പെന്തിക്കൊസ്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെന്തിക്കൊസ്തി
ആചരിക്കുന്നത് കത്തോലിക്ക സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, പ്രൊട്ടസ്‌റ്റന്റ് സഭകൾ
തരം ക്രിസ്ത്യൻ
പ്രാധാന്യം അപ്പോസ്തോലന്മാരിലും മറ്റ് ക്രിസ്തുശിഷ്യരിലും ആദ്യമായി പരിശുദ്ധാത്മാവിന്റെ ആവാസമുണ്ടായതിന്റെ അനുസ്മരണം.
ചടങ്ങുകൾ പ്രാർത്ഥന, ജാഗരണങ്ങൾ, ഉപവാസം, നൊവേനകൾ, ധ്യാനം, കുർബ്ബാന, ലുത്തിനിയ

യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം അപ്പോസ്തോലന്മാരിലും മറ്റ് ശിഷ്യരിലും പരിശുദ്ധാത്മാവിന്റെ ആവാസമുണ്ടായ പുതിയനിയമ സംഭവത്തെ അനുസ്മരിക്കുന്ന ക്രിസ്ത്യൻ വിശേഷദിനമാണ് പെന്തിക്കൊസ്തി (Pentecost). പെന്തെക്കൊസ്തെ (Greek: Πεντηκοστή , Pentēkostē) എന്ന ഗ്രീക്കു പദത്തിന്റെ അർത്ഥം അൻപതാം ദിനം എന്നാണ്. ഈസ്റ്റർ ഞായറാഴ്ചക്കു ശേഷം അൻപതാം ദിവസം പെന്തിക്കൊസ്തി ആഘോഷിക്കപ്പെടുന്നു.

പഴയനിയമ പശ്ചാത്തലം[തിരുത്തുക]

യഹൂദരുടെ വിളവെടുപ്പ് ഉത്സവമായ ഷാവൂത്ത്‌ പെരുന്നാൾ ഗ്രീക്കിൽ പെന്തിക്കൊസ്തി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. പെസഹായ്ക്കു അൻപതാം ദിവസം (49 ദിവസങ്ങൾ അഥവാ ഏഴ് ആഴ്ചകൾക്ക് ശേഷം) ആഘോഷിച്ചിരുന്നതിനാലാണ് അൻപതാം ദിനം എന്നർത്ഥമുള്ള പെന്തിക്കൊസ്തി എന്ന പേരു കൂടി ഷാവൂത്തിന് സിദ്ധിച്ചത്. സീനായി മലയിൽ വെച്ച് ദൈവം ന്യായപ്രമാണം നൽകിയതിന്റെ വാർഷിക അനുസ്മരണമായി യെഹൂദർ ഈ പെരുന്നാൾ ആചരിച്ചു വരുന്നു.

ക്രിസ്തുമതത്തിൽ[തിരുത്തുക]

ക്രിസ്തുമതത്തിൽ പെന്തിക്കൊസ്തിയുടെ പ്രാധാന്യം പുതിയ നിയമത്തിലെ അപ്പൊസ്തലന്മാരുടെ പ്രവൃത്തികളിലെ രണ്ടാം അദ്ധ്യായത്തിലെ വിവരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പെന്തക്കൊസ്തി(ഷാവൂത്ത്) നാളിൽ ഒരു മുറിയിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നതായ ക്രിസ്തുശിഷ്യരുടെ മേൽ പരിശുദ്ധാത്മാവ് ആവസിച്ചതായി ഇവിടെ പരാമർശിക്കപ്പെട്ടിരിക്കുന്നു:

പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്ത് നിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നി ജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കും പ്രത്യക്ഷമായി അവരിൽ ഒരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു. ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നു കൂടി, ഒരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി..[1]

ഗലീലക്കാരായ ക്രിസ്തുശിഷ്യർ വിവിധ ഭാഷകളിൽ സംസാരിക്കുന്നതു കേട്ട് സ്തബ്ദരായ ജനങ്ങളോട് ഇതു യോവേലിന്റെ പ്രവചന പൂർത്തീകരണമാണെന്നു പത്രോസ് വിശദീകരിക്കുന്നതും തുടർന്ന് മൂവായിരത്തോളം പേർ സ്നാനം എറ്റു ശിഷ്യസമൂഹത്തോടു ചേർന്നതായും നടപടി പുസ്തകത്തിൽ വിവരിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പെന്തിക്കൊസ്തി&oldid=1908983" എന്ന താളിൽനിന്നു ശേഖരിച്ചത്