാണ്ടിൽ കൊള്ളക്കാരായിരുന്ന ഇവരെ മഗ് (mug) എന്ന വാക്കിനെ പരിഷ്കരിച്ച് ബ്രിട്ടീഷുകാരാണ് മോഘ് എന്ന പേരിട്ടത്. മേഖലയിലെ ആദിവാസികളിൽ ഏറ്റവും അംഗസംഖ്യയുള്ളത് ഇവർക്കാണ്. ചിറ്റഗോംഗ് കുന്നുകളീലെ മറ്റ് ആദിവാസികളേപ്പോലെ ഇവർ, കാട് വെട്ടിത്തെളിച്ച് കത്തിച്ചാണ് കൃഷിഭൂമി തയ്യാറാക്കുന്നത്. ജും എന്നാണ് ഇത്തരത്തിലുള്ള കൃഷിയിടങ്ങൾക്കു പറയുന്ന പേര്[1]

കൃഷിരീതി[തിരുത്തുക]

ഫെബ്രുവരി മാസത്തിൽ ഇവർ കാട് വെട്ടിത്തെളിക്കുന്നു. മാർച്ചിൽ ഈ പച്ചിലകൾ വെയിലേറ്റ് ഉണങ്ങുകയും ഏപ്രിൽ മാസം ആദ്യം ചവർ തീയിട്ട് ചാരം അവിടെത്തന്നെയിടുന്നു.

മേയ്മാസത്തോടെയാണ് ഇവിടെ വിത്ത് നടാൻ ആരംഭിക്കുന്നത്. നെല്ല്, കടുക്, പരുത്തി, വെള്ളരി തുടങ്ങിയവയുടെ വിത്തുകൾ ഒരുമിച്ച് കലർത്തി മണ്ണിൽ കുഴികളുണ്ടാക്കി ഓരോ കുഴിയിലും വിത്തിന്റെ മിശ്രിതം ഇവർ നടുന്നു. ജൂണിൽ മഴയെത്തുന്നതോടെ വിത്തുകൾ മുളക്കാൻ തുടങ്ങുന്നു.

ഒരു വിളവെടുപ്പ് കഴിഞ്ഞാൽ ഈ സ്ഥലം വീണ്ടും ഉപയോഗിക്കുക ബുദ്ധിമുട്ടയിരിക്കും. അതു കൊണ്ട് ഒരു വിളവിനു ശേഷം ഈ പ്രദേശം മൂന്നു മുതൽ പത്തു വർഷം വരെ ഉപയോഗിക്കാതെയിടുന്നു. വീണ്ടു കാടുപിടിക്കുന്ന ഈ സ്ഥലങ്ങളെ വെട്ടിക്കത്തിച്ച് പുനരുപയോഗിക്കുന്നു.

ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ മോഘുകളിലെ മുതിർന്നവർ തങ്ങളുടെ ഗ്രാം വിട്ട് കൃഷിസ്ഥലത്തിനടുത്തുള്ള മാടങ്ങളിൽ വസിച്ച് കൃഷിയിടത്തിലെ കളനീക്കം ചെയ്യുന്നതിലും മറ്റും വ്യാപൃതരാകുന്നു. വന്യമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് ഇവിടെ കാവൽമാടങ്ങൾ തീർത്തിട്ടുണ്ടാകും. ഉണക്കമീൻ, ചോറ്, മുളങ്കൂമ്പ് തുടങ്ങിയവ മാത്രമായിരിക്കും ഇക്കാലയളവിൽ ഇവരുടെ ഭക്ഷണം. കൊയ്ത്തുകഴിഞ്ഞ് ഗ്രാമത്തിൽ തിരിച്ചെത്തുന്ന വേള ഇവർ ഉത്സവമായി കൊണ്ടാടുന്നത്. തുടർന്ന് തണുപ്പുകാലത്ത് കുടൂംബാംഗങ്ങളെല്ലാം ഒരുമിച്ച് കഴിച്ചു കൂട്ടുന്നു[1].

കുട്ടികളും വിദ്യാഭ്യാസവും[തിരുത്തുക]

വേനൽക്കാലത്ത് മുതിർന്നവരുടെ സംരക്ഷണയിൽ നിന്നുമുള്ള അഭാവം, മോഘ് കുട്ടികളെ വളരെ പെട്ടെന്ന് സ്വതന്ത്രമായ കാര്യപ്രാപ്തിയുള്ളവരാക്കി മാറ്റുന്നു. അതുകൊണ്ടുതന്നെ ഏതാണ്ട് 4 വയസുമുതൽ തന്നെ ഈ കുട്ടികൾക്ക് പുകവലിക്കുന്ന ശീലവും ആരംഭിക്കുന്നു. കുറച്ചു മുതിർന്ന കുട്ടികൾ അടൂത്തുള്ള ബുദ്ധവിഹാരങ്ങളിൽ താമസിച്ച് പഠിക്കുന്നു. ഇവിടെ ഇവർക്ക് ബർമ്മ ഭാഷയും, ബുദ്ധപ്രാർത്ഥനകളും, കണക്ക് പോലെയുള്ള അടിസ്ഥാനവിഷയങ്ങളും പഠിപ്പിക്കുന്നു.

സന്യാസിമാരെ പോറ്റുന്നതിന് തക്കവണ്ണം സാമ്പത്തികസ്ഥിതിയുള്ള വലിയ ഗ്രാമങ്ങളിൽ മാത്രമേ ഇത്തരം വിഹാരങ്ങൾ ഉണ്ടായിരുന്നുള്ളൂ. ഈ വിഹാരങ്ങളിൽ ചുറ്റുവട്ടത്തുള്ള ചെറിയ ഗ്രാമങ്ങളിലെ കുട്ടികളും പഠിക്കാനെത്തിയിരുന്നു. ഈ പള്ളീക്കൂടങ്ങൾ ആൺകുട്ടികൾക്കുമാത്രമുള്ളതാണ്. പെൺകുട്ടികൾക്ക് പൊതുവേ വിദ്യാഭ്യാസം ലഭിക്കാറില്ല[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 HILL, JOHN (1963). "7- Pakistan". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 232. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മോഘ്&oldid=3091441" എന്ന താളിൽനിന്ന് ശേഖരിച്ചത്