കാരി ഫിഷർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാരി ഫിഷർ
കാരി ഫിഷർ 2013ൽ
Fisher at the 70th Venice International
Film Festival
in September 2013
ജനനം
Carrie Frances Fisher

(1956-10-21)ഒക്ടോബർ 21, 1956
മരണംഡിസംബർ 27, 2016(2016-12-27) (പ്രായം 60)
മരണ കാരണംCardiac arrest; contributing factors were sleep apnea and atherosclerosis[1]
അന്ത്യ വിശ്രമംCremated: portion of her ashes entombed at Forest Lawn Memorial Park, Hollywood Hills, U.S.[2]
തൊഴിൽ
സജീവ കാലം1973–2016
ജീവിതപങ്കാളി(കൾ)
(m. 1983; div. 1984)
പങ്കാളി(കൾ)Bryan Lourd (1991–1994)
കുട്ടികൾBillie Lourd
മാതാപിതാക്ക(ൾ)
ബന്ധുക്കൾ
വെബ്സൈറ്റ്carriefisher.com

കാരി ഫ്രാൻസെസ് ഫിഷർ (ഒക്ടോബർ 21, 1956 - ഡിസംബർ 27, 2016) ഒരു അമേരിക്കൻ നടിയും എഴുത്തുകാരിയുമാണ്. സ്റ്റാർ വാർസ് സിനിമകളിൽ (1977-1983) രാജകുമാരി ലിയയായി അഭിനയിച്ച അവർക്ക്, ഈ വേഷത്തിന് നാല് സാറ്റേൺ അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിച്ചു. സ്റ്റാർ വാർസ്: ദി ഫോഴ്‌സ് എവേക്കൻസ് (2015), ദി ലാസ്റ്റ് ജെഡി (2017) എന്നീ ചിത്രങ്ങളിൽ ഈ വേഷം അവർ വീണ്ടും അവതരിപ്പിക്കുകയും ദി ലാസ്റ്റ് ജെഡ് അവർക്കായി മരണാനന്തര റിലീസായി സമർപ്പിക്കപ്പെടുകയും ചെയ്തു. ദി റൈസ് ഓഫ് സ്കൈവാക്കർ (2019) എന്ന ചിത്രത്തിൽ അവരുടെ ദ ഫോഴ്സ് അവേക്കൻസ് എന്ന സിനിമയ്ക്കായി ചിത്രീകരിച്ച റിലീസ് ചെയ്യാത്ത ഭാഗങ്ങൾ ഉപയോഗിച്ചിരുന്നു.

ഷാംപൂ (1975), ദി ബ്ലൂസ് ബ്രദേഴ്‌സ് (1980), ഹന്ന ആൻഡ് ഹെർ സിസ്റ്റേഴ്‌സ് (1986), ദി 'ബർബ്‌സ് (1989), വെൻ ഹാരി മെറ്റ് സാലി... (1989), സോപ്‌ഡിഷ് (1991), ദി വിമൻ (2008) എന്നിവയാണ് ഫിഷറിന്റെ മറ്റ് പ്രധാന ചലച്ചിത്ര അംഗീകാരങ്ങൾ. ടെലിവിഷൻ പരമ്പരകളായ 30 റോക്ക് (2007), കാറ്റസ്ട്രോഫി (2017) എന്നിവയിലെ പ്രകടനങ്ങൾക്ക് ഒരു കോമഡി പരമ്പരയിലെ മികച്ച അതിഥി നടിക്കുള്ള പ്രൈംടൈം എമ്മി അവാർഡിന് അവർ രണ്ടുതവണ നാമനിർദ്ദേശം ചെയ്യപ്പെട്ടു.

