പുലിമുട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശക്തികുളങ്ങരയിലെ പുലിമുട്ട്
തരംഗരോധി സഫെർതുറമുഖം

തുറമുഖങ്ങളെയും തുറമുഖ കവാടങ്ങളേയും തിരമാലകളിൽ നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ ചിറയാണ് തരംഗരോധി (പുലിമുട്ട്). ശക്തമായ തിരമാലകളിൽ നിന്ന് തീരത്തിനു സംരക്ഷണം നൽകുന്ന ദ്വീപുകളും മുനമ്പുകളുമാണ് നൈസർഗിക തരംഗരോധികൾ. പ്രത്യേക ആവശ്യത്തിലേക്കായി വിഭിന്ന ആകൃതിയിലും വലുപ്പത്തിലും മനുഷ്യർ കൃത്രിമമായും ഇവ നിർമിക്കാറുണ്ട്. തീരത്തോടു ബന്ധിപ്പിച്ചും അല്ലാതെയും ഇവ നിർമിക്കാൻ സാധിക്കും. ചില സ്ഥലങ്ങളിൽ കടലോരങ്ങളെ സംരക്ഷിക്കുവാനും തരംഗരോധികൾ നിർമിക്കാറുണ്ട്. പൊക്കം കുറഞ്ഞ ഭിത്തികളായാണ് മിക്കപ്പോഴും തരംഗരോധികൾ നിർമിക്കപ്പെടുന്നത്. കപ്പലുകൾക്കു കരയിലേക്കടുക്കുവാനുള്ള പ്രവേശന കവാടം തുറന്നിട്ടുകൊണ്ടാണ് ഇവ നിർമിക്കാറുള്ളത്. തരംഗരോധികളാൽ സംരക്ഷിതമായ ശാന്തമായ സമുദ്രഭാഗം കപ്പലുകൾക്ക് നങ്കൂരമിടുവാൻ അനുയോജ്യമാണ്. ചിലപ്പോൾ നിർമാണാവശ്യങ്ങൾക്കു വേണ്ടിയും ധാതുക്കളുടെയോ പ്രകൃതി വാതകത്തിന്റെയോ ഖനന സൗകര്യത്തിനു വേണ്ടിയും താത്ക്കാലിക തരംഗരോധികൾ നിർമിക്കുക പതിവാണ്.

കടലും പുഴയും സംഗമിക്കുന്ന സ്ഥാനങ്ങളായ അഴിമുഖങ്ങളിൽ ഇവ നിർമിക്കാറുണ്ട്. അഴിമുഖങ്ങളിൽ ജലത്തിന്റെ പ്രവാഹശക്തി കുറയുന്നതിനാൽ മണലും എക്കലും അടിഞ്ഞ് അഴിമുഖത്തിന്റെ ആഴം കുറയുന്നു. ഇത് വലിയ ബോട്ടുകളും മറ്റും അടുക്കുന്നതിനും സഞ്ചരിക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നു. പുഴയിലേക്കടിച്ചു കയറുന്ന തിരകളും ബോട്ടുകളടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് പുലിമുട്ടുകൾ നിർമ്മിച്ചിരിക്കുന്നത്.


നിർമാണരീതി[തിരുത്തുക]

പോർട്ട്‌ലാൻഡ് തുറമുഖത്തിൽ

കരിങ്കല്ല്, കോൺക്രീറ്റ് ഫലകങ്ങൾ, തടി എന്നിവ തുറമുഖത്തി ന്റെ അടിവാരത്തുള്ള കടൽത്തറയിൽ അട്ടിയിട്ട് ഉയർത്തിയാണ് സ്ഥിരമായ തരംഗരോധികൾ നിർമിക്കുന്നത്. വേലിയേറ്റ-ഇറക്ക ങ്ങൾ, കാറ്റ്, ജല പ്രവാഹങ്ങൾ, സമുദ്രത്തിന്റെ ആഴം, തിരമാലക ളുടെ ഘടന എന്നിവ തരംഗരോധികളുടെ ആകൃതിയും സ്ഥാനവും നിർണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. ചില തുറമുഖങ്ങളിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നയിനം തരംഗരോധികളും കാണാം. തടിയോ ഇരുമ്പുരുക്ക് ഫലകങ്ങളോ കൊണ്ട് നിർമിച്ചിരിക്കുന്ന ഇത്തരം തരംഗരോധികളെ ചങ്ങലയുപയോഗിച്ച് കടൽത്തറയുമായി ബന്ധിച്ചിരിക്കും. നാവിക പരിശീലനത്തിലും മത്സ്യബന്ധനത്തിലും ഏർപ്പെട്ടവർക്ക് മുന്നറിയിപ്പു നൽകുന്ന വിളക്കുകളും മൂടൽമഞ്ഞുവീഴ്ചയെ ഘോഷിക്കുന്ന ഫോഗ് ഹോൺ തുടങ്ങിയ നാവികോപാധികളും സാധാരണ തരംഗരോധികളിലാണ് ഘടിപ്പിക്കാറുള്ളത്.

അഴിമുഖത്തിന്റെ വീതി കുറച്ച് കടലിനുള്ളിലേക്ക് ഇരുവശത്തുകൂടിയും ചെറിയ കരിങ്കൽ തിട്ടകൾ കെട്ടുക എന്നതാണ് ഇതിനുപിന്നിലെ സാങ്കേതികത. വീതിയേറിയ സ്ഥലം പൊടുന്നനെ ഇടുങ്ങിയതാവുമ്പോൾ ഒഴുക്കിന്റെ ശക്തി വർദ്ധിക്കുകയും അടിത്തട്ടിലെ മർദ്ദം കുറയുകയും ചെയ്യുന്നു. ഈ രണ്ട് ഘടകങ്ങളും ചേർന്ന് അഴിമുഖത്തെ അടിഞ്ഞു കൂടിയ മണ്ണും മണലും കടലിലേക്കൊഴുക്കുന്നു. മണ്ണും മണലും ഇവിടങ്ങളിൽ തുടർന്ന് അടിയാതെ ഇത് തടയുകയും ചെയ്യുന്നു. കടലിലേക്ക് വീതി കുറഞ്ഞ് വരുന്നരീതിയിൽ ഈ കെട്ട് നിർമ്മിച്ചിരിക്കുന്നതിനാൽ തിരമാലകൾ പുഴയിലേക്ക് തള്ളിക്കയറുന്നതും തടയുന്നു. ഇവ ഹാർബറിന്റെ പ്രവർത്തനത്തെ സുഗമമാക്കും. ഇതു കൂടാതെ കടലിലേക്കിറക്കിക്കെട്ടുന്ന കൽക്കെട്ടിനിരുവശം ആഴം കുറഞ്ഞ ബീച്ചായി രൂപപ്പെടുകയും ചെയ്യുന്നു.

നിർമാണസ്ഥലം[തിരുത്തുക]

എൽമെർ തുറമുഖം യു. കെ.

കരയോടു ബന്ധപ്പെടുത്തിയും കരയിൽ നിന്ന് അകലത്തായും തരംഗരോധികൾ നിർമിക്കാറുണ്ട്. മിക്കവാറും എല്ലാ തരംഗരോധികളുടേയും ഒരു ഭാഗം തീരത്തിന് ഏകദേശം സമാന്തരമായിട്ടായിരിക്കും നിർമിക്കുക. ജെട്ടിയിൽ നിന്ന് തരംഗരോധികളെ വേർതിരിച്ചു നിർത്തുന്നതും ഇതേ ഘടകം തന്നെ. തീരത്തിനു ലംബമായാണ് മിക്കപ്പോഴും ജെട്ടികൾ നിർമിക്കുന്നത്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പുലിമുട്ട്&oldid=1747102" എന്ന താളിൽനിന്നു ശേഖരിച്ചത്