കോട്ടുവായ്
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
തലച്ചോറിനെ തണുപ്പിയ്‌ക്കാനുള്ള ശാരീരിക പ്രവർത്തനമാണ് കോട്ടുവാ. ഒരു ശരാശരി കോട്ടുവാ ആറ് സെക്കന്റാണ് നീണ്ടുനിൽക്കുന്നത്. 55 ശതമാനം ആളുകളും അഞ്ചുമിനിറ്റ് ഇടവേളവെച്ചാണ് കോട്ടുവാ ഇടുന്നത്. കോട്ടുവായെ പറ്റി പലതരത്തിലുള്ള വിശ്വാസങ്ങളും കോട്ടുവായുടെ കാരണങ്ങളെപ്പറ്റി പല സിദ്ധാന്തങ്ങളും നിലവിലുണ്ടായിരുന്നു.
എന്നാൽ അടുത്തിടെയായി അൽബനി സർവ്വകലാശാലയിലെ ഗവേഷകർ കോട്ടുവായ്‌ക്കുപിന്നിലെ രഹസ്യം കണ്ടെത്തി എന്ന അവകാശപ്പെട്ടു. അവരുടെ അഭിപ്രായപ്രകാരം നമ്മുടെ ശരീരം സ്വീകരിയ്‌ക്കുന്ന കലോറിയുടെ മൂന്നുഭാഗവും കത്തിച്ചുകളയുന്നത് തലച്ചോറാണ്. ഈ പ്രവർത്തനം തുടർച്ചയായി നടത്തുമ്പോൾ തലച്ചോർ ചൂടുപിടിയ്‌ക്കുന്നു. ഈ ചൂടിൽനിന്നും തലച്ചോറിനെ തണുപ്പിക്കുകയാണ് കോട്ടുവാ ചെയ്യുന്നത്.
ഓരോ തവണ കോട്ടുവാ ഇടുമ്പോഴും ശരീരത്തിലെ രക്തപ്രവാഹം വർദ്ധിയ്‌ക്കുകയും ശുദ്ധവായു ശരീരത്തിൽ പ്രവേശിയ്‌ക്കുകയും ചെയ്യുന്നുവെന്നാണ് ഇതിനെക്കുറിച്ച് പഠിച്ച ആൻഡ്ര്യൂ ഗല്ലപ്, ഗോഡൻ ഗല്ലപ്പ് എന്നിവർ കണ്ടെത്തിയത്. മാത്രമല്ല ഉറക്കം വരുന്നതിന്റെ ലക്ഷണമാണ് കോട്ടുവാ എന്ന കാലങ്ങളായുള്ള വിശ്വാസത്തെയും ഇവർ തിരുത്തുന്നു.കോട്ടുവാ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല ഉറക്കം താമസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.
തണുത്ത രക്തം എത്തുമ്പോഴാണ് തുടർച്ചയായി പ്രവൃത്തിയ്‌ക്കുന്നതുമൂലം ചൂടുപിടിച്ച തലച്ചോറ് തണുക്കുന്നത്. കോട്ടുവാ ഇടുമ്പോഴാണ് തലച്ചോറിലേയ്ക്ക് തണുത്ത രക്തം പ്രവേശിക്കുന്നത്. മാനസികമായ കഴിവിനെ നിലനിർത്താനും ഇത്തരത്തിൽ തണുത്ത രക്തം തലച്ചോറിൽഎത്തേണ്ടതുണ്ട്. എവല്യൂഷണറി സൈക്കോളജി ജേണലിലാണ് ഗവേഷകർ ഇവരുടെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോട്ടുവായെക്കുറിച്ച് വളരെക്കുറച്ച് പഠനങ്ങൾ മാത്രമേ നടന്നിട്ടുള്ളു. അതുകൊണ്ട് തന്നെ മിക്കയാളുകൾക്കും ഇതിന് പിന്നിലെ കാര്യങ്ങളും അറിയില്ല. വളരെക്കാലമായി കോട്ടുവായെക്കുറിച്ച് വെച്ചുപുലർത്തിപ്പോന്ന വിശ്വാസമാണ് ഗവേഷകർ തിരുത്തിയത്. ഇത് രസകരമാണെന്നാണ് ദില്ലി എ.ഐ.ഐ.എം.എസിലെ ഡോക്ടർ എച്ച് എൻ മാലിക്ക് പറയുന്നത്.[1]