പാസ്കലിന്റെ പന്തയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാസ്കലിന്റെ പന്തയം
വിശ്വസിക്കുന്നതാണ് ബുദ്ധി എന്നു വാദിച്ച പാസ്കല്‍
പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച്‌ ചിന്തകന്‍
പൂര്‍ണ്ണനാമം ബ്ലെയിസ് പാസ്കല്‍
School/tradition യൂറോപ്യന്‍ തത്വചിന്ത
Main interests ദൈവശാസ്ത്രം, ഗണിതശാസ്ത്രം

ദൈവാസ്തിത്ത്വം ഉറപ്പുപറയുക വയ്യെങ്കിലും, വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയില്‍ വിശ്വാസമാണ് ബുദ്ധിപൂര്‍വമായ തിരഞ്ഞെടുപ്പ് എന്ന് തെളിയിക്കാന്‍ പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിന്തകനും ശാസ്ത്രജ്ഞനും ആയിരുന്ന ബ്ലെയിസ് പാസ്കല്‍ (1623-1662) അവതരിപ്പിച്ച വാദമാണ് പാസ്കലിന്റെ പന്തയം(Pascal's Wager)എന്ന പേരില്‍ അറിയപ്പെടുന്നത്.

ഉള്ളടക്കം

[തിരുത്തുക] പശ്ചാത്തലം

പ്രപഞ്ചത്തിന്റെ അനന്തവിശാലതയില്‍ മനുഷ്യന്റെ ഒന്നുമില്ലായ്മയെക്കുറിച്ചും മനുഷ്യബുദ്ധിയുടെ പരിമിതിയെക്കുറിച്ചുമുള്ള ചിന്ത പാസ്കലിനെ വല്ലാതെ അലട്ടിയിരുന്നു. യുക്തിയനുസരിച്ച് ദൈവാസ്ഥിത്വം തെളിയിക്കാനാകുമെന്ന് അദ്ദേഹം കരുതിയില്ല. പകരം, നിത്യതയിലെ ശ്രേയസ് ലക്‌ഷ്യം വച്ച് ബുദ്ധിപരമായ തീരുമാനമെടുക്കുകയാണ് മനുഷ്യര്‍ ചെയ്യേണ്ടതെന്നാണ് 'പാസ്കലിന്റെ പന്തയം' വാദിക്കുന്നത്. പാസ്കല്‍ ഈ വാദം അവതരിപ്പിച്ചത് പെന്‍സീസ് (Pensees) എന്ന് കൃതിയിലാണ്. ക്രിസ്തുമതത്തിന്റെ വിശ്വാസസംഹിതയെ സാധൂകരിക്കാനുള്ള ശ്രമമായിരുന്നു ആ കൃതി. മരണാനന്തരവിധിയെക്കുറിച്ചുള്ള പരമ്പരാഗത ക്രൈസ്തവബോദ്ധ്യങ്ങളാണ് പന്തയത്തിന്റെ പശ്ചാത്തലം. യാഥാസ്ഥിതികമായ ക്രൈസ്തവവിശ്വാസമനുസരിച്ച് മനണാനന്തരം വിശ്വാസികളെ സ്വര്‍ഗ്ഗത്തിലെ നിത്യതയോളമുള്ള സൗഭാഗ്യവും അവിശ്വാസികളെ നരകത്തിലെ നിത്യദുരിതവും കാത്തിരിക്കുന്നു.

[തിരുത്തുക] വിശദീകരണം

ദൈവം ഇല്ലെങ്കില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും മരണാനന്തരം ഇല്ലായ്മയെന്ന ഒരേ വിധിയാണ് പ്രതീക്ഷിക്കാവുന്നതെങ്കിലും ദൈവം ഉണ്ടെങ്കില്‍, വിശ്വാസികളായിരുന്നവര്‍ക്ക് അനന്തകാലത്തോളമുള്ള സൗഭാഗ്യവും അവിശ്വാസികള്‍ക്ക് അനന്തകാലത്തേക്കുള്ള ദുരിതവും ലഭിക്കും. ഇത്, വിശ്വസിക്കാന്‍ മതിയായ ന്യായമാണെന്ന് പാസ്കല്‍ കരുതി. കാരണം, വിശ്വാസിക്ക് അയാളുടെ വിശ്വാസം അടിസ്ഥാനമില്ലാത്തതാണെങ്കിലും പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ല; എന്നാല്‍ അവിശ്വാസിയുടെ അവിശ്വാസം തെറ്റായിരുന്നെന്നു വന്നാല്‍ അതിലെ അപകടവും നഷ്ടവും വളരെ വലുതാണ്. പെന്‍സീസ് എന്ന് കൃതിയില്‍ പാസ്കല്‍ ഇങ്ങനെ എഴുതി:-

