കേരള യുക്തിവാദി സംഘം
1967 ഡിസംബർ 24 നു തൃശ്ശൂർ റീജനൽ തിയെറ്ററിൽ വെച്ച് നടന്ന യുക്തിവാദി സുഹൃത് സമ്മേളനം കേരള യുക്തിവാദി സംഘം കമ്മിറ്റി രൂപീകരിച്ചു. എം.സി.ജോസഫായിരുന്നു പ്രസിഡന്റ്. വി.ടി.ഭട്ടതിരിപ്പാടും, കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയും വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി കെ.എ. സുബ്രഹ്മണ്യത്തേയും ജോയന്റ് സെക്രട്ടറിമാരായി എ.വി. ജോസ്, പി.എസ്. രാമൻകുട്ടി എന്നിവരേയും കമ്മിറ്റി മെംബർമാരായി മറ്റു ചില പ്രമുഖ യുക്തിവാദികളേയും തിരഞ്ഞെടുത്തു. നൂറ്റാണ്ടുകളായി അനാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും ചളിക്കുണ്ടിൽ ആണ്ടു കിടന്നിരുന്ന കേരളീയ ജനതയെ അതിൽ നിന്നു കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണു യുക്തിവാദിസംഘത്തിനു രൂപം നൽകപ്പെട്ടത്. ശ്രീനാരായണ ഗുരു നേതൃത്വം നൽകിയ നവോത്ഥാനപ്രസ്ഥാനത്തിന്റെ തുടർച്ചയായി യുക്തിവാദിസംഘത്തെ വിശേഷിപ്പിക്കാമെങ്കിലും ആദ്യത്തേതിന്റെ ആത്മീയ അടിത്തറയെ തികച്ചും നിഷേധിചു കൊണ്ടു ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തിയാണു യുക്തിവാദിസംഘം ആശയപ്രചരണം നടത്തിയത്.
ചരിത്രം
[തിരുത്തുക]മേൽപ്പറഞ്ഞ സംഘടനാസ്ഥാപനത്തിനു മുൻപ്, കേരളത്തിലെ യുക്തിവാദമനോഭാവമുള്ള ആളുകളുടെ പ്രാദേശികവും ഒറ്റപ്പെട്ടതുമായ കൂട്ടായ്മകൾ നിലനിന്നിരുന്നു. 1911 നവംബർ 11നു കൊച്ചി സംസ്ഥാനത്ത് രാമവർമ്മ തമ്പാൻ പ്രസിഡന്റും എം.സി.ജോസഫ് സെക്രട്ടറിയും, പനമ്പിള്ളി ഗോവിന്ദമേനോൻ ഖജാൻജിയുമായി ഒരു യുക്തിവാദിസംഘം റജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചു. 'യുക്തിവാദി' എന്ന മാസികയുടെ ആരംഭത്തോടുകൂടി സ്ഥാപിതമായ ഈ യുക്തിവാദിസംഘം അധികകാലം നിലനിന്നില്ല. സംഘടന ഇല്ലാതായെങ്കിലും യുക്തിവാദികളടെ സമ്മേളനങ്ങൾ കേരളത്തിൽ പലയിടത്തും നടന്നു പോന്നു.
1930കളുടെ അവസാനത്തിൽ കമ്മ്യൂണിസ്റ്റു-സോഷ്യലിസ്റ്റു പ്രസ്ഥാനങ്ങളിലേക്കു കടന്നു വന്ന അംഗങ്ങളിൽ ഭൂരിപക്ഷവും യുക്തിവാദ മനോഭാവമുള്ളവരായിരുന്നെങ്കിലും ഒരു യുക്തിവാദപ്രസ്ഥാനം രൂപം കൊള്ളുകയുണ്ടായില്ല. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞ കാലഘട്ടങ്ങളിൽ ചിലയിടത്തു ജാതിക്കെതിരായ സംഘടനകളും, യുക്തിവാദസംഘടനകളും പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. അക്കൂട്ടത്തിൽ എടുത്തു പറയാവുന്ന ഒന്നാണു റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയായിരുന്ന എച്ച്. കൃഷ്ണയ്യർ പ്രസിഡന്റും, എം.പ്രഭ സെക്രട്ടറിയും, സി. കേശവൻ, കെ. ദാമോദരൻ, ചൊവ്വര പരമേശ്വരൻ എന്നിവർ അംഗങ്ങളുമായുള്ള സംഘം. 1949 ൽ അതിന്റെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ വെച്ചു എം.സി.ജോസഫ്, സഹോദരൻ അയ്യപ്പൻ, എസ്. രാമനാഥൻ, ബാഹുലേയൻ മുതലായവരെ പങ്കെടുപ്പിച്ചു കൊണ്ടു ഒരു സമ്മേളനം നടത്തിയതു ജനശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.
