തരംഗരോധി
തുറമുഖങ്ങളെയും തുറമുഖ കവാടങ്ങളേയും തിരമാലകളിൽ നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ ചിറയാണ് തരംഗരോധി. ശക്തമായ തിരമാലകളിൽ നിന്ന് തീരത്തിനു സംരക്ഷണം നൽകുന്ന ദ്വീപുകളും മുനമ്പുകളുമാണ് നൈസർഗിക തരംഗരോധികൾ. പ്രത്യേക ആവശ്യത്തിലേക്കായി വിഭിന്ന ആകൃതിയിലും വലുപ്പത്തിലും മനുഷ്യർ നിർമിക്കുന്നവയാണ് കൃത്രിമ തരംഗരോധികൾ. തീരത്തോടു ബന്ധിപ്പിച്ചും അല്ലാതെയും കൃത്രിമ തരംഗരോധികൾ നിർമിക്കാൻ സാധിക്കും. ചില സ്ഥലങ്ങളിൽ കടലോരങ്ങളെ സംരക്ഷിക്കുവാനും തരംഗരോധികൾ നിർമിക്കാറുണ്ട്. പൊക്കം കുറഞ്ഞ ഭിത്തികളായാണ് മിക്കപ്പോഴും തരംഗരോധികൾ നിർമിക്കപ്പെടുന്നത്. കപ്പലുകൾക്കു കരയിലേക്കടുക്കുവാനുള്ള പ്രവേശന കവാടം തുറന്നിട്ടുകൊണ്ടാണ് ഇവ നിർമിക്കാറുള്ളത്. തരംഗരോധികളാൽ സംരക്ഷിതമായ ശാന്തമായ സമുദ്രഭാഗം കപ്പലുകൾക്ക് നങ്കൂരമിടുവാൻ അനുയോജ്യമാണ്. ചിലപ്പോൾ നിർമാണാവശ്യങ്ങൾക്കു വേണ്ടിയും ധാതുക്കളുടെയോ പ്രകൃതി വാതകത്തിന്റെയോ ഖനന സൗകര്യത്തിനു വേണ്ടിയും താത്ക്കാലിക തരംഗരോധികൾ നിർമിക്കുക പതിവാണ്.
ഉള്ളടക്കം |
[തിരുത്തുക] നിർമാണരീതി
കരിങ്കല്ല്, കോൺക്രീറ്റ് ഫലകങ്ങൾ, തടി എന്നിവ തുറമുഖത്തി ന്റെ അടിവാരത്തുള്ള കടൽത്തറയിൽ അട്ടിയിട്ട് ഉയർത്തിയാണ് സ്ഥിരമായ തരംഗരോധികൾ നിർമിക്കുന്നത്. വേലിയേറ്റ-ഇറക്ക ങ്ങൾ, കാറ്റ്, ജല പ്രവാഹങ്ങൾ, സമുദ്രത്തിന്റെ ആഴം, തിരമാലക ളുടെ ഘടന എന്നിവ തരംഗരോധികളുടെ ആകൃതിയും സ്ഥാനവും നിർണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. ചില തുറമുഖങ്ങളിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നയിനം തരംഗരോധികളും കാണാം. തടിയോ ഇരുമ്പുരുക്ക് ഫലകങ്ങളോ കൊണ്ട് നിർമിച്ചിരിക്കുന്ന ഇത്തരം തരംഗരോധികളെ ചങ്ങലയുപയോഗിച്ച് കടൽത്തറയുമായി ബന്ധിച്ചിരിക്കും. നാവിക പരിശീലനത്തിലും മത്സ്യബന്ധനത്തിലും ഏർപ്പെട്ടവർക്ക് മുന്നറിയിപ്പു നൽകുന്ന വിളക്കുകളും മൂടൽമഞ്ഞുവീഴ്ചയെ ഘോഷിക്കുന്ന ഫോഗ് ഹോൺ തുടങ്ങിയ നാവികോപാധികളും സാധാരണ തരംഗരോധികളിലാണ് ഘടിപ്പിക്കാറുള്ളത്.
[തിരുത്തുക] നിർമാണസ്ഥലം
കരയോടു ബന്ധപ്പെടുത്തിയും കരയിൽ നിന്ന് അകലത്തായും തരംഗരോധികൾ നിർമിക്കാറുണ്ട്. മിക്കവാറും എല്ലാ തരംഗരോധികളുടേയും ഒരു ഭാഗം തീരത്തിന് ഏകദേശം സമാന്തരമായിട്ടായിരിക്കും നിർമിക്കുക. ജെട്ടിയിൽ നിന്ന് തരംഗരോധികളെ വേർതിരിച്ചു നിർത്തുന്നതും ഇതേ ഘടകം തന്നെ. തീരത്തിനു ലംബമായാണ് മിക്കപ്പോഴും ജെട്ടികൾ നിർമിക്കുന്നത്.
യു.എസ്സിലെ മിക്കവാറും എല്ലാ തരംഗരോധികളും ചരൽക്കൂനയുടെ ആകൃതിയിലുള്ളവയാണ്. മണ്ണോ ചെറു പാറക്കഷണങ്ങളോകൊണ്ടു നിർമിതമായിരിക്കുന്ന അതാര്യമായ ഒരു ആന്തരിക ഭാഗം ഉണ്ടായിരിക്കുക ഇത്തരം തരംഗരോധികളുടെ പ്രത്യേകതയാണ്. ഇവയുടെ ചരിഞ്ഞ വശങ്ങൾ വലിയ പാറക്കഷണങ്ങളോ പ്രത്യേക ആകൃതിയിലുള്ള കോൺക്രീറ്റ് ഖണ്ഡങ്ങളോ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇങ്ങനെ നിർമിച്ചിരിക്കുന്ന കോൺക്രീറ്റ് ഖണ്ഡങ്ങളിൽ ഏറ്റവും പ്രചാരമേറിയത് നാൽക്കാലി ആകൃതിയിലുള്ളവയാണ്. കൈസൺസ് (caissons) എന്നറിയപ്പെടുന്ന അകം പൊള്ളയായ ഒരു പ്രത്യേക തരം കോൺക്രീറ്റ് പെട്ടികളിൽ കല്ലോ അതുപോലെ ദൃഢതയുള്ള മറ്റേതെങ്കിലും പദാർഥമോ നിറച്ചും തരംഗരോധികൾ സൃഷ്ടിക്കാറുണ്ട്. പഞ്ചമഹാതടാകങ്ങളിൽ ഉപയോഗിക്കുന്ന തരംഗരോധികൾ മിക്കവാറും ഇത്തരത്തിലുള്ളവയാണ്.
[തിരുത്തുക] കോൺക്രീറ്റ് തരംഗരോധികൾ
ലംബാകൃതിയിലുള്ള വൻ കോൺക്രീറ്റ് ഖണ്ഡങ്ങൾ ഉപയോഗിച്ചാണ് യൂറോപ്പിന്റെ പല ഭാഗങ്ങളിലും തരംഗരോധികൾ നിർമിക്കുന്നത്. നൂറുകണക്കിന് ടൺ ഭാരമുള്ളവയാണ് ഇത്തരം കോൺക്രീറ്റ് ഖണ്ഡങ്ങൾ. ഈ തരംഗരോധികളുടെ സംരക്ഷിത വശത്ത് കപ്പലുകൾക്ക് നങ്കൂരമിടുവാനും ചരക്കുകൾ ഇറക്കുവാനും സൗകര്യമുണ്ടായിരിക്കും.
ഡെലവേർ ഉൾക്കടൽ, ഷിക്കാഗോ, ന്യൂയോർക്ക് തുടങ്ങിയ തുറമുഖങ്ങളിലുള്ള തരംഗരോധികൾ ഏറെ വലുപ്പമുള്ളവയാണ്. ലോകത്തിലെ ഏറ്റവും വലുപ്പമേറിയ തരംഗരോധികൾ ഫ്രാൻസിലെ ചേർബോഗ്, ഇംഗ്ലണ്ടിലെ പിളിമത്ത്, ചിലിയിലെ വാൽപറൈസോ (Valparaiso) എന്നിവയാണ്. രണ്ടാം ലോകയുദ്ധത്തിലെ നോർമൻഡീ ആക്രമണകാലത്ത് സഖ്യകക്ഷികൾ ധാരാളം കപ്പലുകളെ കടലിൽ മുക്കി കൃത്രിമ തരംഗരോധികൾ നിർമിച്ചിരുന്നു. പുരാതന ഗ്രീക്കുകാരും റോമാക്കാരുമാണ് ആദ്യമായി തരംഗരോധികൾ നിർമിച്ചത്. ഇന്ന് ലോകത്തുടനീളം ഇവയുടെ പ്രയോജനം പ്രചരിച്ചു കഴിഞ്ഞിരിക്കുന്നു.
[തിരുത്തുക] പുറംകണ്ണികൾ
- http://www.fao.org/docrep/013/i1883e/i1883e07.pdf
- http://www.onepetro.org/mslib/servlet/onepetropreview?id=OTC-1454-MS
- http://www.ipenz.org.nz/ipenz/publications/transactions/transactions98/civil/4palmer.pdf
- http://www.ipenz.org.nz/ipenz/publications/transactions/transactions98/civil/4palmer.pdf
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തരംഗരോധി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |