ഥാര്‍ മരുഭൂമി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തു കിടക്കുന്ന വിശാലമായ വരണ്ട ഭൂമേഖലയാണ് ഥാര്‍ മരുഭൂമി (ഹിന്ദി: थार मरुस्थल). ഗ്രേറ്റ് ഇന്ത്യന്‍ ഡിസര്‍ട്ട് എന്നും അറിയപ്പെടുന്നു. രണ്ടു ലക്ഷം ചതുരശ്രകിലോമീറ്ററിലധികം വിസ്തൃതിയുള്ള[1] ഈ മരുഭൂമി വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ 18-ആം സ്ഥാനത്താണ്. ഇതിന്റെ ഭൂരിഭാഗവും ഇന്ത്യയിലെ സംസ്ഥാനമായ രാജസ്ഥാനിലാണ്. ഇതിനു പുറമേ പഞ്ചാബ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളുടെ തെക്കുഭാഗത്തേക്കും ഗുജറാത്തിന്റെ വടക്കുഭാഗത്തേക്കും പാകിസ്താനിലെ കിഴക്കന്‍ സിന്ധ് പ്രവിശ്യയിലേക്കും, തെക്കുകിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലേക്കും വ്യാപിച്ചു കിടക്കുന്നു.
വടക്കുപടിഞ്ഞാറു ഭാഗത്ത് സത്‌ലജ് നദിയും, കിഴക്കുവശത്ത് ആരവല്ലി മലനിരകളും, തെക്കുഭാഗത്ത് റാന്‍ ഓഫ് കച്ചും, പടിഞ്ഞാറുഭാഗത്ത് സിന്ധു നദിയുമാണ് ഥാര്‍ മരുഭൂമിയുടെ അതിര്‍ത്തികള്‍.
ഥാര്‍ മരുഭൂമി വളരെ വരണ്ടതും പാറക്കല്ലുകളും വന്‍ മണല്‍ക്കൂനകളും നിറഞ്ഞതാണ്. ഇവിടെ രൂപം കൊള്ളുന്ന മണല്‍ക്കൂനകള്‍ക്ക് 150 മീറ്ററിലേറെ ഉയരമുണ്ടാകാറുണ്ട്. 25 സെന്റീമീറ്റര്‍ മഴ മാത്രമേ വര്‍ഷത്തില്‍ ഇവിടെ ലഭിക്കുന്നുള്ളൂ[2]. തണുപ്പുകാലത്ത് 5-10°C മുതല്‍ വേനല്‍ക്കാലത്ത് 50°C വരെയാണ് ഇവിടത്തെ താപനില[1].
വളരെ ചെറിയ രീതിയിലുള്ള കൃഷി മാത്രമേ ഈ മേഖലയില്‍ സാധ്യമാകുകയുള്ളൂ. അല്പം നനവുള്ള പ്രദേശങ്ങളില്‍ ബജ്ര പോലുള്ള ഉണക്കധാന്യങ്ങള്‍ കൃഷി ചെയ്യുന്നു. ഇതിനു പുറമേ മിക്ക കര്‍ഷകരും ആടുമേയ്ക്കലിനേയും ഒരു പ്രധാന വരുമാനമാര്‍ഗ്ഗമാക്കുന്നു[2].
ഈ പ്രദേശത്തെ ഒരു പ്രധാനപ്പെട്ട ഉല്പ്പന്നമാണ് പച്‌ഭദ്ര തടാകത്തില്‍ നിന്നുള്ള ഉപ്പ്. റാന്‍ ഓഫ് കച്ച്-ല്‍ നിന്നും കാറ്റ് വഴിയാണ് ഉപ്പ് ഇവിടേക്കെത്തുന്നതെന്നാണ് കരുതപ്പെടുന്നത്. ഈ ഉപ്പ് കടത്തുന്നതിന് ഒരു റെയില്‍വേയും ഇവിടെയുണ്ട്. ഥാര്‍ മരുഭൂമിയിലെ പ്രധാനപ്പെട്ട പട്ടണങ്ങള്‍ ജോധ്പൂരും ബിക്കാനെറുമാണ്. ഒട്ടകം ഇവിടങ്ങളിലെ പ്രധാനപ്പെട്ട ഒരു വാഹനമാണ്[2].