ജ്യൂസേപ്പെ ആര്‍ക്കീംബോള്‍ഡോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗ്യൂസേപ്പേ ആര്‍ക്കീംബോള്‍ഡോ | |
സ്വയം വരച്ചത് |
|
| ജനനപ്പേര് | ഗ്യൂസേപ്പേ ആര്‍ക്കീംബോള്‍ഡോ |
| ജനനം | 1527 മിലാന്‍ |
| മരണം | ജൂലൈ 11 1593(age 66) മിലാന്‍ |
| പൗരത്വം | ഇറ്റലി |
| രംഗം | ചിത്രരചന |
പതിനാറാം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയന്‍ ചിത്രകാരനായിരുന്നു ഗ്യൂസേപ്പേ ആര്‍ക്കീംബോള്‍ഡോ (ആംഗലേയം: Giuseppe Arcimboldo) (1527 - ജൂലൈ 11, 1593). പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, മത്സ്യങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയുടെ ചിത്രീകരണങ്ങള്‍ ചേര്‍ത്ത് മനുഷ്യരുടെ മുഖരൂപം വരയ്ക്കുന്നതായിരുന്നു അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. വരയ്ക്കുന്ന വിവിധ വസ്തുക്കളുടെ ചിത്രങ്ങളുടെ ക്രമീകരണത്തില്‍ കാട്ടിയ കരവിരുത് അവ കൂടിച്ചേര്‍ന്നുണ്ടായ ചിത്രസമുച്ചയങ്ങളെ തിരിച്ചറിയാവുന്ന വ്യക്തികളുടെ രൂപങ്ങളാക്കി.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
1527-ല്‍ ബിയാഗോ എന്ന ചിത്രകാരന്റെ മകനായി മിലാനിലാണ് ആര്‍ക്കീംബോള്‍ഡോ ജനിച്ചത്.[1] മിലാനിലെ പ്രസിദ്ധമായ ഫബ്രിക്കാ ഡുയോമോ പള്ളിയിലെ നിറ-സ്ഫടിക ജനാലകളില്‍ കത്രീനാ പുണ്യവതി ജീവിതകഥയും മറ്റും ചിത്രീകരിക്കുന്നതിന് അദ്ദേഹം 1549-ല്‍ നിയുക്തനായി. 1556-ല്‍ ജൂസെപ്പേ മേഡാ എന്ന ചിത്രകാരനുമൊത്ത് മൊന്‍സായിലെ പള്ളിയിലെ ചുവര്‍ചിതങ്ങള്‍ വര്‍ക്കുന്നതില്‍ ഏര്‍പ്പെട്ടു. ഇറ്റലിയിലെ കോമോയിലെ കത്തീദ്രലില്‍ സൂക്ഷിച്ചിരിക്കുന്ന [2]തിരശ്ശീലയിലുള്ള മറിയത്തിന്റെ മരണത്തിന്റെ ചിത്രീകരണം 1558-ല്‍ ആര്‍ക്കീംബോള്‍ഡോ വരച്ചതാണ്.
1562-ല്‍ വിയന്നായിലെ ഹാപ്സ്ബര്‍ഗ് രാജാവായ ഫെര്‍ഡിനാന്റ് ഒന്നാമന്റെ കൊട്ടാരം ചിത്രകാരനായും തുടര്‍ന്ന് പ്രേഗില്‍ മാക്സ്മില്യന്‍ രണ്ടാമന്റേയും റുഡോള്‍ഫ് രണ്ടാമന്റേയും കൊട്ടാരം ചിത്രകാരനായും ആര്‍ക്കീംബോള്‍ഡോ നിയമിതനായി. കൊട്ടാരങ്ങളിലെ അലങ്കാരവേലകളുടേയും വേഷഭൂഷാദികളുടേയും രൂപകല്പനയുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു. വിയന്നാ സന്ദര്‍ശിച്ച സാക്സണിയിലെ അഗസ്റ്റസ് രാജാവ് ആര്‍ക്കീംബോള്‍ഡോയുടെ ചിത്രങ്ങള്‍ കാണുകയും അദ്ദേഹത്തിന്റെ നാലു ഋതുക്കള്‍ എന്ന ചിത്രത്തിന്റെ ഒരു പകര്‍പ്പ് തന്റെ രാജകീയചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഉണ്ടാക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.
മതസംബന്ധിയായ വിഷയങ്ങളിലുള്ള ആര്‍ക്കീംബോള്‍ഡോയുടെ പരമ്പരാഗതരചനകള്‍ മിക്കവാറും വിസ്മരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ പഴങ്ങളും, പച്ചക്കറികളും, വേരുകളും മറ്റും വരച്ചുയോജിപ്പിച്ചുണ്ടാക്കിയ അദ്ദേഹത്തിന്റെ മനുഷ്യഛായാചിത്രങ്ങള്‍ അക്കാലത്ത് ഏറെ പ്രശംസനേടുകയും ഇന്നും അത്ഭുതാദരങ്ങളുടെ വിഷയമായിരിക്കുകയും ചെയ്യുന്നു. ഈ ചിത്രങ്ങള്‍ കേവലം വിചിത്രഭാവനയുടെ സൃഷ്ടിയായിരുന്നെന്നും, അതല്ല, മനോവിഭ്രാന്തിയുടെ ഫലമായിരുന്നെന്നും, വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന കലാവിമര്‍ശകരുണ്ട്. [3]ആര്‍ക്കീംബോള്‍ഡോ മനോവിഭ്രാന്തിയുടെ ഇര ആയിരുന്നില്ലെന്നും പ്രഹേളികകളും അസാധാരണത്ത്വങ്ങളും ഇഷ്ടപ്പെട്ടിരുന്ന നവോദ്ധാനകാലത്തിന്റെ രുചിവൈചിത്ര്യത്തിനിഷ്ടപ്പെട്ട ഒരു രചനാശൈലി പിന്തുടരുക മാത്രമാണ് ചെയ്തതെന്നുമാണ് ഭൂരിപക്ഷം വിമര്‍ശകരും കരുതുന്നത്. ഇതിനുദാഹരണമായി, ലിയൊനാര്‍ഡോ ദാവിഞ്ചിയുടെ ചില ചിത്രങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]
രാജകീയ സേവനത്തില്‍ നിന്ന് വിരമിച്ചശേഷം മിലാനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന ആര്‍ക്കീംബോള്‍ഡോ അവിടെത്തന്നെയാണ് മരിച്ചതും. ജീവിതത്തിന്റെ ഈ അവസാനഘട്ടത്തിലാണ് റുഡോള്‍ഫ് രണ്ടാമന്‍ രാജാവിന്റെ മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രവും, നാലു ഋതുക്കളുടെ ചിത്രവും സ്വന്തം ഛായാചിത്രവും ഒക്കെ അദ്ദേഹം വരച്ചത്. ഇറ്റലിയിലെ സമകാലീനര്‍, കവിതകളും അപദാനരചനകളും എഴുതിയും മറ്റും അദ്ദേഹത്തെ ബഹുമാനിച്ചു. അദ്ദേഹത്തെ പിന്തുടര്‍ന്നുവന്ന സമകാലീനനായിരുന്ന കരവാജിയോയുടെ രചനകളെ അദ്ദേഹം സ്വാധീനിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു.
1648-ല്‍ മുപ്പതാണ്ടുയുദ്ധത്തില്‍ പ്രേഗ് ആക്രമിച്ച സ്വീഡന്റെ സൈന്യം റുഡോള്‍ഫ് രണ്ടാമന്‍ രാജാവിന്റെ ശേഖരത്തിലുണ്ടായിരുന്ന ആര്‍ക്കീംബോള്‍ഡോയുടെ രചനകള്‍ പലതും കൈവശമാക്കി.
[തിരുത്തുക] പൈതൃകം
ആര്‍ക്കീംബോള്‍ഡോയുടെ വിചിത്രരചനകള്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ സാല്‍വദോര്‍ ദാലിയയെപ്പോലുള്ള സറിയലിസ്റ്റ് കലാകാരന്മാരുടെ സവിശേഷശ്രദ്ധ ആകര്‍ഷിച്ചു. 1987-ല്‍ വെനീസിലെ പലാസ്സോ ഗ്രാസിയില്‍ "ആര്‍ക്കീംബോള്‍ഡോ ഇഫക്ട്" പ്രമേയമാക്കി നടത്തിയ പ്രദര്‍ശനത്തില്‍ അനേകം ദ്വയാര്‍ഥചിത്രങ്ങള്‍ (double meaning paintings) പ്രദര്‍ശിക്കപ്പെട്ടു. ആര്‍ക്കീംബോള്‍ഡോയുടെ സ്വാധീനം ഷിഗിയോ ഫക്കൂഡാ, ഇസ്റ്റ്വാന്‍ ഒറോസ്, ഒക്ടാവിയോ ഒക്കാമ്പോ, സാന്ദ്രോ ദെല്‍ പ്രീറ്റെ, തുടങ്ങിയവരുടെ ചിത്രങ്ങളിലും Jan Švankmajer-ടെ ചലച്ചിത്രങ്ങളിലും കാണാം. ആര്‍ക്കീംബോള്‍ഡോയുടെ "വെള്ളം" എന്ന ചിത്രം, കന്‍സാസിലെ പുരോഗമനവാദി റോക്ക്-ഗാന സംഘം അവരുടെ Masque എന്ന ആല്‍ബത്തിന് കവര്‍ചിത്രമായുപയോഗിച്ചു.