പോസ്റ്റ്കാർഡ്സ് ഫ്രം ദ എഡ്ജ്  എന്ന ആത്മകഥാംശമുള്ള നോവൽ, ഒരു വനിതാകഥാപാത്രം മാത്രമുള്ള ആത്മകഥാപരമായ ഒരു നാടകം, ഇതേ നാടകത്തെ ആസ്പദമാക്കിയുള്ള നോൺ-ഫിക്ഷൻ പുസ്തകമായ വിഷ്ഫുൾ ഡ്രിങ്കിംഗ്  എന്നിവയുൾപ്പെടെ നിരവധി അർദ്ധ-ആത്മകഥാപരമായ രചനകൾ ഫിഷർ നടത്തിയിട്ടുണ്ട്. പോസ്റ്റ്കാർഡ്സ് ഫ്രം ദ എഡ്ജിന്റെ ചലച്ചിത്ര പതിപ്പിന് തിരക്കഥയെഴുതിയ അവർക്ക്, അത് മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള ബാഫ്റ്റ അവാർഡ് നോമിനേഷൻ നേടിക്കൊടുത്തതൊടൊപ്പം വിഷ്ഫുൾ ഡ്രിങ്കിംഗ് എന്ന വൺ വുമൺ സ്റ്റേജ് ഷോയ്ക്ക് മികച്ച വെറൈറ്റി സ്പെഷ്യലിനുള്ള പ്രൈംടൈം എമ്മി അവാർഡിന് നാമനിർദ്ദേശവും ലഭിച്ചു. ഹുക്ക് (1991), സിസ്റ്റർ ആക്റ്റ് (1992), ദി വെഡ്ഡിംഗ് സിംഗർ (1998), കൂടാതെ സ്റ്റാർ വാർസ് ഫ്രാഞ്ചൈസിയിൽ നിന്നുള്ള നിരവധി സിനിമകളുടെ തിരക്കഥകൾ സംഗ്രഹിക്കുന്നതും തിരുത്തിയഴുതുന്നതും ഉൾപ്പെടെ, ഒരു സ്ക്രിപ്റ്റ് ഡോക്ടറായും ഫിഷർ മറ്റ് എഴുത്തുകാരുടെ തിരക്കഥകളിൽ പ്രവർത്തിച്ചിരുന്നു.

ഗായകൻ എഡ്ഡി ഫിഷറുടെയും നടി ഡെബി റെയ്നോൾഡ്സിന്റെയും മകളായിരുന്നു ഫിഷർ. തങ്ങളുടെ ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുന്ന ബ്രൈറ്റ് ലൈറ്റ്‌സ്: സ്റ്റാറിംഗ് കാരി ഫിഷർ ആൻറ് ഡെബ്ബി റെയ്നോൾഡ്സ് എന്ന ഡോക്യമെൻററിയിൽ അമ്മയും മകളും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. 2016 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇതിൻറെ പ്രഥമ പ്രദർശനം നടന്നു. ബൈപോളാർ ഡിസോർഡർ, മയക്കുമരുന്ന് ആസക്തി എന്നിവയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങളെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ ധൈര്യം കാട്ടിയതിൻറെ പേരിൽ പേരിൽ അവർ ഏറെ പ്രശംസ നേടി. ലണ്ടനിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള ട്രാൻസ്അറ്റ്ലാന്റിക് ഫ്ലൈറ്റ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം  അനുഭവപ്പെട്ട് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട അവർ നാല് ദിവസത്തിന് ശേഷം, 2016 ഡിസംബർ 27 ന്, 60 വയസ്സുള്ളപ്പോൾ, പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലം ഫിഷർ മരിച്ചു. മരണാനന്തരം 2017-ൽ ഒരു ഡിസ്നി ലെജൻഡ് അവാർഡും 2018-ൽ മികച്ച സ്പോക്കൺ വേഡ് ആൽബത്തിനുള്ള ഗ്രാമി അവാർഡും ലഭിച്ചു.

ആദ്യകാലം[തിരുത്തുക]

1956 ഒക്ടോബർ 21 ന് കാലിഫോർണിയയിലെ ബർബാങ്കിലുള്ള പ്രൊവിഡൻസ് സെന്റ് ജോസഫ് മെഡിക്കൽ സെന്ററിൽ നടി ഡെബി റെയ്നോൾഡ്സിന്റെയും ഗായകൻ എഡ്ഡി ഫിഷറിന്റെയും മകളായി കാരി ഫ്രാൻസെസ് ഫിഷർ ജനിച്ചു. ഫിഷറിന്റെ പിതാമഹന്മാർ റഷ്യൻ-ജൂത കുടിയേറ്റക്കാരും ഒരു നസറീൻ സഭാ വിശ്വാസിയായി വളർന്ന മാതാവ് സ്കോട്ട്സ്-ഐറിഷ്, ഇംഗ്ലീഷ് വംശജയുമായിരുന്നു.

1959-ൽ മാതാപിതാക്കൾ വിവാഹമോചനം നേടുന്ന സമയത്ത് ഫിഷറിന് വെറും  രണ്ട് വയസ്സായിരുന്നു പ്രായം. നടി കോന്നി സ്റ്റീവൻസുമായുള്ള പിതാവിന്റെ മൂന്നാം വിവാഹം, ഫിഷറിന് രണ്ട് അർദ്ധസഹോദരിമാരായ ജോളി ഫിഷർ, ട്രിസിയ ലീ ഫിഷർ എന്നിവരെ നേടിക്കൊടുത്തു. 1960-ൽ മാതാവ് പാദരക്ഷകളുടെ ഒരു വിപണന ശൃംഖലയുടെ ഉടമ ഹാരി കാളിനെ വിവാഹം കഴിച്ചു. 1973-ൽ ഫിഷറിന് 17 വയസ്സുള്ളപ്പോൾ മാതാവ് റെയ്‌നോൾഡ് കാളിൽനിന്ന് വിവാഹമോചനം നേടി.

കുട്ടിക്കാലത്ത് പുസ്തകങ്ങളുടെ കൂട്ടുകാരിയായിരുന്ന ഫിഷർ കുടുംബത്തിൽ ഒരു "പുസ്തകപ്പുഴു" എന്ന് അറിയപ്പെട്ടു. ക്ലാസിക് സാഹിത്യം വായിക്കാനും കവിതകൾ എഴുതാനുമാണ് അവൾ തന്റെ ബാല്യകാലം വിനിയോഗിച്ചത്. 16 വയസ്സ് വരെ ബെവർലി ഹിൽസ് ഹൈസ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയ ഫിഷർ, തന്റെ അമ്മ അഭിനയിച്ച ഐറിൻ (1973) എന്ന ഹിറ്റ് നാടകത്തിൻറെ  ബ്രോഡ്‌വേ പുനർനിർമ്മാണത്തിൽ  ഒരു അരങ്ങേറ്റക്കാരിയും ഗായികയുമായി പ്രത്യക്ഷപ്പെട്ടു. ബ്രോഡ്‌വേയിൽ സമയം ചിലവഴിച്ചതിനാൽ വിദ്യാഭ്യാസം തടസ്സപ്പെട്ടതോടെ ഫിഷർ ഹൈസ്‌കൂൾ പഠനം ഉപേക്ഷിച്ചു. 1973-ൽ, ലണ്ടനിലെ സെൻട്രൽ സ്കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമയിൽ പരിശീലനത്തിന് ചേർന്ന ഫിഷർ, അവിടെ ഏതാണ്ട്  18 മാസത്തോളം നാടക പരിശീലത്തിൽ പങ്കെടുത്തു. അവിടുത്തെ പരിശീലകാലത്തിനുശേഷം, ഫിഷർ സാറാ ലോറൻസ് കോളേജിൽ സ്വീകരിക്കപ്പെടുകയും അവിടെ കലാസംബന്ധിയായ വിഷയങ്ങൾ പഠിക്കാൻ പദ്ധതിയിടുകയും ചെയ്തു. അവർ പിന്നീട് ബിരുദം നേടാതെ അവിടെനിന്ന് പുറത്തുപോയി.

ഔദ്യാഗികജീവിതം[തിരുത്തുക]

1970-കൾ[തിരുത്തുക]

1974-ന്റെ മധ്യത്തിൽ ചിത്രീകരിച്ച കൊളംബിയ പിക്‌ചേഴ്‌സിൻറെ ഹാസ്യാത്മക ചിത്രം ഷാംപൂവിലെ വശീകരണ പാടവമുള്ള ലോർണ കാർഫ് എന്ന കഥാപാത്രമായി 17ആം വയസിലാണ്  ഫിഷർ 1975-ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിൽ ലീ ഗ്രാന്റും ജാക്ക് വാർഡനും അവളുടെ മാതാപിതാക്കളായി വേഷമിട്ടു. വാറൻ ബീറ്റി, ജൂലി ക്രിസ്റ്റി, ഗോൾഡി ഹോൺ എന്നിവരും ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കളായിരുന്നു. 1977-ൽ, ജോർജ്ജ് ലൂക്കാസിന്റെ സയൻസ്-ഫിക്ഷൻ ചിത്രമായ സ്റ്റാർ വാർസിൽ (പിന്നീട് സ്റ്റാർ വാർസ്: എപ്പിസോഡ് IV - എ ന്യൂ ഹോപ്പ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) ഫിഷർ മാർക്ക് ഹാമിൽ, ഹാരിസൺ ഫോർഡ് എന്നവിർക്കൊപ്പം ലിയ രാജകുമാരിയായി അഭിനയിച്ചു. സഹ അഭിനേതാക്കളുമായി അക്കാലത്ത് അത്ര അടുപ്പത്തിലായിരുന്നില്ലെങ്കിലും, സിനിമയുടെ വാണിജ്യ വിജയത്തോടെ അവർ അടുത്ത ബന്ധം പുലർത്തി.

1978 ഏപ്രിലിൽ, റിംഗോ സ്റ്റാറിന്റെ 1978 ലെ ടിവി സ്‌പെഷ്യൽ റിംഗോയിൽ ഫിഷർ ഒരു പ്രണയിനിയായി പ്രത്യക്ഷപ്പെട്ടു. അടുത്ത മാസം, എബിസി-ടെലിവിഷൻ സിനിമയായ ലീവ് യെസ്റ്റേർഡേ ബിഹൈൻഡിൽ ജോൺ റിട്ടറിനൊപ്പം (റിംഗോയിലും പ്രത്യക്ഷപ്പെട്ടിരുന്നു) അവർ അഭിനയിച്ചു. ഈ സമയത്ത്, വില്യം ഇംഗേയുടെ നാടകമായ കം ബാക്ക്, ലിറ്റിൽ ഷെബയുടെ ടെലിവിഷൻ പതിപ്പായ ലോറൻസ് ഒലിവിയർ പ്രസന്റ്സ് എന്ന ആന്തോളജി പരമ്പരയിൽ ലോറൻസ് ഒലിവിയർ, ജോവാൻ വുഡ്വാർഡ് എന്നിവർക്കൊപ്പം ഫിഷർ പ്രത്യക്ഷപ്പെട്ടു. ആ നവംബറിൽ, 1978 ലെ ടിവി നിർമ്മാണമായ സ്റ്റാർ വാർസ് ഹോളിഡേ സ്‌പെഷലിൽ അവർ ലിയ രാജകുമാരിയായി അഭിനയിക്കുകയും അവസാന സീനിൽ ഗാനം ആലപിക്കുകയും ചെയ്തു.

1980-കൾ[തിരുത്തുക]

ദി ബ്ലൂസ് ബ്രദേഴ്സ് എന്ന സിനിമയിൽ ജെയ്ക്കിന്റെ പ്രതികാരദാഹിയായ മുൻ കാമുകിയായി ഫിഷർ പ്രത്യക്ഷപ്പെട്ടു; അവളെ "മിസ്റ്ററി വുമൺ" എന്നാണ് സിനിമയുടെ ക്രെഡിറ്റിൽ രേഖപ്പെടുത്തിയിരുന്നത്. ചിക്കാഗോയിൽ സിനിമയുടെ ചിത്രീകരണത്തിനിടെ, ബ്രസ്സൽസ് സ്പ്രൌട്ട് തൊണ്ടയിൽ കുരുങ്ങി ശ്വാസ തടസം അനുഭവിച്ച സമയത്ത്, ഡാൻ അയ്‌ക്രോയിഡ് ആണ് പ്രഥമ ശുശ്രൂഷ നൽകി തൻറെ ജീവൻ രക്ഷിച്ചതെന്ന് അവർ പറഞ്ഞു. 1980-ൽ സെൻസേർഡ് സീൻസ്  ഫ്രം കിംഗ് കോങ് എന്ന ഷോയിൽ  അവർ ബ്രോഡ്‌വേയിൽ പ്രത്യക്ഷപ്പെട്ടു. അതേ വർഷം, ദി എംപയർ സ്‌ട്രൈക്ക്‌സ് ബാക്കിൽ ലിയ രാജകുമാരിയായി അവർ വീണ്ടും അഭിനയിക്കുകയും, കൂടാതെ റോളിംഗ് സ്റ്റോൺ മാസികയുടെ 1980 ജൂലൈ 12 ലക്കത്തിന്റെ കവറിൽ ചിത്രത്തിന്റെ പ്രചരണാർത്ഥം സ്റ്റാർ വാർസ് സഹതാരങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തു. 1983-ൽ ആഗ്നസ് ഓഫ് ഗോഡ് എന്ന നാടകത്തിൻറെ ബ്രോഡ്‌വേ നിർമ്മാണത്തിൽ സിസ്റ്റർ ആഗ്നസായി അഭിനയിച്ചു.

1983-ൽ, റിട്ടേൺ ഓഫ് ദി ജെഡി എന്ന സ്റ്റാർ വാർസ് ചിത്രത്തിൽ രാജകുമാരി ലിയയുടെ വേഷത്തിലേക്ക് ഫിഷർ മടങ്ങിയെത്തുകയും ചിത്രത്തിന്റെ പ്രചരണാർത്ഥം റോളിംഗ് സ്റ്റോണിന്റെ 1983 ലെ സമ്മർ ലക്കം കവറിൽ കഥാപാത്രം ധരിച്ചിരുന്ന ലോഹ  ബിക്കിനിയിൽ അവർ പോസ് ചെയ്തു. ഈ വേഷം പിന്നീട് അതിന്റേതായ ആരാധകരെ നേടി. 1986-ൽ, വുഡി അലന്റെ ഹന്ന ആൻഡ് ഹെർ സിസ്റ്റേഴ്‌സിൽ ബാർബറ ഹെർഷി, മിയ ഫാരോ എന്നിവർക്കൊപ്പം ഫിഷർ അഭിനയിച്ചു.

1987-ൽ ഫിഷർ തന്റെ ആദ്യ നോവലായ പോസ്റ്റ്കാർഡ്സ് ഫ്രം ദ എഡ്ജ് പ്രസിദ്ധീകരിച്ചു. 1970-കളുടെ ഒടുവിൽ മയക്കുമരുന്നിന് അടിമയായതും അമ്മയുമായുള്ള അവളുടെ ബന്ധവും പോലെ യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങൾ സാങ്കൽപ്പികമായും  ആക്ഷേപഹാസ്യമായും അവതരിപ്പിച്ച ഈ പുസ്തകം എല്ലാ അർത്ഥത്തിലും തികച്ചും  അർദ്ധ-ആത്മകഥാപരമായ പുസ്തകമായിരുന്നു. അത് ഒരു ബെസ്റ്റ് സെല്ലറായി മാറുകയും മികച്ച ആദ്യ നോവലിനുള്ള ലോസ് ഏഞ്ചൽസ് പെൻ അവാർഡ് നേടുകയും ചെയ്തു. 1987-ൽ ഓസ്‌ട്രേലിയൻ ചിത്രമായ ദി ടൈം ഗാർഡിയനിലും അവർ അഭിനയിച്ചു. 1989-ൽ, വെൻ ഹാരി മെറ്റ് സാലി... എന്ന സിനിമയിൽ ഒരു പ്രധാന സഹകഥാപാത്രത്തെ അവതരിപ്പിച് ഫിഷർ, അതേ വർഷം തന്നെ ടോം ഹാങ്‌ക്‌സിനൊപ്പം ദ 'ബർബ്‌സ് എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി പ്രത്യക്ഷപ്പെട്ടു.

1990കൾ[തിരുത്തുക]

1990-ൽ, കൊളംബിയ പിക്ചേഴ്സ് പോസ്റ്റ്കാർഡ്സ് ഫ്രം ദ എഡ്ജ് എന്ന നോവലിൻറെ ഒരു ചലച്ചിത്ര പതിപ്പ് ഫിഷറിൻറെ തിരക്കഥയോടെ പുറത്തിറക്കുകയും മെറിൽ സ്ട്രീപ്പ്, ഷെർലി മക്ലെയിൻ, ഡെന്നിസ് ക്വെയ്ഡ് എന്നിവർ ഇതിൽ അഭിനയിക്കുകയും ചെയ്തു. 1991-ൽ ഫാന്റസി കോമഡി ചിത്രമായ ഡ്രോപ്പ് ഡെഡ് ഫ്രെഡിൽ പ്രത്യക്ഷപ്പെട്ടതു കൂടാതെ ഓസ്റ്റിൻ പവർസ്: ഇന്റർനാഷണൽ മാൻ ഓഫ് മിസ്റ്ററിയിൽ (1997) ഒരു രോഗ ചികിത്സകയായും അഭിനയിച്ചു. 1990-കളിൽ ഫിഷർ സറണ്ടർ ദി പിങ്ക് (1990), ഡെല്യൂഷൻസ് ഓഫ് ഗ്രാൻഡ്മാ (1993) എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചു. ഫിഷർ രചന നിർവ്വഹിച്ച ടെലിവിഷൻ സിറ്റ്കോം റോസനെയുടെ "ആർസെനിക് ആൻഡ് ഓൾഡ് മോം" എന്ന ഒരു എപ്പിസോഡിൽ, അവരുടെ അമ്മ ഡെബി റെയ്നോൾഡ്സ് അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ലെതൽ വെപ്പൺ 3 (അതിൽ അവർ റെനെ റുസ്സോയുടെ ചില സംഭാഷണങ്ങൾ എഴുതിയിട്ടുണ്ട്), ഔട്ട്‌ബ്രേക്ക് (റൂസ്സോയും അഭിനയിച്ചു), ദി വെഡ്ഡിംഗ് സിംഗർ, സ്റ്റോപ്പ് ഓർ മൈ മോം വിൽ ഷൂട്ട്  തുടങ്ങിയ സിനിമകൾക്ക് ഫിഷർ അംഗീകാരമില്ലാത്ത ഏതാനും തിരക്കഥാ ജോലികളും ചെയ്തിരുന്നു.

2000[തിരുത്തുക]

2000-ൽ പുറത്തിറങ്ങിയ സ്‌ക്രീം 3 എന്ന സിനിമയിൽ, ഫിഷറിനെപ്പോലെ ആകാരമുണ്ടെന്ന് സമ്മതിക്കുന്ന ഒരു മുൻ നടിയായി അഭിനയിച്ച ഫിഷർ 2001-ൽ കെവിൻ സ്മിത്തിൻറെ ചിത്രം ജയ് ആൻറ് സൈലന്റ് ബോബ് സ്‌ട്രൈക്ക് ബാക്ക് എന്ന ചിത്രത്തിൽ ഒരു കന്യാസ്ത്രീയായി അഭിനയിച്ചു. ദിസ് ഓൾഡ് ബ്രോഡ്‌സ് (2001) എന്ന ടെലിവിഷൻ ഹാസ്യാത്മക ചിത്രത്തിന്റെ സഹ-രചന നിർവ്വഹിച്ച അവർ, അതിന്റെ സഹ-എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായിരുന്നു. അവളുടെ അമ്മ ഡെബി റെയ്നോൾഡ്സ്, എലിസബത്ത് ടെയ്‌ലർ, ജോവാൻ കോളിൻസ്, ഷെർലി മക്ലെയിൻ എന്നിവരും ഇതിൽ അഭിനയിച്ചവരിൽ ഉൾപ്പെടുന്നു. 2003-ൽ, ചാർലീസ് ഏഞ്ചൽസ്: ഫുൾ ത്രോട്ടിൽ എന്ന ചിത്രത്തിൽ മറ്റൊരു കന്യാസ്ത്രീയായ മദർ സുപ്പീരിയറിൻറെ വേഷവും ഫിഷർ അവതരിപ്പിച്ചു.

ഒറിജിനൽ കൃതികളുടെ രചനയ്ക്കും അഭിനയിക്കുന്നതിനും പുറമേ, ഹോളിവുഡിലെ മികച്ച സ്ക്രിപ്റ്റ് ഡോക്ടർമാരിൽ ഒരാളായിരുന്ന ഫിഷർ, മറ്റ് എഴുത്തുകാരുടെ തിരക്കഥകളിലും സ്വാധീനം ചെലുത്തി. 1991 മുതൽ 2005 വരെയുള്ള 15 വർഷങ്ങൾക്കിടയിൽ പുറത്തുവന്ന നിരവധി സിനിമകളിൽ അവർ അംഗീകാരമില്ലാത്ത മിനുക്കു പണികൾ ചെയ്തു. 1992 ലെ ടിവി പരമ്പരയായ ദി യംഗ് ഇന്ത്യാന ജോൺസ് ക്രോണിക്കിൾസിൻറെ സ്‌ക്രിപ്റ്റ് ജോലികൾക്കും   സ്റ്റാർ വാർസ് പ്രീക്വൽ സ്‌ക്രിപ്റ്റുകളുടെ സംഭാഷണങ്ങളുടെ മിനുക്കുപണികൾക്കുമായി ജോർജ്ജ് ലൂക്കാസ് അവളെ നിയോഗിച്ചിരുന്നു. 2007-ൽ ഡ്രീംസ് ഓൺ സ്പെക് എന്ന തിരക്കഥാരചന സംബന്ധിയായ ഡോക്യുമെന്ററിയുടെ അഭിമുഖക്കാരിൽ ഒരാളായി അവളെ തിരഞ്ഞെടുത്തതിന് കാരണം ഈ മേഖലയിലെ അവളുടെ വൈദഗ്ദ്ധ്യം ആയിരുന്നു. 2004-ൽ ഒരു അഭിമുഖത്തിൽ, താൻ ഇനി അധികം സ്ക്രിപ്റ്റ് ഡോക്ടറിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഫിഷർ പറഞ്ഞു.

2005-ൽ, വിമൻ ഇൻ ഫിലിം & വീഡിയോ – ഡിസി എന്ന സംഘടന ഫിഷറിനെ വുമൺ ഓഫ് വിഷൻ അവാർഡ് നൽകി ആദരിച്ചു. ഫാമിലി ഗൈ എന്ന ആനിമേറ്റഡ് സിറ്റ്‌കോമിൽ പീറ്റർ ഗ്രിഫിൻ എന്ന കഥാപാത്രത്തിൻറെ യജമാനൻ‌  ഏഞ്ചലയ്ക്ക് ഫിഷർ ശബ്ദം നൽകുകയും ഹോളിവുഡ് മോംസ് എന്ന പേരിലുള്ള ഫോട്ടോഗ്രാഫുകളുടെ ഒരു പുസ്തകത്തിന് ആമുഖം എഴുതുകയും അത് 2001-ൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. 2004-ൽ ഫിഷർ പോസ്റ്റ്കാർഡ്സ് ഫ്രം ദ എഡ്ജ് എന്ന നോവലിൻറെ തുടർച്ചയായി, ദി ബെസ്റ്റ് ഓഫുൾ ദേർ ഈസ് എന്ന നോവൽ പ്രസിദ്ധീകരിച്ചു.

2006 നവംബർ മുതൽ 2007 ജനുവരി വരെ ലോസ് ഏഞ്ചൽസിലെ ഗെഫെൻ പ്ലേഹൗസിൽ‌ വിഷ്ഫുൾ ഡ്രിങ്കിംഗ് എന്ന തന്റെ നാടകം ഫിഷർ എഴുതി അവതരിപ്പിച്ചു. തുടർന്ന് നാടകം ബെർക്ക്‌ലി റിപ്പർട്ടറി തിയേറ്റർ, സാൻ ജോസ്, ഹാർട്ട്ഫോർഡ് സ്റ്റേജ്, അരീന സ്റ്റേജ്, ബോസ്റ്റൺ എന്നിവിടങ്ങളിൽ 2008-ൽ ഉടനീളം അവതരിപ്പിക്കപ്പെട്ടു. ഫിഷർ 2008 ഡിസംബറിൽ തന്റെ വിജയകരമായ നാടകത്തെ അടിസ്ഥാനമാക്കി വിഷ്ഫുൾ ഡ്രിങ്കിംഗ് എന്ന പേരിൽ തന്റെ ആത്മകഥാപരമായ പുസ്തകം പ്രസിദ്ധീകരിക്കുകയും ഒപ്പം ഒരു മാധ്യമ പര്യടനം ആരംഭിക്കുകയും ചെയ്തു. 2009-ൽ, സിയാറ്റിൽ റിപ്പർട്ടറി തിയേറ്ററിൽ തന്റെ നാടകവുമായി ഫിഷർ വേദിയിലേക്ക് മടങ്ങിയെത്തി. വിഷ്ഫുൾ ഡ്രിങ്കിംഗ് പിന്നീട് ന്യൂയോർക്കിലെ ബ്രോഡ്‌വേയിൽ സ്റ്റുഡിയോ 54-ൽ ആരംഭിക്കുകയും 2009 ഒക്‌ടോബർ മുതൽ 2010 ജനുവരി വരെ നീണ്ടുനിൽക്കുകയും ചെയ്‌തു. 2009 ഡിസംബറിൽ ഫിഷറിന്റെ, വിഷ്‌ഫുൾ ഡ്രിങ്കിംഗിന്റെ ഓഡിയോബുക്ക് റെക്കോർഡിംഗ് മികച്ച സ്‌പോക്കൺ വേഡ് ആൽബം വിഭാഗത്തിൽ 2009 ഗ്രാമി അവാർഡിന് നാമനിർദ്ദേശം നേടി.

ഹോളിവുഡിലെ മികച്ച സിനിമകളെക്കുറിച്ചുള്ള വിജ്ഞാനപ്രദവും വിനോദപ്രദവുമായ സംഭാഷണങ്ങളുമായി 2007-ൽ ശനിയാഴ്ച വൈകുന്നേരങ്ങളിൽ ടർണർ ക്ലാസിക് മൂവീസ് എന്ന പ്രോഗ്രാമിൻറെ അവതാരകനായ റോബർട്ട് ഓസ്ബോണിനൊപ്പം ദ എസൻഷ്യൽ എന്ന പ്രോഗ്രാമിൽ അവർ പങ്കെടുത്തിരുന്നു. സെക്‌സ് ആൻഡ് ദി സിറ്റി എന്ന പരമ്പരയുടെ സീസൺ 3-ൽ സാറാ ജെസീക്ക പാർക്കറിനൊപ്പം "സെക്‌സ് ആൻഡ് അനദർ സിറ്റി" എന്ന എപ്പിസോഡിൽ അവർ അതിഥി താരമായി അഭിനയിച്ചു. 2007 ഒക്ടോബർ 25-ന്, 30 റോക്ക് എന്ന പരമ്പരയുടെ "റോസ്മേരിസ് ബേബി" എന്ന രണ്ടാം സീസണിലെ എപ്പിസോഡിൽ റോസ്മേരി ഹോവാർഡ് എന്ന കഥാപാത്രമായി ഫിഷർ അതിഥി വേഷത്തിൽ അഭിനയിക്കുകയും അതിന് അവർക്ക് എമ്മി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയു ചെയ്തു. 2008 ഏപ്രിൽ 28-ന് ഡീൽ ഓർ നോ ഡീൽ എന്ന ഷോയിൽ അവർ അതിഥിയായി എത്തി. 2008-ൽ, സ്റ്റാർ വാർസുമായി ബന്ധപ്പെട്ട കോമഡി ചിത്രം ഫാൻബോയ്‌സിൽ ഡോക്ടറായി അവർ ഒരു അതിഥി വേഷം ചെയ്തിരുന്നു.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Guardian2017 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Debbie Reynolds and Carrie Fisher to be buried together, Todd Fisher says". CBS News. Associated Press. December 30, 2016. Archived from the original on December 31, 2016. Retrieved December 30, 2016.
"https://ml.wikipedia.org/w/index.php?title=കാരി_ഫിഷർ&oldid=3810854" എന്ന താളിൽനിന്ന് ശേഖരിച്ചത്