സംഘടനക്കു ബൗദ്ധികമായും സംഘടനാപരമായും വലിയ സംഭാവന നൽകിയ വ്യക്തിയാണു അന്തരിച്ച ജോസഫ് ഇടമറുക്. മേൽപ്പറഞ്ഞ കാലഘട്ടത്തിൽ അദ്ദേഹം തൊടുപുഴ കേന്ദ്രീകരിച്ചു യുക്തിവാദി സമ്മേളനങ്ങൾ നത്തിയിരുന്നു. 1965 സെപ്റ്റംബറിൽ കോഴിക്കോട് വീറ്റ് ഹൗസിൽ ബി.കെ.വെങ്ങാലിലും, തെരുവത്തു രാമനും ഒരു പത്രപ്രസ്താവന വഴി യുക്തിവാദികളുടെ ഒരു യോഗം വിളിച്ചു കൂട്ടി. കെ.കെ.പണിക്കരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആ യോഗത്തിൽ വെച്ച് അദ്ദേഹം പ്രസിഡന്റും, ബി.കെ. വെങ്ങാലിൽ സിക്രട്ടറിയും, യു.കലാനാഥൻ ഓർഗനൈസിംഗ് സെക്രട്ടറിയുമായി 15 പേരടങ്ങുന്ന ആദ്യത്തെ ജില്ലാ കമ്മിറ്റി രൂപീകരിക്കപ്പെട്ടു.1966 ആഗസ്റ്റിൽ തിരുവനന്തപുരം ജില്ലയിൽ പവനൻ, പി.എസ്. രാമൻകുട്ടി, മാത്യു എം.കുഴിവേലി, പെരുമ്പടവം ശ്രീധരൻ, തോമസ് വർഗ്ഗീസ്, പി.എം. പിള്ള എന്നിവരുടെ നെതൃത്വത്തിൽ സംഘടനാ പ്രവർത്തനം തുടങ്ങി.
1962 മുതൽ എ.വി.ജോസിന്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ വെച്ചു വർഷം തോറും യുക്തിവാദ സുഹൃദ് സമ്മേളനങ്ങൾ നടത്തിപ്പോന്നിരുന്നു. അക്കാലത്തു ജോസഫ് ഇടമറുകിന്റെ ശ്രമഫലമായി കോട്ടയത്തും പ്രസ്ഥാനം ശക്തിയാർജിച്ചു.
1966 ൽ പവനൻ പ്രസിഡന്റായും, പി.എസ്.രാമൻകുട്ടി സെക്രട്ടറിയായും, തോമസ് വർഗ്ഗീസ് ജോയിന്റ് സെക്രട്ടറിയായും തിരുവനന്തപുരം കമ്മിറ്റി നിലവിൽ വന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ (എച്ച്) ൽ പറയുന്ന ശാസ്ത്രബോധവും അന്വേഷണ ത്വരയും പൗരന്മാരിൽ വളർത്തുക എന്ന കടമയാണു കേരളാ യുക്തിവാദി സംഘം നിറവേറ്റുന്നത്. ഇതിനിടെ ഒട്ടനേകം അന്ധവിശ്വാസങ്ങളുടെ ചുരുളഴിക്കുവാൻ സംഘത്തിന്റെ പ്രവർത്തനം കൊണ്ട് കഴിഞ്ഞിട്ടുണ്ടു. അതിൽ പ്രധാനപ്പെട്ടതാണു ശബരിമലയിലെ പൊന്നമ്പലമേട്ടിലെ 'ദിവ്യജ്യോതി' മനുഷ്യർ കത്തിക്കുന്നതാണ് എന്ന സത്യം പുറത്തു കൊണ്ടു വന്നത്. ദിവ്യാത്ഭുത അനാവരണ പരിപാടികളിലൂടെ ആൾദൈവങ്ങളുടെ തട്ടിപ്പുകൾ തുറന്നുകാണിക്കാൻ യുക്തിവാദിസംഘത്തിനു കഴിഞ്ഞു.
സംഘടനാരൂപം
[തിരുത്തുക]സംസ്ഥാന കമ്മിറ്റി, ജില്ലാകമ്മിറ്റികൾ, താലൂക്ക് കമ്മിറ്റികൾ, യൂനിറ്റുകൾ എന്നിങ്ങനെയാണു കേരള യുക്തിവാദിസംഘത്തിന്റെ സംഘടനാരൂപം. 28 വർഷം മുമ്പു പ്രസിദ്ധീകരണമാരംഭിച്ച യുക്തിരേഖയാണു സംഘത്തിന്റെ മുഖമാസിക. സെക്യുലാർ ഹ്യൂമനിസ്റ്റ് എന്ന ഇംഗ്ലീഷ് ഭാഷാ പ്രസിദ്ധീകരണവും ഈ സംഘടന പ്രസിദ്ധീകരിക്കുന്നുണ്ട്. യുക്തിരേഖയുടെ സ്ഥാപക എഡിറ്ററായിരുന്നു പവനൻ. യു. കലാനാഥൻ സംഘടനയുടെ പ്രസിഡന്റായിരുന്നിട്ടുണ്ട്.[1][2]
പ്രവർത്തനങ്ങൾ
[തിരുത്തുക]മറ്റുള്ള യുക്തിവാദി സംഘടനകളെപ്പോലെ കേരളത്തിലെ സംഘവും മനുഷ്യദൈവങ്ങളുടെ കള്ളി പുറത്താക്കാൻ ശ്രമം നടത്താറുണ്ട്. [3][4] പരമ്പരാഗത വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യുന്നവരെ യുക്തിവാദി സംഘം പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. [5] യുക്തിവാദസംഘം മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. [6] സ്കൂൾ പാഠപുസ്തകങ്ങളെപ്പറ്റിയുള്ള പൊതു ചർച്ചകളിലും ഇവർ സജീവമായി പങ്കെടുത്തിട്ടുണ്ട്. [2]
കേരളത്തിൽ 3,000-ൽ അധികം അംഗങ്ങളുണ്ടെന്നാണ് സംഘം അവകാശപ്പെടുന്നത്. [6]
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Media cautioned against sensationalising suicide", The Hindu, September 10, 2004, archived from the original on 2004-11-04, retrieved August 17, 2009
- ↑ 2.0 2.1 Devasia, T.K. (June 30, 2008), "Textbook pits religious groups against rationalists", Khaleej Times, archived from the original on 2011-06-08, retrieved August 17, 2009
- ↑ "Spiritual fraudsters under scanner in Kerala", Press Trust of India, Sify.com, May 20, 2008, retrieved August 17, 2009
- ↑ "Kerala: Godmen's Own Country!", Rediff News Bureau, Rediff.com, May 21, 2008, retrieved August 17, 2009
- ↑ Menon, Leela (January 13, 1999), "Daring to defy conventions to live together", The Indian Express, retrieved August 17, 2009
- ↑ 6.0 6.1 Kurian, Sangeeth (May 16, 2006), "Leading life, rationally", The Hindu, archived from the original on 2012-11-05, retrieved August 17, 2009
- ലേഖനം: യുക്തിവാദിപ്രസ്ഥാനം കേരളത്തിൽ: കേരള യുക്തിവാദി സംഘം പ്രസിദ്ധീകരിച്ച യുക്തിദർശനം എന്ന ഗ്രന്ഥത്തിലെ 795-801 പേജുകൾ