ടാങ്ക്‌വേധ നായ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടിണിയാല്‍ പൊറുതിമുട്ടിക്കപ്പെട്ട്, ശത്രു ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും കീഴെനിന്ന് ഭക്ഷണം തേടാന്‍ പരിശീലിക്കപ്പെട്ട, സ്ഫോടകവസ്തുക്കള്‍ കെട്ടിവച്ച നായ്ക്കളെയാണ് ടാങ്ക്‌വേധ നായ്ക്കള്‍ അഥവാ നായ മൈനുകള്‍ എന്ന് പറയുന്നത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് സോവ്യറ്റ് യൂണിയന്‍, ജര്‍മന്‍ ടാങ്കുകള്‍ക്കുനേരെയാണ് പ്രധാനമായും ഈ ആയുധപ്രയോഗം നടത്തിയത്.
ഉള്ളടക്കം |
[തിരുത്തുക] പരിശീലനവും പ്രയോഗവും
പട്ടിണിക്കിട്ട നായ്ക്കളെ ടാങ്കിനു കീഴില്‍ ഭക്ഷണം തേടാന്‍ പരിശീലിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. പാര്‍ക്കു ചെയ്തിരിക്കുന്ന ടാങ്കിനു കീഴില്‍നിന്നു ഭക്ഷണം കിട്ടുമെന്ന് നായ്ക്കള്‍ പെട്ടെന്നുതന്നെ മനസ്സിലാക്കിയെടുക്കുന്നു. പരിശീലനം സിദ്ധിച്ച നായ്ക്കളുടെമേല്‍ സ്ഫോടകവസ്തുക്കളും തടികൊണ്ടുള്ള ഒരു ദണ്ഡും ഘടിപ്പിക്കുന്നു. എന്നിട്ട് നായ്ക്കളെ ജര്‍മന്‍ ടാങ്കുകള്‍ ആക്രമിച്ചു മുന്നേറുന്ന യുദ്ധക്കളത്തിലേയ്ക്ക് തുറന്നുവിടുന്നു. നായ ടാങ്കിനെ സമീപിക്കുമ്പോള്‍ തടികൊണ്ടുള്ള ഒരു ദണ്ഡ് ടാങ്കില്‍തട്ടിനീങ്ങുകയും സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയും ചെയ്യും. ടാങ്കിന്റെ കവചം ഏറ്റം ദുര്‍ബലമായ അടിഭാഗത്ത് പൊട്ടിത്തെറി ഉണ്ടാകുന്നതിനാല്‍ ടാങ്ക് പ്രവര്‍ത്തനരഹിതമാവുമയും ചെയ്യുന്നു.
[തിരുത്തുക] കാര്യക്ഷമത
രണ്ടാം ലോകമഹായുദ്ധകാലത്ത് ടാങ്ക്‌വേധ നായ്ക്കള്‍ അത്ര ഫലപ്രദമായ ഒരു ആക്രമണമാര്‍ഗ്ഗമായിരുന്നില്ല. Hundeminen എന്നു ജര്‍മന്‍കാര്‍ വിളിച്ചിരുന്ന ഈ നായ്ക്കള്‍ സോവിയറ്റ് ടാങ്കുകള്‍ ഉപയോഗിച്ചു പരിശീലിക്കപ്പെട്ടവയായിരുന്നു. അവ പലപ്പോഴും യുദ്ധക്കളത്തില്‍ തിരിഞ്ഞ് സോവിയറ്റ് സൈന്യത്തെ ആക്രമിച്ചിരുന്നു. മറ്റവസരങ്ങളിലാകട്ടെ, ഇവ എന്‍ജിന്റെ ശബ്ദം കേട്ട് പിന്തിരിഞ്ഞോടുകയും ചെയ്യുമായിരുന്നു. എന്നിരുന്നാലും, ഈ നായ്ക്കള്‍ ഏതാണ്ട് മുന്നൂറോളം ജര്‍മന്‍ ടാങ്കുകളെ പ്രവര്‍ത്തനരഹിതമാക്കുന്നതില്‍ വിജയിച്ചിരുന്നു. നാസി മുന്നേറ്റത്തിന് ഇവ കാര്യമായ തടസ്സംതന്നെ വരുത്തുകയും ഇവയെ പ്രത്യേകമാം വണ്ണം പ്രതിരോധിക്കാന്‍ നാസികള്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
[തിരുത്തുക] പ്രതിരോധം
ടാങ്കുകളുടെ മുകളില്‍ ഘടിപ്പിച്ച മെഷീന്‍ഗണ്‍ ഉപയോഗിച്ച് നായ്ക്കളെ തടയാന്‍ സാധിക്കുമായിരുന്നില്ല. നായ്ക്കള്‍ ടാങ്കിന്റെ വളരെ താഴെയാണെന്നതും ചെറുതും ശീഘ്രം സഞ്ചരിക്കുന്നതും കണ്ടെത്താന്‍ പ്രയാസമുള്ളതുമാണെന്നതും തന്നെയയിരുന്നു ഇതിനു കാരണം. ഇവയ്ക്ക് പേയുണ്ടോ എന്ന ഭയം മൂലം കാണുന്ന ഏതു പട്ടിയെയും കൊല്ലാന്‍ ജര്‍മന്‍ പട്ടാളക്കാര്‍ക്ക് ആജ്ഞ ലഭിച്ചിരുന്നു. ഒടുവില്‍ ടാങ്കില്‍ ഘടിപ്പിച്ച തീതുപ്പുന്ന തോക്കുകളാണ്(flame throwers) ഇവയ്ക്കെതിരെ ഏറ്റവും ഫലപ്രദമായ പ്രതിരോധമായി കണ്ടെത്തിയത്. എന്നാല്‍ ചില പട്ടികളെ തടയാന്‍ ഇതിനും സാധിക്കുമായിരുന്നില്ല. തീയോ പൊള്ളലോ കൂസാതെ ഇവ ടാങ്കുകള്‍ക്കു കീഴെനിന്ന് ഭക്ഷണം തേടാന്‍ ശ്രമിച്ചിരുന്നു.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] ചിത്രങ്ങള്‍
[തിരുത്തുക] അവലംബം
- Pile, Stephen (1979). The Book of Heroic Failures: Official Handbook of the Not Terribly Good Club of Great Britain. Futura. ISBN 0-7088-1908-7.
- Dog Anti-Tank Mine, Soviet-Empire.com. Retrieved May 20 2005.
- World War Two Combats: Axis and Allies
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- Illustration "Tankhund mit Sprengausrüstung"
- Protitankovaya podvizhnaya mina (റഷ്യന്‍ ഭാഷയിലുള്ളത്, ചിത്രങ്ങള്‍ ഉള്‍പ്പെടെ)
|
|||||