ദൈവം ഉണ്ട്, അല്ലെങ്കില്‍ ഇല്ല. പക്ഷേ നാം ഏത് പക്ഷമാണ് പിടിക്കേണ്ടത്? യുക്തിക്ക് ഇവിടെ ഒരു തീരുമാനവും എടുക്കാനാവില്ല. കാരണം നമുക്കുമുന്‍പില്‍ അന്തമില്ലായ്മയാണ്. അനന്തമായ ആ ദൂരത്തിന്റെ അങ്ങേത്തലക്കലെവിടെയോ ഒരു കളിയിലെ ഏറില്‍ തലയോ വാലോ വീഴുക എന്നു നിശ്ചയമില്ല. തെരഞ്ഞെടുക്കുന്നതില്‍ നിന്ന് ആര്‍ക്കും ഒഴിവില്ല. നിങ്ങള്‍ക്ക് നഷ്ടപ്പെടാവുന്നതായി രണ്ട് കാര്യങ്ങളുണ്ട്: സത്യമായതും, നല്ലതും. രണ്ട് കാര്യങ്ങള്‍ പന്തയത്തിലണ്ട്: നിങ്ങളുടെ അറിവും നിങ്ങളുടെ നന്മയും. നിങ്ങളുടെ പ്രകൃതിക്ക് രണ്ടു കാര്യങ്ങളെ ഭയപ്പെടാനുണ്ട്: അബദ്ധവും ദുരിതവും. നിര്‍ബ്ബന്ധത്തിന് വഴങ്ങിയുള്ള തെരെഞ്ഞെടുപ്പായതിനാല്‍, ഏതു തെരഞ്ഞെടുത്താലും നിങ്ങളുടെ യുക്തിയുടെ ഉലച്ചില്‍ ഒരുപോലെയായിരിക്കും. അതുകൊണ്ട് നമുക്ക് ദൈവത്തിന്റെ പക്ഷത്ത് പന്തയംകെട്ടുന്നതിലെ ലാഭനഷ്ടങ്ങള്‍ കണക്കിലെടുക്കാം: പന്തയം ജയിച്ചാല്‍ നിങ്ങള്‍ എല്ലാം നേടുന്നു. തോറ്റാലോ, ഒന്നും നഷ്ടപ്പെടുന്നില്ല. അതിനാല്‍, ഒട്ടും സംശയിക്കാതെ, ദൈവമുണ്ടെന്ന് തന്നെ വാതുവക്കുക.[1]

[തിരുത്തുക] വിലയിരുത്തല്‍, വിമര്‍ശനം

ദൈവവിശ്വാസത്തെ ന്യായീകരിക്കുന്നതിന് പരമ്പരാഗതമായി ഉന്നയിക്കപ്പെട്ടിരുന്ന വാദങ്ങളൊക്കെ, യുക്തി ഉപയോഗിച്ച് ദൈവാസ്തിത്വം തെളിയിക്കാനാണ് ശ്രമിച്ചത്. കാന്റര്‍ബറിയിലെ അന്‍സെല്മിന്റെ ഓണ്ടൊളോജിക്കല്‍ ‍വാദവും , തോമസ് അക്വീനാസിന്റെ പ്രഖ്യാതമായ അഞ്ചു തെളിവുകളും ഒക്കെ ഈ വിഭാഗത്തില്‍ പെടും. [2]എന്നാല്‍ മനുഷ്യയുക്തി ഇക്കാര്യത്തില്‍ അസമര്‍ഥമാണെന്ന് കരുതിയ പാസ്കല്‍, ദൈവാസ്തിത്വം ഉറപ്പില്ലാത്തപ്പോഴും, ദൈവത്തില്‍ വിശ്വസിക്കുന്നതിനുള്ള ന്യായീകരണമാണ് അവതരിപ്പിച്ചത്. അതനുസരിച്ച്, വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയില്‍, മനുഷ്യര്‍ അവര്‍ക്ക് ഏറ്റവും ഗുണകരവും അപകടരഹിതവും ആയത് തെരഞ്ഞെടുക്കണം. ദൈവവിശ്വാസത്തെ പിന്തുണച്ച് അവതരിക്കപ്പെട്ട വാദങ്ങളില്‍ ഏറ്റവും ശക്തമായതെന്ന് പാസ്കല്‍ ഇതിനെ കരുതിയതായി പറയപ്പെടുന്നു. "ഇത് അന്തിമമാണ്. മനുഷ്യന് ഏതെങ്കിലും സത്യം ഗ്രഹിക്കാന്‍ കഴിയുമെങ്കില്‍ അതിതാണ്" എന്ന് തന്റെ വാദത്തിന്റെ സമാപനത്തില്‍ അദ്ദേഹം എഴുതുകപോലും ചെയ്തു. എങ്കിലും, ദൈവവിശ്വാസത്തെ പിന്തുണക്കുന്ന വാദങ്ങളില്‍ ഇതാണ് ഏറ്റവും ദുര്‍ബ്ബലമെന്ന് കരുതുന്നവരാണ് തത്വചിന്തകന്മാരില്‍ അധികം‌പേരും. [3] പാസ്കലിന്റെ പന്തയത്തിനെതിരായി സാധാരണ ഉന്നയിക്കപ്പെടാറുള്ള വാദങ്ങളില്‍ ചിലത് ഇവയാണ്:-


[തിരുത്തുക] വിശ്വാസം തെരഞ്ഞെടുപ്പല്ല

വിശ്വാസത്തിലേക്കുള്ള വഴി തെരഞ്ഞെടുപ്പിലൂടെയല്ല എന്നാണ് 'പന്തയത്തിനെതിരായി' ഉന്നയിക്കപ്പെട്ടിട്ടുള്ള ഒരു മുഖ്യവാദം. ഉദാഹരണത്തിന് ആകാശത്തിന്റെ നിറം പച്ചയാണെന്ന് ആത്മാര്‍ഥമായി വിശ്വസിക്കാന്‍, ആ വിശ്വാസം പ്രയോജനകരമാണെന്നു വന്നാലും സാധ്യമല്ല. വിശ്വാസത്തിനു ബോദ്ധ്യം ആവശ്യമാണ്.[4]

[തിരുത്തുക] പല ദൈവങ്ങളുടെ പ്രശ്നം

പ്രയോജനം കണക്കാക്കി, ബോദ്ധ്യം ഇല്ലാതെയാണെങ്കിലും വിശ്വസിക്കാന്‍ തീരുമാനിച്ചാലും ഏതു മതത്തിന്റെ വിശ്വാസമാണ് സ്വീകരിക്കുക എന്ന പ്രശ്നം അവശേഷിക്കുന്നു. ക്രൈസ്തവ വിശ്വാസമാണ് ശരി എന്ന സങ്കലപത്തിലാണ് പാസ്കല്‍ പന്തയം വക്കുന്നത്. പക്ഷേ അതിനും ഉറപ്പില്ല. ദൈവം ഉണ്ടെങ്കിലും, വിശ്വസിക്കുന്നത് ശരിയായ ദൈവത്തിലല്ലെങ്കില്‍ വിശ്വസിക്കുന്നതുകൊണ്ട് പ്രയോജനം ഇല്ലാതെ വരാം.[5]


[തിരുത്തുക] പ്രയോജനം നോക്കി വിശ്വസിക്കുന്നത് അധാര്‍മ്മികം

ബോദ്ധ്യമില്ലാതെ പ്രയോജനം മാത്രം നോക്കി വിശ്വസിക്കുന്നത് അധാര്‍മ്മികമാണെന്നും ദൈവം ഉണ്ടെങ്കിലും അത്തരം വിശ്വാസം ദൈവത്തെ പ്രീതിപ്പെടുത്തുമെന്നോ അതിന് മരണാനന്തരം പ്രതിഫലം ലഭിക്കുമെന്നോ വിശ്വസിക്കുക ബുദ്ധിമുട്ടാണെന്നും വാദിക്കപ്പെട്ടിട്ടുണ്ട്. ബോദ്ധ്യമില്ലാതിരിക്കുമ്പോള്‍ വിശ്വസിക്കാതിരിക്കുന്നതാണ് ദൈവത്തിനിഷ്ടം എന്നു വരാം. അങ്ങനെയെങ്കില്‍, ദൈവം ഉണ്ടെങ്കില്‍ മരണനന്തരം അവിശ്വാസിയെ സമ്മാനിച്ചു കൂടെന്നില്ല.[6]

[തിരുത്തുക] ആധാരസൂചിക

  1. Pensees - Sectopm-III - of the Necessity of the Wager - http://oregonstate.edu/instruct/phl201/modules/Philosophers/Pascal/pascal_pensees_III.html
  2. Pascal's Wager - Stanford Encyclopedia of Philosophy
  3. Argument from Pascal's Wager - Peter Kreeft http://www.peterkreeft.com/topics/pascals-wager.htm
  4. Pascal's Wager - Internet Eycyclopedia of Philosophy
  5. Philosophy of Religion - Pascal's Wager - http://philosophyofreligion.info/?page_id=8
  6. Gambling on God - Essays on Pascal's Wager Edited by Jeff Jordan - Philip L Quinn - Moral Objections to Pascalian Wagering
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം