പുലികേശി രണ്ടാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ചാലൂക്യരാജാവായിരുന്നു പുലികേശി രണ്ടാമൻ. ഹർഷവർദ്ധനന്റെ ദക്ഷിണേന്ത്യയിലേക്കുള്ള ആക്രമണങ്ങൾ തടഞ്ഞതും[1], കാഞ്ചീപുരത്തെ പല്ലവരെ പരാജയപ്പെടുത്തിയതും[1] ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി കണക്കാക്കുന്നു.

ജീവചരിത്രം[തിരുത്തുക]

പുലികേശിയുടെ സദസിലെ കവിയായിരുന്ന രവികീർത്തിയുടെ പ്രശസ്തിരചനകൾ പുലികേശി രണ്ടാമന്റെ നാല്‌ പൂർവ്വപരമ്പരകളെ വിശദീകരിക്കുന്നു. തന്റെ അമ്മാവനിൽ നിന്നാണ്‌ പുലികേശിക്ക് രാജ്യാധികാരം ലഭിച്ചത്. രവികീർത്തിയുടെ രചനകളനുസരിച്ച് പുലികേശി ഹർഷന്റെ മുന്നേറ്റം തടയുന്നതിനു പുറമേ കിഴക്കും പടിഞ്ഞാറുമുള്ള തീരപ്രദേശങ്ങൾ വരെ സൈനികമുന്നേറ്റം സംഘടിപ്പിച്ചു. ഹർഷൻ പരാജയത്തിനു ശേഷം ഹർഷൻ (സന്തോഷവാൻ) ആയിരുന്നില്ലെന്നും രവികീർത്തി കൂട്ടിച്ചേർക്കുന്നു[1].

കാഞ്ചിയിലെ സമൃദ്ധിയെക്കുറിച്ച് അറിഞ്ഞ പുലികേശി രണ്ടാമൻ പല്ലവരാജാവായ മഹേന്ദ്രവർമ്മനെ ആക്രമിച്ച് (പുല്ലലൂർ എന്ന സ്ഥലത്തുവെച്ച്, ക്രി.വ. 620-ഇൽ) യുദ്ധത്തിൽ തോല്പ്പിച്ചു. പല്ലവർക്കു നേരെയുള്ള ആക്രമണവേളയിൽ പല്ലവരാജാവ് പുലികേശിയെ ഭയന്ന് കാഞ്ചീപുരത്തെ കോട്ടയിൽ ഒളിച്ചു എന്നും രവികീർത്തി സൂചിപ്പിക്കുന്നുണ്ട്[1]. ഈ പരാജയത്തിനു പകരം വീട്ടുവാനുള്ള മഹേന്ദ്രവർമ്മന്റെ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. യുദ്ധത്തോൽ‌വി ഏല്പ്പിച്ച ആഖാതം മഹേന്ദ്രവർമ്മന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. മഹേന്ദ്രവർമ്മൻ ക്രി.വ. 630-ൽ അന്തരിച്ചു.

മഹേന്ദ്രവർമ്മന്റെ മകനായ നരസിംഹവർമ്മൻ സൈനിക ശക്തി വർദ്ധിപ്പിച്ചു. മണിമംഗലം, പരിയാലം എന്നീ സ്ഥലങ്ങളിൽ വെച്ച് നടന്ന യുദ്ധത്തിൽ നരസിംഹവർമ്മൻ പുലികേശി രണ്ടാമനെ തോല്പ്പിച്ചു. ചാലൂക്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ബദാമി നരസിംഹവർമ്മൻ ചുട്ടെരിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "CHAPTER 11 - NEW EMPIRES AND KINGDOMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 115–117. ഐ.എസ്.ബി.എൻ. 8174504931. 
"http://ml.wikipedia.org/w/index.php?title=പുലികേശി_രണ്ടാമൻ&oldid=1688431" എന്ന താളിൽനിന്നു ശേഖരിച്ചത്